തുളസിയുടെ ഗന്ധം അണിഞ്ഞ് നിന്ന ആ രാത്രിയിൽ ലല്ലുവിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ഒറ്റക്കൈ കൊണ്ട് ഒന്ന് ഉയർത്താൻ പോലുമാവാത്ത ഒരു തുഴകൊണ്ട് അവൻ ആ വള്ളം ആഞ്ഞുതുഴഞ്ഞു.
തലേ ദിവസം അറയ്ക്കവാൾ പിടിച്ചതിന്റെ വേദന ആ ഗാണ്ടകി നദിയുടെ തണുപ്പിന്റെ മരവിപ്പില് അവൻ തിരിച്ചറിഞ്ഞില്ല. അവന്റെ കാലുകൾ ആ തണുപ്പ് അറിയുന്നതിന് മുൻപ് തന്നെ ഒരു വിറവൽ കൊണ്ടിരുന്നു.
കൂടെയുള്ളവരുടെ അടക്കി പിടിച്ചുള്ള സംസാരം പോലും ചെവികളിൽ തുളച്ചു കയറുന്നതായി അവന് തോന്നി.
ലല്ലുവിന്റെ സ്കൂളിൽ ഒപ്പം പഠിക്കുന്ന, ഉറ്റ ചങ്ങാതികൂടിയായ അക്രം, വള്ളത്തിലേക്ക് കിനിഞ്ഞു കയറുന്ന വെള്ളം കോരിക്കളയുകയായിരുന്നു. ലല്ലുവിന്റെ പേടി കണ്ടിട്ടെന്നോണം അക്രം അവനോട് പറഞ്ഞു.
“ലല്ലു, ഇനി ഒന്നും പേടിക്കാനില്ലടാ. നമ്മൾ ദോ അക്കരെ എത്തി കഴിഞ്ഞാ, പിന്നെ രക്ഷപ്പെട്ടു.”
ഈ കാര്യങ്ങളിലൊക്കെ വല്യ പരിചയസമ്പത്ത് അക്രം ഭാവിക്കാറുണ്ട്. ലല്ലുവിനെ സമാധാനിപ്പിക്കാൻ പക്ഷെ, അക്രത്തിന്റെ ആ വാക്കുകൾക്കായില്ല.
അവഗണനയുടെ ഇരുട്ടിലിരുന്ന് ലല്ലു ചിന്തിച്ചു. ഒരിക്കലും ചെയ്യാൻ പാടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്ന കുറേ തെറ്റുകളാണ് ഇപ്പോൾ അവൻ ചെയ്യുന്നത്. അല്ല.. വിധി അവനെ കൊണ്ട് ചെയ്യിപ്പിക്കുന്നത്.
ലല്ലുവിന്റെ ബാബാ ഉണ്ടായിരുന്നേങ്കിൽ… അവനത് ഉറപ്പാണ്.
ബാബാ അവനോട് പറയുമായിരുന്നു.
“ബേട്ടാ, നീ നന്നായ് പഠിക്കണം. പഠിച്ചാലെ ഈ കാലത്ത് രക്ഷപ്പെടൂ. നിന്റെ ദാദാ, എന്നോട് പറഞ്ഞത് ഞാൻ കേട്ടില്ല. അതാ ഞാൻ അനുഭവിച്ചതൊക്കെ. ഇപ്പോൾ അങ്ങനെയല്ല, നിനക്ക് പഠിക്കാനുള്ള സാഹചര്യമുണ്ട്. ”
ലല്ലുവിന്റെ ദാദാ, അതായത് ബാബായുടെ ബാബാ, വെള്ളക്കാരനായ റിച്ചാർഡ് ബ്ലൈയർ എന്നൊരു ഓഫീസറുടെ സഹായിയായിരുന്നു.
ദാദാ പറയുമായിരുന്നെന്ന്…
“അവരൊക്കെ മനുഷ്യന്മാരെ, മനുഷ്യന്മാരായി തന്നെ കാണുന്നവരായിരുന്നു. ഇപ്പോൾ എന്താ സംഭവിച്ചേ!. ജാതിവെറിയന്മാരുടെ കയ്യിലേക്ക് ഈ പാവങ്ങളെയെല്ലാം എറിഞ്ഞു കൊടുത്തിട്ടല്ലേ അവർ പോയത്.”
വെള്ളക്കാർ എല്ലാം ഉപേക്ഷിച്ചു പോയപ്പോൾ തകർന്ന ജീവിതമാണ് ദാദായുടെ. ദാദായ്ക്ക് ലല്ലുവിന്റെ ബാബയെ നന്നായി വളർത്താനും പഠിപ്പിക്കാനും പറ്റിയില്ല. ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം ലല്ലുവിന്റെ ബാബ ബതിയായിലെ സ്റ്റീൽ അതോറിറ്റിയുടെ യൂണിറ്റിൽ ഒരു ജീവനക്കാരനായി ചേരുകയാണ് ഉണ്ടായത്. അങ്ങനെയാണ് അവരുടെ കുടുംബം ഒരു പച്ചപ്പ് കണ്ട് തുടങ്ങിയത്.
