××– കാക്കനാടന്റെ ‘ഒറോത‘… –××
അപ്രതീക്ഷീതമായാണ് ഈ നോവൽ എന്റെ കണ്ണിൽപ്പെട്ടത്.. ലൈബ്രറിയിൽ നിന്ന് പുസ്‌തകം എടുക്കുന്നതിന് എനിക്ക് രണ്ടു രീതി ഉണ്ടായിരുന്നു.. കൃത്യമായ ഒരു കൃതിയോ അല്ലെങ്കിൽ ഒരു സാഹിത്യകാരനെയോ മനസ്സിൽ വച്ചു കൊണ്ടാവും ചില ദിവസങ്ങളിൽ ഞാൻ ലൈബ്രറിയിൽ എത്തുന്നത്.. മറ്റു ചിലപ്പോൾ random ആയി ആവും പുസ്തകം തെരഞ്ഞെടുക്കുന്നത്..അങ്ങനെയുള്ള ഒരു ദിവസം ഞാൻ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ നിന്ന് random ആയി തെരഞ്ഞെടുത്തതാണ് ‘ഒറോത’..
××– ‘മണിമല‘ എന്ന എന്റെ കൊച്ചു സുന്ദര ഗ്രാമത്തിലേക്ക്… –××
നാട്ടിലേക്കുള്ള എന്റെ ട്രെയിൻ യാത്രയിൽ വായിക്കാനായി ഞാൻ ആ പുസ്തകം എന്റെ ബാഗിൽ എടുത്തിട്ടുണ്ടായിരുന്നു… എന്നാൽ അന്നത്തെ ആ യാത്രയിൽ എനിക്ക് അതിനുള്ള സമയം കിട്ടിയില്ല എന്നു പറഞ്ഞാൽ മതിയല്ലോ….
അതിന് കാരണക്കാരി ആ പെണ്കുട്ടി ആയിരുന്നു..ആള് കാണാൻ നല്ല സ്മാർട് ആയിരുന്നു….പരിചയപ്പെട്ടപ്പോൾ കക്ഷി MSWക്കാരി ആണ്… കുടുംബശ്രീയുടെ ഭാഗമായുള്ള ഒരു പ്രോജെക്ടിൽ councellor ആയി ജോലി ചെയ്യുന്നു…യാത്രകളിൽ കൂടുതൽ സൗഹൃദം നിർമിക്കാനുള്ള എന്റെ ഒരു ശ്രമമാണ് ഈ സംസാരങ്ങൾക്ക് വഴിയുണ്ടാക്കിയത്…
സംസാരിച്ചിരുന്നപ്പോൾ എനിക്ക് വല്ലാത്ത ഒരു intimacy അനുഭവപ്പെട്ടു… എന്റെ നീതുചേച്ചിയെ എനിക്ക് ഓർമ്മ വന്നു…കാരണം എന്റെ ചേച്ചിയെ പോലെയാണ് ആ ചേച്ചിയും എന്നോട് പെരുമാറിയത്..എന്റെ ചേച്ചിയോട് സംസാരിക്കുന്ന പോലെ എന്തും തുറന്ന് സംസാരിക്കാൻ സ്വാതന്ത്ര്യം കിട്ടിയത് പോലെ എനിക്ക് തോന്നി… ജോലിയുടെ വിഷമങ്ങൾ ഒരു അനിയനോട് പറയുന്നത് പോലെ ആ MSW ചേച്ചി എന്നോട് പങ്ക് വച്ചു..കല്യാണം കഴിച്ചതിനെപ്പറ്റിയും..ചേച്ചിയുടെ future പ്ലാനായ കാനഡയ്ക്ക് PR ന് apply ചെയ്യുന്നത് പോലും ഞങ്ങളുടെ സംസാരവിഷയമായി….അതൊക്കെ വിശദീകരിക്കുമ്പോൾ ചേച്ചിയുടെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു…ഞാനും എന്റെ കാര്യങ്ങൾ ഒരു പരിധിവരെ(😢) എന്റെ ചേച്ചിയോട് തുറന്ന് സംസാരിച്ചു..
ഞാൻ മണിമലയിൽ പോകാൻ വേണ്ടി ട്രെയിനിൽ നിന്ന് ഇറങ്ങുന്ന ചങ്ങനാശ്ശേരി സ്റ്റേഷൻ അന്നെത്തിയത് വളരെ പെട്ടെന്നായിരുന്നു.. എന്റെ ഒറോത പ്ലാൻ വെള്ളത്തിലായത് ഒഴിച്ച് നിർത്തിയാൽ ആ ട്രെയിൻ യാത്ര എനിക്ക് നൽകിയത് നല്ലൊരു യാത്രാനുഭവം ആയിരുന്നു ..
