വിഭാഗങ്ങള്‍
കഥകൾ

പുതുരാഗം

ആ കിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് വിവേകാനന്ദൻ കണ്ണ് മെല്ലെ തുറന്നത്. ഇന്നലെ രാത്രിയിൽ അവൻ ഉറങ്ങിയത് കാറിന്റെയുള്ളിൽ ഇരുന്നായിരുന്നു. (KL 33 3667 ഗാല്ലെന്റ് റെഡ്, സ്വിഫ്റ്റ് ഡിസൈർ)

കഴിഞ്ഞ ദിവങ്ങളിൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമൊക്കെ ഈ ഉറക്കം ഉണർന്നപ്പോൾ മാറിയെന്ന് അവന് തോന്നി. അവനിലേക്ക് വീശിയ ആ പ്രകാശത്തിൽ മുഖം കഴുകിയപ്പോൾ വല്ലാത്തൊരു ഉന്മേഷം അവന് അനുഭവപ്പെട്ടു.

സണ് ഷെയ്ഡ് താഴ്ത്തി ചുറ്റുമൊന്ന് അവൻ നോക്കി. നാൽക്കവലയാണെന്ന് ധരിച്ചാണ് ഇവിടെ കാർ പാർക്ക് ചെയ്ത് ഉറങ്ങിയത്. രാവിലെ പ്രകാശം പരന്നപ്പോളാണ് മുന്നിലെ സ്ഥലം അവൻ ശരിക്ക് കാണുന്നത്. കാറിന്റെ മുന്നിൽ ഒരു പെട്ടിക്കട മാത്രം.

അവൻ കാറിന്റെ ഡോർ മെല്ലെ തുറന്നു. ആ ഡോർ അത്ര സ്മൂത്തായിട്ടല്ല പ്രവർത്തിച്ചത്. അതിന് ഒരു കാരണമുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ഏതോ ഒരു ദിവസം. ആ ദിവസം എന്നായിരുന്നു?

ഹാ..ഇപ്പോൾ ഓർക്കുന്നു. അന്നായിരുന്നു ആ ക്ലയന്റ് കോൾ. എല്ലാവരും കേൾക്കെ മാനേജർ അവനെ ചീത്ത വിളിച്ച ദിവസം. ഹാ… അതൊരു വ്യാഴാഴ്ച്ചയായിരുന്നു.

അന്ന് ഓഫീസിൽ നിന്നിറങ്ങി കാറിൽ കോയബെഡ്‌ പോവുകയായിരുന്നു വിവേക്. അവന്റെ കൂടെ ജോലി ചെയ്യുന്ന ആകാൻഷയെ പിക്ക് ചെയ്യാൻ വേണ്ടി. അപ്പോഴാണ്, സിഗ്നലിൽ വച്ച് ഒരു സ്കൂട്ടർ അവന്റെ കാറിന്റെ ഡോറിലേക്ക് ഇടിച്ചു നിർത്തിയത്. ആ ഇടുപ്പിച്ചത് ഒരു പെണ്കുട്ടിയാണെന്നോ മലയാളിയാണെന്നോ എന്ന പരിഗണന പോലും കൊടുക്കാതെയാണ് വിവേക് ആ നടുറോഡിൽ നിന്ന് അന്ന് ബഹളം വച്ചത്. ഇന്നതിൽ അവന് ദുഃഖം തോന്നുന്നു.

ഓരോ സമയത്തെ തോന്നലുകൾക്ക് പിന്നെയിരുന്നു സങ്കടപ്പെട്ടിട്ട് ഒരു കാര്യോമില്ലലോ… ലെ?

വേറൊരു കാര്യം. വിവേകിന്റെ അമ്മ അവനോട് പറഞ്ഞതായിരുന്നു. കാറിന് എന്തെങ്കിലും കേടുപാട് പറ്റിയാൽ അതൊരു ഐശ്വര്യ കേടാണെന്നും, അതു പെട്ടെന്ന് മാറ്റണം എന്നും.

