സെക്കന്റ് ഡോസ്

ഞാൻ നാളെ സെക്കന്റ് ഡോസ് എടുക്കാൻ പോവാ..

ഇന്നലെ ഇത് പറഞ്ഞപ്പോൾ തന്നെ അങ്ങേ തലക്കേന്ന് ചോദ്യം വന്നു.

“ആഹാ.. അപ്പോൾ നാളെ മറ്റൊരു ബ്ലോഗ് പ്രതീക്ഷിക്കാല്ലോ.”

ശെടാ.. നീ കൂടി ഇങ്ങനെ പറഞ്ഞാലോ. എല്ലാത്തിനും ബ്ലോഗ് എഴുതുന്ന ഒരുത്തൻ എന്നൊരു ചീത്ത പേര് എനിക്കുണ്ട്. അത് നീയും ശരിവക്കുവാണോ ? ഇവിടെ അമ്മ ചിലപ്പോൾ എന്തേലും പറഞ്ഞിട്ട് എന്നോടത് ബ്ലോഗിലാക്കുവോന്ന് ചോദിച്ച് കളിയാക്കും.😕

ഇതൊക്കെ പോരെ ചവറുകൾ കുത്തി കുറിക്കുന്ന എന്നെ പോലെയുള്ള അവറുകൾക്ക് പ്രചോദനം നഷ്ടപ്പെടാൻ. പക്ഷെ, ഒരു കാര്യം പറയട്ടെ.. ശരിക്കിനും, എനിക്കീ പറച്ചിലുകളൊക്കെ ഒരു പ്രചോദനമായിട്ടാ തോന്നുന്നേ..😛

അതാണ്… ഇടയിരിക്കപ്പുഴ കമ്മ്യൂണിറ്റി ഹെല്ത് സെന്ററിന്റെ വാക്‌സിൻ കേന്ദ്രത്തിൽ കുത്ത് കിട്ടി, നിരീക്ഷണത്തിലിരിക്കുമ്പോൾ എന്നെ ഇത്‌ കുത്തിക്കുറിക്കാൻ പ്രേരിപ്പിച്ചത്.

രാവിലെ വരുമ്പോൾ നല്ല തിരക്ക് കാണുമെന്ന് കരുതിയതാ. പക്ഷെ ഉണ്ടായിരുന്നില്ല. പേരും ഫോൺ നമ്പറും പറഞ്ഞ് ഉള്ളിൽ കയറി. അകത്ത് ലാപ് ടോപ്പിന് മുന്നിൽ ഇരിക്കുന്ന ആളോട് പറഞ്ഞു.. ശ്രീകാന്തൻ.. ഛെ.. ശ്രീകാന്ത്. അയാൾ ഇങ്ങോട്ട് ചോദിച്ചു ശ്രീകാന്ത് ആർ അല്ലെ?.

ങേ..! അതെങ്ങനെ? ഹാ.. ഓൺലൈനായി ബുക്ക് ചെയ്ത പേര് ഉണ്ടാകും. കുത്ത് മേടിച്ചോള്ളാൻ അനുമതി തന്നു.

ആദ്യത്തെ ഡോസ് എടുത്തപ്പോൾ ഞാനത് അറിഞ്ഞത് പോലുമില്ലായിരുന്നു. പഞ്ഞി വെക്കാൻ തന്നപ്പോഴാണ് കുത്തിയെന്ന് മനസിലായത്. പിന്നെ കൈയിൽ ഒരു കഴപ്പും വേദനയും തോന്നിയപ്പോഴാണ് കുത്ത് കിട്ടി എന്ന് എനിക്ക് വിശ്വാസം വന്നത് തന്നെ.

അത് കൊണ്ട് ഇപ്രാവശ്യം ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. സൂചി ഇറങ്ങുന്നത് അനുഭവപ്പെട്ടു. ഹാ…

വെറുതെ ചിന്തിച്ചു… ബന്ധങ്ങൾ ഈ സൂചി പോലെയാണ്. കുത്തുന്ന ആ സമയം നമ്മൾ അറിയും. പക്ഷെ ആഴത്തിലേക്ക് ഇറങ്ങുന്നത് നമ്മൾ അറിയാതെ പോകും. ആഴത്തിൽ വിതക്കുന്നത് എന്താന്നും നമ്മൾ അറിയില്ല. പിന്നെ അത് കഴിഞ്ഞിട്ടുള്ള നൊമ്പരവും, പിറകെ വരുന്ന ആ പനിയും… ആ ചൂട് അനുഭവിച്ചേ അറിയൂ.

ശെടാ.. എനിക്കിപ്പോൾ ചെറിയൊരു ചൂട് അനുഭവപ്പെടുന്നുണ്ടോ?

ആ നിരീക്ഷണത്തീന്ന് ആരുടെയോ കണ്ണ് വെട്ടിച്ചിറങ്ങുമ്പോൾ, പോക്കറ്റിൽ അവിടുന്ന് തന്ന പാരസെറ്റ’മോള്‘ ഉണ്ടോന്ന് ഒന്നൂടെ ഞാൻ നോക്കി ഉറപ്പ് വരുത്തി.

NB : മോളെ ഞാൻ കുറ്റം പറയല്ല. എന്നാലും പറയാ. കഴിഞ്ഞ പ്രാവിശ്യം ഡോളോമോൻ വേണ്ടിവന്നു കാര്യം വെടിപ്പാക്കാൻ.😲

How to remain positive😊?

Can you name a person who remains positive despite having lot of setbacks in his life? No. You can’t.

If someone says, yes I am always positive. No doubt, he is lying.

Remember Newton’s third law of motion. Similar to that, every action is associated with some sorts of energy ; an energy and an opposite of that. May be we could draw a line between these two to delineate them as positive and not so positive.

Don’t you dare say that you only have positive thoughts in your mind. Because even while thinking about not so positive thoughts you are actually thinking one. Don’t feel ashamed. It’s quite natural. We are all humans after all. Our genes are programmed in that way. No one escapes from this basic human behaviour. Only thing we can do is to silence those energy or emotions. (Ya! emotions, that is a right word for manifestation of our energy.)

There are multiple ways to perceive things happening around us. Remember the story of a professor who gave a surprise test to his students. He distributed a blank white paper and asked the students to write about what they saw on the paper. Many students wrote about the tiny black spots they saw in the paper and some about shape of the paper, also its wrinkled nature at some place. But no one wrote about the whiteness of the paper which the professor had expected. Professor explained to them that it is the perception of things that really matters. Not the actual thing. He asked them to see things with more focus and with more positivity. He want to show them that, a lot of things around them will change when they start perceiving those things more positively.

So to answer my title what my opinion is we do have not so positive thoughts and emotions . (Ya! thoughts, another word for the manifestation of our energy). Only thing we can do is suppress those and allow positive thoughts to dominate over us. Writing is a method I am using to fill my mind with good thoughts. What’s your’s? Think about it. Find a way to remain positive while suppressing your cynical thoughts.

Importance of keeping a positive mind is … Only a positive mind can generate positive actions which lead to positive thoughts in others.

Am I correct? Hope this is a positive thought.

Let us…

Think positively, Act positively, Spill our positivity around…

🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

ഗന്ധരാജൻ

ഗന്ധരാജനിൽ പൂത്ത കൗതുകം ഗന്ധസാരമായ് തെളിഞ്ഞു നിന്നു.

മന്ദാകിനിയായ് കാത്ത സൗരഭം, മന്ദമാരുതനോടൊത്ത് പറന്നു വന്നു.

എന്നിൽ തപസ്സിരുന്നു….

N B : അമ്മ നട്ടുവളർത്തിയ ഗന്ധരാജൻ വർഷങ്ങൾക്കിപ്പുറം ഇന്നിവിടെ മൊട്ടിട്ടു.

അങ്ങേ തലയ്ക്കൽ ആരോ ഒപ്പം മൂളി…

🎶”ഗന്ധരാജൻ പൂവിടർന്നു മെയ്‌തലോടും കാറ്റിൽ…. കാവൽത്താരം കണ്തുറന്നു നൽകിനാവിൻ രാവിൽ….”🎶

Updated on 04/10.

“എന്നാ മണമാ!”

ഇരുവഴി

“എന്തേലും ഒന്ന് സംസാരിക്കാമോ? ഈ നിശബ്ദത എങ്ങോട്ടേയ്ക്കോ എന്നെ വലിച്ച് ഇഴച്ച് കൊണ്ടുപോകുന്നു.”

“എന്ത് സംസാരിക്കാനാ? ഈ മാസ്‌ക് വെച്ച് നടക്കുന്നത് കൊണ്ട് ശ്വാസമെടുക്കാൻ തന്നെ പാടുപെടുകയാ. അപ്പോഴാ.. നമ്മുക്ക് ഇങ്ങനെ തന്നെ നടക്കാം. ഈ മ്യൂസിയം കോംപ്ലെക്സിലെ മരങ്ങളെയും പക്ഷികളെയും നോക്കി കൊണ്ട്…”

“അത് ശരിയാ…ഹാ.. സാധാരണയിൽ കൂടുതൽ പക്ഷികളെ കാണുന്നു. ഒരുപാട് മാറ്റം വന്നിരിക്കുന്നു. ഈ ലോക്ക്ഡൗണ് മനുഷ്യർക്ക് മാത്രമേ ബുദ്ധിമുട്ട് ഉണ്ടാക്കിയുള്ളല്ലോ ലെ? ഇവിടുത്തെ ഈ പ്രകൃതിയെ നോക്ക്.. പുനർജനിച്ചിരിക്കുന്നതായി തോന്നുന്നില്ലേ?.”

“എടോ. ഇനി ഞാൻ മിണ്ടില്ല, കേട്ടോ? നമ്മുക്ക് ഈ കാഴ്ചകൾ ആസ്വദിച്ച് നടക്കാം.”

“പക്ഷെ..”

“ഉം..എന്താ..?”

“ഞാൻ പറഞ്ഞില്ലേ?”

“എന്ത്?”

“ഈ നിശബ്ദത എനിക്ക് പറ്റുന്നില്ലെന്ന്.”

“ഹോ.. എന്റെ കൂടെ നടക്കുമ്പോൾ അതൊക്കെ താൻ സഹിക്കണം, കേട്ടോ? ഹി ..ഹി..”

“ഹ്മ്മ . എന്താന്ന് അറിയാമോ? നമ്മൾ രണ്ടും രണ്ട് മൂഡിലാണ്. എല്ലാം രണ്ട് രീതിയിലാണ് കാണാൻ ശ്രമിക്കുന്നേ. അതുകൊണ്ട്…”

“അതുകൊണ്ട്?”