പക്ഷെ, ആ ജോലി താൽക്കാലികമായിരുന്നെന്ന കാര്യം ബാബയുടെ അസ്വാഭാവികമായ മരണം വരെ അവർ അറിഞ്ഞിരുന്നില്ല.
അന്ന് ലല്ലുവിന് നഷ്ടപ്പെട്ട ആ സുരക്ഷിതത്വം ഇന്ന് ഈ വള്ളത്തിൽ, കൂട്ടുകാരുടെ ഒത്ത നടുവിൽ ഇരിക്കുമ്പോൾ പോലും അവന് അനുഭവപ്പെടുന്നില്ല.
നക്ഷത്രങ്ങൾ വിരിയാത്ത ആ രാത്രിയിൽ ആ കറുത്ത നദിയുടെ നടുവിലിരുന്ന് ഒരു നുള്ള് പ്രകാശത്തിനായി അവൻ പരതി.
അകലെയായി, അതാ മറ്റൊരു വള്ളം. ആ വള്ളത്തിൽ മൂടൽ മഞ്ഞിൽ പൊതിഞ്ഞ ആൾ രൂപം; ഒരു റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ….ഗാണ്ടകി ഒഴുകുന്ന ദിശയിലത് അകന്ന് പോവുകയാണ്. ഏതോ ഒരു ചിത്രകാരൻ വരച്ച് ഉപേക്ഷിച്ച ഒരു ചിത്രം പോലെ അത് ഒഴുകുകയാണ്. അൽപ്പം താഴെയായി ഗാണ്ടകിയുടെ ധാരാളം കുസൃതികൾ ഒളിച്ചിരിപ്പുണ്ടെന്നുള്ള അറിവ് അവനെ ആ കാഴ്ച്ച ആശങ്കപ്പെടുത്തി.
“ടാ, അങ്ങോട്ട് നോക്കിക്കേ!”
അക്രത്തിനെ ആ കാഴ്ച്ച അവൻ ചൂണ്ടി കാണിച്ചു.
അക്രത്തിന്റെ കണ്ണിൽ ആ കാഴ്ച്ച പതിഞ്ഞില്ല. ലല്ലുവിന്റെ കണ്ണിന് മാത്രമേ അതൊക്കെ കാണാൻ പറ്റൂ എന്നൊക്കെ പറഞ്ഞു അക്രം ലല്ലുവിന്റെ പൂച്ച കണ്ണിനെ കളിയാക്കി.
അവന് കണ്ണുകൾ അങ്ങനെയായതിൽ ഒരു വിഷമവുമില്ല. കാരണം, മാ യുടെ കണ്ണുകളാണ് ലല്ലുവിന് കിട്ടിയത്. മാ യുടെ സുന്ദരമായ, തിളക്കമുള്ള കണ്ണുകൾ… പക്ഷെ, ബാബായുടെ മരണശേഷം ആ കണ്ണുകളിലെ തിളക്കം ഏതാണ്ട് നഷ്ടപ്പെട്ടിരുന്നെന്ന് ലല്ലുവിന് തോന്നിയിരുന്നു.
ബാബയുടെ മരണശേഷം മോത്തിഹരി കോളേജിന്റെ ഹോസ്റ്റലിൽ പണിയെടുത്തായിരുന്നു മാ അവന്റെ പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പക്ഷെ വിധിയുടെ ക്രൂരത അവന്റെ മുന്നിൽ പിന്നെയും ദംഷ്ട്ര നീട്ടി. മാ കിടപ്പിലായി…..
തിളക്കം നഷ്ടപ്പെട്ട ആ കണ്ണുകൾ മാത്രമേ ഇപ്പോൾ ചലിക്കാറുള്ളൂ.
ഹാ…. മാ ഉണരുന്നതിന് മുൻപ് അവന് വീട്ടിൽ എത്തണം. മാ ഒറ്റയ്ക്കാണ്. മായുടെ കാര്യങ്ങൾ നോക്കാൻ ലല്ലു അല്ലാതെ മറ്റാരുമില്ല. അതാണ് ജോലിക്കായ് കേരളത്തിൽ പോവാൻ കൂടെ വരുന്നൊന്ന് അക്രം ചോദിച്ചപ്പോൾ അവൻ ഇല്ലെന്ന് പറഞ്ഞത്. അവൻ പോയാൽ, മാ യെ വേറെ ആര് നോക്കും?
ശരിയാണ്.. കേരളത്തിൽ ചെന്നാൽ ഒരുപക്ഷേ ജീവിതത്തിൽ കരപറ്റാം. ഗ്രാമത്തിലെ മൊട്ടുന്റെ ഭയ്യാ, ചിണ്ടുവിന്റെ പത്രാസ് അവൻ നേരിട്ടു കണ്ടതാണ്.