××– മണിമല.. പുളിമൂട് റൂം (വീട്ടിലെ എന്റെ റൂം).. –××
വീടിന് പടിഞ്ഞാറു ഭാഗത്തു നിൽക്കുന്ന പുളി മരത്തിന്റെ തണലിൽ..എന്റെ റൂമിൽ ഇരുന്ന് ഞാൻ ‘ഒറോത’ വായിക്കുവാൻ തുടങ്ങി…
99 ലെ വെള്ളപ്പൊക്കവും മലബാർ കുടിയേറ്റവും വിഷയം…തുടക്കം മുതൽ തന്നെ എനിക്ക് കഥാതന്തുവും ആഖ്യാന രീതിയും ഇഷ്ടപ്പെട്ടു.
ആ സമയത്താണ് എന്റെ അമ്പോറ്റിയച്ഛൻ എന്റെ റൂമിലേക്ക് കടന്നു വന്നത്…..അമ്പോറ്റി.. — എന്റെ അപ്പൂപ്പനെ ഞങ്ങൾ, പേരകുട്ടികൾ വിളിക്കുന്ന പേരാണ്..ഇപ്പോൾ വന്നു വന്ന് നാട്ടിലെ എല്ലാ കുട്ടികളും അദ്ദേഹത്തെ അമ്പോറ്റി എന്നാണ് വിളിക്കുന്നത്.. — അമ്പോറ്റി ഇടയ്ക്കൊക്കെ എന്റെ റൂമിലേക്ക് വന്ന് ഏതെങ്കിലുമൊക്കെ വിഷയത്തെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു….ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റിയും ലോകത്തിലെ പുതിയ പുതിയ കാര്യങ്ങളെപ്പറ്റിയും ഞങ്ങൾ ചർച്ച നടത്തിയിരുന്നു(അയ്യോ..ചുമ്മാ പറഞ്ഞതല്ല..ചൈന കൃത്രിമമായി ഒരു ചന്ദ്രനെ നിർമിക്കുന്ന കാര്യം ഞങ്ങൾ ചർച്ച ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു)….
എന്നാൽ ആ ദിവസം ഒരു ശ്ലോകം ചൊല്ലിക്കൊണ്ടാണ് അദ്ദേഹം വന്നത്…ചിലപ്പോഴൊക്കെ അമ്പോറ്റി അദ്ദേഹത്തിന്റെ ഓർമ്മയിൽ ഉള്ള ശ്ലോകങ്ങൾ എന്നെയും എന്റെ ചേച്ചിയെയും പഠിപ്പിക്കാറുണ്ടായിരുന്നു…ആ സംരംഭത്തിന് വേണ്ടി തന്നെയാവും ഈ വരവും എന്നെനിക്ക് തോന്നി..(കഴിഞ്ഞ തവണ ഞാൻ വീട്ടിൽ വന്നപ്പോൾ എന്നെ പഠിപ്പിച്ചത് ‘മാതഗാനനം അബ്‌ജ വാസ രമണീയം’ എന്നു തുടങ്ങുന്ന കഥകളിയിലെ ഒരു വന്ദന ശ്ലോകമായിരുന്നു)….
പുതിയ ശ്ലോകം പഠിക്കുവാനായി ഞാൻ ‘ഓറോത’ വായന നിർത്തി….
‘ഓം മദഗജവദനം തം വിഘ്‌നവിച്ഛേദദക്ഷം‘
ഇതിന്റെ അർത്ഥവും ഉപയോഗവും എല്ലാം അമ്പോറ്റി എനിക്ക് പറഞ്ഞു തന്നു…അമ്പോറ്റി പഠിപ്പിക്കുന്ന ഇതുപോലെയുള്ള ശ്ലോകങ്ങൾ ഞാൻ എങ്ങും എഴുതി വച്ചിട്ടില്ല..ചൊല്ലി ചൊല്ലി ആയിരുന്നു ഞാൻ അവയൊക്കെ പഠിച്ചത്..ചൊല്ലി ചൊല്ലി തന്നെ അവയൊക്കെ എന്റെ ഓർമ്മയിൽ ഞാൻ നിലനിർത്തുകയും ചെയ്തിരുന്നു… ആ ലിസ്റ്റിലേക്ക്(മനസ്സിൽ മാത്രമുള്ള ആ ലിസ്റ്റിലേക്ക്) ഒരു പുതിയ ശ്ലോകം കൂടി ലഭിച്ചതിൽ ഞാൻ സന്തോഷിച്ചു….
ആ ശ്ലോകം പൂർണമായും എന്റെ ഓർമ്മയിൽ തിരികി കയറ്റി..തുടർന്ന് ഞാൻ വായിക്കുന്ന പുസ്തകത്തെപ്പറ്റി അമ്പോറ്റി എന്നോട് ചോദിച്ചു.. ഞാൻ ഒറോതയെപ്പറ്റി വാചാലനായി..അതിനിടയിൽ ഞാൻ 99 ലെ വെള്ളപ്പൊക്കത്തിന്റെയും മലബാർ കുടിയേറ്റത്തെപ്പറ്റിയും അദ്ദേഹത്തിന്റെ ഓർമ്മകൾ തിരക്കി..
99ലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്ക ത്തിനു 4 വർഷം കഴിഞ്ഞു ജനിച്ച അമ്പോറ്റിക്കു വെള്ളപ്പൊക്കത്തിന്റെ ഓർമ്മകൾ പിന്നീടുണ്ടായവയുടെതായിരുന്നു..
പക്ഷെ മലബാർ കുടിയേറ്റത്തിന്റെ രസകരമായ ഒരു ഓർമ്മ അമ്പോറ്റി എന്നോട് പങ്കുവച്ചു..നിലമ്പൂരിൽ സ്ഥലം വാങ്ങാൻ പോയതായിരുന്നു ആ ഓർമ്മ..ആ കാലത്ത് ഞങ്ങളുടെ പ്രദേശങ്ങളിൽ നിന്ന് മലബാർ ഭാഗങ്ങളിലേക്ക് കുടിയേറുന്നത് പതിവ് ആയിരുന്നു പോലും..കാടുകൾ വെട്ടിത്തെളിച്ച്, ജനവാസം അധികം ഇല്ലാത്ത, ആ പ്രദേശങ്ങളിൽ പൊന്നു വിളയിച്ച ഒരു തലമുറയുടെ കഥകൾ അമ്പോറ്റിയ്ക്ക് ഓർമ്മ വന്നു കാണണം…അമ്പോറ്റി അന്ന് പക്ഷെ നിലമ്പൂരിൽ സ്ഥലം വാങ്ങിയിരുന്നില്ല..
അമ്പോറ്റിയുടെ ഈ സാഹസശ്രമം എനിക്ക് പുതിയൊരു അറിവായിരുന്നു.
ഞാൻ ചിന്തിച്ചു..
അന്ന് സ്ഥലം വാങ്ങി എന്റെ അച്ഛന്റെ കുടുംബം അങ്ങോട്ടു കുടികേറിയിരുന്നേങ്കിൽ ?? അപ്പോൾ എന്റെ അച്ഛനും അമ്മയും തമ്മിൽ കാണുകപോലും ചെയ്യില്ലായിരുന്നു….അയ്യോ അപ്പോൾ അവരുടെ കല്യാണം?? Oh no!!! എന്തായാലും അമ്പോറ്റിക്കു അവിടെ ഒന്നും സ്ഥലം വാങ്ങിക്കാൻ തോന്നാതിരുന്നത് നന്നായി.. എന്റെ ജനനം പോലും ആ തീരുമാനത്തിന്റെ ഫലം അല്ലെ?
ഞാൻ അമ്പോറ്റിയോട് ചോദിച്ചു. ..
“അയ്യോ..അപ്പൊ ഞാൻ ജനിക്കപോലും ഇല്ലാരുന്നല്ലോ..?” അദ്ദേഹത്തിന്റേതായ പ്രത്യേക ശൈലിയിൽ ഒരു വലിയ ചിരിയായിരുന്നു എനിക്കുള്ള ഉത്തരം..
(..നമ്മുടെ പൂർവികരുടെ ചെറിയ ചില തീരുമാനങ്ങൾ പോലും പിന്നീട് നമ്മളെ വലിയ രീതിയിൽ ബാധിക്കാൻ പ്രാപ്തിയുള്ളതായിരുന്നു എന്നു ഞാൻ അന്ന് മനസ്സിലാക്കി..നമ്മൾ അവരെ വളരെ ബഹുമാനത്തോടെ സ്മരിക്കുന്നത് ഇതുകൊണ്ടാവും..)
എന്റെ ഉള്ളിലെ ജിജ്ഞാസ എന്നോട് ‘എന്തുകൊണ്ട് ആ സാഹസത്തിൽ നിന്ന് പിന്മാറി’ എന്ന ചോദ്യം അമ്പോറ്റിയോട് ചോദിപ്പിച്ചു..?
“പേശലം അല്ലൊരു വസ്തുവും ഉലകിൽ പ്രേക്ഷകൻ ഇല്ലെന്നാൽ..”
ഉള്ളൂരിന്റെ പ്രേമസംഗീതത്തിലെ ഈ വരികൾ ആയിരുന്നു അമ്പോറ്റി ഉത്തരമായി പറഞ്ഞത്..വളരെ സരസമായി പറഞ്ഞ ഈ മറുപടിയിൽ എന്തോ ഉണ്ടല്ലോ..?.
ചിന്തിക്കൂ… (ഞാനും ചിന്തിക്കട്ടെ)..
എന്തായാലും എനിക്ക് ഏകദേശം ഉറപ്പാണ്, പണ്ട് എരുമേലിയിലെ ദേവസ്വം ബോർഡ് സ്കൂളിൽ പഠിപ്പിച്ച ഒരു മലയാള അധ്യാപകനെ അല്ല അപ്പോൾ ഞാൻ അവിടെ എന്റെ മുന്നിൽ കണ്ടത്…സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് മുകളിൽ സ്വന്തം നാട്ടുകാരെ സ്നേഹിച്ച ഒരു പഴയകാല കമ്മ്യൂണിസ്റ്റിനെ ആയിരുന്നു….