“താൻ മുന്നോട്ട് നടന്നൊള്ളൂ. എന്റെ വഴി വേറെയാണ്.”

അവർ പിരിഞ്ഞു.

ആഗ്രഹിച്ചു പോവുകയാണ്… വേർപിരിയലുകൾ ഇത്ര ലളിതമായിരുന്നെങ്കിൽ…

ഹൃദയതാളം

പറയാൻ ഏറെയുണ്ടെന്നൊരു തോന്നൽ മാത്രം, ഞാനും മനം-

നിറയാൻ മറുവാക്കിലുതിരുന്നൊരു വിങ്ങൽ തേടി.         

കുളിരായ്‌ പകരുന്നൊരു തെന്നൽ തേടി നീയും, മനം- 

ചിറകായ്‌ പാറിയുയരാനിതായൊരു ഹൃദയതാളം.”

‘നല്ല’ പേരുള്ള പയ്യൻ

ഒരിടത്ത് ഒരിടത്ത് ഒരു ‘നല്ല’ പേരുള്ള പയ്യൻ ഉണ്ടായിരുന്നു. ഒരു ദിവസം അവനൊരു നോവൽ വായിക്കാൻ കിട്ടി. അതിന്റെ തലക്കെട്ടിലെ ‘മുഖം’ എന്ന വാക്ക് കൂടുതൽ കറുപ്പിച്ചിരിക്കുന്നത് അവന്റെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. അതിന്റെ പുറം താളിൽ വരച്ചിരിക്കുന്ന പാദമുദ്ര അവന്റേത് തന്നെയാണെന്ന് സങ്കൽപ്പിച്ച് അവൻ വായന തുടങ്ങി.

നോവലിന്റെ തുടക്കം അവനെ കൂടുതൽ അത്ഭുതപ്പെടുത്തി. കാരണം അതിലെ ഭാഷ അവൻ ചിന്തിക്കുന്നതിനോട് യോജിക്കുന്നതായിരുന്നു. അവന്റെ ശബ്ദം തന്നെയാണ് അതിലെ വാക്കുകളിൽ അവൻ കേട്ടത്. അതിലെ കഥാപാത്രങ്ങൾ പോലും അവന് വേണ്ടപ്പെട്ടവർ തന്നെയാണെന്ന് അവന് തോന്നി.

വായിക്കുംതോറും അവന് ആകാംക്ഷ കൂടി കൂടി വന്നു. അതിലെ പരിചിതത്വത്തിൽ താളുകൾ പെട്ടെന്ന് അവന്റെ മുന്നിൽ ‘മിന്നിമറിഞ്ഞു’.

അവന് ചുറ്റും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ പോലും കൃത്യമായി അതിൽ അവതരിക്കപ്പെട്ടപ്പോൾ ഗ്രന്ഥകർത്താവിന്റെ പേര് അവൻ ഒന്നുകൂടെ നോക്കി ഉറപ്പ് വരുത്തി.

താളുകൾ പിന്നെയും മറിച്ചപ്പോൾ എല്ലാവരിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിച്ച അവന്റെ വേദന പോലും അതിൽ തെളിയുന്നതായി അവന് തോന്നി. ഇത് അവന്റെ തന്നെ കഥയാണോ അതോ അവൻ ആ കഥയിലെ കഥാപാത്രത്തിന്റെ ജീവിതം കോപ്പി അടിക്കുകയാണോ എന്ന് വരെ തോന്നിപ്പോയി..

ആ കഥ മുന്നോട്ട് നീങ്ങിയപ്പോൾ അതിലെ വാക്കുകൾ മങ്ങുന്നതായി അവന് തോന്നി. ഏയ്.. തോന്നലല്ല.. മങ്ങുന്നുണ്ടെന്ന് അവൻ മനസിലാക്കി. അവൻ ഒരു പേന എടുത്ത് ആ വരികൾ തെളിച്ച് എഴുതാൻ തുടങ്ങി. പക്ഷെ, പിന്നെ പിന്നെ ആ അക്ഷരങ്ങൾ പൂർണമായും അവന്റെ മുന്നിൽ അപ്രത്യക്ഷമായി.. എങ്കിലും..

ആ പയ്യൻ എഴുത്ത് നിർത്തുന്നില്ല. അവൻ ആ ശൂന്യമായ താളുകളിൽ പോലും അവന്റെ വാക്കുകളിലൂടെ എന്തോക്കയോ എഴുതി കൂട്ടുന്നു… ‘കാട്ടുന്നു’…

‘നല്ല’ പേരുള്ള ആ പയ്യൻ എഴുത്ത് തുടരുന്നു….

യാത്ര

ഇത്തവണ ഞാൻ യാത്രയുടെ ദിശയിലേക്ക് തന്നെ നോക്കിയിരുന്നു.

എല്ലാ കാഴ്ച്ചകളും എന്നെ പുറകോട്ട് വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ ഞാൻ പിടിച്ചു നിന്നു .

അമ്പോറ്റിയച്ഛൻ

………. ഒരു ഓർമ്മക്കുറിപ്പ് ……..

പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) – (28/2/1927 – 31/8/2020) പാലത്ത്, മണിമല.

റിട്ട. അധ്യാപകൻ – ഡി.ബി.എച്ച്.എസ്. എരുമേലി.

കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.)

മലയാളം അധ്യാപകൻ….

കർഷകൻ…

കഥകളി ആസ്വാദകൻ..

അരനൂറ്റാണ്ട് കാലം കടയനിക്കാട് വടക്കുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു….

മണ്ണിനോടും മനുഷ്യനോടും എന്നും ചേർന്ന് നിന്ന ഒരു കലാസ്വാദകൻ.

അക്ഷരങ്ങളുടെ രുചി നാവിനെ അറിയിച്ച എന്റെ ഗുരുനാഥൻ…..

കഴിഞ്ഞ വർഷത്തെ ഓണത്തിന് കൂടെയുണ്ടായിരുന്നു. തിരുവോണ നാളിൽ രാവിലെ കുളിച്ച്, പുതുക്കോടി ധരിച്ച്, കഥകളിപദം പാടിക്കൊണ്ട് എന്റെ മുറിയിലേക്ക് വന്നപ്പോൾ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

“ആളകമ്പടികളോടും മേളവാദ്യ ഘോഷത്തോടും… ആളകമ്പടികളോടും മേളവാദ്യ ഘോഷത്തോടും…”

ഉച്ചയ്ക്ക് അടുത്തിരുന്ന് ഓണസദ്യ കഴിക്കുമ്പോൾ, ഇഷ്ടപ്പെട്ട അടപ്രഥമൻ രണ്ടാം വട്ടം വിളമ്പിക്കൊടുക്കുമ്പോഴും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.

തൊണ്ണൂറ്റി മൂന്നായി. ഇപ്പോ ശുക്രനാ. ഹാ… രാവണന്റെ തല പോലെ പത്ത് വർഷം ചേർന്ന പത്തെണ്ണം.. ആഹ് … അങ്ങനെ നൂറ് വർഷമുണ്ട്..

അതും പറഞ്ഞ് ചിരിച്ചപ്പോൾ, ആ വാക്കുകളിൽ ഞാൻ വിശ്വസിച്ച് പോയിരുന്നുവോ?

തിരുവോണത്തിന്റെ അന്ന്, വൈകിട്ട് കൊടുക്കാനായി അമ്മ മാറ്റിവച്ച ആ പാൽപ്പായസം, രണ്ടു ദിവസം കഴിഞ്ഞ് ഒഴുക്കി കളഞ്ഞപ്പോൾ അതിന് പഴക്കം തട്ടിയില്ലായിരുന്നുയെന്ന് വിശ്വസിക്കാനാണ് ഇന്നെനിക്കിഷ്ടം.

………………..

ഇത്തവണ ഞങ്ങൾക്ക് ഓണമില്ല. ആണ്ട് ബലിയ്ക്കായി വീട്ടിൽ വന്നപ്പോൾ ഇവിടെ ഈ ഡൈനിങ്ങ് ടേബിളിന്റെ സ്ഥാനം മാറി കിടക്കുന്നു. അമ്പോറ്റി സ്ഥിരമായി ഇരിക്കാറുള്ള ആ സ്ഥലം എവിടെ?

കാലവും മാറ്റവും ഒപ്പമുള്ള നഷ്ടവും കൂടെപ്പിറപ്പുകളാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു… പക്ഷെ….

ഒരിക്കലും മാഞ്ഞു പോകില്ല.. ആ മുഖവും, ആ ചിരിയും, പങ്കുവെച്ച ആ ഫലിതങ്ങളും, ചൊല്ലിപ്പഠിപ്പിച്ച ആ വരികളും… ഞങ്ങളിൽ നിന്ന്.

കണ്ണുകൾ അടച്ച്, ചെവിയൊന്ന് കൂർപ്പിച്ചാൽ എപ്പോഴാണെങ്കിലും എവിടെയാണെങ്കിലും കേൾക്കാവുന്നതാണ്… ആ ചിരിയും ശബ്ദവും.

അവരുടെ ഇടയിൽ മഴ ചെരിഞ്ഞു പെയ്തു

Plz listen to my podcast on  https://anchor.fm/sreekanth-r3/episodes/Avarude-edayil-e176vq6

ജീവിതം എന്നത്, ഒറ്റനോട്ടത്തിൽ  ലളിതവും എന്നാൽ വളരെ സങ്കീർണവുമായ  സംഭവപരമ്പരകളുടെ ആകെ തുകയാണ്. അതിൽ ഒരുപാട് അനുഭവങ്ങളും, മുഖങ്ങളും മിന്നി മാഞ്ഞു പോകും. പക്ഷെ ചില സംഭവങ്ങൾ, ചില മുഖങ്ങൾ, നമ്മുക്ക് മറക്കാൻ കഴിയാത്തതായി ഉണ്ടാകും. ഒരുപക്ഷേ, ഒരു നോവായി എക്കാലവും അത് നമ്മുടെ ഉള്ളിൽ ഒളിച്ചിരിക്കുന്നതാവും. ഒരു ചിരിയോടൊപ്പമോ  സ്നേഹത്തോടെയുള്ള വിളിയോടൊപ്പമോ ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാവും. അതിൽ തന്നെ ചില സംഭവങ്ങൾ, മുഖങ്ങൾ നമ്മുടെ മാത്രം സ്വകാര്യതയായിരിക്കും. ആരോടെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അതിന്റെ ശക്തി തന്നെ നഷ്ടപ്പെട്ടേക്കും എന്ന് കരുതുന്നവ. 

