വിഭാഗങ്ങള്‍
കഥകൾ

കോട്ടാങ്ങാൽ പടയണി

അച്ഛന്റെ തോളേൽ ഇരുന്നാണവൾ ഇത്രയും നാൾ ഉത്സവങ്ങൾ കണ്ടത്.

എഴുന്നേളിപ്പിന് ആനയുടെ മുകളിൽ തിടമ്പ് താങ്ങി ഇരിക്കുന്ന മാന്തളൂരിലെ ആ മൂത്ത തിരുമേനിയെ പോലെ, ഗമയിലാണ് അപ്പോഴൊക്കെ അവൾ യാത്ര ചെയ്തിരുന്നത്.

“പെണ്ണങ് വലുതായി, എന്നിട്ടും അവള് അവൾടെ അച്ഛേടെ തോളേന്ന് ഇറങ്ങില്ല. ആ പേച്ച കാല് നിലത്ത് മുട്ടുവല്ലോ.. ഈ ജയേട്ടനെ പറഞ്ഞാൽ മതിയല്ലോ.”

അമ്മുവിന്റെ അമ്മ പരിഭവിച്ചു.

അമ്മ പറഞ്ഞത് ശരിയാണ്. അമ്മുകുട്ടിയ്ക്ക്, ആ പ്രായത്തിലുള്ള കുട്ടികളെക്കാൾ ശ്ശി പൊക്കം കൂടുതലാണ്. അതുകൊണ്ടാണ് സ്മിത ടീച്ചർ അവളെ ക്ലാസ്സിലെ അവസാന ബെഞ്ചിൽ കൊണ്ടിരുത്തിയത്. അതും ആ ജനാലയുടെ അടുത്തുള്ള സീറ്റിൽ. ഇടിം മിന്നലും വരുമ്പോൾ അവിടെ ഇരിക്കാൻ അമ്മുവിന് പേടിയാണ്… ഹോ.. ആ ഒരു കാര്യം ഓർക്കുമ്പോൾ തന്നെ അവൾക്ക് പേടിയാണ്.

പക്ഷെ, അതല്ലല്ലോ ഇപ്പൊ പ്രശ്നം. അവളുടെ അച്ഛന്റെ തോളേന്ന് ഇറങ്ങാൻ അല്ലെ, ഈ അമ്മ പറേന്നേ?..

“ങി… അച്ഛാ..അമ്മ പരെന്ന് കേട്ടോ. അച്ഛൻ ഈ അമ്മൂന്റെ മാത്രല്ലെ, പിന്നെ എനാ കൊഴപ്പം.?”

ഉണ്ണിക്കുട്ടൻ വന്നപ്പോൾ, അവൾ അവൾടെ അമ്മയെ അവന് മുഴോനായി വിട്ട് കൊടുത്തതാണ്. എന്നിട്ട് അച്ഛനെ മൊത്തമായിട്ടു അവളിങ് എടുത്തു.

“അവള് കേറിക്കോട്ടേടി, ഒരു മാസം കൂടി അല്ലേയുള്ളൂ. ഇനി വരുമ്പോൾ പട്ടു പാവാടയൊക്കെ ഇട്ട് നിൽക്കുന്ന എന്റെ അമ്മൂസ്, വലിയ പെണ്ണാകിലേ?.. അപ്പോ എനിക്ക് ഇതുപോലെ എടുത്തോണ്ട് നടക്കാൻ പറ്റില്ലാലോ..”

അമ്മുവിന്റെ അച്ഛൻ, ജയന് ഗൾഫിലേയ്ക്ക് പോകാനുള്ള വിസ ശരിയായി ഇരിക്കുകയായിരുന്നു. ഈ മകരം അവസാനത്തേയ്ക്കാണ് ഫ്ലൈറ്റിന് ടിക്കറ്റ് എടുത്തത്‌.

“വിസ ശരിയായെങ്കിൽ, നീ എന്തിനാ ജയാ ഇനി വച്ച് താമസിപ്പിക്കുന്നെ? ”

ജയന്റെ അച്ഛൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

“അതേ അച്ഛാ.. ഇപ്പോഴൊക്കെ ടിക്കറ്റിന് വലിയ പൈസയാകും. പൈസ കുറഞ്ഞ സമയം നോക്കി എടുത്തതാ..”

