ഒബിഡോസ്…
കേവലം രണ്ടായിരം ആളുകൾ അധിവസിക്കുന്ന ഒരു പ്രദേശമാണ് ഒബിഡോസ്. സീസണാകുന്ന സമയത്ത് ഒരുപാട് സഞ്ചാരികൾ അവിടേയ്ക്ക് എത്തുമ്പോൾ, തദ്ദേശീയർ ഒരു ന്യൂനപക്ഷമായ് തീരുന്നു. ഇന്റർനാഷണൽ ചോക്കലേറ്റ് ഫെസ്റ്റിവൽ, ഓപ്പറാ ഫെസ്റ്റിവൽ, ക്രിസ്മസ് എന്നിവ ഇവിടെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ നോക്കിയാൽ ഒരു വർഷത്തിലെ ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ ആഘോഷങ്ങളായിരിക്കണം. ഇപ്പോൾ ഡിസംബർ മാസം തുടങ്ങിയതെയുള്ളൂ. ക്രിസ്മസിനെ സ്വീകരിക്കാനുള്ള വമ്പിച്ച തയ്യാറെടുപ്പുകൾ ഓൾറേഡി തുടങ്ങി കഴിഞ്ഞു.
സ്ട്രീറ്റുകളിൽ കൃത്യമായ ബോര്ഡുകളോ മറ്റ് അടയാളങ്ങളോ ഒന്നുമില്ല. എങ്ങോട്ട് പോയാലും നമ്മൾ വിചാരിക്കുന്നിടത്ത് എങ്ങനെയെങ്കില്ലും ചെന്ന് ചേരും. അത്രയ്ക്ക് സങ്കീർണമായ രീതിയിലാണ് വഴികൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെയായി പിണഞ്ഞു കിടക്കുന്നത്.( Like a ‘maze’)…
ഇവിടെ കാഴ്ചകൾ കാണാൻ എത്തുന്നവർക്ക് ഒരു സെൻട്രൽ പോയിന്റ് ഓഫ് അറ്റ്റാക്ഷനുണ്ട്. അതിന് മുന്നിൽ ഞാൻ എത്തി നിന്നു.
കാസിൽ ഓഫ് ഒബിഡോസ്….
അതിനെ ചുറ്റി നടന്ന് മനോഹാരിത ഒപ്പി എടുക്കാനെ തൽക്കാലം എനിക്ക് കഴിയൂ. കാരണം, അതിപ്പോൾ ഒരു പോസോഡയാണ്. പോർച്ചുഗീസ് ഭാഷയിൽ ലക്സ്ഷോറി ഹോട്ടലുകൾക്കാണ് പോസോഡയെന്ന് പറയുക. അതിന്റെ അകം സന്ദർശിക്കണമെങ്കിൽ ആ ഹോട്ടലിൽ റൂം ബുക്ക് ചെയ്യണം പോലും… ഞാൻ നിരാശനായി അതിന് ചുറ്റും നടന്നു കണ്ടു.
അപ്പോഴാണ് ആ രൂപം എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു തൂണ്, ഹാ.. മേൽക്കൂരയില്ലാത്ത ഒരു തൂണ്….
ഇതിലായിരുന്നു കുറ്റവാളികളെ കെട്ടിയിട്ട് ജനസമക്ഷം ശിക്ഷ നടപ്പാക്കിയിരുന്നത്…..അതും നഗ്നരാക്കി.. അവിടെ ഒരു ബോർഡിൽ എല്ലാം വിശദീകരിച്ച് പറയുന്നുണ്ട്.
ഹോ.. ആരുടെയൊക്കെയോ നിലവിളികളുടെ മാറ്റൊലി ഇവിടെ മുഴങ്ങി കേൾക്കുന്നുണ്ടോ?.. എനിക്ക് തോന്നിയതാവും.
നിരപരാധികളെ തിരിച്ചറിയാത്ത വിധിയെപോലെ ക്രൂരമായി പെരുമാറിയ ഒരു രാജാവിന്റെ അട്ടഹാസങ്ങൾ ഇവിടം പ്രകമ്പനം കൊള്ളിക്കുന്നുണ്ടോ?.. അതും എനിക്ക് തോന്നിയതാവും..
വിധിയുടെ ചട്ടവാറടിയാൽ ശിക്ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു കുറ്റവാളി എന്ന നിലയിൽ, ഇവിടെ പൊലിഞ്ഞില്ലാതായ ആത്മാക്കളുടെ വേദന ആ ഒരു നിമിഷത്തിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു.
———————————————–
ഉയരത്തിൽ മതിലുകളിൽ കയറി നടക്കുന്ന സഞ്ചാരികളെ ഞാൻ ശ്രദ്ധിച്ചു. അതിലേയ്ക്ക് കയറാനുള്ള വഴി കണ്ടു പിടിച്ച്, ഞാനും അങ്ങോട്ട് ചെന്നു.
ഒബിഡോസിന് ചുറ്റും ഈ മതിലാണ്. ഒബിഡോസ് മുഴുവനായി കാണാൻ ഇതിലും നല്ലൊരു സ്പോട്ട് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ഒബിഡോസ് എന്ന പേര് വന്നത് പോലും ഇതിൽ നിന്നാണ്.. ഒബിഡോസ് എന്ന വാക്ക് ഒരു ലാറ്റിൻ വേർഡായ ഒപ്പിഡിയത്തിൽ നിന്നാണ്.. വിച്ച് മീൻസ് എ ഫോർട്ടിഫൈഡ് സിറ്റി.