ആരോടും പറയാൻ താൽപ്പര്യം ഇല്ലാതിരുന്ന സ്വകാര്യമായ ഒരു സംഭവം എന്റെ ജീവിതത്തിലുമുണ്ട്.

ഞാൻ ആരോടും ഇതുവരെ പറയാത്ത ആ സംഭവം....

അത് ഞാൻ തന്നോട് ഇതാ, പറയാൻ പോവുകയാണ്.

ഇത്ര രഹസ്യമായി വെച്ചിരിക്കുന്ന ഒരു സംഗതി തന്നോട് മാത്രമായി ഞാൻ വെളിപ്പെടുത്തുന്നത് എന്തിനാന്നോ?

താനാണ് അതിന് ഏറ്റവും യോഗ്യ. എന്റെ വട്ടുകൾക്ക് ചെവിത്തരുന്നു എന്നത് മാത്രമാണ് അതിന് വേണ്ടതായ  യോഗ്യത.

എന്റെ ജീവിതത്തിൽ ഈ സംഭവം എത്രത്തോളം സ്വാധീനിച്ചെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.

അല്ലേ? അങ്ങനെയല്ലേ? താൻ തന്നെ ഒന്ന് ചിന്തിച്ച് നോക്ക്....

ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും ഓരോ രീതിയിൽ നമ്മളെ സ്വാധീനിക്കുന്നുണ്ട്. പക്ഷെ അതിന്റെ ഏറ്റക്കുറച്ചിലുകളോ അത് സംഭവിക്കാതിരുന്നെങ്കിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയോ ചിന്തിക്കുന്നത് തന്നെ എന്തോ വലിയ അബദ്ധമായാണ് എനിക്ക് തോന്നുന്നത്, കേട്ടോ?...

ഇന്നലെ തിരമാലകളെ നോക്കി ആ കടൽത്തീരത്തിരുന്നപ്പോൾ, ജീവിതം പുറകോട്ട് പോകുന്ന പോലെ തോന്നി.

താൻ പറയാറില്ലേ?...

രാത്രിയുടെ നിലാവിനെ മാത്രം മനസ്സിൽ കൊണ്ടുനടന്നാൽ പോരായെന്ന്. രാത്രിയെ രാത്രിയാക്കുന്ന ആ ഇരുട്ടിനെ സ്നേഹിക്കാതെ എങ്ങനെ നാം മുന്നോട്ട് പോകുമെന്ന്...

താൻ ചോദിക്കാറില്ല?

ഹാ.. അതേ ആ ഇരുട്ടിനെ ഞാൻ ഇപ്പോൾ കൂടുതൽ സ്നേഹിക്കുന്നു. അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നു. അതിനെപ്പറ്റി അൽപ്പം എഴുതണമെന്നു അപ്പോൾ തോന്നി. ഞാൻ തന്നെ എഴുതിയത് പിന്നീട് സ്വയം വായിച്ച് കൂടുതൽ, കൂടുതൽ അതിനെപ്പറ്റി ചിന്തിക്കണമെന്ന് തോന്നി. പിന്നെ തനിക്കും; തനിക്ക് മാത്രം ഇത് അയച്ചു തരണമെന്നും തോന്നി.

തന്റെ കൈയിൽ ഈ കുറിപ്പ്‌ കിട്ടുമെന്നോ, താൻ ഇത് വായിക്കുമെന്നോ എനിക്കറിയില്ല. ഒരു പക്ഷെ, നാളെ ഒരു അജ്ഞാത മൃതശരീരത്തിന്റെ മുഷിഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന്, ഓടയിലെ ചീഞ്ഞ വെള്ളത്തിൽ ആ മഷി കലർന്നു പോയേക്കാം. ആ അടർന്ന് പോയ മഷി, നിറംക്കെട്ട രക്തവുമായി ചേർന്ന് മറ്റൊരു കഥ പോലും ഉണ്ടായേക്കാം.

എങ്കിലും എന്റെ മാനസേ, എന്നെ തനിക്കറിയാം. ഈ ലോകത്തിൽ തനിക്ക് മാത്രമേ എന്നെ പൂർണമായും അറിയൂ... ഞാൻ തനിക്കായി എഴുതട്ടെ, എന്റെ ആ ഇരുണ്ട കഥ.

'അവരുടെ ഇടയിൽ മഴ ചെരിഞ്ഞു പെയ്തു.'

ഇതാണ് തലക്കെട്ട്. കുറച്ചു വലുതായി പോയോ? ഇതിനെക്കാളും ചേരുന്ന ഒന്ന് എനിക്ക് കണ്ടെത്താനായില്ല. ഒരുപക്ഷേ, ഈ കഥ അറിഞ്ഞു കഴിയുമ്പോൾ തനിക്ക് ഇതിനേക്കാൾ നല്ലൊരു തലക്കെട്ട് നിർദ്ദേശിക്കാൻ കഴിഞ്ഞേക്കും. അപ്പോൾ തുടങ്ങട്ടെ...

--------------------


അവരുടെ ഇടയിൽ മഴ ചെരിഞ്ഞു പെയ്തു

(തുടരും)...July 21st

“Those who opted ICICI plz move to the other side. “. July 21st – 2014 ജോലിയിലെ ആദ്യ ദിവസം. എന്തൊക്കെ പറഞ്ഞാലും, ആദ്യം കിട്ടിയ ജോലി ഒരു വികാരമാണ്. ഒരുപാട് നല്ല ഓർമ്മകൾ ആ ആദ്യ ദിവസങ്ങളിൽ എല്ലാവർക്കും ഓർക്കാനും പറയാനും ഉണ്ടായിരിക്കും. ഹാ… എനിക്കും… ഞാൻ ചിന്തിക്കുന്നു. അന്ന് സാലറി അക്കൗണ്ടിനായി തെരഞ്ഞെടുക്കാൻ എന്റെ മുന്നിൽ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. എഛ്.ഡി.എഫ്.സി.ബാങ്കും icici ബാങ്കും. ഞാൻ എന്റെ കൂടെയുള്ള സുഹൃത്തുക്കളോടൊപ്പം അന്ന് തെരഞ്ഞെടുത്തത് icici ആണ്. പക്ഷെ ആ തീരുമാനത്തിൽ ഞങ്ങൾ എത്തിയത് എങ്ങനെയെന്ന് ഇപ്പോൾ ഓർക്കുന്നില്ല. അതിന് പിന്നിൽ ആരുടെ അഭിപ്രായമായിരുന്നു? ആ..ആ.. എന്തായാലും എന്റെ ആയിരുന്നില്ല, കേട്ടോ. ചില തീരുമാനങ്ങൾ അങ്ങനെയാണ്. നമ്മുടെ ജീവിതത്തിൽ അതെങ്ങനെ വന്നുപ്പെട്ടെന്നാലോചിച്ചാൽ ഒരെത്തും പിടിക്കിട്ടില്ല. ഒരുപക്ഷേ, ആ തീരുമാനം പിന്നീടുള്ള നമ്മുടെ ജീവിതത്തിൽ ഒരുപാട് വ്യത്യാസം വരുത്താൻ ഉതകുന്നതാവും. അതെന്നേ… ഇപ്പോഴും ഞാൻ ഒരു icici കസ്റ്റമറാണ്. അത് കൊണ്ട് ഗുണമാണോ ദോഷമാണോ വന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. വെറുതെ ഓരോന്ന് ഇരുന്ന് ചിന്തിച്ചതാണ്. ———————————————-

രാത്രി 12 മണി

ഈ രചന എന്റെ ശബ്ദത്തിൽ കേൾക്കൂ.. @ my podcast…

%% https://anchor.fm/sreekanth-r3/episodes/Rathri-12-e14aacb %%

സമയം രാത്രി 12 മണി… .

നഗരത്തിലേത് പോലെയല്ല അവളിവിടെ… നഗരത്തിൽ അവളെ അപമാനിക്കാനായി ഒരുപാട് പേരുണ്ട്. നെറ്റ് ലൈഫ് ആഘോഷിക്കാനാന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പുതുതലമുറയിലെ കുറെയെണ്ണം, വിധ്വംസക പ്രവർത്തനത്തിന് അവളെ മറപിടിക്കുന്ന കുറേ സാമൂഹ്യവിശുദ്ധന്മാർ, ഇടവിടാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന രാത്രി വാഹനങ്ങൾ, ഇതൊന്നും പോരാഞ്ഞ് റോഡിൽ പട്രോളിങ് നടത്തുന്ന പൊലീസുകാർ, പിന്നെ… തെരുവുകൾ നിറയെ കത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ്… അവരൊക്കെ ഒന്നുകിൽ കൃത്രിമപ്രകാശം കൊണ്ട് അവളെ കീറിമുറിക്കുന്നു. അല്ലെങ്കിൽ അവളെ തെറ്റായി രീതിയിൽ ഉപയോഗിച്ച് കള്ളത്തരമൊക്കെ കാട്ടുന്നു.

എന്നാൽ ഇവിടെ ഈ ഗ്രാമത്തിൽ ഒരു കന്യകയായ് തന്നെ അവൾ എന്നും നിലനിന്നു. ആരുമിവിടെ രാത്രിയെ അപമാനിച്ചില്ല. മാടന്റെയും മറുതയുടെയും യക്ഷിയുടെയും കഥകൾ പറഞ്ഞ് മുത്തശ്ശിമാർ അവളെ പേടിക്കാനും ബഹുമാനിക്കാനും കുട്ടിക്കാലം മുതൽക്കേ പഠിപ്പിച്ചിരുന്നു. പിന്നെ സ്ട്രീറ്റ് ലൈറ്റുകളൊന്നും സ്ഥാപിച്ച് ഇവിടെ പഞ്ചായത്തുകൾ അവളെ അപമാനിക്കുകയും ചെയ്തില്ല. എങ്ങും ഇരുട്ട് മാത്രം.

വല്ലാത്തൊരു അനുഭവമാണ് ഇവിടെ ഈ രാത്രിയിലേയ്ക്ക് ഇറങ്ങുമ്പോൾ….ഹോ.. അതും അപ്പോൾ തനിച്ചാണെങ്കിലോ? .

ഈ ന്ലാവ്‌ ഉദിക്കാത്ത രാത്രിയിൽ എന്നെ വീടിന് വെളിയിൽ ഇറക്കിയത് ഒരു ശബ്ദമാണ്… ങേ!! ….നിങ്ങൾ ഇപ്പൊ കേട്ടില്ലേ? ആ ഒരു ശബ്ദം.

