“രമ്യ സുഗതൻ”
പോളിങ് ഓഫീസർ, ആ പേര് ഉറക്കെ വിളിച്ചു പറഞ്ഞു.
അസംബ്ലി ഇലക്ഷന് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുകയായിരുന്നു ബിജു. ആ പേര് കേട്ട ഉടൻ, ബൂത്തിന്റെ ഉള്ളിലേയ്ക്ക് അയാൾ എത്തി നോക്കി. പ്രിസെഡിങ് ഓഫീസറും ഏജന്റുമാരും ആ പേര്, അവരുടെ കൈയിലുള്ള ലിസ്റ്റിൽ മാർക്ക് ചെയ്യുന്നുണ്ട്. അതിന് സമീപമായി, പോളിങ് ഓഫീസറിന്റെ മുന്നിൽ ഒരു പച്ച ചുരിദാർ ധരിച്ച ഒരു യുവതി മാസ്‌ക് മാറ്റി, മുഖം കാണിക്കുന്നു. അതെ.. അത് അവൾ തന്നെ. ബിജു പെട്ടെന്ന് അവളെ തിരിച്ചറിഞ്ഞു. സ്കൂളിൽ തന്റെ ഒപ്പം പഠിച്ച രമ്യ ജി നായർ. ബിജുവിന്റെ പഴയ കളികൂട്ടുകാരി.
ഹോ.. കളിക്കൂട്ടുകാരിയെന്നൊക്കെ ബിജു കരുതുന്നത്, നിങ്ങള് വല്യ കാര്യമാക്കേണ്ടാ, കേട്ടോ? അങ്ങനെ ഒന്നൂല്ല. അവർ ഒരുമിച്ച് ഹൈ സ്കൂളിൽ, ഒരേ ക്ലാസുകളിൽ പഠിച്ചന്നേയുള്ളൂ. ഇപ്പോൾ തമ്മിൽ കണ്ടാൽ തിരിച്ചറിയ പോലും ചെയ്യില്ല. ആ… അപ്പോഴാണ്..
എങ്ങനെ തിരിച്ചറിയാനാ? പത്ത് ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞു കാണും; ഒന്ന് തമ്മിൽ സംസാരിച്ചിട്ട് തന്നെ.
ആ കഷണ്ടി തലയും കുടവയറും, പിന്നെ കട്ടി മീശയും ഓർത്ത്, ബിജു ചിന്തിച്ചു.
ബിജുവിന്റെ മുന്നിൽ, മൂന്നാല് പേര് കൂടി ഉണ്ട്. ഈ ക്യൂവിൽ നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായേ. തിരക്ക് കുറവായിരിക്കുമെന്ന് കരുതിയാണ് ഈ നട്ടുച്ച വെയിലത്ത് ഇങ്ങോട്ട് വന്നത്. ഹോ.. എന്തൊരു ചൂട്. സമയം കൊല്ലാനായി, സംസാരിക്കാൻ പരിചയക്കാരേയാരേം കാണുന്നുമില്ല. അല്ലേ!.. ഈ മാസ്‌ക് ഉള്ളത് കൊണ്ട് ആരേം തിരിച്ചറിയാൻ പറ്റാത്തോണ്ടാണെന്ന് നിങ്ങൾ വിചാരിക്കേണ്ടാ. നമ്മുടെ ബിജുവിനെ പരിചയമുള്ളവർ ഈ നാട്ടിൽ ഇപ്പോൾ, വളരെ കുറവാണ്. ജോലിക്കായ് തിരുവനന്തപുരത്ത് കഴിയുന്ന ബിജു, വളരെ കുറച്ച് മാത്രമാണ് നാട്ടിൽ വരാറുള്ളത് തന്നെ. അയാളെ നാടുമായി ബന്ധിപ്പിക്കുന്ന ഒന്നും ഇല്ലെന്നായിരുന്നു ഇതുവരെ അയാൾ കരുതിയിരുന്നത്. എല്ലാ വർഷവും ഇലക്ഷൻ ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് അതിന് ഒരു മാറ്റവും വന്നില്ലായിരുന്നു. ആദ്യമായാണ് ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് അയാൾ ഒഴിവായി നിൽക്കുന്നത്. അപ്പോഴാണ് നാടുമായി വിട്ടുപോകാതെയിരിക്കുന്ന ഒരു കണക്ഷൻ, ഈ ഇലക്ഷൻ കാർഡിന്റെ രൂപത്തിൽ വരുന്നത്.
