ഇന്ന് ഓഗസ്റ്റ് 22 2020.
2020 എന്ന് കേൾക്കുമ്പോഴേ എല്ലാർക്കും ഇപ്പോ ഒരു പേടിയാണ്. പക്ഷെങ്കില്, നമ്മുക്കത് ജീവിച്ചു തീർക്കാതിരിക്കാനാവില്ലല്ലോ.
അങ്ങനെ പകുതി മുക്കാലും കഴിഞ്ഞു…2020ന്റെ കാര്യമാണെ.. എങ്ങനെയൊക്കെയോ പകുതി മുക്കാലും കഴിഞ്ഞെന്നാണ് പറയേണ്ടത്.
ഓഗസ്റ്റ് 23ന്, അതായത് നാളെയാണ് എന്റെ ചേട്ടന്റെ പുതിയ വീട്ടിൽ പാല് കാച്ചൽ ചടങ്ങു. തൊടുപുഴയിൽ. അത് നേരത്തെ തീരുമാനിച്ചതാണ്. (ഡേയ്.. house warming.. അത് തന്നെ..)
ആ തീയതി നേരത്തെ മനസ്സിലങ് ഓർത്തു വെച്ചതാണ്. ഈ കൊറോണ കാലം വീട്ടിൽ ഇരിക്കുമ്പോൾ, ഇടയ്ക്ക് ഇതുപോലെ ഏതെങ്കിലും ഒരു തീയതി മനസ്സിൽ കരുതി ജീവിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. അല്ലേൽ അടയാളങ്ങൾ ഇല്ലാത്ത ലാപ്പുകൾ ഓടിയോടി, അവസാനം ഫിനിഷിങ് പോയിന്റ് മനസ്സിലാക്കാനാവാതെ കിറുങ്ങി ഇരിക്കേണ്ട അവസ്ഥ വരും.
ഓഗസ്റ്റ് മാസം അങ്ങനെ തള്ളി നീക്കുന്നതിന് ഇടയിൽ… ഒരു ദിവസം.. അതിന്റെ തുടക്കത്തിലെ ഏതോ ഒരു ദിവസമാണ്.. രാത്രിയിൽ ആൽഫിന്റെ ഒരു ഫോൺ കോൾ വരുന്നു. …ട്രിങ്.. ട്രിങ്….
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇടയ്ക്ക് ഫോണിൽ വിളിക്കാറുള്ളതാണ്. പക്ഷെ, ആ കോള് ഒരു സാധാരണ കോള് ആയിരുന്നില്ല… ട്വിസ്റ്റ്.. ട്വിസ്റ്റ്..
ആദ്യം ആൽഫിൻ ആരാന്ന് പറയാം. ആൽഫിൻ തോമസ്, റേഷൻ കാർഡിലെ പേര് പി.ടി ആൽഫിൻ. ആഹ്.. അങ്ങനെ പറയണം. എന്നാലെ ഏറ്റുമാനൂറിലെ പി.ടി കോളേജുമായുള്ള അവന്റെ ബന്ധം മനസ്സിലാക്കാൻ സാധിക്കൂ. (ഹാ… പിന്നെ ഒരു കാര്യം കൂടി പറയാം. പി.ടി കോളേജിന്റെ കെട്ടിടത്തിലെ കടമുറി വാടകയ്ക്ക് എടുത്ത് പാർണഷിപ്പിൽ ഒരു ജ്യൂസ് കട തുടങ്ങാൻ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. അവന്റെ ആ ഓഫർ ഇപ്പോഴും നിലനിൽക്കുന്നുണ്ടേൽ, ആൾക്കാർ ഇപ്പോഴും ഇവിടെ തയ്യാറാണെ. ആദ്യം ഈ കൊറോണ ഒന്ന് ശമിക്കുമോയെന്ന് നോക്കട്ടെ.)
ശെടാ.. അവനുമായുള്ള എന്റെ ബന്ധം ഞാൻ പറയാം.. ധൃതി കൂട്ടാതെ..