ആ പറഞ്ഞതിൽ കുറച്ച് സത്യമുണ്ട്. കേട്ടോ.? പക്ഷെ യഥാർത്ഥ കാരണം അതല്ലായിരുന്നു.

നാട്ടിലെ എല്ലാ പരിപാടിയ്ക്കും മുൻപന്തിയിൽ നിൽക്കുന്ന ജയന് ഈ വർഷത്തെ പടയണി കൂടി കണ്ട് പോകണമെന്നുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം അമ്മൂസിന് കൊടുത്തോരു വാക്കുണ്ട്.

“അച്ഛാ, ഈ പ്രാശ്യം കഴിഞ്ഞ പ്രാശ്യത്തെ പോലെ അമ്മൂസിനെ പറ്റിച്ചല്. കോട്ടാങ്ങാലെ പടയണി മുഴോൻ കാണിക്കാന്ന് പറഞ്ഞിട്ട്, എന്നെ അടവി കാണിക്കാൻ കൊണ്ടുപോയില്ല. വേലയും കാണിച്ചില്ല. ദേ.. ഈ പ്രാശ്യം അമ്മൂസിനെ എല്ലാം കാണിച്ചണം.”വേല കളിക്കുന്ന പിള്ളേര് സെറ്റിൽ അവൾടെ യു.കെ.ജി ക്ലാസ്സിലെ അനന്തുവും, പിന്നെ ആ വഴക്കാളി ഉണ്ണികൃഷ്ണനുമുണ്ട്.

അനന്തു പാവമാ. ക്ലാസ്സിലെ മോനിഷ ജയനായ നമ്മുടെ അമ്മുകുട്ടിക്ക് അനന്ദുവിനോട് കൂട്ടാണ്.

പക്ഷെ, ആ ഉണ്ണികൃഷ്‌ണൻ.. അവന്റെ അച്ഛൻ പോലീസാണ്. അവൻ ഒരിക്കൽ വഴക്ക് ഉണ്ടാക്കിയപ്പോൾ നമ്മടെ അമ്മുകുട്ടിയോട് പറയാ.. അവൾടെ അച്ഛനെ പോലീസിനെ കൊണ്ട് ഇടുപ്പിക്കൂന്ന്…!.. ഹോ..

