ആനന്ദിന് ആ ദിവസം എന്നത്തേയും പോലൊരു ദിവസമായിരുന്നു. അമ്മയോട് പിണങ്ങിയിരിക്കുന്നതിനാൽ, പ്രഭാത ഭക്ഷണം ആസാദ് ഹോട്ടലിൽ നിന്ന് കഴിച്ചു എന്നൊരു അപവാദമേ ആ കാര്യത്തിലുള്ളൂ.
അമ്മയോട് അയാൾ വഴക്കുണ്ടാക്കാതെ കടന്ന് പോകുന്ന ദിവസങ്ങൾ ഈയിടെയായി വളരെ കുറവാണ്. കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ തനിക്ക് ഒരു സ്വര്യവും അമ്മ തരുന്നില്ല എന്നാണ് അയാൾ അടുത്ത സുഹൃത്തുക്കളോട് പറയാറ്. കമ്പനിയിലെ സീനിയർ എഞ്ചിനീയറായ ആനന്ദ്, ജോലി ചെയ്യുന്ന സൈറ്റിൽ അനുഭവിക്കുന്ന പ്രെഷറൊന്നും ഈ അമ്മ അറിയുന്നില്ലല്ലോ. അത് പോരാതെയാണ് വീട്ടിൽ ഈ ബഹളം. ഹോ.. പലപ്പോഴും അയാളുടെ തല പെരുത്തങ് കയറും.
അയാളുടെ പിണങ്ങി പോയ ഭാര്യയെ ക്ഷമ ചോദിച്ചു തിരികെ കൊണ്ടു വരണം. അതാണ് അമ്മയുടെ ആവശ്യം. അതിനാണ് ദിവസവും ഈ വഴക്ക് ഉണ്ടാക്കുന്നേ.
ഹും… ആനന്ദിന്റെ ഈഗോ ഒരിക്കലും അതിന് സമ്മതിക്കില്ല. അവൾ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതല്ലേ! വീട്ടിലെ കാര്യങ്ങൾ അയാൾ ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ്, ആ വഴക്ക് തുടങ്ങിയത്.
തന്റെ ജോലിയിലെ തിരക്കുകൾ അറിയാവുന്നതല്ലേ, അവൾക്ക്? അവളും ഒരു ഉദ്യോഗസ്ഥയല്ലേ? അപ്പോൾ തന്റെ അവസ്ഥ അവൾ മനസ്സിലാക്കേണ്ടതല്ലേ? എന്നാണ് ആനന്ദ് ചിന്തിച്ചത്. അവൾക്ക് ആനന്ദ് ഒരു സ്പേസ് കൊടുക്കുന്നില്ലെന്നായിരുന്നു ആദ്യ കാലത്തെ അവളുടെ പരാതികൾ. അയാൾ ആ സ്പേസ് കൊടുത്തപ്പോൾ, ഇപ്പോൾ അവൾ പറയുന്നു; അയാൾ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന്. ഹോ…. ആ വഴക്ക് ക്ലൈമാക്സ് എത്തിയത് അവൾ അയാളെ ഒരു മെയിൽ ഷോവനിസ്റ്റ് എന്ന് വിളിക്കുന്നതിലായിരുന്നു. അന്ന് അയാൾ ആദ്യമായി അവളെ തല്ലാനായി കൈയോങ്ങി.
പിറ്റേ ദിവസം തന്നെ അവൾ ചിന്നുമോളേയും കൂട്ടി അവളുടെ അച്ഛന്റേം അമ്മയുടെയും ഫ്‌ളാറ്റിലേയ്ക്ക് മാറി. അതിന് ശേഷമുള്ള ദിവസങ്ങളിൽ ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ആനന്ദ് ശ്രമിച്ചു. ചിന്നുവിനെ കാണാതെ ഇത്രയും നാൾ അയാൾക്ക് ഇരിക്കാനാവുമെന്ന് അയാൾ പോലും കരുതിയിരുന്നിരിക്കില്ല. പക്ഷെ, ആ ഈഗോ അയാളെ, അയാൾ പോലും അറിയാത്ത മറ്റൊരാളാക്കി മാറ്റിയിരുന്നു.
വ്യക്തിജീവിതത്തിൽ നിന്ന് ഒളിച്ചോടി സ്വന്തം ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ ആനന്ദ് ശ്രമിച്ചു.