ഫസ്റ്റ് ബ്ലോക്ക്.. റൂം നമ്പർ 110. (ഒരു പതിറ്റാണ്ടിന് മുൻപ്..)
കോളേജിൽ ചേർന്ന ആദ്യ ദിവസം ഹോസ്റ്റലിൽ ജോയിൻ ചെയ്യാൻ വന്നതായിരുന്നു ഞാൻ. കൂടെ എന്റെ അച്ഛനും അമ്മയും. അലോട്ട് ചെയ്തിരുന്ന റൂമിൽ, എനിക്ക് റൂം മേയിറ്റ് ആയി ലഭിച്ച പയ്യൻ നേരത്തെ എത്തിയിട്ടുണ്ടായിരുന്നു. അവന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം. പരിചയപ്പെട്ടപ്പോൾ അവരും ഞങ്ങളുടെ ജില്ലയിൽ നിന്നു തന്നെയാണെന്ന് മനസ്സിലായി. ഇവിടെ ഈ കൊല്ലത്ത് വന്നിട്ട് ഒരു കോട്ടയം കാരനെ തന്നെ റൂം മേയിറ്റായി കിട്ടിയല്ലോ.. കൂടാതെ കോളേജിൽ ഒരേ ഡിപാർട്മെന്റും.. ഹാവൂ. എല്ലാവർക്കും സന്തോഷം.
അതെ. എനിക്കന്ന് അപ്രതീക്ഷിതമായി കിട്ടിയ ആ റൂം മേയിറ്റായിരുന്നു നമ്മുടെ കഥാ നായകൻ.
“പുല്ലാട്ട് വീട്ടിൽ ആൽഫിൻ തോമസ്”.
ഡിഷ്…(ഒരു സിംബൽ മുഴങ്ങട്ടെ).
അങ്ങനെ വർഷങ്ങൾ കടന്നുപോയി. ആ സൗഹൃദവും വളർന്നു. ആ ഓർമ്മകൾ ഒക്കെ എഴുതാൻ തുടങ്ങിയാൽ കുറെ ഉണ്ട്. അതൊക്കെ പിന്നെ പറയാം. ബി.ടെക് ന്റെ നാല് വർഷവും ആൽഫിൻ തന്നെയായിരുന്നു എന്റെ റൂം മേയിറ്റ്. അത്രയും കാലത്തിന് ഇടയിൽ ഞങ്ങൾ തമ്മിൽ ഒരു വഴക്കും ഉണ്ടായിട്ടില്ല. തമ്മിൽ ഉറക്കെ സംസാരിച്ച ഒരു അവസരം പോലും ഞാൻ ഓർക്കുന്നില്ല. അതിന് കാരണം, ആൽഫിൻ ഒരു ശാന്ത സ്വഭാവക്കാരനായിരുന്നു എന്നുള്ളത് തന്നെയായിരുന്നു. ഞാനും അങ്ങനെയാണെന്ന് അഭിനയിച്ചും ഇരുന്നു… നാല് വർഷം.
പിന്നെ ഒരു പ്രധാന കാര്യം. ഞങ്ങൾ രണ്ടും ഒരേ ഫുട്ബോൾ ക്ലബ്ബിനെ സപ്പോർട്ട് ചെയ്യുന്നവരായിരുന്നു. ആർസനൽ FC. അയ്യോ! അത് യാദൃശ്ചികമായി വന്നതല്ല. കോളേജിൽ ചേരുന്ന സമയം ക്ലബ്ബ് ഫുട്ബോൾ എന്താണെന്ന് പോലും അറിയാത്ത എന്നെ, അത് പഠിപ്പിച്ചു തന്നത് ആൽഫിൻ തന്നെയായിരുന്നു. അപ്പോൾ അവൻ സപ്പോർട്ട് ചെയ്യുന്ന ക്ലബ്ബിലേയ്ക്ക് ഞാൻ അറ്ററാക്റ്റ് ചെയ്യപ്പെട്ടത് തികച്ചും സ്വാഭാവികം. അത് കൊണ്ട് തന്നെ ഫുട്ബോളിന്റെ പേരിൽ പോലും അടിയുണ്ടാക്കേണ്ടി വന്നിട്ടില്ല.
