ബസ് ചെങ്ങന്നൂർ അടുത്തപ്പോൾ കഴുത്തിൽ തൂക്കിയിരുന്ന Jbl ന്റെ ഹെഡ്സെറ്റ് ഞാൻ ബാഗിലേക്ക് തിരുകി കയറ്റി വെച്ചു. എനിക്ക് വന്ന പരിഷ്‌കാരങ്ങൾ, എന്നെ കാണുമ്പോൾ തന്നെയങ് ‘അവർ’ മനസിലാക്കേണ്ടെന്ന് ഞാൻ കരുതി😉….
അതിന് മുമ്പ് നടന്ന കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ടേ. ആ കെ.എസ്.ആർ.ടി.സി ബസിൽ, എന്റെ സീറ്റിന് മുന്നിലായി ഇരുന്ന മൂന്ന് കുട്ടൂകാരെപ്പറ്റി.. മൂന്ന് മധ്യവയസ്‌കർ.. കളിയും ചിരിയും ഒക്കെയായി ആ മൂന്ന് കൂട്ടുകാരെ കാണുമ്പോൾ ആർക്കും ഒരു സന്തോഷം തോന്നും. ആ സൗഹൃദത്തോട് അസൂയ തോന്നും. ജീവിത പ്രാരാബ്ധങ്ങളൊക്കെ മാറ്റി വെച്ചു അവർക്ക് ഈ സൗഹൃദ യാത്രയ്ക്ക് വഴിയൊരുക്കിയത് എന്താവും?
അവരുടെ ഇടയിൽ ഒരുപാട് നാളത്തെ സൗഹൃദം ഞാൻ കണ്ടു. ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നപ്പോൾ, തമ്മിൽ അറിയാതെ പോയ ഒരുപാട് വർഷങ്ങൾ അവരുടെ ഇടയിൽ ഒഴിഞ്ഞ് കിടക്കുന്നതായി തോന്നി. ആ ആവേശം എന്നെ അങ്ങനെ ചിന്തിപ്പിച്ചു. പിന്നെയും ഞാൻ വെറുതെ ആലോചിച്ചു.
അതിൽ ഒരാൾ നല്ലൊരു കർഷകനാണ്. മറ്റൊരാൾ ഗവണ്മെന്റ് ഉദ്യോഗസ്ഥനും, മൂന്നാമത്തെയാൾ ഗൾഫിൽ നിന്ന് ലീവിന് വന്നതാണ്. അവർ എന്തായിരിക്കും ഇത്ര പറഞ്ഞു ചിരിക്കുന്നത്? അവർക്ക് ഷെയർ ചെയ്ത് ചിരിക്കാൻ ഇപ്പോഴും എന്ത് കാര്യങ്ങളാണ് ഉള്ളത്. അടൂരിൽ എത്തിയപ്പോൾ സീറ്റിൽ വലിയ ഒരു തോർത്ത് വിരിച്ച്, അവർ ആ ബസ് സ്റ്റാൻഡിൽ ഇറങ്ങി. അവിടെ ബസിന് 10 മിനുട്ട് സ്റ്റോപ് ഉണ്ട് പോലും. ബസ് അവിടുന്ന് എടുത്തപ്പോഴാണ് അവർ വണ്ടിയിൽ തിരികെ ഓടി കയറുന്നത്. അതും വലിയ ബഹളമൊക്കെ വെച്ച്, വലിയ ആരവത്തോടെ.. ആ യാത്ര പുനരാരംഭിച്ചു. എന്റെ തോന്നലുകളും. അവർക്ക് ഒരു കാർ പിടിച്ചു പോകാനുള്ള സാമ്പത്തികം ഇല്ലാഞ്ഞിട്ടല്ല. ഗൾഫ് കാരന് ഒരു ഐ 20 ഉം ഗവണ്മെന്റ് ഉദ്യോഗസ്ഥന് കഴിഞ്ഞ മാസം ലോൺ അടച്ചു തീർന്നൊരു ക്വിഡും കർഷകനായ സുഹൃത്തിന് ഒരു ജീപ്പും ഉള്ളതാണ്. പിന്നെ അവർ ബസിൽ പോകാനുള്ള സംഗതി എന്താണെന്നോ? അത് അവർക്ക് ഈ യാത്ര ഒരു ഓർമ്മ പുതുക്കലാണ്. ഇരുപത്തെട്ട് വർഷം മുൻപ് ഇതുപോലൊരു ഒരു ജനുവരി മാസമാണ് അവർ ഇതുപോലെ യാത്ര ചെയ്തത്. ഇതേപോലൊരു കെ.എസ്.ആർ ടി സി യിൽ.
എന്തായിരിക്കും അവർക്ക് കോമണായി സംസാരിക്കാൻ ഉണ്ടാവുക? ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു.. ഒരെത്തും പിടികിട്ടുന്നില്ല.
ചെങ്ങന്നൂർ എത്തിയപ്പോൾ നേരത്തെ തീരുമാനിച്ച പോലെ ഞാൻ ബസിൽ നിന്ന് ഇറങ്ങി. എന്നെ കാത്ത് ‘അവർ’ ഉണ്ടായിരുന്നു . എന്റെ രണ്ട് സുഹൃത്തുക്കൾ. ഞങ്ങൾ അവിടെ നിന്നാണ് ഒരുമിച്ച് യാത്ര തുടങ്ങിയത്. മുണ്ടക്കയത്ത് ഞങ്ങളുടെ മറ്റൊരു സുഹൃത്തിന്റെ കല്യാണം കൂടാനുള്ള ഒരു യാത്രയായിരുന്നു.
ബസിൽ കണ്ട ആ മൂന്ന് സുഹൃത്തുക്കളുടെ വിചാരങ്ങളിലേക്ക് എത്താൻ എനിക്ക് അധിക സമയം വേണ്ടിവന്നില്ല.
ജെറിനും മിന്റുവിനും എല്ലാവിധ നന്മകളും നേരുന്നു.🥰