എന്റെ വീടിന്റെ മുറ്റത്താണ് ഞാൻ നിൽക്കുന്നത്… മുന്നിലെ റോഡിൽ ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ല. വീട്ടിലാണേൽ കറണ്ടുമില്ല.

എന്താണാ ശബ്ദം? ഞാൻ കണ്ണുകൾ അടച്ചു, ചെവി കൂർപ്പിച്ച് കൂടുതൽ ശ്രദ്ധിച്ച് നിന്നു. ചീവീടുകളുടെ അലപ്പ്. കുറച്ച് അകലെയായി തോട്ടിൽ വെള്ളം ഒഴുകുന്ന ശബ്ദം. അക്കരെ പുളിച്ചറക്കാവിൽ കുറുക്കന്മാർ ഒരിയിടുന്നതും ഇടയ്ക്ക് കേൾക്കാം. പക്ഷെ ആ ഒരു പ്രത്യേക ശബ്ദം എന്തെന്ന് മനസ്സിലാകുന്നില്ല. ആരോ ഒരു തടിയിൽ ആഞ്ഞിടിക്കുന്നത് പോലെ.

ങേ… വീണ്ടും..ആ ശബ്ദം… പേടിച്ച് ഞാൻ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി.

ഹോ… ഈ ഇരുട്ടിന് എന്തൊരു ഇരുട്ടാണ്. ( 😆ഞാനും അതുപോലൊരെണ്ണം പറയട്ടെന്ന്.) കണ്ണടയ്ക്കുമ്പോൾ പോലും ഇത്ര ഇരുട്ടില്ല…ഹാ..

വീട്ടില് രാവിലെ കറണ്ട് പോയതാണെ. പകൽ മുഴുവൻ കനത്ത മഴയായിരുന്നു. കൂടെ കാറ്റും. ഒരുപാട് മരം പെടന്ന് കാണും. ഹാ .. ഇനി നാളെ കറന്റിനെ പ്രതീക്ഷിച്ചാൽ മതി.. മൊബൈലിൽ ആണേൽ ചാർജ്ജ് തീർന്നു. എന്നിട്ടും ആ ഇരുട്ടിൽ പേടിയില്ലാതെ ഇറങ്ങിയത് കൈയിലുള്ള കത്തിക്കാത്ത ആ ഒരു മെഴുകുതിരിയുടെയും രണ്ട് കൊള്ളി മാത്രമുള്ള ഒരു തീപ്പെട്ടിയുടെയും ധൈര്യത്തിലാണ്.

ആ തീപ്പെട്ടിയെ നോക്കി ഞാൻ പാടി. അമ്പോറ്റിയച്ഛൻ പഠിപ്പിച്ച ആ പാട്ട്.

🔊

🎶തീപ്പെട്ടിയില്ലാഞ്ഞതിനാൽ, ജനങ്ങൾക്ക്

ഏർപ്പെട്ട കഷ്ടം പറയാവതല്ല

ഇപ്പോളതിൻമാതിരി ഒന്നുമില്ല

തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല.🎶

———————–

പേടിതോന്നുന്ന രംഗമാണെങ്കിലും പാട്ടൊക്കെ പാടി ഞാൻ വല്യ കൂളായി ഇരിക്കുവാണെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. പേടി വരുമ്പോൾ പാടുന്നത് എന്റെ ഒരു രീതി ആണേ..

ദേവിയേ.. അമ്മ പറയും പേടി തോന്നിയാൽ ഓം നമശിവായ ജപിച്ചാൽ മതിയെന്ന്. അർജ്ജുനപ്പത്ത് ജപിക്കാൻ അമ്മൂമ്മയും പറയും. ഹാ.. ഓരോരോ വിശ്വാസങ്ങളെ..

അപ്പോളൊരു തണുത്ത കാറ്റ് വീശി. മുറ്റത്തെ പുളിമരത്തിന്റെ സ്പർശനം ആ കാറ്റിൽ ഞാനറിഞ്ഞു. ആ പുളിമരത്തിന്റെ മറവ് പറ്റി, കാറ്റ് പിടിക്കാതെ ഞാൻ എന്റെ കൈയിലിരിക്കുന്ന മെഴുകുതിരി കത്തിച്ചു. എന്നിട്ട് റോഡിലേയ്ക്ക് ഇറങ്ങി.

ഇരുവശത്തേക്കും നോക്കി. പ്രത്യേകിച്ച് ഒന്നും കാണുന്നില്ല.

ഞാൻ മെല്ലെ നടന്നു തുടങ്ങി. ഏതോ ഒരു വശത്തേയ്ക്ക്. മെഴുകുതിരി പിടിച്ച വശം.. ഹാ.. വലത്തേയ്ക്ക്… നടക്കും തോറും തോട്ടിലെ ഒഴുക്കിന്റെ ശബ്ദം കൂടി കൂടി വന്നു.

അവിടെ ആ തോട്ടിന്റെ കരയിൽ എന്തോ ഒന്ന് തിളങ്ങുന്നു. എന്താണത്?

ഞാൻ ഒരു വലിയ കല്ല് ആ മെഴുകുതിരി വെളിച്ചത്തിൽ തപ്പി പിടിച്ചു. എന്നിട്ടാ കല്ല് തോട്ടിലേക്ക് ആഞ്ഞ് എറിഞ്ഞു.

ബ്ലും

മ്യാവൂ…. ഒരു പൂച്ചയാണ്..ഹോ… പക്ഷെ, അപ്പോൾ അവിടെ എനിക്കെന്തോ ഒരു പന്തികേട് പോലെ തോന്നി. ഞാൻ വേഗം തിരിച്ചു നടന്നു.. ങേ! വീണ്ടും… ആ ശബ്ദം… ഇത്തവണ അത് വീടിന്റെ ഭാഗത്ത് നിന്നാണെന്ന് എനിക്ക് തോന്നി. തിരിഞ്ഞ് നടന്നപ്പോൾ മെഴുകുതിരി ആ കാറ്റിൽ പെട്ട് കെട്ടു. ഞാൻ തീപ്പെട്ടിയിലെ അവസാന കൊള്ളിയെടുത്ത്, മനസ്സിൽ കുളത്തിങ്കൽ ഭഗവതിയെ വിളിച്ചു കത്തിക്കാൻ ശ്രമിച്ചു…

ഫ്..ഫ്..

കത്തിയില്ല. ശെടാ.. മുന്നിൽ മുഴുവൻ ഇരുട്ട്.

ഓം നമശിവായ ഓം നമശിവായ…

ഒരു ഉദ്ദേശം വച്ച് ഞാൻ ഓടി…. വീട് ലക്ഷ്യമാക്കി. വഴിയിലെവിടെയോ തട്ടി വീഴാൻ തുടങ്ങി. കൈയിലുള്ളതൊക്കെ താഴെ പോയി. എന്നാലും ഞാൻ ഓടി. വീടിന്റെയുള്ളിൽ കത്തിച്ചു വെച്ചിരുന്ന ആ വിളക്ക് ഇപ്പോഴും കത്തുന്നുണ്ടേ. ആ വെട്ടം ലക്ഷ്യമാക്കിയാണ് ഞാൻ ഓടിയത്.

പക്ഷെ, ആ കാഴ്ച്ച എന്നെ കൂടുതൽ ഭയപ്പെടുത്തി.

ചാരിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ മലർക്കെ തുറന്ന് കിടക്കുന്നു. ആ രംഗം കൂടുതൽ ഭീതിജനകമാക്കാൻ പുളിച്ചിറക്കാവിലെ കുറുക്കന്മാർ ഒരു വലിയ ശബ്ദത്തിൽ ഓരിയിട്ടു.

വാതിൽ ഞാൻ അടച്ചതാരുന്നല്ലോ…?. ഏയ്‌… കാറ്റ് കൊണ്ട് തുറന്ന് പോയതാവും.. അല്ലാതെ…ഛേ..

ഞാൻ മെല്ലെ വീടിനകത്ത് കയറി. പെട്ടെന്ന് തന്നെ, വാതിൽ അടച്ച് കുറ്റി ഇട്ടു. കത്തുന്ന വിളക്കിലെ തിരി അൽപ്പം കയറ്റി വച്ച്, കുറച്ച് എണ്ണ കൂടി ഞാൻ അതിൽ ഒഴിച്ചു.

ശെടാ…..വീണ്ടും ആ ശബ്ദം.. ഇത്തവണ അതെന്റെ മുറിയിൽ നിന്ന്… അയ്യോ..!

ഞാൻ വിളിച്ച് ചോദിച്ചു.

“ഴാരാ?”

ഒരു മറുപടി കിട്ടിയില്ല. മുറി ലക്ഷ്യമാക്കി ഞാൻ നടന്നു. എന്തോ അവിടെ പ്രകാശിക്കുന്നുണ്ട്…കേട്ടോ..!!

ഞാൻ വേഗം അടുക്കളയിൽ ചെന്ന്, ഒരു കത്തിയൊക്കെ എടുത്തു കൊണ്ട് വന്നു. ഒന്നൂടെ അങ്ങോട്ട് ചോദിച്ചു. ഈ സമയം കുറച്ച് ധൈര്യത്തോടെ തന്നെ ചോദിച്ചു.

“ആരാന്ന്?”

മുറിയുടെ വാതിൽക്കൽ എത്തി ഞാൻ നിന്നു. മുറി തുറന്ന് കിടക്കുകയായിരുന്നു. ഞാൻ ഉള്ളിലേയ്ക്ക് നോക്കി.

ങേ… ഒരു മനുഷ്യരൂപം. എന്റെ അലമാരി തുറന്ന് എന്തോ തപ്പുകയാണ്. എന്റെ പേപ്പറുകളും ബുക്കുകളും എല്ലാം താഴെ നിരത്തിയിരിക്കുന്നു. കൈയിലെ കത്തി മുറുകെ പിടിച്ചു കൊണ്ട് ധൈര്യ സമേതം ഞാൻ പറഞ്ഞു.

“ഹലോ.. ബ്രോ.. അതിൽ പണവും പണ്ടവുമൊന്നുമില്ല. മര്യാദയ്ക്കാണെൽ എന്റെ കൈയിലുള്ള ഒരു 500 രൂപ തരാം. എന്തായാലും നീ ഇത്ര കഷ്ടപ്പെട്ടതല്ലേ.”

എന്റെ ശബ്ദം കേട്ട് ആ രൂപം തല തിരിച്ചു നോക്കി… മുഖം മറച്ച് ഒരു മാസ്‌ക് വെച്ചിട്ടുണ്ട്.