തന്റെ ഇലക്ഷൻ കാർഡും ഈ സ്ലിപ്പും കൈയിൽ പിടിച്ചു കൊണ്ട് ബിജു ക്യൂവിൽ നിന്നു.
ക്രമ നമ്പർ : 149 വോട്ടർ ഐഡി നമ്പർ : KL/13/088/267216
പേര് : ബിജു പ്രഭാകർ വയസ്സ്: 41
രക്ഷകർത്താവിന്റെ പേര്: പ്രഭാകരൻ
ബൂത്ത് നമ്പർ : 165 വീട് : പല്ലാത്തറ
ബൂത്ത് : സെന്റ് ജോർജ് ഹൈ സ്കൂൾ മണിമല.
💐💐💐💐💐💐💐💐💐💐💐💐💐
വോട്ട് ചെയ്ത് കഴിഞ്ഞിട്ട്, കൈകൾ നന്നായി സാനിറ്റെസ് ചെയ്ത്, ആ സ്കൂൾ കെട്ടിടത്തിന്റെ വെളിയിൽ അൽപ്പം തണൽ അന്വേഷിച്ചു ചെന്നതായിരുന്നു ബിജു. ആ മരത്തണലിൽ ദാ, നിൽക്കുന്നു തന്റെ ആ പഴയ കൂട്ടുകാരി.
ഈ തണലും പ്രണയവും തമ്മിൽ ബന്ധമുണ്ടോ?
എന്തായാലും ഒരു കാര്യം ഇവിടെ വെളിപ്പെടുത്താം. ബിജുവിന് ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയത് ഈ പച്ച ചുരിദാറ്കാരിയോടായിരുന്നു. അന്ന് ആ പ്രണയം തുറന്ന് പറയാതെയിരുന്നതിൽ ഒരുപാട് വിഷമം, തുടർന്നുള്ള കുറച്ചു വർഷങ്ങളിൽ അയാൾക്ക് തോന്നിയിരുന്നു. അതൊക്കെ പിന്നെപ്പോഴോ കാലം തന്നെ കഴുകി, മായ്ച്ചുതന്നു.
എന്നാൽ ഇന്ന്…
തന്നെ തിരിച്ചറിഞ്ഞാൽ മാത്രം പരിചയം പുതുക്കാമെന്ന ചിന്തയിൽ ബിജു ആ മരച്ചൊട്ടിൽ ചെന്ന് നിന്നു… ആരെയോ കാത്തു നിൽക്കുന്നത് പോലെ.
അപ്പോഴാണ് ആ മണ്ടത്തരം ബിജുവിന് മനസിലായത്.
ഓ.. പുല്ല്..ഈ മാസ്‌ക്..
അപ്പോൾ തന്നെ ബിജു മുഖത്ത് നിന്ന് ആ മാസ്‌ക് മാറ്റി, അവൾക്ക് തന്നെ വ്യക്തമായി കാണാനുള്ള അവസരം കൊടുത്തു.
ബിജുവിനെ അത്ഭുതപ്പെടുത്തി കൊണ്ട് അപ്പോൾ എവിടെ നിന്നോ അങ്ങോട്ട് വന്ന ഒരു അമ്മച്ചി ബിജുവിനോട് ചോദിച്ചു.
“ഏറത്തെമുറിയിലെ അല്ലേ?”