കോളേജ് കഴിഞ്ഞ് ഞങ്ങൾ രണ്ടു പേരും കുറച്ചു നാൾ ഒരുമിച്ചു ജോലിയും ചെയ്തിരുന്നു… കൊച്ചിയിൽ. അതിനിടയിലാണ് അവൻ CAT എക്സാം എഴുതി പാസായി IIM ഇൽ ജോയിൻ ചെയ്യുന്നത്. (ആൽഫിനും വേദിക് മാത്തമാറ്റിക്‌സും.. ഞാൻ ഭാവിയിൽ ബ്ലോഗ് എഴുതാൻ സാധ്യതയുള്ള ഒരു ടോപിക്കാണെ. അതിനെ കുറിച്ച് വിശദമായിതന്നെ പിന്നെ പറയാം. ) ഞാനും എന്റേതായ ഒരു വഴിയിലേക്ക് തിരിഞ്ഞു. IIM ലെ MBA കഴിഞ്ഞ് അവൻ ചെന്നൈയിൽ ഒരു കമ്പനിയിൽ ജോയിൻ ചെയ്തു.
അതിനൊക്കെ ഇടയിലും ഫോൺ കോളുകളിലൂടെ ഞങ്ങളുടെ സൗഹൃദം തുടർന്നു.
ഇപ്പോൾ അവൻ ലോക്ക് ഡൗണ് സമയം തുടങ്ങിയപ്പോൾ മുതൽ ഏറ്റുമാനൂരിലെ വീട്ടിലിരുന്ന് work from ഹോം ആണ്.അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് അവന്റെ ആ കോൾ വന്നത്.
“ഹലോ, ടാ എന്റെ കല്യാണമാണ്. ആഗസ്റ്റ് 23. എല്ലാം പെട്ടെന്ന് ആയിരുന്നടാ.”
“ആഹാ..അടിപൊളി.. പെണ്കുട്ടിയുടെ ഡീറ്റൈൽസ് പറാ??”
“പേര് അനെറ്റ്, വീട് അറുനൂറ്റിമംഗലം. ബാംഗ്ലൂരിലാണ് work ചെയ്യുന്നേ…”
അപ്പോഴാണ് 23 ലെ മറ്റേ ചടങ്ങിനെ പറ്റി ഞാൻ ആലോചിച്ചത്.
“ആൽഫിനെ ടാ, ഒരു പ്രശ്നമുണ്ട്. 23 ന് വേറൊരു പരിപാടി ഉണ്ട്. വീട്ടുകാരെ മാത്രം അതിന് വിട്ടെന്ന് പറഞ്ഞാലും എനിക്ക് അങ്ങോട്ട് വരാൻ വണ്ടി വേണ്ടേ? ”
“ആണോ? ശരിയാ…അന്ന് ഞായാഴ്ച്ച കൂടിയാണ്. ബസൊന്നും ഉണ്ടാകില്ലേ അല്ലെ..?”
പക്ഷെ, എനിക്കാ കല്യാണം കൂടണമെന്നു അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഞങ്ങൾ പഠിച്ച കോളേജിൽ നിന്ന് വേറെ ആരും പങ്കെടുത്തില്ലെങ്കിലും ഞാൻ പങ്കെടുക്കേണ്ടത് ആവശ്യമായി എനിക്ക് തോന്നി.പക്ഷെ, എങ്ങനെ? ഏറ്റുമാനൂരിലെ ചില സ്ഥലങ്ങൾ കോവിഡ് കണ്ടൈന്റ്മെന്റ് സോണാണെന്ന് പത്രത്തിൽ കാണുന്നുമുണ്ട്.
അങ്ങോട്ട് സ്വന്തം വണ്ടിയില്ലാതെ എങ്ങനെയെലുമൊക്കെ ചെന്ന് പറ്റാം. പക്ഷെ, ഈ അവസരത്തിൽ അത് വലിയൊരു റിസ്ക് ആണ്.
