പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. തികച്ചും അസംബന്ധമായ കാര്യമാണത്. ഈ പ്രണയമെന്ന് പറയുന്നത് ഒരാളുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു വികാരം തന്നെയല്ലേ? ജാതി മത വർഗ്ഗ വർണ്ണ വേർതിരുവകളുടെ ചുറ്റുപാടിൽ വളർന്ന ഒരുവന്, അതിനതീതമായി മനസ്സിൽ ഒരു വികാരം രൂപപ്പെടുത്താൻ സാധിക്കുമോ? ചിലപ്പോൾ സാധിച്ചേക്കാം എന്ന് അഭിപ്രായം ഉണ്ടെന്നോ? പ്രണയം ഒരു വിപ്ലവമാണ് എന്ന് പറയുന്നവരായിരിക്കും ഇങ്ങനെ…..
ഈ ഒരു കഷ്ണം എഴുതി പൂർത്തിയാക്കാതെ, ഒരു പന്ത് പോലെ ചുരുട്ടിയിട്ട്, അവൻ പാതിചാരിയ ഒരു ജനൽ പാളിയിലൂടെ വെറുതെ നോക്കിയിരുന്നു. ആ ഇരുട്ടിലേക്ക് അവന്റെ കാഴ്ച ആഴ്ന്ന് ഇറങ്ങി ചെന്നു. അവന്റെ പിടിയിൽ നിന്നും സ്വന്തന്ത്രനായ ഒരു പേന, ഉരുണ്ട് ചെന്ന്, മേശയുടെ വക്കിൽ ഉന്തി നിൽക്കുന്ന ഒരു ആണിയിൽ തട്ടി നിന്നിരുന്നു.
ആഴ്ചയിൽ തന്നിലേക്ക് തന്നെ ഒതുങ്ങാൻ ആകെക്കൂടി കിട്ടുന്ന അൽപ്പം സമയം ഇങ്ങനെ ചിന്തിച്ച് ഇരിക്കുന്നതിൽ അവന് വിമിഷ്ടം തോന്നി.
സുധീഷ് പുതിയ പത്രത്തിൽ ജോലിക്ക് ചേർന്നിട്ട് അധികം നാളായിട്ടില്ല. ഇതുവരെ പ്രൂഫ് റീഡിങ്ങും ചെറിയ ചെറിയ കോളങ്ങൾ നികത്തുന്ന ജോലിയും ചെയ്തിരുന്ന അവനെ അപ്രതീക്ഷിതമായാണ് ഒരു പ്രധാന ലേഖനം പത്രത്തിന്റെ മാഗസിനിൽ പബ്ലിഷ് ചെയ്യാനായി എഴുതാൻ ഏൽപ്പിക്കുന്നത്. ലവ് ജിഹാദ്. അതാണ് ടോപ്പിക്ക്. എഴുതി കൊടുത്തു കഴിഞ്ഞാൽ അത് തന്നെ പബ്ലിഷ് ചെയ്യുമോ എന്നുപോലും അവന് ഉറപ്പില്ല. കാരണം, ഇതിനെ പറ്റി തന്നെ എഴുതാൻ അവന്റെ കൂടെ പത്രത്തിൽ ജോയിൻ ചെയ്ത കവിതയോടും പറഞ്ഞിട്ടുണ്ട്. ഇതൊരു കോമ്പറ്റിഷൻ ആണെന്നുള്ള ആവേശം അവളുടെ മുഖത്ത് നിന്ന് ഇന്നലെ തന്നെ സുധീഷ് വായിച്ചിരുന്നു. പക്ഷേ സുധീഷിന് ഇത് കോമ്പറ്റിഷൻ ആയി കാണാനുള്ള താല്പര്യമില്ല. ജോലിയുടെ സ്ഥിരതയപ്പറ്റി