നമ്മൾ പറഞ്ഞു വന്ന ആ ദിവസം അങ്ങനെയൊന്നായിരുന്നു. പതിവിലും നേരത്തേ അയാൾ വർക് സൈറ്റിൽ എത്തി. തൊഴിലാളികൾ എല്ലാം എത്തിയിട്ടുണ്ടെന്ന കാര്യം സൂപ്പർവേസറിൽ നിന്ന് അറിഞ്ഞു. എന്നത്തേയും പോലെ പണി താമസിക്കുന്നതിന് പുള്ളിയെ കണക്കിന് വഴക്ക് പറഞ്ഞു.
അന്നത്തെ ആ വഴക്ക് പറഞ്ഞത് കുറച്ച് കൂടിപ്പോയോ? ആനന്ദിന് പിന്നീട് തോന്നി.
ആനന്ദ് അപ്പോൾ സൂപ്പർവേസർ രഘുവിനെ അടുത്ത് വിളിച്ചു പറഞ്ഞു.
“രഘുചേട്ടാ, നമ്മുക്ക് എല്ലാർക്കും അറിയാം ; ഈ വർക് തീരാത്തേ നമ്മുടെയൊന്നും പ്രശ്നം കൊണ്ടല്ലെന്ന്. പക്ഷെ, മോളീന്ന് കേക്കുന്ന ഈ വിഴുപ്പൊക്കെ എവിടെല്ലും ഞാൻ ഇറക്കി വെക്കണ്ടേ? അതാ.. ചേട്ടൻ അതങ് വിട്ടെരേ.”
“സാറേ, ഇനിയും ലോക്ക് ഡൗണ് ഒക്കെ വരുമെന്ന് പേടിച്ചു നാട്ടിൽ പോവാണ്, പല ബംഗാളികളും. പണിക്ക് ആളെ കിട്ടാനില്ല. പക്ഷെ, ഇന്ന് കുറച്ചു പേരെ ആ കോണ്ട്രാക്ടർ ഇറക്കി തന്നിട്ടുണ്ട്. അവര് ഒരു പത്തു ദിവസമേലും കാണും. എന്തായാലും ബെൽറ്റ് വാർക്കുന്ന കാര്യം ഈ ആഴ്ച തീർക്കാം പറ്റും.”
പുതിയതായി പണിയ്ക്ക് വന്ന പണിക്കാരെ ചൂണ്ടി രഘു പറഞ്ഞു.
എട്ട് പത്ത് ആണുങ്ങളും മൂന്ന് പെണ്ണുങ്ങളും. നല്ല പോലെ പണി എടുക്കുന്നു. പണി പെട്ടെന്ന് തീർക്കാമെന്ന ശുഭാപ്തിവിശ്വാസം ഇവിടെ നിന്നോ ആനന്ദിന് തോന്നി. ആനന്ദ് അവരെ കൂടുതൽ ശ്രദ്ധിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ബാക്കി പണിക്കാരെ പോലെയല്ല അവർ. എന്തോ പ്രത്യേകതയുണ്ട്. പ്രത്യേകിച്ചും വസ്ത്ധാരണത്തിൽ. ഹാ.. ശരിയാ.. നമ്മൾ എളുപ്പത്തിന് എല്ലാ അഥിതിതൊഴിലാളികളെയും ബംഗാളികളെന്ന് വിളിക്കുന്നതല്ലേ. പലരും പല സ്ഥലത്തു നിന്നാകും. ബംഗ്ലാദേശിന്ന് വരെ ആള് വരുന്നുണ്ടെന്ന് കോണ്ട്രാക്ടർ ഹരി കഴിഞ്ഞ ദിവസം പറഞ്ഞത് ആനന്ദ് അപ്പോൾ ഓർത്തു.
കൺസ്ട്രക്ഷൻ സൈറ്റിന് താഴെയായി ഒരു ഷെഡിൽ ടെംമ്പററിയായി ഒരു ഓഫീസ് ആനന്ദിനായി ഒരുക്കിയിട്ടുണ്ടായിരുന്നു. ആനന്ദ് അവിടേയ്ക്ക് പോയി.
—————-
ഒരു കുട്ടിയുടെ കരച്ചിലാണ് ആനന്ദിനെ പ്ലാനുകളിലിൽ നിന്നും എലിവേഷനുകളിൽ നിന്നും ഉണർത്തിയത്. ആനന്ദ് ഷെഡിന് വെളിയിൽ വന്ന് നോക്കി. ഷെഡിന്റെ വെളിയിലായി, അതിനോട് ചേർന്ന് നിലത്ത്, ഒരു കുഞ്ഞ് കിടന്ന് കരയുന്നു. ആനന്ദ് ചുറ്റും നോക്കി. കുഞ്ഞിന്റെ അമ്മയെന്ന് തോന്നിക്കുന്ന ആരും ആ പരിസരത്തൊന്നും ഇല്ല. ആനന്ദ് വിളിച്ച് ചോദിച്ചു.