ചിണ്ടു കേരളത്തിൽ പോയിട്ട് ഒരു വർഷം പോലും ആയില്ലായിരുന്നു. പക്ഷെ അവന്റെ ആദ്യത്തെ വരവിന് അവൻ ആ ഗ്രാമത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയിരുന്നു. ആ തിളങ്ങുന്ന വസ്ത്രങ്ങളും വള്ളിയില്ലാതെ പല നിറത്തിൽ ലൈറ്റ് കത്തുന്ന ഒരു പാട്ടുപ്പെട്ടിയും…ഹോ.. കാണേണ്ട ഒരു കാഴ്ച്ച തന്നെയായിരുന്നത്. അന്നൊരു ഒറ്റചെവിയൻ ഹെഡ്സെറ്റ് അക്രത്തിന് ചിണ്ടു കൊടുത്തിരുന്നു. അന്ന് തൊട്ടാണ് കേരളത്തിൽ പോകണമെന്ന ആഗ്രഹം അക്രത്തിന്റെ തലേൽ കേറീത്.
അക്കര അടുക്കും തോറും ലല്ലു കൂടുതൽ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങി. അവന്റെ ചിന്തകൾ ഇനി ചെയ്യേണ്ട കാര്യങ്ങളിലേയ്ക്ക് പോയി.
ഉടനെ അക്കരെ എത്തും. അവിടെ അൽപ്പം ദൂരെ മാറി, ഒരു വണ്ടി അവരെ കാത്തു നിൽപ്പുണ്ടാവും. ആ വണ്ടിയിൽ ഈ ജാറുകളെല്ലാം കയറ്റണം. എന്നിട്ട് ഭിതിഹർവാ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഒരു പമ്പിൽ എത്തിക്കണം. അതിന് കിട്ടുന്ന അവന്റെ പങ്കും വാങ്ങി, വീട്ടിൽ മായുടെ അടുത്തേയ്ക്ക് ഓടി ചെല്ലണം.
അവൻ അത് ചിന്തിച്ചു തീർന്നപ്പോഴേയ്ക്കും വള്ളത്തിന്റെ അടിഭാഗം കരയിൽ മുട്ടിയിരുന്നു. അവർ എല്ലാവരും വള്ളത്തിൽ നിന്ന് ചാടി ഇറങ്ങി. ഒപ്പം ചരക്കും ഇറക്കി. അവർ വാഹനം ഉണ്ടാകുമെന്നു പറഞ്ഞ സ്ഥലത്തേയ്ക്ക്, ജാറുകൾ തലയിൽ വച്ച് പതിയെ വരിവരിയായി നടന്നു.
അക്രമാണെന്ന വിശ്വാസത്തിൽ ഒരുത്തന്റെ കാലുകൾ നോക്കി ലല്ലുവും നടന്നു. തമ്മിൽ പരസ്പരം തിരിച്ചറിയാനുള്ള കാഴ്ച്ച പോലും ദയയിലാത്ത ആ രാത്രി അവർക്ക് സമ്മാനിച്ചിരുന്നില്ല. നദിയുടെ കരച്ചിൽ അകലുന്നതിനൊപ്പം കരിയിലയുടെ കിരുകിര ശബ്ദം ഉയർന്ന് വന്നു. പെട്രോളിന്റെ രൂക്ഷ ഗന്ധം തുളസിയുടേതിനെ ഇല്ലാതാക്കിയിരുന്നു.
ചീവിടുകൾ പോലും കരയാൻ മറന്ന ആ ഇരുട്ടിൽ ചെറിയൊരു അനക്കം പോലും ലല്ലു തിരിച്ചറിയുന്നുണ്ടായിരുന്നു.
പെട്ടെന്ന്…
എവിടെ നിന്നോ ഒരു ഫിസിലിന്റെ ശബ്ദം….. ഹോ…
ലല്ലുവിന് ഒന്ന് ചിന്തിക്കാൻ പോലുമുള്ള സമയം കിട്ടിയില്ല. ബൂട്ടുകളുടെ ശബ്ദം ആ ഇരുട്ടിൽ നിറഞ്ഞു.. നിര തെറ്റിച്ച് എല്ലാവരും കൂടുതൽ അടുത്തു…. ലല്ലുവിനും കൂട്ടുകാർക്കും ചുറ്റും ടോർച്ചുകൾ ഓരോന്നായി തെളിഞ്ഞു വന്നു.
ഒരു പ്രകാശം ലല്ലുവിന്റെ മുഖത്തേയ്ക്കും വന്നു വീണു.
അതിൽ ലല്ലുവിന്റെ കണ്ണുകൾ കൂടുതൽ തിളങ്ങി നിന്നു.
–———–#######———-