ഉറപ്പുള്ളത് കൊണ്ടൊന്നുമല്ല. കോളേജ് പഠനം കഴിഞ്ഞ അവന് മൂന്നാല് വർഷം, നാട്ടിൽ വെറുതെ കറങ്ങി നടക്കുമ്പോൾ, ആശ്വാസമായി കിട്ടിയ ഒരു ജോലിയാണിത്. പത്രത്തിന്റെ എഡിറ്റോറിയൽ പോളിസിയോട് ചേർന്ന് കൊണ്ട് ഇങ്ങനെയൊരു കോൺട്രോവെർഷ്യൽ ടോപ്പിക്ക് അവന് എഴുതാൻ കഴിയുമോ എന്ന സംശയമാണ് അവനെ മടുപ്പിക്കുന്നത്. അതാണ് ആഴ്ചയുടെ വക്കിൽ എത്തി നിൽക്കുമ്പോൾ പോലും, ഒന്നിലും തൃപ്തിവരാതെ പേപ്പർ ബോളുകൾ കൊണ്ട് വേസ്റ്റ് ബിന് അവന് നിറക്കേണ്ടി വരുന്നത്. സ്വന്തം എഴുത്തിന്റെ കാര്യത്തിൽ അവന് അൽപ്പം പോലും സംശയമുണ്ടായിട്ടല്ല. കൂടെ ജോലിയെടുക്കുന്ന കവിതയേക്കാൾ മെച്ചമായ രീതിയിലാണ് എഴുതുന്നതെന്ന് പലരും അവനോട് അഭിപ്രായപ്പെട്ടിട്ടുമുണ്ട്. അവളുടെ പേരിൽ മാത്രമുള്ള കവിത സുധീഷിന്റെ എഴുത്തിൽ ഉണ്ടെന്ന് മാധവേട്ടൻ പറഞ്ഞപ്പോൾ… അതിൽ കൂടുതൽ കോംപ്ലിമെന്റ് ഒന്നും വേണ്ടെന്ന് അവൻ തീരുമാനിച്ചതാണ്. പക്ഷേ, ഇവിടെ അംഗീകരിക്കപ്പെടണമെങ്കിൽ അവന്റെ ആദർശങ്ങളിൽ അൽപ്പം വെള്ളം ചേർത്ത് എഴുതേണ്ടി വരുമെന്ന് അവൻ വിചാരിക്കുന്നു. അതുകൊണ്ട്, ഇന്നവനത് കഴിയില്ല. നാളെ കഴിയുമോ? ആ.. അവനത് ഇന്ന് ചിന്തിക്കാൻ പോലും ശ്രമിക്കുന്നില്ല.
അവൻ ഉടുത്തിരുന്ന കാവിമുണ്ട് മാറ്റി, പാന്റ്സും ടീഷർട്ടും ധരിച്ചു വെളിയിൽ ഇറങ്ങി. മുരുകനണ്ണാച്ചിയുടെ ചായക്കടയാണ് ലക്ഷ്യം. അവന്റെ ഞായറാഴ്ച സായാഹ്നങ്ങൾ അങ്ങനെയൊക്കെയാണ്. ചിലപ്പോൾ ഒരു നടത്തം ഉണ്ടാകും. തിരുവനന്തപുരത്തെ മ്യൂസിയത്തിലൂടെ. അവിടുത്തെ ഞായറാഴ്ചകളുടെ തിരക്കിൽ ഒറ്റയ്ക്ക് നിൽക്കാൻ അവന് വലിയ ഇഷ്ടമായിരുന്നു. ഇന്ന്, പക്ഷേ അവന് അങ്ങോട്ടേക്ക് പോകാനേ തോന്നിയില്ല. കാരണം ചോദിക്കരുതേ. അവന് പോകാൻ തോന്നിയില്ല… ഹാ… അത്രേയുള്ളൂ. ആഴ്ചയിലെ ആറ് ദിവസം ബലം പിടിച്ച് ജീവിക്കുന്ന അവനോട്, അയഞ്ഞ് കഴിയാനുള്ള ഈ ഒരു ദിവസത്തെപ്പറ്റി ചോദ്യം ചെയ്യരുതലോ.