“അല്ല.”
“ങേ..”
ചെവി കേൾക്കാത്ത അമ്മച്ചി കേൾക്കാൻ എന്ന വ്യാജേന, ബിജു ശബ്ദം കൂട്ടി പറഞ്ഞു.
“അല്ലാ, അമ്മച്ചി. ഞാൻ പല്ലാത്തറയിലെ ബിജുവാണ്… ബിജു”
ഈ അമ്മച്ചിയ്ക്ക് എങ്ങനാ ഈ പല്ലാത്തറയിലെ ബിജുവിനെ അറിയുകാ..😆
എന്തായാലും ആ പറച്ചിലിന്റെ ഉദ്ദേശം ഏറ്റു. ആ പച്ച ചുരിദാര്കാരി അടുത്ത് വന്ന് ചോദിച്ചു.
“ബിജു, ആള് ഒരുപാട് മാറിപ്പോയല്ലോ. എന്നെ ഓർമ്മയുണ്ടോ?”
രമ്യ ജി നായർ, റോൾ നമ്പർ നാൽപ്പത്തി മൂന്ന്, പത്ത് സി. ഇത്രേം ബിജുവിന്റെ മനസ്സിൽ അപ്പോൾ ഓർമ്മ വന്നിരുന്നു. എന്നാലും അയാൾ അൽപ്പം സംശയം അഭിനയിച്ചു. അപ്പോൾ രമ്യ തുടർന്നു.
“ഞാൻ രമ്യയാണ്. ക്ലാസ്സിലെ ഒപ്പം നാടകത്തിൽ അഭിനയിച്ച ആ കുട്ടിയെ ഓർക്കുന്നില്ലേ?”
“ആഹ്.. രമ്യ. ഓർക്കുന്നുണ്ട്. ”
അതൊക്കെ ബിജുവിന് മറക്കാൻ പറ്റുവോ? അന്നാദ്യമായി ഒരു അന്യസ്ത്രീയുടെ കൈകൾ അയാൾ സ്പർശിച്ചത് ആ നാടകത്തിലായിരുന്നു. രമ്യയുടെ ഈ കൈകൾ. ബിജു അഭിനയിച്ച ദുഷ്ടനായ തമ്പുരാൻ വലിച്ചിഴച്ച് സ്റ്റേജിലേയ്ക്ക് കൊണ്ട് വരുന്ന ഒരു പെണ്കുട്ടിയായിരുന്നു അന്ന് ഈ രമ്യ.
“ഇപ്പൊ ബിജു, തിരുവന്തപുരത്താണല്ലേ? കാണുന്നില്ലെങ്കിലും കാര്യങ്ങളൊക്കെ അറിയുന്നുണ്ട്. വല്ലാണ്ടങ് വണ്ണം വച്ചു, കേട്ടോ? അതാ . എനിക്ക് ആദ്യം കണ്ടിട്ട് മനസ്സിലായില്ല.”
“ആഹാ, രമ്യടെ കല്യാണം കഴിഞ്ഞത് എന്നോട് ആരോ പറഞ്ഞതായി ഞാൻ ഓർക്കുന്നുണ്ട്. ഒരു പത്തിരുപത് കൊല്ലം മുൻപ്. പണ്ട് കൂടെ പഠിച്ചവരുമായി ഇപ്പോ വലിയ അടുപ്പമൊന്നുമില്ലാന്നേ. അതുകൊണ്ട് വാർത്തകൾ ഒന്നും അപ്പോപ്പോൾ അറിയാറില്ല. പിന്നെ, നമ്മുടെ കൂടെ പഠിച്ച വാല്മാക്രിയില്ലേ, ഓഹ് മറന്നോ.. വാല്മാക്രി സാബു. അവനെ ഇടയ്ക്ക് ഫോൺ വിളിക്കുമ്പോൾ നാട്ടിലെ കുറച്ച് കാര്യങ്ങൾ അറിയും. അത്രേയുള്ളൂ. എന്തായാലും, താൻ പണ്ടത്തെ പോലെ തന്നെ മെലിഞ്ഞു തന്നെയാണല്ലോ. പ്രായം കൂടിയതിന്റെ ചെറിയ മാറ്റമേയുള്ളൂ. അതൊക്കെ പോട്ടെ രമ്യ, തനിക്ക് ജോലി എന്തേലും?”