അവന്റെ എന്ഗേജ്മെന്റ് മൊബൈലിൽ ലൈവ് കണ്ടപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. കല്യാണവും ഇത് പോലെ വെറുതെ മൊബൈലിൽ ഇരുന്ന് കാണാൻ ഉള്ളതല്ല എന്നെനിക്ക് തോന്നി. ഞാൻ എന്തായാലും കല്യാണത്തിന് പോകാൻ തീരുമാനിച്ചു.
തീരുമാനിച്ചു. അത്രേ ഉള്ളൂ. ബാക്കി വഴികൾ തന്നെ തെളിയും. അല്ലെങ്കിൽ നമ്മൾ തെളിയിക്കും. ഒരു പന്ന കോവിഡ് മൂലം നഷ്ടപ്പെടുത്തുന്ന നിമിഷങ്ങളുടെ പേരിൽ പിന്നീട് ദുഃഖിക്കാൻ ഇടവരരുതല്ലോ.
ആൽഫിന് ചെല്ലുമെന്ന ഒരു സൂചന പോലും കൊടുത്തിട്ടില്ല. സർപ്രൈസ് ആയി ചെല്ലുമ്പോഴല്ലേ അതിന്റെ ഒരു രസം?
അയ്യോ.. ആ 50 പേരിൽ ഇല്ല എന്ന് പറഞ്ഞു എന്നെ അവിടെ കയറ്റാതെയിരിക്കുമോ?
പിന്നെ ചേട്ടന്റെ വീട്ടിലെ പാല് കാച്ചൽ ചടങ്ങിനു നാളെ പോകാതെയും പറ്റില്ല.
അപ്പോൾ നാളെ… കല്യാണം പാല് കാച്ചൽ.. പാല് കാച്ചൽ കല്യാണം.
കൊറോണ ബഗൊതി കാത്തൊണെ..
ഒന്നിച്ച്… ഒരേപോലെ… ഒരേ ദിശയിലേയ്ക്ക്… (ആൽഫിനും അനെറ്റും വിവാഹനിശ്ചയ വേളയിൽ.) 💐💐
ഇവിടെ അവർക്ക് ആശംസകൾ നേരാത്തത്, അവിടെ നേരിട്ട് ചെന്ന് അത് പറയുമെന്ന വിശ്വാസമുള്ളത് കൊണ്ടാണെ…
NB: ഞാൻ ബ്ലോഗുകളെ കുറിച്ചു കൂടുതലറിയുന്നത് തന്നെ ആൽഫിനിൽ നിന്നാണ്. ഫുട്ബോൾ ബേസ് ചെയ്ത് ഒരു ബ്ലോഗ് അവൻ പണ്ട് എഴുതുന്നുണ്ടായിരുന്നു. Arsenal 360 എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്.😊 ഇപ്പോഴും അത് ഉണ്ടോന്ന് അറിയില്ല. വെങ്ങർ ആശാൻ ഞങ്ങടെ ക്ലബ്ബ് വിട്ടു പോയതിന് ശേഷം ക്ലബ്ബിന് മൊത്തത്തിൽ കുറച്ചു ക്ഷീണമാണെ. അവനെയും അത് ബാധിച്ചിട്ടുണ്ടാവും…😉
Updated on 24 August 2020.
“ടാ, എനിക്ക് ടെൻഷനുള്ള പോലെ നിനക്ക് കണ്ടിട്ട് തോന്നുന്നുണ്ടോ?”
ഏയ്…😉
@Vettimukal Church, Ettumanoor.(On 23rd August)
Mission Accomplished 👍💐.
അനെറ്റിനും ആൽഫിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
💐💐💐💐💐💐💐💐💐💐💐💐💐💐
2 replies on “മാംഗല്യം തന്തു താനേനാ 01”
Surprise kodukkan pattatte.. 😃
LikeLiked by 1 person
Thanku Ali👍
LikeLike