വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഗോദോയും ഞാനും

നാടകങ്ങളോട് എനിക്ക് താൽപ്പര്യം ഉണ്ടായത് എങ്ങനെയാണെന്ന് ഞാൻ ആലോചിച്ചു.🤔

അത് കാണാനുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് പറയാനാവില്ല. പഠിക്കുന്ന സമയത്ത്, സ്കൂളിലും കോളേജിലുമൊക്കെയായി ഞാൻ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങനെയും ആ ഇഷ്ടം വളർന്നിട്ടുണ്ടാകണം.

ആ ഓർമ്മകളൊക്കെ ഒന്ന് പങ്കിടട്ടെ.

(കുറ്റസമ്മതം: ഇതിലെ ഒന്നാം ഭാഗം എന്റെ ചില ഓർമ്മകളാണ്. രണ്ടാം ഭാഗം അൽപ്പം സാഹിത്യവും).

ആ ഓർമ്മകൾ…

ഞാനൊരു നാടകത്തിനായി ആദ്യം സ്റ്റേജിൽ കയറിയത്, നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഒരു പള്ളിലച്ഛന്റെ വേഷമായിരുന്നുയെന്ന ഓർമ്മ മാത്രമേ അതിനെപ്പറ്റി ഇന്നെനിക്കുള്ളൂ. പിന്നെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, ‘ജി’യുടെ ‘ചന്ദനക്കട്ടിൽ’ എന്ന കവിതയുടെ നാടകാവിഷ്കരണത്തിൽ ആ വില്ലൻ തമ്പുരാനായി ഞാൻ വേഷമിട്ടു. (ആ വർഷം, കോട്ടയം ജില്ലയിൽ യു.പി. വിഭാഗത്തിലെ മികച്ച നടനായും ഞാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടേ. 😎) ആ കലോത്സവ വേദികൾ കൂടാതെ, ഞങ്ങടെ ചെറുവള്ളി അമ്പലത്തിലെ ഉത്സവത്തിന് ആ നാടകം കളിയ്ക്കുകയും ചെയ്തിരുന്നു.

മറ്റൊരു അനുഭവം ഉണ്ടായത് ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്ന് തട്ടേൽ കയറിയ നാടകത്തിൽ ഒരു സ്ത്രീയായിരുന്നു ഞാൻ വേഷമിട്ടത്.

“അലകടലായൊരു സ്നേഹമിതാ, ആർദ്രതയായൊരു സ്നേഹമിതാ, കരുണതൻ നിറകുടമായൊരമ്മാ, ദുഃഖത്തിൽ സാന്ത്വനമായൊരമ്മാ..”

(ഈ ബാക്ഗ്രൗണ്ട് മ്യൂസിക്കിൽ, നൈറ്റീം ഇട്ടോണ്ട് സ്റ്റേജിൽ അങ്ങോട്ടും ഇങ്ങോട്ടും കരഞ്ഞോണ്ട് നടക്കുന്ന ഒരു സ്ത്രീ കഥാപാത്രം.)

അന്ന് ആ ബോയ്സ് സ്കൂളിൽ ആരേലും ആ പാത്രം ഏറ്റെടുക്കണമല്ലോ? അത് ഞാൻ…., ഈ ഞാൻ തന്നെയാണത് ഏറ്റെടുത്തത്. (ആ വേഷത്തിലുള്ള എന്റെ ഒരു ഫോട്ടോ അമ്മ എവിടെയോ എന്നെ കാണിക്കാതെ പാത്ത് വച്ചിട്ടുണ്ട്. എന്റെ കൈയിൽ കിട്ടുന്ന ദിവസം, ഞാൻ അത് നശിപ്പിച്ചു കളയും എന്നമ്മയ്ക്ക് അറിയാം.)

പിന്നെ കോളേജിൽ പഠിക്കുന്ന സമയം..ഫോർത് ഇയറിൽ. ഒരു സ്കിറ്റ്മായാണ് യൂണിവേഴ്സിറ്റി കോളേജിൽ, ഞങ്ങൾ അന്ന് കലോത്സവത്തിന് എത്തിയത്. പക്ഷെ, അന്ന് അവസാനവട്ട പ്രാക്‌റ്റിസ് നടത്തുമ്പോൾ എന്റെ ശബ്ദം അടഞ്ഞ് പോയതിനാൽ, ആ അവസാന നിമിഷത്തിൽ, ഞാൻ അതിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്.