ആ രൂപം പറഞ്ഞു.

“പണമല്ല എനിക്ക് വേണ്ടത്.”

ങേ.. ആ രൂപത്തിൽ നിന്ന് ഒരു സ്ത്രീ ശബ്ദമാണ് വന്നത്. അപ്പോഴാണ് ആ വേഷം ഞാൻ ശ്രദ്ധിക്കുന്നത്. അത്ഭുതത്തോടെ (പേടിയൊഴിഞ്ഞു എന്ന് പറയാൻ പറ്റില്ല) ഞാൻ ചോദിച്ചു.

“ഭവതിയ്ക്ക് പിന്നെ എന്താണ് വേണ്ടത്?”

“എനിക്ക് വേണ്ടത് നീ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ അടുത്ത അധ്യായമാണ്.”

“എന്ത്? ഞാൻ ഒരു നോവൽ എഴുതുന്നുണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു? ഈ ലോകത്തിൽ തന്നെ വേറെ ഒരാൾക്കും അത് അറിയില്ലല്ലോ.. സത്യം പറാ..നീ ആരാ?”

“ഹാ… എന്റെ രൂപം കാണിച്ചു തരാൻ എനിക്ക് സാധിക്കില്ല. പക്ഷെ എനിക്ക് പേരുണ്ട്… മോനിഷാ..”

അത് കേട്ട് ഞാൻ ഞെട്ടി. മോനിഷാ… എന്റെ ദൈവമേ ഇതെങ്ങനെ? ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് മോനിഷ. ഇനി അവളാണോ? കാരണം ആ പേരിൽ നേരിട്ട് എനിക്കാരെയും അറിയില്ല.

ഞാൻ അവളോട് ചോദിച്ചു.

“മോനിഷാ..?”

“അതേ..മോനിഷ തന്നെ. നീ ഇതുവരെ ഒരു രൂപം എനിക്ക് തന്നില്ല. അത് കൊണ്ട് എന്റെ മുഖം എനിക്ക് പോലുമറിയില്ല. അതിലെനിക്ക് ദുഃഖമില്ല. പക്ഷെ, എന്റെ വിധി എനിക്കറിയണം. ഇപ്പോൾ തന്നെ അറിയണം. കഴിഞ്ഞ അധ്യായത്തിൽ ഒരു അപകടത്തിലാണ് നീ എന്നെ കൊണ്ട് എത്തിച്ചത്. എനിക്കറിയണം. ഞാൻ അതിൽ നിന്ന് രക്ഷപ്പെടുമോ? അതേലും പറാ.”

ഞാൻ അടുത്തുള്ള ഒരു കസേരയിൽ ഇരുന്നു. അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ അവൾക്ക് ഇരിക്കാൻ ഒരു കസേര കാണിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

“മോനിഷാ, നീ ഇത് കേൾക്ക്. ഞാൻ നിനക്ക് ഒരു രൂപം തരാത്തത് മനഃപൂർവ്വമാണ്. കാരണം നീയല്ല എന്റെ കഥയിലെ നായിക. തുടക്കത്തിൽ നീയെന്ന കഥാപാത്രത്തിന് കൊടുത്ത ഹൈപ്പ് കണ്ട് നീ വല്ലോം കരുതിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. നായികയ്ക്ക് വേണ്ട ലക്ഷണങ്ങൾ ഒന്നും തന്നെ നിന്നിൽ ഞാൻ ആരോപിച്ചിട്ടില്ലലോ. പിന്നെ ഇനിയുള്ള നിന്റെ വിധി. അത് ഞാൻ ആലോചിക്കുന്നതെ ഉള്ളൂ.”

“അങ്ങനെ പറയരുത്. നീ അത് ഇപ്പോൾ തന്നെ തീരുമാനിക്കണം. ഒരു രൂപം പോലുമില്ലാത്ത ഈ ജീവിതം ഇങ്ങനെ തുടരാൻ എനിക്ക് വയ്യ.”

“ഞാൻ രണ്ട് രീതിയിലാണ് അത് ചിന്തിച്ചു വച്ചിരിക്കുന്നത്. ഒന്നിൽ അധികം ദുരിതം അനുഭവിക്കാതെ പെട്ടെന്ന് നീ ഇല്ലാതാവുകയാണ്. മറ്റേതിൽ നിന്റെ ജീവിതം ഒരു ദുരിതത്തിൽ നിന്ന് മറ്റൊരു ദുരിതത്തിലേയ്ക്ക് മാറുന്നു..അതിൽ നിനക്ക് കൂടുതൽ കാലം ജീവിക്കാം. എനിക്ക് എഴുതാൻ കുറെ അധ്യായങ്ങൾ കിട്ടുകയും ചെയ്യും. ഇതിൽ ഏത് വേണം? ആദ്യമായാവും ഒരു കഥാകാരൻ അയാളുടെ കഥാപാത്രത്തിന് അതിന്റെ വിധി തീരുമാനിക്കാനുള്ള അവസരം കൊടുക്കുന്നത്. നീ തന്നെ പറാ.

ഓപ്ഷൻ ഒന്ന് വേണോ ഓപ്ഷൻ രണ്ട് വേണോ…”

ഓപ്ഷൻ ഒന്ന് വേണോ ഓപ്ഷൻ രണ്ട് വേണോ.. കൈ ഞാൻ നീട്ടി.. രണ്ട് വിരൽ ഉയർത്തി ഞാൻ പിന്നെയും ചോദിച്ചും.

“ഓപ്ഷൻ ഒന്ന് വേണോ ഓപ്ഷൻ രണ്ട് വേണോ..?”

പെട്ടെന്ന് ആ വിരലിൽ ഞാൻ ഒരു സ്പർശനം അറിഞ്ഞു.

“എടാ … എഴുന്നേക്ക്.. എന്താ ഈ രാവിലെ കിടന്ന് പിച്ചും പെയ്യും പറയുന്നേ.. നീ എന്താ കോടീശ്വരൻ കളിക്കുവാണോ?”

ങേ..!! കണ്ണ് തുറന്നപ്പോൾ കട്ടിലിൽ ഞാൻ കിടക്കുന്നു. അമ്മ മുന്നിൽ.

“നീ എന്താ വാതില് കുറ്റി ഇടാതെ കിടന്നേ?. ഞങ്ങള് വന്നപ്പോൾ നീ നല്ല ഉറക്കമായിരുന്നല്ലോ. വല്ല കള്ളമാര് കേറിയാ പോലും ഒന്നും അറിയില്ലല്ലോടാ. ഹോ.. ഇനിയേലും ഒന്ന് എഴുന്നേക്കടാ”

കണ്ണുകൾ ഒന്നൂടെ അടച്ചു ഞാൻ കിടന്നു.

അമ്മ തുടർന്ന് പറഞ്ഞു.

“എടാ, നീ എന്ത് ചെയ്യുവാരുന്നു ഇന്നലെ? ഈ പുസ്തകോം പേപ്പറുമൊക്കെ ഇങ്ങനെ നിരത്തി ഇട്ടിരിക്കുന്നെ എന്തിനാ..?”

ഞാൻ മനസ്സിൽ മെല്ലെ പറഞ്ഞു.

“ഞാനല്ല അമ്മേ. അതാ മോനിഷ കൊച്ചാ.”


💐💐💐💐💐💐💐💐💐💐💐

ഈ രചന എന്റെ ശബ്ദത്തിൽ കേൾക്കൂ.. @ my podcast…

%% https://anchor.fm/sreekanth-r3/episodes/Rathri-12-e14aacb %%

ദി കോഡ് ബ്രേക്കേർസ്

Is survival a choice?

“സർവൈവൽ ഒരു ചോയ്സ് ആയിരുന്നെങ്കിൽ ഞാനിത് ചെയ്യില്ലായിരുന്നു.”

കോവിഷീൽഡ് കുത്തി വെച്ചിട്ടാണ് ഈ ഡയലോഗ്‌ അടിക്കുന്നെന്ന് ഓർക്കണെ. (ഓൺലൈനായി വാക്‌സിൻ ബുക്ക് ചെയ്ത് സ്വീകരിച്ച എനിക്ക്, ആ സൗകര്യം ഇല്ലാത്തയാളുകൾ അവിടെ കാത്തുനിൽക്കുന്നത് കണ്ടപ്പോൾ സ്വയം ഒരു previleged class ആയി തോന്നി. ആ അപഹർഷതാ ബോധമാവും എന്നെ അങ്ങനെ ചിന്തിപ്പിച്ചത്.)

ചങ്ങനാശേരി ജി.എഛ്.

അവിടുന്ന് രണ്ട് പാരസെറ്റമോൾ ഗുളിക കൂടി കിട്ടി.

“രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കാൻ”

ഇതെന്തിനാ രണ്ടെണ്ണം എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. അപ്പോഴാണ് വയറിളക്കത്തിന് മരുന്ന് വാങ്ങിക്കാൻ പോയപ്പോൾ, ആ ഡോക്ടർ പറഞ്ഞ ഒരു ഡയലോഗ് ഓർമ്മയിൽ വന്നത്.

“നിങ്ങൾ ആറ് കൂട്ടുകാര് ഒരുമിച്ചാ താമസിക്കുന്നേന്നല്ലേ പറഞ്ഞേ. ദേ, പത്ത് പാരസെറ്റമോൾ കുറിച്ചിട്ടുണ്ട്. ആവശ്യം വരും.”

ജി.എഛ്. ന്റെ വരാന്തയിൽ ആ പാരസെറ്റമോൾ ഗുളികകൾ പോക്കറ്റിൽ ഇടുമ്പോൾ ഞാനും മനസ്സിൽ പറഞ്ഞു.

ഹാ…ആവിശ്യം വരും.

———————————————-

“കോവിഷീൽഡ്… ആരാ കണ്ടുപിടിച്ചെ. അയാൾക്കൊരു നന്ദി കൊടുക്കണ്ടേ?.”

“ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റിയും പിന്നെ വേറെ എന്തോ കിടുത്താപ്പും ചേർന്ന് നിർമ്മിച്ച വാക്സിന്റെ ഇന്ത്യൻ പതിപ്പാണ് കോവിഷീൽഡ്. അല്ലാതെ..” അവൾ പറഞ്ഞു നിർത്തി.

“പക്ഷെ, ഗിൽബെർട് എന്നൊരു പേര് കേട്ടാരുന്നു. ഇനി അങ്ങനെയൊരാളുണ്ടോ ഈ വാക്സിന്റെ പിതാവായി? ആവോ..”