അന്നവൾ അവനുമായുള്ള കൂട്ടുവെട്ടിയതാണ്, കവിള് വീർപ്പിച്ച് പൊട്ടിച്ചതുമാണ്.കോട്ടാങ്ങാൽ പടയണി.
കരുവള്ളിക്കാട് മലനിരകളും മണിമുത്തു മലപെറ്റ മണിമലയാറും അതിരിടുന്ന ഭൂപ്രകൃതിയാൽ അനുഗ്രഹീതയാണ് കോട്ടാങ്ങാൽ ഗ്രാമം. പ്രകൃതിയെ ആവാഹിച്ചിരുത്തിയ സംസ്കാരത്തിന്റെ മറ്റൊരു നാമം. പത്തനംതിട്ട ജില്ലയിലെ ഈ ഗ്രാമത്തെ പുറംലോകമറിയുന്നത് പടയണി എന്ന അനുഷ്ടാന കലയുടെ പേരിലാണ്.
പ്രകൃതിയും മനുഷ്യനും വേറിട്ടതല്ല എന്ന് ഉറക്കെ പാടിയും കൊട്ടിയും തുള്ളിയും അറിയിക്കുന്ന പടയണി. മലബാറിന് തെയ്യമെന്നാൽ എന്താണോ, അതുപോലെയാണ് മധ്യതിരുവിതാംകൂറിന് പടയണി. അവരുടെ ആത്മാംശമായി ലയിച്ചു ചേർന്നതാണ്.
ദാരുകാസുരവധം കഴിഞ്ഞുവരുന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കാനാണ് പടയണി തുള്ളുന്നത്. ധനുമാസത്തിലെ ഭരണിനാളിൽ തുടങ്ങി 28 ദിവസം നീണ്ടുനിൽക്കുന്ന ഭക്തിനിർഭരമായ ചടങ്ങുകൾ, മകരമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് സമാപിക്കുക. ഇതിൽ അവസാന എട്ടു ദിവസങ്ങൾക്കാണ് പ്രാധാന്യം. രാത്രി തപ്പ്, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള പടയണിപ്പാട്ടുകളുടെ അകമ്പടിയിൽ, ചൂട്ടുകറ്റ കത്തിയെരിയുന്ന വെളിച്ചത്തിൽ തുള്ളിയുറയുകയാണ് കോലങ്ങൾ. അതിൽ കോപമേറും മഹാകാലനുണ്ട്, പരസ്പരം പോരടിക്കുന്ന അരക്കിയക്ഷിയുണ്ട്, വശ്യതകൊണ്ട് മനംമയക്കുന്ന സുന്ദരയക്ഷിയുണ്ട്, ഭഗവതിയുടെ സത്യരൂപമെന്ന് വിശ്വസിക്കുന്ന ഭൈരവിയുണ്ട്. പിന്നെ മുഷിപ്പ് മാറ്റാൻ തമാശകളുമായി ചക്കരക്കുടക്കാരനും പരദേശികളും എത്താറുണ്ട്.
കോട്ടാങ്ങലെ പടയണി മറ്റുള്ള ഇടങ്ങളിൽ നിന്ന് വ്യത്യസ്ഥതമാണ്. കോട്ടാങ്ങൽ ദേവീക്ഷത്രത്തിൽ പടയണി ക്ഷേത്രോത്സവമാണ്. പടയണിയുടെ കൊഴുപ്പേറാൻ കുളത്തൂർ കരക്കാർ മത്സരിക്കുന്നു. ചൂട്ട് വയ്പ്പ് എന്നാൽ ഭഗവതിയെ കളത്തിൽ കുടിയിരുത്തുക എന്ന സങ്കൽപ്പമാണ്. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്ന് അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നവരെ അണയാതെ എരിഞ്ഞു നിൽക്കണം. അടുത്ത ദിവസം മുതലാണ് പടയണിക്കോലങ്ങൾ കളത്തിലെത്തി തുള്ളിയുറയാൻ തുടങ്ങുക.

ആദ്യത്തെ ചടങ്ങ് ഗണപതി കോലമാണ്. മറ്റ് പടയണികളിൽ ഇങ്ങനെയൊന്നില്ല. അഞ്ച് പിശാച കോലങ്ങളാണ് ഇത്. ആദ്യം കളത്തിലെത്തുന്ന കോലം എന്ന നിലയ്ക്ക് പറഞ്ഞുപഴകി ഗണപതിക്കോലമായതാകാം. തമാശ പറഞ്ഞ് രസിപ്പിക്കുന്ന ഗണപതിക്കോലം കാണേണ്ട ഒന്നാണ്. ആറുമാസം പെൺപിശാചും ആറുമാസം ആൺപിശാചുമായ ഇവർ സ്്ത്രീകളുടെ തിരുവാതിരകളി പോലും നടത്തിക്കളയും.

കോലങ്ങളെ കളത്തിലേക്ക് കൊണ്ടുവരുന്നതിനെ കാപ്പൊലി എന്നാണ് പറയുക. ഇരുകൈകളിലുമായി കത്തിജ്വലിക്കുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ പടയണിക്കളത്തിലേക്ക് ആനയിക്കുകയാണ്. പഞ്ചവർണങ്ങളാൽ രചിക്കപ്പെട്ട കോലങ്ങൾ തീയുടെ വെളിച്ചത്തിൽ വശ്യമായി തിളങ്ങുന്നു. കമുകിൻ പാള ചെത്തിയെടുത്ത് പച്ച ഈർക്കിലുകളാൽ യോജിപ്പിച്ച്, കുരുത്തോലകൊണ്ട് അലങ്കരിച്ചാണ് കോലങ്ങൾ ഒരുക്കുന്നത്. ആചാരദേവതയുടെ കോലം, കരിയും ചെങ്കല്ലും മഞ്ഞളും പാളയിൽ വരച്ചുണ്ടാക്കുന്നു. അഞ്ച് വർണങ്ങളാണ് കോലങ്ങളിലുള്ളത്; പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ. കമുകിൻ പാളയിൽ നിന്നാണ് പച്ച, വെള്ള നിറങ്ങൾ ലഭിക്കുക.