ചായക്കട…സാധാരണയിലും നേരത്തെ ചെന്നതിനാലാവും പതിവായ് കാണാറുള്ള മുരുകണ്ണനെ കാണാതിരുന്നത്. മുരുകണ്ണന്റെ നാട് തിരുന്നൽവേലിയാണ്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഇവിടെ തിരുവനന്തപുരത്ത് എത്തി ജീവിതം കരുപിടിപ്പിച്ചതും കുടുംബത്തെയും ബന്ധുക്കളെയും എല്ലാം ഇങ്ങോട്ട് കൊണ്ട് വന്ന്, അവർക്കൊക്കെ ഒരുപാട് സഹായം ചെയ്തതും… അങ്ങനെ… അങ്ങനെ.. ഒരുപാട് കഥകൾ സുധീഷിനോട് കാണുമ്പോഴൊക്കെ മുരുകണ്ണൻ പറയാറുണ്ടായിരുന്നു. ഹാ.. സുധീഷ് നല്ലൊരു കേൾവിക്കാരനായിരുന്നു. ഹ്യൂമൻ ലൈബ്രറിയിൽ എന്ന പോലെ ഓരോ മനുഷ്യ പുസ്തകങ്ങളും വായിച്ചെടുക്കാൻ അവൻ ഒരുപാട് താല്പര്യം കാട്ടിയിരുന്നു.
അത് തന്നെയാണ് ഈ അപരിചതമായ സ്ഥലത്ത് സുധീഷിന് വളരെ താല്പര്യമുള്ളതും. അവന്റെ ഓഫീസിൽ നിന്ന് കുറച്ച് ദൂരെയുള്ള സ്ഥലത്താരുന്നു അവന് താമസിക്കാൻ ഒരു മുറി കിട്ടിയത്. അത് കൊണ്ട് തന്നെ, അവന്റെ കൂടെ ജോലി ചെയ്യുന്നവർ ഒന്നും തന്നെ ആ പരിസരത്തില്ലായിരുന്നു . അവിടെ അവൻ ആകെ കൂടി സംസാരിക്കുന്നത് അവന്റെ ഹൗസ് ഓണറിനോടും, പിന്നെ ഈ ചായക്കടയിലെ അപരിചതരോടുമാണ്.
ഹാ.. ഇന്ന് ആ ചായക്കടയിൽ അവൻ മാത്രമേ ഉള്ളൂ. നേരത്തെ വന്നത് കൊണ്ടാകും. പക്ഷേ, ചായ അടിക്കുന്ന പയ്യൻ രണ്ട് ഫ്ലാസ്ക് നിറക്കയാണ്. വല്ലാത്ത താമസം ഉണ്ടായപ്പോൾ സുധീഷ് കാര്യം തിരക്കി. ഒരാള് പറഞ്ഞിട്ട് പോയതാണെന്ന്… ഇപ്പോൾ വരാമെന്ന് പറഞ്ഞിട്ട്. ഒന്നിൽ ചായയും ഒന്നിൽ ഹോർലിക്സും. ഹോസ്പിറ്റൽ കേസ് ആണ് പോലും. ങേ.. ഹോസ്പിറ്റൽ ഒന്നും അടുത്തില്ലലോ സുധീഷ് ചിന്തിച്ചു. എടുത്താരുന്നോ എന്നൊരു സൗമ്യമായൊരു ശബ്ദം കേട്ട് സുധീഷ് തിരിഞ്ഞു നോക്കി. ഒരു ചെറുപ്പക്കാരൻ രണ്ട് ഫ്ലാസ്കും വാങ്ങിച്ച് പെട്ടെന്ന് നടന്ന് പോയി.
ആ മുഖത്തെ പരിചിതത്വം സുധീഷിനെ അത്ഭുതപ്പെടുത്തി. എവിടെയോ കണ്ട പോലെ. എന്തായാലും നാട്ടിലല്ല. അതെ… കോളേജിൽ… കോളേജിൽ തന്നെ… പക്ഷേ.. അയാൾ ഇവിടെ?…
സുധീഷിന്റെ മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ മിന്നി മറഞ്ഞു.
.. കോളേജ്.. സ്കിറ്റ്.. ചാക്യാർ… യൂണിവേഴ്സിറ്റി കലോത്സവം…
പക്ഷേ ഇവിടെ?
Another Story 02 @ https://sreekanthan.art.blog/2023/05/14/another_story_02/