———————————————–
ആ മതിലിന് മുകളിൽ നിന്ന് ഒബിഡോസിന്റെ ചെറിയൊരു കാഴ്ച്ച ഞാൻ മനസ്സിൽ ഒപ്പിയെടുത്തു.
തൊപ്പിയും തൂവെള്ള നിറത്തിലുള്ള യൂണിഫോറവും ധരിച്ച ഒരു കൂട്ടം പട്ടാളക്കാരുടെ ഒത്ത നടുവിൽ ഒരു രാക്ഷസൻ ഉയർന്ന് നിൽക്കുന്നു.
ഞാൻ ഡയറിയിൽ കുറിച്ചിട്ടു…
———————————————–
അനു?..
അതെ. എന്റെ അനുപമ തന്നെ. അവളെ ഞാൻ വിളിച്ചു…
“അനു..?”
എനിക്കുമേൽ വിജയം നേടിയ ഒരു ഭാവത്തിൽ അവൾ എന്റെ മുന്നിൽ…
ഞാൻ പരാജയപ്പെട്ടവനായി അവളോട് ചോദിച്ചു..
“അനു, നീ ഇത്രയും നാൾ എവിടായിരുന്നു? നിന്നെ തിരഞ്ഞു ഞാൻ ഒരുപാട് അലഞ്ഞു. നീ ജന്മാന്തരങ്ങൾ തേടിയ ദേവപ്രയാഗിലും യാത്രകളിൽ നീ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വെനീസിലും, പിന്നെ നീ എന്റൊപ്പം പോകാൻ ആഗ്രഹം പറഞ്ഞ ആ ലൗറൽ തടാകത്തിന്റെ കരയിലും നിന്നെ തേടി ഞാൻ നടന്നു…. കാലത്തിൽ നിന്ന് വിടുതൽ സിദ്ധിച്ച ഈ ഒബിഡോസിൽ അവസാനമായി ഇതാ ഞാൻ എത്തി നിൽക്കുന്നു.”
അവൾ സ്വതസിദ്ധമായ ആ ചിരിയോടെ പറഞ്ഞു.
“എനിക്കറിയാമായിരുന്നു, ശ്രീ എന്നെ തേടി ഇവിടെ വരുമെന്ന്. ഞാൻ കാത്തിരിക്കുകയായിരുന്നു. വരൂ. നമ്മുക്ക് പോകാം. എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ വരൂ.”
ഞാൻ ആ ഒരു നിമിഷം എന്തോ ചിന്തിച്ചു.
“ഇല്ല അനു, ഇന്നെനിക്ക് അത് പറ്റില്ല. ഒരു തന്റേടി ആണെങ്കിലും എന്നെ വിശ്വസിച്ച് വന്ന ഒരു പെണ്ണോണ്ട് കൂടെ. അവളെ ഉപേക്ഷിച്ച് വരാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.”
“ങേ…ശ്രീ, ആരുടെ കാര്യമാ ഈ പറയുന്നേ?”
“നിനക്ക് ഓർമ്മയില്ലേ, മനുവിനെ? അവളുടെ പേരിൽ നമ്മൾ വഴക്കുണ്ടാക്കിയത് നീ മറന്നോ?”
“മനുവോ? എന്താ ശ്രീ? ശ്രീയുടെ ബോധം നശിച്ചോ? അവൾ നമ്മൾ നിർമ്മിച്ചെടുത്ത ഒരു കഥാപാത്രം മാത്രമല്ലേ? മനു എന്ന് വിളിക്കുന്ന ശ്രീയുടെ മാനസ.. എന്റെ തന്നെ മറ്റൊരു രൂപമായല്ലേ അവളെ ശ്രീ സങ്കല്പിച്ചത്?… എനിൽ ഒളിച്ചിരുന്ന കാമത്തെയും ശ്രീയോടുള്ള അന്ധമായ ആരാധനയെയും മാത്രം ചേർത്ത് വച്ച് ശ്രീ തന്നെ ഉണ്ടാക്കിയ ഒരു നായിക.. ഞാൻ ശ്രീയെ അകന്ന് പോയിട്ടും, അവൾ ശ്രീയെ വിട്ടു പോകുന്നില്ലെന്നോ? എന്റെ ശ്രീ, ഇനി ഒന്നും ചിന്തിക്കരുത്.. കഥകളുടെ ലോകത്ത് നിന്ന് തിരിച്ചു വാ… ശ്രീയ്ക്ക് ഏറ്റവും പ്രിയമുള്ള പോലെ എന്റെ, ദേ ഈ മടിയിൽ തല വച്ചു ഉറങ്..എല്ലാം ശരിയാകും… എനിലേയ്ക്ക് വാ..”
അവൾ രണ്ട് കൈകളും നീട്ടി എന്റെ മുന്നിൽ നിന്നു.
ആ ഡയറിയും ഒപ്പം മനുവിനെയും ഞാൻ വലിച്ചെറിഞ്ഞു, അവളുടെ കൈകൾ പുണരാൻ ഞാൻ മുന്നോട്ടാഞ്ഞു.. അവളുടെ ആ കൈകളുടെ തണുത്ത സ്പർശനം ഞാൻ അറിഞ്ഞു.. അവൾ കൈകൾകൊണ്ട് എന്റെ തലമുടി തഴുകി…
മെല്ലെ എന്റെ കണ്ണുകൾ അടഞ്ഞു.
💐💐💐💐💐💐💐💐💐💐💐💐💐💐💐
💐💐💐💐💐💐💐💐💐💐💐💐💐💐💐
2 replies on “ഒബിഡോസ് 05”
Well Written… 👍👍
LikeLiked by 1 person
Thanku😊
LikeLiked by 1 person