ഗണപതിക്കോലം തുള്ളിയൊഴിഞ്ഞു. നേരം ഇരുളുന്ന വരെ ഇനി അക്ഷമയോടെ കാത്തിരിക്കണം. അടുത്ത ദിവസം അടവിയാണ്. പടയണിയിലെ അതിപ്രധാനമായ ചടങ്ങാണ് അടവി. നേരം പുലരുന്നതോടൊപ്പം അടവിക്കായുള്ള ആരവങ്ങളും ഉയർന്നു. അടവി മരങ്ങൾ കൊണ്ടുവരുന്നതിന്റെ ബഹളമാണ്. കോട്ടാങ്ങാൽ അടവിക്ക് വന്നാൽ അടവി പുഴുക്ക് നിർബന്ധമായും കഴിച്ചിരിക്കണം. അതൊരു കീഴ് വഴക്കമാണ്. കിഴങ്ങുകളും പയറു വർഗങ്ങളും ധാന്യങ്ങളും ചേർത്തുണ്ടാക്കുന്ന പുഴുക്കും ഒരനുഭവം തന്നെയാണ്.

ഗണപതിക്കോലത്തിന്റെ അന്നത്താതുപോലെ അടവി നാളിലും തപ്പുമേളമുണ്ട്. അന്നേദിവസം കുതിരക്കോലം, ഭൈരവി, യക്ഷി, മറുത എന്നീ കോലങ്ങളാണ് പ്രധാനമായും എത്തുക. വിനോദങ്ങളായ ചക്കരക്കുടക്കാരനും പരദേശിയും ഒപ്പം കളത്തിലെത്തി. വിനോദങ്ങൾ പലതും സാമൂഹ്യവിമർശനങ്ങളാണ്. അധികാര വർഗത്തിനെതിരെ നാട്ടുപഴമയുടെ കലയിലുടെയുള്ള പ്രതിഷേധം.

അടവിനാളിലെ പ്രധാന ചടങ്ങാണ് പാനക്കടി. മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണിത്. മലദൈവങ്ങൾക്കായി വൃതാനുഷ്ടാനത്തോടെ കരിക്കുകൾ ഉരലിൽ അടിച്ചുടയ്ക്കുന്ന ആചാരം.

അടുത്തതായി അടവി ചടങ്ങുകൾ. അടവി നാളിൽ നാടിന്റെ നാനാ ഭാഗത്തുനിന്നും മരങ്ങൾ പിഴുതുകൊണ്ട് വരും. തുടർന്ന് ചാറ്റുപാട്ടുകളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ഇവ ക്ഷേത്ര മൈതാനത്തു നാട്ടും. ഇതോടെ പ്രദേശം ഒരു വനത്തിന് സമാനമാകും. ശേഷം കരക്കാർ ഇതിൽ കയറി ചില്ലകൾ ഓരോന്നായി ഒടിച്ച് മരങ്ങൾ വീഴ്ത്തുന്നു. വനം വെട്ടിത്തെളിച്ച് ജീവിതവും സംസ്കാരവും തുടങ്ങിയ മനുഷ്യന്റെ ഓർമ പുതുക്കൽ കൂടിയാണ് അടവി.

അടവിക്ക് ശേഷം അഗ്നിക്കുചുറ്റും തുള്ളുന്ന ഉടുമ്പുതുള്ളലാണ്. തുള്ളക്കാർ പരസ്പരം പേരോ ജാതിയോ ചോദിക്കില്ല. എല്ലാവരും തുല്യർ.

അടവിക്ക് ശേഷം വലിയ പടയണിയാണ്. കാവിലമ്മയ്ക്ക് വളരെ വിശേഷപ്പെട്ട ദിനമാണിത്. ശിവഭക്തിയാൽ മരണത്തെ മറികടന്ന മാർക്കണ്ഡേയന്റെ ചരിത്രം വർണിക്കുന്ന കാലൻകോലം വഴിപാടാണ് കോട്ടാങ്ങൽ വലിയ പടയണിയിൽ പ്രധാനം. മഹാമൃത്യുഞ്ജയഹോമത്തിന് പകരം നിൽക്കുന്നതാണ് കോട്ടാങ്ങൽ കാലൻകോലം എന്നും വിശ്വാസമുണ്ട്.