“മനപ്പാട്ടെ കടേടെ മോളില്, ഒരു മുറിയിലിരുന്നു തയ്ക്കുന്നുണ്ട്. പിന്നെ പുള്ളിക്കാരൻ മുങ്ങാനീൽ ഓട്ടോ ഓടിക്കുന്നു. ബിജുവിന്റെ ഭാര്യ, മക്കൾ?”
“നാട്ടിൽ വന്നിട്ടില്ല. ഭാര്യക്ക് ഇലക്ഷൻ ഡ്യൂട്ടിയുണ്ടെ. മക്കള്, ഒരാൾ ആറില്, മറ്റെയാൾ രണ്ടില്. രണ്ടും പെണ്കുട്ടികള്.”
“എനിക്കും ഒരു മോളാ. ദേ വരുന്നു അവളുടെ കന്നി വോട്ടാരുന്നു.”
അവരുടെ അടുത്തേയ്ക്ക് നടന്ന് വരുന്ന ഒരു പെണ്കുട്ടിയെ ചൂണ്ടി രമ്യ പറഞ്ഞു.
രമ്യയുമായി ആ മകളുടെ സാമ്യം കണ്ട് ബിജു അമ്പരന്നു.
“രമ്യയുടെ മോള് ഇത്രേം വളർന്നോ. ആഹാ.. മോളെ , എന്താ മോൾടെ പേര്?”
“അപർണ്ണ” അവൾ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“എന്നാൽ ഞങ്ങൾ പോവാണേ. പുള്ളിക്കാരൻ താഴെ കാത്തു നിൽക്കുന്നുണ്ട്.”
രമ്യ അത് പറഞ്ഞിട്ട്, ഒരു മറുപടിക്കായി നോക്കി നിൽക്കുന്നപോലെ ബിജുവിന് തോന്നി. പക്ഷെ, അയാൾക്ക് ഒന്നും പറയാൻ തോന്നിയില്ല.
“ശരി, കാണാം” എന്ന് മാത്രം പറഞ്ഞു.
പണ്ട് അനുഭവിച്ചിരുന്ന പറയാൻ എന്തോ വിട്ട് പോയ പോലൊരു നൊമ്പരം അയാൾ അവിടെ , ആ സ്കൂൾ കെട്ടിടത്തിന് മുന്നിൽ ഒരിക്കൽ കൂടി അനുഭവിച്ചു .
തന്റെ മുന്നിൽ അവൾ നടന്ന് അകന്നപ്പോൾ, പണ്ടെന്നോ അവൾടെ മുന്നിൽ പാടാൻ പഠിച്ചുവെച്ച ഏതോ വരികളുടെ തുടക്കം അയാളിൽ തികട്ടി വന്നു.
“ഒറ്റപ്പത്തിയും ആയിരമുടലുമായ്
ചുറ്റിപിണഞ്ഞൊരു മണിനാഗം,
ചന്ദനലതയിൽ അധോമുഖശയനം…”
അപ്പോൾ അയാൾ തിരിച്ചറിയുകയായിരുന്നു;
തുറന്ന് പറയാനാവാതെ മനസ്സിൽ ഒളിച്ചുവെച്ച് കടന്ന് പോകുന്ന പ്രണയവും അതിനെപ്പറ്റിയുള്ള കുറെ ഓർമ്മകളുമൊക്കെയാണ് ഏറ്റവും മധുരകരം.
💐💐💐💐💐💐💐💐💐💐💐💐💐