ആ പിന്നെ… സ്കൂളിൽ പഠിച്ച ‘അളിയൻ വന്നത് നന്നായി’. വായനശാലയിൽ നിന്ന് തപ്പി എടുത്ത ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’…. അങ്ങനെ വായിച്ചു പരിചയിച്ച കുറെ നാടകങ്ങളും ഉണ്ടേ.

പിന്നെ എൻ.എൻ. പിള്ളയുടെ നാടകദർപ്പണവും കൃഷ്ണപിള്ളയുടെ പ്രശ്നനാടകങ്ങളെപ്പറ്റിയും വായിച്ചിട്ടുണ്ട്. അത് വഴി ഇബ്‌സനെ പറ്റിയും അൽപ്പം വായിച്ചിട്ടുണ്ട്.

പക്ഷെ, നാടകസാഹിത്യത്തിന്റെ ശക്തി അറിയുന്നത്, സി.എനിന്റെ രാമായണത്രയങ്ങളിൽ നിന്നാണ്.

സി.ജെ യുടെ നാടകങ്ങൾ പഠിക്കുമ്പോഴാണ് പാശ്ചാത്യ നാടക സങ്കേതങ്ങളെകുറിച്ച് കൂടുതൽ വായിക്കുന്നത്.

ആ വഴിയാണ് സാർത്രിന്റെയും കാമുവിന്റെയും ആധുനികതയിൽ ഞാൻ എത്തിപ്പെടുന്നത്.

സ്റ്റോപ്പ്…

അങ്ങനെ വായിച്ചു വായിച്ചു നടക്കുമ്പോഴാണ് ‘വെയ്റ്റിംഗ് ഫോർ ഗോദോ’ എന്ന സാമുവേൽ ബക്കറ്റിന്റെ നാടകത്തെപ്പറ്റി കേൾക്കുന്നത്. അതിനെപ്പറ്റി വായിച്ചപ്പോൾ വളരെ കൗതുകം തോന്നി. എന്നെ അറിയാവുന്നവർക്ക് അറിയാം, ഞാൻ ലേശം കൗതുകം കൂടുതലുള്ള ഒരാളാണെന്ന്..😆. ഹാ..പിന്നെ, ഒരു കൗതുകം തോന്നിയാൽ, അത് പെട്ടെന്ന് വിടുന്ന കൂട്ടത്തിലുമല്ല.😜.

യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ സാധനം അവിടെ കിടപ്പുണ്ട്. മുഴുവനായി ഇല്ലായിരുന്നു. കുറച്ചു കഷ്ണങ്ങളൊക്കെ പെറുക്കി എടുത്ത് കണ്ടു. കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് വട്ടായതാണോ, അതോ ഇവർക്ക് വട്ടാണോ എന്ന് പോലും തോന്നിപ്പോയി. സത്യത്തിൽ, അസംബന്ധനാടകത്തിന്റെ പ്രത്യേകതകൾ ഞാൻ നേരിട്ട് മനസ്സിലാക്കുകയായിരുന്നു.

‘വെയ്റ്റിംഗ് ഫോർ ഗോദോ’ ( Waiting for Godot ) എന്ന സാമുവൽ ബക്കറ്റിന്റെ നാടകത്തെപ്പറ്റി പറയാനാണ്, ഞാൻ ഇത്രയും വളഞ്ഞ വഴിലൂടെ വന്നത്. 🙄

സാഹിത്യം പറഞ്ഞു തുടങ്ങുവാണെ…

1…2……….3.. സ്റ്റാർട്ട്.

20ആം നൂറ്റാണ്ടിലെ ഏറ്റവും നല്ല ഇംഗ്ലീഷ് ഭാഷ നാടകമായി ഇത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന്. (ഫ്രഞ്ച് ഭാഷയിലാണ് ഇതിന്റെ മൂലകൃതി.)