പിന്നീട് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ എന്റെ കൂട്ടുകാരി പറഞ്ഞത് ഒരു രീതിയിൽ ശരിയായിരുന്നു. ഈ വാക്‌സിന് ഒരു പിതാവില്ല. പക്ഷെ, ഒരു മാതാവ് ഉണ്ടായിരുന്നു. ആഹാ…

സാറാ ഗിൽബെർട്.

നമ്മളിൽ പലരും വിചാരിച്ചിണ്ടാവും ഇത്ര പെട്ടെന്ന് ഒരു വാക്‌സിൻ ഒക്കെ എങ്ങനെ കണ്ടുപിടിച്ചെന്ന്. എന്നാൽ കേട്ടൊള്ളൂ. ഇത്‌ നോവൽ കൊറോണ വൈറസല്ലേ!. പണ്ട് ഈ വൈറസിന്റെ ചേട്ടന്മാർ നമ്മെ കുറെ ബുദ്ധിപ്പിച്ചിട്ടുണ്ടെന്ന്. (സാർസും മേർസുമൊക്കെ). ഇതിൽ മെർസ് വൈറസ് പ്രതിരോധിക്കാനായുള്ള വാക്സിന് വേണ്ടിയുള്ള ഗവേഷണങ്ങൾ സാറ ഒരുപാട് നടത്തിയിരുന്നു. അതുകൊണ്ട് ഈ പുതിയ വൈറസിന്റെ ജനിതക ഘടന കിട്ടിയപ്പോൾ തന്നെ സാറ ഇതിനുവേണ്ടി വർക്ക് തുടങ്ങിയിരുന്നു. പിന്നീട് ഓക്സ്ഫോർഡുമായി ചേർന്ന് ഓക്‌സ്‌ഫോഡ്/അസ്ത്രസെനെക്കാ എന്ന വാക്‌സിൻ വിജയകരമായി നിർമ്മിക്കുകയും ചെയ്തു.

എനിക്ക് കിട്ടിയ ഈ അറിവ് അവളുമായി പങ്കുവെച്ചു. എന്റെ സുഹൃത്ത് ഒരു ശാസ്ത്രഗവേഷണ വിദ്യാർത്ഥിയാണെ. അവൾക്ക് ഇതിനെപ്പറ്റിയൊക്കെ അറിയാൻ വലിയ താല്പര്യം ഉണ്ടാകും എന്ന് വിചാരിച്ചാണ് ഞാൻ പറഞ്ഞത്.

“എടി, എനിക്കിത് കേട്ടപ്പോൾ അത്ഭുതം തോന്നി. ഒരു സ്ത്രീയോ! ഹാ.. ഒരുപാട് സ്ത്രീകൾ ശാസ്ത്രരംഗത്തേയ്ക്ക് കടന്നു വരണ്ടതല്ലേ?”

“പണ്ടൊന്നും സ്ത്രീകൾ ശാസ്ത്രരംഗത്ത് ഇല്ലാരുന്നെന്ന് നിന്നോട് ആരാ പറഞ്ഞേ? ഒരുപാട് പേര് ഉണ്ട് . നിനക്ക് അറിയാത്തതാ.”

“ഉവ്വെ..ഞാൻ മാഡം ക്യൂറിയെപ്പറ്റിയെ കേട്ടിട്ടുള്ളൂ. അല്ലേൽ പറാ. ഇത്രയും കാലത്തെ നോബൽ സമ്മാനം കിട്ടിയവരിൽ 23 സ്ത്രീകളെ ഉള്ളല്ലോ. അതെന്നാ?”

അവളോട് വഴക്കുണ്ടാക്കാൻ റെഡിയായി തന്നെ ഞാൻ പറഞ്ഞു. ഇങ്ങനെ അവളെ ചൂടാക്കിയാൽ ഒരുപാട് വിവരങ്ങൾ കിട്ടുമെന്ന് എനിക്കറിയാമായിരുന്നു.

അവൾ പറയാൻ തുടങ്ങി. ഉറച്ച സ്വരത്തിൽ..

“ആഹാ.. ഈ നോബൽ സമ്മാനമാണോ വലിയ കാര്യം. അത് നോക്കുമ്പോൾ കാണുന്നത് സ്ത്രീകളുടെ നേട്ടങ്ങളുടെ ദാരിദ്ര്യമല്ല. അവഗണനകളുടെ കഥകളാണ്.

നീ ലിസ് മേയ്റ്റനേറിനെപ്പറ്റി കേട്ടിട്ടുണ്ടോ?”

ഞാൻ ഇല്ലാന്ന് തലകുലുക്കി.

അവൾ തുടർന്നു.

“അണുവിഘടന പ്രക്രിയയുടെ കണ്ടുപിടുത്തത്തിന് ഓട്ടോ ഹാന് 1944 ലെ രസതന്ത്ര നോബൽ നൽകിയപ്പോൾ, അതിന്റെ പിന്നിൽ പ്രവർത്തിച്ച ലിസ് മേയറ്റനേർ എന്ന ഓസ്ട്രിയൻ ശാസ്ത്രജ്ഞ നൈസായി ഒഴിവാക്കപ്പെട്ടു. പിന്നെയും പല തവണ ലിസ് നോബലിന് നോമിനേറ്റ് ചെയ്യപ്പെട്ടു. സ്ത്രീയായ് പോയത് ഒഴിച്ചു നിർത്തിയാൽ അവർക്ക് നോബൽ സമ്മാനം ലഭിക്കാതെ പോയതിന് വേറൊരു കാരണവുമില്ല. അവരുടെ സംഭാവനകൾ മനസ്സിലാക്കിയവർ, പീരിയോഡിക് ടേബിളിന്റെ ഒരു കോളത്തിൽ അവസാനം അവരെ തളച്ചിടുകയാണ് ഉണ്ടായത്. (109 th element : Meitnerium)

ഞാൻ ഇപ്പോൾ വായിക്കുന്ന ഒരു പുസ്തകത്തെപ്പറ്റി തന്നോട് പറഞ്ഞിട്ടില്ലേ? ‘ദി കോഡ് ബ്രേക്കർ’. വാൾട്ടർ ഐസക്സണ് എന്ന ചരിത്രകാരൻ ആദ്യമായി ഒരു ശാസ്ത്രജ്ഞയെപ്പറ്റി എഴുതിയതാണ്.
ജെന്നിഫർ ഡൗണാ.. 2020 ലെ രസതന്ത്രനോബൽ കിട്ടിയവരിൽ ഒരാൾ.

അതിൽ ഒരു കഥ പറയുന്നുണ്ട്. അത് മറ്റൊരു അവഗണനയുടെതാണ്…

സ്കൂൾ വിട്ട് വീട്ടിൽ വന്ന ഒരു ദിവസം ജെന്നിഫർ കട്ടിലിൽ ഒരു പുസ്തകം കിടക്കുന്നത് കണ്ടു. ‘ദി ഡബിൾ ഹെലിക്സ്’. അവളുടെ അച്ഛൻ കൊണ്ട് വെച്ചതാവുമെന്ന് അവൾ ചിന്തിച്ചു. ഒരു ഫിക്ഷനോ ഡിറ്റെക്റ്റീവ് നോവലോ ആണെന്ന് കരുതിയാണ് അവളത് തുറന്നത്. ഡി.എൻ.എ യുടെ ത്രിമാനഘടന കണ്ടെത്തിയവരിൽ ഒരാളായ ജെയിംസ് വാട്സൻ എഴുതിയ പുസ്തകമായിരുന്നത്. ഇരട്ടപ്പിരിയൻ ഘടന കണ്ടെത്തിയ ആ അത്ഭുതയാത്ര കുട്ടിയായിരുന്ന ജെന്നിഫറിൽ ആവേശം ഉണ്ടാക്കി. പക്ഷെ, അവളെ കൂടൂതൽ സ്വാധീനിച്ചത് വേറെ ഒന്നായിരുന്നു. ആ കണ്ടുപിടുത്തിലെ ഒരു സ്ത്രീ സാന്നിധ്യം. റോസലിൻഡ് ഫ്രാക്ലിൻ. പക്ഷെ അവരെ ആ പുസ്തകത്തിൽ വേണ്ട രീതിയിൽ പരിഗണിച്ചിട്ടില്ല എന്ന് ജെന്നിഫറിന് തോന്നി. എക്‌സ് റേ ക്രിസ്റ്റല്ലോ ഗ്രാഫിയിൽ വിദഗ്ദ്ധ ആയിരുന്ന അവരുടെ പല കണ്ടെത്തലുകളും ഉപയോഗിച്ചാണ് ഫ്രാൻസിസ്‌ ക്രിക്കും ജെയിംസ് വാട്സണും ഡി.എൻ.എ യുടെ സ്ട്രക്ച്ചർ കണ്ടുപിടിച്ചത്. എന്നാൽ റോസലിൻഡിനെ നോബൽ കമ്മിറ്റിയും അവഗണിച്ചു.

എങ്കിലും ജെന്നിഫറിന് ശാസ്ത്രത്തിൽ താല്പര്യം ഉണ്ടാക്കാൻ ഇത് മതിയായിരുന്നു. അവൾക്കും ആ രംഗത്തോട്ട് ഇറങ്ങാനുള്ള ഇന്ധനം ആ കഥയിൽ ഉണ്ടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ശാസ്ത്രജ്ഞയായ ഇമ്മാനുവൽ കാർപ്പൻറിയുമായി ചേർന്ന് ക്രിസ്‌പാർ എന്ന ജീൻ എഡിറ്റിങ് ടെക്നോളജി ജെന്നിഫർ വികസിപ്പിച്ചെടുത്തു. റോസലിണ്ടയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെങ്കിലും, മറ്റൊരു റോസലിണ്ടയാവാൻ ജെന്നിഫർ തയ്യാറല്ലായിരുന്നു. വലിയൊരു പേറ്റന്റ് യുദ്ധത്തിന് ശേഷമാണ് ഈ വനിതകൾക്ക് ക്രിസ്‌പാർ വിദ്യയുടെ ഉപജ്ഞാതാക്കൾ എന്ന പദവി ലഭിച്ചത്. അങ്ങനെ 2020 ലെ രസതന്ത്ര നോബൽ സമ്മാനം ഇവർ പങ്കിട്ടു.”

എന്നത്തേയും പോലെ അവളുടെ ആ സംസാരത്തിന് മുന്നിൽ ഞാൻ തോറ്റ് നിന്നു.

ഞാൻ മനസ്സിൽ പറഞ്ഞു.