“ഇസ് ബച്ചേ കിസ്‌കാ ഹേ.”
മറുപടിയില്ല.
ആനന്ദ് മെല്ലെ കുഞ്ഞിന്റെ അടുത്തു ചെന്നു നോക്കി. കുഞ്ഞിനെ കിടത്തിയിരിക്കുന്ന തുണിയുടെ അടുത്ത് കൂടി ചോനലുറുമ്പ് നിരനിരയായി പോകുന്നു. ആനന്ദ് പെട്ടെന്ന് ചെന്ന് കുഞ്ഞിനെ എടുത്തു. അതിന്റെ ദേഹമെല്ലാം തൂത്തു. പക്ഷെ, കുഞ്ഞു കരച്ചിൽ നിർത്തുന്നില്ല. ചിന്നുമോൾ കുഞ്ഞായിരുന്നപ്പോൾ കരയാതെയിരിക്കാൻ കാട്ടിയ കോപ്രായങ്ങൾ ആനന്ദ് അവിടെ കാണിച്ചു നോക്കി. പക്ഷെ, നോ രക്ഷ.. ആനന്ദ് ചുറ്റും നോക്കി. ഒരു സ്ത്രീ അങ്ങോട്ട് ഓടി വരുന്നു. ദേഹത്തെ പൊടിയൊന്നും കളയാതെ തന്നെ, അങ്ങോട്ടേയ്ക്ക് ഓടി വന്ന ആ സ്ത്രീ, കുഞ്ഞിനെ ആനന്ദിന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു. സ്വിച്ച് ഇട്ടപ്പോലെ ആ കുഞ്ഞ് കരച്ചിൽ നിർത്തി. അമ്മയുടെ അമ്മിഞ്ഞയോട് ഒട്ടി ചേർന്ന് കുട്ടി കിടന്നു… ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ…
——————–
കോണ്ട്രാക്ടർ ഹരിയുടെ ശിങ്കിടിയായ ജോബിയാണ് സൈറ്റിലെ പണിക്കാരുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ജോബിയിൽ നിന്നാണ് ആനന്ദ് ആ കുഞ്ഞിനെയും അമ്മയെയും പറ്റിയുള്ള വിവരങ്ങൾ അറിഞ്ഞത്. കുഞ്ഞിന് മൂന്ന് മാസം പോലും തികഞ്ഞിട്ടില്ല. വീട്ടിൽ കുഞ്ഞിനെ നോക്കാൻ വേറെ ആരുമില്ല.
ജോബി പറഞ്ഞു.
“ഈ ഹരിസാർ ആയോണ്ടാ, ഈ പെണ്ണിനെ പണിക്കെടുത്തേ. ഞാൻ സാറിനോട് പറഞ്ഞതാ കുഞ്ഞിനേം കൊണ്ട് സൈറ്റിൽ വന്നാൽ പണി നടക്കില്ലെന്ന്. ഇപ്പൊ കണ്ടില്ലേ. സാർ ഒന്ന് പറഞ്ഞാൽ ഹരി സാർ കേക്കും. അവരെ പറഞ്ഞു വിടും.”
പക്ഷെ, ഹരി ചെയ്തത് തെറ്റാണെന്ന് ആനന്ദിന് തോന്നിയില്ല. ആ സ്ഥാനത്ത് താനായിരുന്നെങ്കിൽ എന്ത് ചെയ്തേനെ? അയാൾ ചിന്തിച്ചു.
ഉച്ച ഭക്ഷണ സമയത്ത് ആ അമ്മ, കുഞ്ഞിന് മുലയൂട്ടാൻ ഒരു മറവ് അന്വേഷിച്ചു നടക്കുന്നത് കണ്ടപ്പോൾ, ആനന്ദ് തന്റെ ഓഫീസ് മുറിയിലെ ഗസ്റ്റ് സ്പേസ് തുറന്ന് കൊടുത്തു.
ആ അമ്മ ഭക്ഷണം കൊണ്ടു വന്നിട്ടില്ല എന്ന കാര്യം അയാൾ അറിഞ്ഞു. തന്റെ ചോര മുലപ്പാലായി ചുരത്തിയ ആ അമ്മയുടെ കൈയിൽ ആനന്ദ് കുറച്ച് പണം ഏൽപ്പിച്ചു. എന്നിട്ട് പറഞ്ഞു.