പ്ലോട്ട്: ആരെന്നറിയാത്ത ഗോദോ എന്നയാൾക്ക് വേണ്ടി, രണ്ട് കഥാപാത്രങ്ങളുടെ ഫലശൂന്യമായ ഒരു കാത്തിരിപ്പാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

ആദ്യമായി ഈ നാടകം സ്റ്റേജിൽ അവതരിക്കപ്പെട്ടപ്പോൾ അഭ്യസ്തവിദ്യരായ ആളുകൾ തന്നെ ഇതിനെ തിരസ്കരിക്കുകയാണുണ്ടായത് പോലും. (ഹാ.. അങ്ങനെ പറാ.. വെറുതെ അല്ലാ.. അഭ്യസ്തവിദ്യനായ എനിക്ക് പോലും മനസിലാകാഞ്ഞത്😝).

അന്ന് വരെയുള്ള നാടകങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു അവതരണമാണിതിൽ. അന്ന് വരെയുള്ള നാടകങ്ങളിൽ പ്രേക്ഷകന് കഥാപാത്രത്തിന്റെ ഒരുപടി മുകളിലാണ് സ്ഥാനം. അതായത് ഒരു തമാശനാടകത്തിൽ, പ്രേക്ഷകന് തന്നെക്കാൾ നിലവാരം കുറഞ്ഞ കഥാപാത്രത്തെ മുകളിൽ നിന്ന് നോക്കി കാണുന്നതിന്റെ ഫലമായാണ് അവൻ കാണിക്കുന്ന അബദ്ധങ്ങൾ കണ്ട് ചിരിക്കുവാൻ സാധിക്കുന്നത്. ഒരു ട്രാജഡിയിലാവട്ടെ, പ്രേക്ഷകന് കഥാപാത്രത്തെക്കാൾ ഉയർന്ന അറിവ് ഉണ്ടായിരിക്കണം. അവിടെയാണ് ഇഡിപ്പസ് പോലും മനസ്സിലാകാത്ത കാരണം മനസ്സിലാക്കി, പ്രേക്ഷകൻ ആ നാടകത്തെ ഒരു ദുരന്ത പരിവേഷ്യം ചാർത്തിക്കുന്നത്.

എന്നാൽ, ഈ നാടകത്തിൽ സംഭവിക്കുന്നത് എന്താണെന്ന് ആരും മനസ്സിലാക്കുന്നില്ല. ഇത് അതുവരെ കണ്ടു പരിചയിച്ച ഒരു അനുഭവത്തിൽ നിന്നു വളരെ വ്യത്യസ്തമായ ഒന്നായിരുന്നു. അതാണ് അഭ്യസ്തവിദ്യരായ പ്രേക്ഷകർ പോലും ഈ നാടകത്തോട് പുറംതിരിഞ്ഞു നിന്നത്.

ഈ നാടകത്തിൽ ഒരു പ്രവൃത്തി മാത്രമേ നടക്കുന്നുള്ളൂ. കാത്തിരിപ്പ്…

രണ്ട് ആക്റ്റായാണ് ഈ നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ആക്ട് 1

വ്ലാദിമിർ , എസ്ത്രഗോണ് എന്നിവരാണ് രംഗത്ത് പ്രത്യക്ഷപ്പെടുത്തുന്നത്. ഒരു pretense ഇല്ലാതെയാണ് കഥാപാത്രങ്ങളെ ബക്കറ്റ് അവതരിപ്പിക്കുന്നത്. അവർക്ക് ഇന്നലെ നടന്ന കാര്യങ്ങളെ കുറിച്ച് പോലും ഓർമ്മയില്ല. ഇന്നലെ ഗോദോ വന്നിരുന്നോയെന്നും അവർക്കറിയില്ല. അവരുടെ ഇടയിലേക്ക് അപ്പോൾ ഒരു മാസ്റ്ററും(പോസോ) ലക്കിയെന്ന അടിമയും കടന്നു വരുന്നു. സംസാരിക്കുന്നു. ആ മാസ്റ്റർ എന്തൊക്കെയോ സംസാരിക്കുന്നു. ഇതൊക്കെ എന്തിനാ ഉവ്വേ, ഇവിടെ പറയുന്നേ എന്ന് നമ്മൾ ചിന്തിച്ചു പോകും.