“വല്ല ഫുട്ബോളിനെക്കുറിച്ചോ ക്രിക്കറ്റിനെക്കുറിച്ചോ ആയിരുന്നെങ്കിൽ കാണിച്ച് കൊടുക്കാരുന്നു.ഹും”

Why always me?

———-💐💐💐———-💐💐💐💐——-

കർണ്ണൻ ഭഗവാൻ കൃഷ്ണനോട് ചോദിച്ചു.

“Why always me?”

———-💐💐💐———-💐💐💐💐——-

പുരാണകഥകൾ എന്നും താൽപ്പര്യം ജനിപ്പിച്ചിരുന്നു. അതിനെ ഒരിക്കലും ഒരു വിശ്വാസിയുടെ കണ്ണിലൂടെയല്ല ഞാൻ നോക്കിയത്. നമ്മുടെയൊക്കെ ജീവിതത്തിലെ, ശാസ്ത്രത്തിന് അതീതമായ നിൽക്കുന്ന സമസ്യകൾക്ക് ഉത്തരം കണ്ടെത്താനും കഴിഞ്ഞുപോയ ജീവിതത്തിലെ ന്യായം കണ്ടെത്താനുമാണ് അതിലേയ്ക്ക് ഞാൻ പലപ്പോഴും ഇറങ്ങി ചെന്നത്.

എന്റെ തലമുറയിൽ നിന്ന് നഷ്ടപ്പെട്ട് തുടങ്ങിയതായും അടുത്ത തലമുറയ്ക്ക് മുഴുവനായി നഷ്ടപ്പെട്ടതായും തോന്നുന്ന ഒരു കാര്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അത് എന്താണെന്നോ?

ബാല്യത്തിൽ ഉറങ്ങുന്നതിന് മുൻപായി പുരാണകഥകൾ പറഞ്ഞു തന്ന ഒരു അമ്മൂമ്മയും ഒരു അപ്പൂപ്പനും. കഥകൾ വളരെ ഭംഗിയായി പറഞ്ഞു തരുന്ന ഒരു അമ്മൂമ്മ. കുഞ്ഞു മനസ്സിൽ തോന്നുന്ന സംശയങ്ങൾ തീർത്തു തരുന്ന ഒരു അപ്പൂപ്പൻ.

(ഓരോരുത്തരുടെയും കുട്ടിക്കാലം അവരുടേതായ രീതിയിൽ സുന്ദരമായ ഓർമ്മകൾ നിറഞ്ഞതാവും. എന്റെയും😍)

-–———————————–

കാലം കടന്ന് പോയി. മേലിഞ്ഞിരുന്ന ഒരു കുട്ടി വളർന്ന് നല്ല വണ്ണമൊക്കെ വച്ച് ഒരു തടിയനായി.(നല്ല വണ്ണമല്ലെന്നോ..😢 ഹോ.. സമ്മതിച്ചു. എന്നാ പൊണ്ണവണ്ണം. പോരെ?)..

കേട്ടു വളർന്ന പുരാണ കഥകൾ വായനയിലൂടെ അവൻ ഹൃദിസ്ഥമാക്കി. ആ കഥകളുടെ പല ഭേദങ്ങൾ അവൻ വായിച്ചു. പഠനങ്ങളിലൂടെ അവൻ കൂടുതൽ അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങി.

രാമായണത്തെ അവൻ ആര്യ ദ്രാവിഡ സംഘർഷമായി കാണാൻ ശ്രമിച്ചു. രാവണന്റെ മേന്മകൾ അവൻ കണ്ടു തുടങ്ങി. ശൂർപ്പണകയുടെ വിധിയിൽ അവൻ ദുഃഖിച്ചു. ബാലിയോട് കാട്ടിയ നീതി നിഷേധത്തിൽ അവൻ രോഷം കൊണ്ടു.

നളചരിതത്തിൽ നളനെക്കാളും ഇഷ്ടം അവന് ആ കാട്ടാളനോട് തോന്നി.

മഹാഭാരത്തിൽ അവന്റെ മനസ്സ് കൃഷ്ണാർജ്‌ജുനൻമാരിൽ നിന്ന് കർണ്ണ- ദുര്യോധാനികളിൽ ചെന്നു നിന്നു.

കർണൻ, നെപ്പൊളിയൻ, ഭഗത് സിംഗ് മൂന്ന് പേരാണ് എന്റെ ഹീറോസ് എന്ന് പ്രിത്വിരാജ് ഏതോ സിനിമയിൽ പറഞ്ഞപ്പോൾ അവൻ അതിലെ കർണ്ണനെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചു.(Don’t you see the irony?🤣)

————————————–

അങ്ങനെയൊക്കെ കാലം നടക്കുമ്പോൾ ഒരു വെള്ളിയാഴ്ച 6.30 നാണ് അത് സംഭവിച്ചത്. എന്ത് ആണെന്നോ?

മഹാ…ഭാ…രതം…. ഏഷ്യാനെറ്റ് പ്ലസ്…

അപ്പോഴാണ് ആ നടിയെ അവൻ ആദ്യമായി കാണുന്നെ… സുഭദ്രയായി വേഷമിട്ട നടി… മുബൈക്കാരി വീഭാ ആനന്ദ്.😊

😍😍..

“എടാ.. എടാ… നീ എങ്ങോട്ടാ ഈ പോകുന്നേ! ടോപിക് മാറിയോ?”

അയ്യോ.. സോറി…😜😜

വേറെ സീൻ ആണ്.. നോക്കട്ടെ … ഹാ കിട്ടി..😏😏😏

കർണനും കൃഷ്ണനും…

കർണൻ കൃഷ്ണനോട് സംശയങ്ങൾ ചോദിക്കയാണ്.

💐💐💐💐💐💐💐💐💐💐

കർണൻ: കൃഷ്ണാ, എന്താണ് എന്റെ ജീവിതത്തിൽ ഇത്രയും ദുഃഖങ്ങൾ വന്ന് ചേർന്നത്? അമ്മയുടെ വിവാഹത്തിന് മുൻപ് ജനിച്ചത് എന്റെ തെറ്റായിരുന്നോ? ആ പേരിൽ അല്ലെ എന്നെ ആ അമ്മ ഉപേക്ഷിച്ചത്? ക്ഷത്രിയനല്ല എന്ന് പറഞ്ഞു ഗുരു ദ്രോണർ എന്നെ വിദ്യകൾ അഭ്യസിപ്പിച്ചില്ല. എന്നാൽ ഗുരു പരശുരാമനോ?.. ക്ഷത്രിയനായതിനാൽ പഠിച്ച വിദ്യകൾ ഒന്നും തന്നെ ആവശ്യം വരുമ്പോൾ പ്രയോജനം പറ്റാതാവട്ടെ എന്ന് ശപിച്ചു. സ്വന്തം അമ്മ പോലും അമ്മയാണെന്ന ആ സത്യം അംഗീകരിച്ചത് കൂടെയുള്ള മക്കളെ രക്ഷിക്കാൻ വേണ്ടിയായിരുന്നില്ലേ? ദ്രൗപദി നിന്റെ സമക്ഷം അല്ലയോ കൃഷ്ണാ, എന്നെ അപമാനിച്ചത്! എനിക്ക് മനസ്സിലാകുന്നില്ല, കൃഷ്ണാ. എന്നെ എന്നും ചേർത്ത് പിടിച്ച, എന്നെ അപമാനങ്ങളിൽ നിന്ന് രക്ഷിച്ച ആ ധൃതരാഷ്ട്ര പുത്രന്റെ ഒപ്പം നിൽക്കുന്നതിൽ എന്താണ് തെറ്റെന്ന്? അങ് പറയൂ. എനിക്ക് മാത്രം എന്താ ഇങ്ങനെയൊരു ജീവിതം?

കൃഷ്ണൻ : രാധേയാ, ദുഃഖങ്ങൾ ഒരുപാട് എനിക്കും ഉണ്ടായിട്ടുണ്ട്. നിനക്ക് അറിയില്ലേ? ഞാൻ ജനിച്ചത് തന്നെ ഒരു കാരാഗൃഹത്തിലായിരുന്നല്ലോ. പിന്നെ ഒരുപാട് കാലം സ്വന്തം മാതാപിതാക്കളിൽ നിന്ന് വേർ പിരിഞ്ഞ് താമസിച്ചു. ഞാനും ഒരുപാട് അപമാനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്റെ ജനങ്ങൾക്കുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഞാനാന്നെന്ന് അവർ തന്നെ പറഞ്ഞു. എന്റെ ജനങ്ങളെ ജരാസന്ധനിൽ നിന്ന് രക്ഷിച്ചു മാറ്റി താമസിച്ചപ്പോൾ എന്നെ പലരും ഭീരു എന്നു വിളിച്ചു. ഒന്ന് ആലോചിച്ചു നോക്കൂ.. സ്നേഹിച്ച പെണ്കുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കാത്ത ഒരു ഹതഭാഗ്യനാണ് ഈ ഞാൻ. ഈ യുദ്ധം കൗരവപക്ഷം ജയിച്ചാൽ നിന്നെ എല്ലാവരും പ്രശംസകൾ കൊണ്ട് പൊതിയും. എന്നാൽ പാണ്ഡവരാണ് ജയിക്കുന്നതെങ്കിൽ പോലും എനിക്ക് കിട്ടുന്നത്… അപമാനവും ശാപവുമാണ്. നീ ചിന്തിക്കൂ.. അതിരഥപുത്രാ, നമ്മൾ എല്ലാവരുടെ ജീവിതത്തിലും ദുഃഖങ്ങൾ ഒരുപാട്‌ ഉണ്ടാകും. നമ്മുക്ക് മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പോലും തോന്നി പോകും, പലപ്പോഴും. പക്ഷെ അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി പ്രവർത്തികൾ ചെയ്യുക. ഓരോ പ്രവർത്തിയും മനസ്സാക്ഷിയോടുള്ള ഉത്തരമായിത്തീരണം. എല്ലാ പക്ഷവും ശരിയാണ്. നന്മ തിന്മകൾ ഏറിയും കുറഞ്ഞുമിരിക്കും എന്നേയുള്ളൂ. മനസ്സാക്ഷിയുടെ പക്ഷത്ത് നീ നിൽക്കുക.”