മറ്റെല്ലാ പടയണികളിലും നിരവധി കാലൻകോലങ്ങൾ കളത്തിലെത്തുമെങ്കിൽ കോട്ടാങ്ങലിൽ അത് രണ്ടെണ്ണത്തിലൊതുങ്ങുന്നു. ദേവിയുടെ അഭിഷ്ടം പരിഗണിച്ചാണത്രേ ഇത്.

വലിയ പടയണി നാളിൽ കളം കാപ്പോലിക്കുക എന്നൊരു ചടങ്ങുണ്ട്. ഇത് കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാർഷികവൃത്തിയിലെ മനുഷ്യന്റെ സഹായിയായിരുന്ന കാളയുടെ കോലം കെട്ടി എഴുന്നള്ളിക്കുകയാണ് പ്രധാന ചടങ്ങ്.

വലിയ പടയണി നാളിലാണ് കോട്ടാങ്ങാൽ വേല. മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഒരുവർഷത്തെ ചിട്ടയായ പരിശീലനത്തിനുശേഷം കച്ചകെട്ടുന്ന 75 കുരുന്ന് പോരാളികൾ പയറ്റുമുറകൾ അവതരിപ്പിക്കുന്നു. പഴയ രാജഭരണ കാലത്തെ സൈനികരെ അനുസ്മരിപ്പിക്കുന്ന രംഗം.

കാഴ്ചകളാൽ സമ്പുഷ്ടമായ പടയണി, തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞ് കളമൊഴിഞ്ഞതോടെ തെല്ലൊരു നഷ്ടബോധത്തോടെയും അതിലേറെ സംതൃപ്തിയോടെയും തിരികെയുള്ള യാത്ര തുടങ്ങുകയായ്. കണ്ണിൽ ഉറക്കം ഉറഞ്ഞുതുള്ളാൻ തുടങ്ങിയിരിക്കുന്നു.

പഴയകാലത്ത് കൊയ്ത്തു കഴിഞ്ഞ പാടത്താണ് ഈ വിനോദകലാരൂപം നടത്തിവന്നിരുന്നത്. രോഗങ്ങൾ മാറാനും ഭൂത, യക്ഷി, ബാധകൾ ഒഴിയാനും മരണഭയമില്ലാതാക്കാനും സന്താനലബ്ധി, കുടുംബ ഐശ്വര്യം തുടങ്ങിയവയ്ക്കുമാണ് കോലങ്ങൾ കെട്ടിയാടുന്നത്. ജീവിതത്തിൽ അന്ധകാരം അകറ്റി, പ്രകാശത്തിന്റെ പുത്തനുണർവ് പ്രദാനം ചെയ്യുന്നതാണ് പടയണി. നിഗ്രഹ ശക്തികളെ അനുഗ്രഹ ശക്തികളാക്കുന്ന ഈ കലാരൂപം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളതാണ്. പച്ചപ്പാളയിൽ കലയുടെ കറതീർന്ന കരവിരുതുകൾ തീർക്കുന്ന കോലങ്ങൾ ശിരസിലേറ്റി, തപ്പിന്റെ താളത്തിലും വായ്പ്പാട്ടിന്റെ ഈണത്തിനുമൊപ്പം കലാകാരന്മാർ ചുവടുവച്ച് ഉറഞ്ഞുതുള്ളുമ്പോൾ അത് ഐതീഹ്യത്തിന്റെ ഓർമ്മ പുതുക്കൽ മാത്രമല്ല, ജാതിഭേദമന്യേ നാടിന്റെ ഒത്തുചേരൽ കൂടിയായിമാറുകയാണ്. പടയണി ഒരു സാഹിത്യമാണ്. സർവോപരി മാറുന്ന കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

(കടപ്പാട് : മാതൃഭൂമി.കോം)


ഗണപതിക്കോലം.


ഭൈരവിക്കോലം.എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.