വ്ലാദിമിറും , എസ്ത്രഗോണും പിന്നെയും ആ കാത്തിരിപ്പ് തുടരുന്നു. അവസാനം ഒരു കുട്ടി വന്ന് ഗോദോ ഇന്ന് വരില്ലെന്ന് പറയുന്നു, നാളെ ഉറപ്പായും ഗോദോ വരുമെന്നും.

അവർ ഇരുവരും പിരിയുന്നു. ആ രംഗം അവിടെ അവസാനിക്കുന്നു.

ആക്റ്റ് 2

വ്ലാദിമിറും , എസ്ത്രഗോണും വീണ്ടും അതേ സ്ഥലത്ത് വച്ച് തന്നെ കണ്ടുമുട്ടുന്നു. പക്ഷെ, ഇന്നലെ കണ്ടുമുട്ടിയവർ അവരെ തിരിച്ചറിയുന്നില്ല. അന്നാണ് ലക്കി അവരുടെ മുന്നിൽ ആദ്യമായി സംസാരിക്കുന്നത്. ‘ലത് ഏത് ബാഷ?’ എന്ന് തോന്നിപ്പോകും.

അവിടെയും ആ കാത്തിരിപ്പിന് അവസാനം കുട്ടി വന്നു പറയുന്നു ഗോദോ ഇന്ന് വരില്ലെന്ന്. നാളെ ഉറപ്പായും വരുമെന്നും.

ആ കാത്തിരിപ്പ് തുടരുകയാണ്… പക്ഷെ നാടകം തീരുകയാണ്.

ഏതോ ഒരു വിമർശകൻ പറഞ്ഞ ഒരു കാര്യമുണ്ട്.

“സാമുവേൽ ബക്കറ്റ് ഒരു നാടകം എഴുതിയിരിക്കുന്നു. അതിൽ ഒന്നും സംഭവിക്കുന്നില്ല. ഒന്നല്ല, രണ്ട് തവണ ഒന്നും സംഭവിക്കുന്നില്ല.” 🤣

അവസാനം അമേരിക്കയിലെ ഒരു ജയില് കോംപ്ലക്സിൽ തടവുകാരുടെ മുന്നിൽ പ്രദർശിച്ചപ്പോഴാണ് ഇത്‌ പൂർണമായും അവർ കണ്ടിരിക്കുന്നത്. കാരണം കാത്തിരിപ്പിന്റെ യഥാർഥ അർത്ഥമറിയാവുന്നത് അവർക്കായതിനാൽ ആവും.

———————————————

“I can’t go on like this..”

“That’s what you think.”

———————————————

ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ഓരോ കൃതിയ്ക്കും അതെഴുതപ്പെട്ട കാലവുമായി തട്ടിച്ചു വേണം നിർവചനം കൊടുക്കാനെന്ന്?. ആ… എന്തായാലും ഞാൻ പറഞ്ഞേക്കാം…

ഈ നാടകം ഒരു കാലഘട്ടത്തിന്റെ ഉൽപ്പന്നമാണെന്ന് നിസ്സംശയം പറയാം. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ അധിനിവേശത്തെ തുടർന്ന് ഫ്രാൻസിൽ ഉയർന്ന് വന്ന ചിന്തകളാണ് സാർത്രിനേയും കാമുവിനെയും ബക്കറ്റിനെയും പോലെയുള്ള എഴുത്തുകാർക്ക് വളമായതെന്ന് പറയപ്പെടുന്നു. ആ കാലത്ത് ഫ്രഞ്ച് റെസിസ്റ്റൻസ് മൂവ്മെന്റിൽ ചേർന്ന ബക്കറ്റ് അസംബന്ധ( absurdism) ത്തിന്റെ ഒരു വക്താവ് ആയതിൽ അത്ഭുതപ്പെടാനില്ല. ഫ്രഞ്ച് റെസിസ്റ്റാൻസ് മൂവ് മെന്റിന്റെ ഭാഗമായി ഒളിവിൽ കഴിഞ്ഞ ഇവർക്ക് ശുഭസൂചകമായ വാർത്തകൾ കാത്തിരിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക തലത്തിൽ നിന്ന് ഈ ചിന്ത ഉരുത്തിരിഞ്ഞു വന്നതാകാനെ വഴിയുള്ളൂ.