💐💐💐💐💐💐💐💐💐💐💐💐


NB: ഞാൻ തേടിയ ആ ഒരു ഉത്തരം ഇതിൽ നിന്ന് എനിക്ക് ലഭിച്ചു. നിങ്ങൾക്കും എന്തേങ്കിലും ലഭിച്ചെന്ന് കരുതട്ടെ. ഇല്ലെങ്കിൽ അന്വേഷിക്കൂ. കൂടുതൽ വായിക്കൂ…..ജീവിതത്തിന്റെ അനുഭവപരത കൂട്ടുന്നതാണ് ഏത് വായനയും.

വായിക്കൂ.. മനസ്സിലാക്കൂ..പിന്നെയും ഒരുപാട് വായിക്കൂ..

വായനദിനം ജൂണ് 19 ആയിരുന്നല്ലേ? ഹാ..കുറച്ച് താമസിച്ചു പോയി.( ജൂണ് 19 പി.ൻ പണിക്കരുടെ ചരമദിനമാണെ. കേരളത്തിന്റെ വായനദിനം തന്നെയാണ് 2017 മുതൽ ദേശീയ വായനദിനമായി ആഘോഷിക്കപ്പെടുന്നതെന്ന്🤗.

ആ ഒരു ഫ്ലോയിൽ അങ്ങനെ പറഞ്ഞതാണെ. വിട്ടേരെ…😛)

😊😊😊💐💐💐💐

വായിക്കൂ.. എന്റെ ബ്ലോഗിന് വരിക്കാരാകൂ…😛

Plz click on the follow button below or you can also follow my blogsite through your e-mail id.

ബെൽ ബട്ടൺ ഒന്നും ഇല്ലേയ്😏😏.

അവൾ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കുകയാണ്…

####പണ്ട് എപ്പോഴോ എഴുതിവെച്ചതാണ് ഈ ബ്ലോഗ്. പക്ഷെ അന്നേരം എന്തോ, പബ്ലിഷ് ചെയ്യാൻ മടി തോന്നി. കഴിഞ്ഞ ദിവസം വായിച്ചപ്പോൾ എനിക്ക് തന്നെ ചിരി വന്നു. ഈ എഴുതിയത് വലിയ അബദ്ധം ആണെങ്കിലും ഈ കൊറോണ ടൈമിൽ നിങ്ങടെ കുറച്ചു സമയം ഞാൻ അപഹരിക്കുന്നു… ####

__________________________________


—- അവൾ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കുകയാണ്… —-

അയ്യോ…അവൾ അല്ല..അവിൽ മിൽക്ക് ഷെയ്ക്ക് ആണേ ഉദ്ദേശിച്ചത്.🤗.. first twist.

ആദ്യമായി അവിൽ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കാൻ വേണ്ട സാഹചര്യങ്ങൾ പരിഗണിക്കാം..

1. നാട് മുഴുവൻ ഒരു സൂക്ഷ്മ വസ്തുവിനെ പേടിച്ചു കഴിയുന്ന അവസ്ഥ. (മനുഷ്യൻ ഇത്ര ഒക്കെയെ ഉള്ളൂ എന്ന് മനസ്സിലാക്കുന്നു.)

2.ലോക്ക് ഡൗണ് ഇൽ പെട്ട് പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന അവസ്‌ഥ.

(എനിക്കല്ലേൽ എന്ത് പണിയാണെന്നോ?….🙄

ആരേലും എന്തേലും ചോദിച്ചാരുന്നോ?.എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ല.)

3. വീട്ടിൽ പശുകറവ ഉണ്ടായിട്ടും പാല് വിൽക്കാതെ ‘അയ്‌ലോക്കക്കാർക്ക്’ തൈരായും മോരായും, സൗഹൃദം ഊട്ടിയുറപ്പിക്കാനായത് ഉപയോഗിക്കുന്ന ഒരു അമ്മയുടെ മകന്റെ അവസ്ഥ..( അച്ഛനും അമ്മയും കൂടി പശുവിനെ വളർത്തുന്നു..പരിപാലിക്കുന്നു…കറക്കുന്നു…ഇഷ്ടമുള്ളവർക്ക് കൊടുക്കുന്നു.. അതിന് ഈ മകനെന്താണെന്നു ചോദിക്കരുത്..)

—-വീട്ടിൽ പാല് അധികമായി ഉണ്ടെന്ന അവസ്ഥ കാണിക്കാൻ ശ്രമിച്ചപ്പോൾ അങ്ങനെ പറഞ്ഞു പോയതാണെ.

അതുകൊണ്ട് തന്നെ ആണ് ആ അമ്മ മകനോട് ഇങ്ങനെ ചോദിച്ചത്..

“നിനക്ക് മിൽക്ക് ഷെയ്ക്കൊ വല്ലോം ഉണ്ടാക്കി കുടിക്കത്തില്ലേ..?”

“പിന്നെന്താ”

First step : യൂട്യൂബിൽ സെർച്ച് ടാബിൽ ടൈപ്പ് ചെയ്യുക..ഹൗ ടു മേക്ക് മിൽക്ക് ഷെയ്ക്ക്..(question മാർക്ക് വേണ്ടേ? വേണ്ടെങ്കിൽ വേണ്ട..)

ഒരു പാട് ഓപ്ഷൻസ് മുൻപിൽ തെളിഞ്ഞു വന്നു..അതിൽ അവിൽ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കുന്ന വിധം പഠിക്കാൻ തീരുമാനിച്ചു..പഠിച്ചു..നല്ല വൃത്തിയായി തന്നെ പഠിച്ചു..

“അമ്മച്ചി ഞാൻ എത്തി…എവിടെ എനിക്ക് വേണ്ട ഐറ്റംസ്?

അവല്..പഴം… ഐസ്ക്യൂബ്‌സ്…പിന്നെ അണ്ടിപ്പരിപ്പ്”

“പഴോം ഐസും പിന്നെ കുറച്ച് അണ്ടിപ്പരിപ്പും കാണും. അവല് വേണന്ന് നിർബദാണെൽ കടെ പോകണം….”

ചിന്തിച്ചു🤔 കടെൽ പോണോ? ….. കടയിൽ പോകുന്നത് ഈ ടൈമിൽ റിസ്ക് ആണ്. കൊറോണ പിടിച്ചാലോ?(…ഛെ.. അല്ലാതെ മടിയായിട്ടല്ല.)

സിസ്റ്റം റീബൂട്ടിങ്….

അവിൽ മിൽക്ക് ഷെയ്ക്ക് വേണ്ട…തല്ക്കാലം ബനാനാ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കാം..ഉള്ളത് വെച്ച്.. വായിക്കുന്നവർ പ്രശ്നം ഉണ്ടാക്കാൻ വരുകയാണെങ്കിൽ ‘ഏപ്രിൽ ഫൂളി’ന്റെ തലയിൽ കെട്ടി വയ്ക്കാം.😉… second twist. ####(ഇത് എഴുതിയത് ഏപ്രിൽ മാസം എപ്പോഴോ ആണെന്ന് തോന്നുന്നു.😆)####

അങ്ങനെയെങ്കിൽ ബനാനാ മിൽക്ക് ഷെയ്ക്കിനുള്ള സാധനങ്ങൾ റെഡി..

ഒന്നേ കാൽ ഗ്ലാസ് പാല്. തിളപ്പിച്ചു ആറിച്ചതാണെൽ നന്ന്..

2 എത്തപ്പഴം..(തൊലി പൊളിക്കാൻ പ്രത്യേകം പറയണോ? ആദ്യമായിട്ട് ആയതുകൊണ്ടാണെ..)

8-10 അണ്ടിപ്പരിപ്പുകൾ..

ആവശ്യത്തിന് ഐസ്ക്യൂബ്‌സ്..

ആവശ്യത്തിന് പഞ്ചസാര…

മിക്സിയിൽ ഇട്ടു അടിച്ച് എടുത്താൽ മതി..

സ്വാദിഷ്ടമായ ബനാനാ മിൽക്ക് ഷെയ്ക്ക് തയ്യാർ..

കുടിച്ച് തീരാറായപ്പോഴാണ് ഫോട്ടോ എടുക്കുന്നതിനെപ്പറ്റി ആലോചിച്ചത്..

🙄🙄🙄🙄

NB:

“എന്തേലും പ്രയോജനമുള്ള കാര്യം പറയടോ..വെറുതെ മനുഷ്യന്റെ സമയം കളയാനായി ഓരോരുത്തന്മാർ ഇറങ്ങിക്കൊള്ളും..”

🙄🙄🙄🙄

എന്നാ പിടിച്ചോ..😉. third twist.

_______________💐💐💐_________________

മഹാഭാരതത്തിൽ നിന്ന്…

പാണ്ഡവരുടെ സ്വർഗാരോഹണം.

ഓരോരുത്തരായി ആ ജേഷ്‌ഠന്റെ പുറകിൽ വീണ് കൊണ്ടിരുന്നു. തിരിഞ്ഞു പോലും നോക്കാതെ ജേഷ്‌ഠൻ യാത്ര തുടരുന്നത് കണ്ട ഒരു അനുജൻ അത്ഭുതപ്പെട്ടു. അവന്റെ വിഷമം മനസ്സിലാക്കിയ ആ ജേഷ്‌ഠൻ അവർ ചെയ്ത പാപങ്ങളാണ് ആ വീഴ്ചയ്ക്ക് പിന്നിൽ എന്നു അവനോട് വിശദീകരിച്ചു.

അവസാനം ആ അനുജനും വീണു. ആ കിടപ്പിൽ താൻ ചെയ്ത പാപം എന്താണെന്ന് ജേഷ്‌ഠനോട് അവൻ ആരാഞ്ഞു.

ജേഷ്‌ഠൻ പറഞ്ഞു..

ആഹാരം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ലഭിക്കുന്നുണ്ടോ എന്ന് നീ ആലോചിച്ചിരുന്നില്ല. ആ സ്വാർഥതയുടെ ഫലമാണ് ഈ വീഴ്ച.”

———————–
സ്വാർഥതയും അഹങ്കാരവുമുള്ളവർക്ക് സ്വർഗാരോഹണം വിഷമകരമാണ്. അവർ മഹാപ്രസ്ഥാന യാത്രയിൽ തളർന്നുവീഴും. ലോകത്തെവിടെയും അമിതമായി ആഹരിക്കുകയും അപരന്റെ വിശപ്പ് കാണാതിരിക്കുകയും ചെയ്യുന്നവൻ ഈ ഭീമസേനനെപ്പോലെ യാത്രയിൽ തളർന്നു വീഴും.

_______________________

അതൊക്കെ പോട്ടെ ഞാൻ പറഞ്ഞു വന്നത്..

“നിങ്ങള് വല്ലോം കഴിച്ചാരുന്നോ?”🙄