“യെ പൈസ ലേകർ തും അച്ഛേ ഖാനാ ഖാവോ? തുമാരി ബേട്ടി കേലിയെ..”
ആ അമ്മയുടെ കണ്ണിൽ തന്റെ അമ്മയുടെ കണ്ണിലെ തിളക്കമാണ് അപ്പോൾ ആനന്ദ് ദർശിച്ചത്.
ആനന്ദിന്റെ അമ്മയും അയാളെ ഒരുപാട് കഷ്ടപ്പെട്ടാണ് വളർത്തിയത്. അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ അമ്മയുടെ ചോരയിൽ നിന്നാണ് അയാളും കുരുത്തത്.
ആ ഒരു നിമിഷം തന്റെ അമ്മയുടെ സാമീപ്യം അയാൾ ആഗ്രഹിച്ചു.
———————-
ആനന്ദ് വരാൻ കാത്തിരുന്ന പോലെയാണ് അയാളുടെ അമ്മ വീട്ടിലെത്തിയപ്പോൾ അയാളോട് പെരുമാറിയത്.
അമ്മ പറഞ്ഞു.
“എനിക്കറിയാമായിരുന്നു ഉണ്ണി, ഇന്ന് നീ ഉച്ചയ്ക്ക് വരുമെന്ന്. അതാണ് നിനക്ക് ഇഷ്ടപ്പെട്ട ചേന മെഴുക്ക് പുരട്ടിയത് ഞാൻ ഉണ്ടാക്കി വച്ചത്.”
അമ്മയുടെ ആ വാക്കുകൾ ആനന്ദിനെ വിസ്മയിപ്പിച്ചില്ല. അയാൾ അപ്പോൾ തിരിച്ചറിഞ്ഞിരുന്നു; അയാളുടെ അമ്മ എല്ലാ ദിവസവും മകൻ പിണക്കം മാറ്റി വരുന്നതും കാത്ത് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നുയെന്ന്.
ഒരുപിടി ചോറ് വായിൽ തരാമോ എന്ന് ആനന്ദ് ചോദിച്ചപ്പോൾ, ഒരു കണ്ണീരോടെ അമ്മ അയാൾക്കത് കൊടുത്തു. ഒരു നിമിഷം കണ്ണടച്ച് കൊണ്ട് ആ ഉരുള അയാൾ കഴിച്ചു.
ലോകത്തിൽ ഏറ്റവും സ്വാദിഷ്ടമേറിയ ആ ഉരുളയിൽ, ഒരു ഉപ്പ് രസവും കലർന്നിരുന്നു.
അന്ന് തിരിച്ചു സൈറ്റിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അയാൾ അമ്മയോട് പറഞ്ഞു.
“അമ്മേ, വൈകിട്ട് ഞാൻ ചിന്നുമോളെയും ലക്ഷ്മിയെയും കൂട്ടി വരും. അവൾ എന്നോട് പൊറുക്കും. എനിക്കുറപ്പാണ്. ഒന്നുമില്ലെങ്കിലും അവളും ഒരു അമ്മയല്ലേ.”
ആ വാക്കുകൾ കേട്ടപ്പോൾ, കണ്ണുകളിലെ ആ ഒരു തിളക്കം ഒരിക്കൽ കൂടി ആനന്ദ് അവിടെ കണ്ടു.
തന്റെ ജീവിതത്തെ ശ്രുതിത്തെറ്റാതെ കൊണ്ടുപോകുന്ന ശക്തിയാണ് അമ്മയെന്ന് ആനന്ദ് അന്ന് തിരിച്ചറിഞ്ഞു.
💐💐💐💐💐💐💐💐
NB: എന്തൊക്കെയോ നഷ്ടപ്പെട്ടു പോവുകയാണെന്നോ ഓർമ്മയായി തീരുകയാണെന്നോ എന്ന ചിന്തയാണ് നമ്മളെ അതൊരു ദിനാചരണമായി കൊണ്ടാടാൻ ഇടവരുത്തിക്കുന്നത്. അത് കൊണ്ട്, ഇത്ര മാത്രം ഇപ്പോൾ ഞാൻ പറയുന്നു. :-
“എല്ലാ ദിവസത്തെയും പോലെ ഇന്നും ഞാൻ അമ്മയെ ചിരിപ്പിച്ചു. പാട്ടു പാടി കേൾപ്പിച്ചു. അതുകൊണ്ട് എന്നത്തേയും പോലെ ഇന്നും ഞാൻ തൃപ്തനാണ്.”
2 replies on “ശ്രുതി”
💞
LikeLiked by 1 person
😍
LikeLike