ജീവിതത്തിന്റെ അർത്ഥം തേടി നടക്കുന്ന ആളുകളാണ് നമ്മൾ. ഇവിടെ അസംബന്ധമുള്ളത്, ഈ പറയുന്ന ജീവിതം തന്നെ അർത്ഥരഹിതം ആണെന്നുള്ളതാണ്. ആൽബർട്ട് കാമുസിന്റെ ‘മിത്ത് ഓഫ് സിഫ്യലിസിലും’ ഈ അസംബന്ധം സിദ്ധാന്തം ദർശിക്കാൻ സാധിക്കും. (ഗ്രീക്ക് പുരാണത്തിലെ നാരായണത്ത് ഭ്രാന്തനാണെ ഈ സിഫിലിസ്.)

അസ്തിത്വവാദവുമായി ബന്ധപ്പെട്ട് ഈ നാടകം കാണുന്നവർ ഉണ്ട്. പക്ഷെ സാർത്രിന്റെ അഭിപ്രായത്തിൽ പറഞ്ഞാൽ, existentialism proceeds essence (അസ്ഥിവാദം ഒരു സത്ത ഉൾക്കൊള്ളുന്നതാണ്) എന്നാണ്. അങ്ങനെ നോക്കുമ്പോൾ ഇവിടെ ഒരു സത്ത തന്നെ നിരാകരിക്കപ്പെടുന്നു എന്നുള്ളതാണ് വസ്തുത.

———————————————

“I can’t go on like this..”

“That’s what you think.”


———————————————

ആരാണ് ഗോദോ?

ഗോദോ നമ്മൾ കാത്തിരിക്കുകയും ഒരിക്കലും വരാത്തതുമായ ദൈവാനുഗ്രഹത്തിന്റെ പ്രതീകമാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ, അത് ബക്കറ്റ് തന്നെ നിരാകരിച്ച ഒരു കാര്യമാണ്.

———————————————

ലക്കിയുടെ സ്പീച്ച്…

ലക്കി പറഞ്ഞ ഡയലോഗ് ഇന്റർപ്രേട് ചെയ്ത് ഞാൻ ഇവിടെ ഒരു അസംബന്ധം കാട്ടുന്നില്ല.

———————————————

ജീവിതം തന്നെ വലിയൊരു അസംബന്ധം അല്ലേ? നിങ്ങൾ ആർക്കെങ്കിലും വേണ്ടി കാത്തിരിക്കുകയാണെന്നോ?

ആരും വരാൻ പോകുന്നില്ല. കണ്ടവരെയൊക്കെ തന്നെയാണ് പിന്നെയും കാണാൻ പോകുന്നത്. ഒന്നിനെ ഒഴിവാക്കി നമ്മുക്ക് നടന്ന് ചെല്ലാൻ മറ്റൊന്നുണ്ട് എന്നത് വലിയൊരു മിഥ്യാധാരണയാണ്.

ഒരു പക്ഷെ, ആ മിഥ്യയിൽ കുറച്ച് കാലം ജീവിതം പ്രതീക്ഷയോടെ കൊണ്ടുപോകാൻ സാധിച്ചേക്കും.

പക്ഷെ, അവസാനം ഈ നമ്മളും പറയും.

“ഒരു ജ്യോതീം വന്നില്ല, ഒരു തീയും വന്നില്ല..” 😂

———————————————

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

2 replies on “ഗോദോയും ഞാനും”

ജീവിതത്തിന്റെ അർത്ഥശൂന്യതയെ അർത്ഥവത്തായി പറഞ്ഞു തന്ന നാടകമാണ് ബെക്കറ്റിന്റെ വെയിറ്റിംഗ് ഫോർ ഗോദോ …… ഒരു വിഭാഗം അസ്ഥിത്വവാദികൾ ആത്മഹത്യ വഴി ജീവിതത്തിന്റെ അർത്ഥമില്ലായ്മ കാട്ടാൻ ശ്രമിച്ചപ്പോൾ ബക്കറ്റ് അടക്കമുളളവർ ജീവിച്ച് (ഗോദോയേയും കാത്ത് കാത്തിരുന്ന് ) ആ സത്യത്തെ ആധുനിക മനുഷ്യന് കാട്ടിത്തന്നു. 👌നല്ലെഴുത്ത് സുഹൃത്തേ …..

Liked by 1 person

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.