അതു കേട്ടിരുന്നെങ്കിൽ ??…

ഈ സേലം കോയമ്പത്തൂർ റോഡിൽ ഇങ്ങനെ അതിരാവിലെ എത്തി നിൽക്കേണ്ട ആവശ്യം വരുമായിരുന്നോ?

കാറിൽ നിന്നിറങ്ങി ആ പെട്ടികട ലക്ഷ്യമാക്കി അവൻ നടന്നു. സമയം രാവിലെ ആറര ആകുന്നതെ ഉള്ളൂ. പക്ഷെ, ആ പെട്ടിക്കട രാവിലെ തന്നെ തുറന്ന് വച്ചിരിക്കുന്നു. അതിന്റെ കാരണം ആലോചിച്ചു നിൽക്കുമ്പോഴാണ്, കുറെ തൊഴിലാളികൾ റോഡിലൂടെ നടന്ന് വരുന്നത് കാണുന്നത്. എല്ലാവരും ഒരേ ദിശയിൽ സഞ്ചരിക്കുന്നു. ചിലർ കടയിൽ നിന്ന് ബീഡി പോലുള്ള എന്തോ വാങ്ങി, ചുണ്ടിൽ വച്ച് കത്തിച്ച് വേഗം നടക്കുന്നു.

വിവേക് ആ പെട്ടിക്കടയുടെ മുൻപിൽ എത്തി.

കുടിക്കുന്ന ആക്ഷൻ കാണിച്ചു കൊണ്ട് അവൻ ആ കടക്കാരൻ അണ്ണാച്ചിയോട് ചോദിച്ചു.

“ചേട്ടാ, തണ്ണി.”

ആ കടയിൽ മിനറൽ വാട്ടർ കുപ്പിയൊന്നും കാണിലെന്നാണ് വിവേക് വിചാരിച്ചത് . പക്ഷെ, അണ്ണാച്ചി എവിടെ നിന്നോ ഒരു കുപ്പി, അതിന്റെ പൊടിയൊക്കെ തുടച്ച് എടുത്തു കൊണ്ട് വന്നു. വിവേക് അത് വാങ്ങി, മുഖവും വായും കഴുകി. ആ വെള്ളം കുടിക്കാനുള്ള സാഹസം അവൻ കാട്ടിയില്ല.

വിവേക് കുപ്പി കൊണ്ട് കാറിൽ വച്ചിട്ട്, തിരിച്ചു വന്ന് കടക്കാരനോട് ചോദിച്ചു.

“അണ്ണാ, കിങ്‌സ് ലൈറ്റ്സ് ഇറിക്കാ?”

അണ്ണാച്ചിയുടെ മറുപടി.

“സിഗരറ്റ് വിൽസ് മട്ടും താൻ ഇരിക്ക്.”

വിവേക് അവൻ അറിയാവുന്ന എല്ലാ ഭാഷയും ഉപയോഗിച്ചു പറഞ്ഞു.

“ആനാൽ, ഏക് പാക്കറ്റ് വിൽസ് തരോ?”

അതും കൈയിൽ വാങ്ങിച്ചു പൈസ കൊടുക്കുമ്പോൾ വിവേക് ഒരു ചോദ്യം കൂടി അണ്ണാച്ചിയോട് ചോദിച്ചു.

“പക്കത്തില് ഏതാവത് നല്ല ഹോട്ടൽ ഇരിക്കാ?”

അതിന് അണ്ണാച്ചി തന്ന മറുപടി, വലിയൊരു കഥ മനസ്സിലാവാതെ കേൾക്കുന്നത് പോലെയാണ് അവൻ കേട്ട് നിന്നത്. എങ്കിലും ഹോട്ടലിലോട്ടൊക്കെ ‘ഇമ്പിടി’ ദൂരം പോകാനുണ്ടെന്ന് മാത്രം ആ സംസാരത്തിൽ നിന്ന് വിവേക് മനസ്സിലാക്കിയെടുത്തു.

കത്തിക്കാൻ എടുത്ത് ചുണ്ടിൽ വച്ച സിഗരറ്റ്, അവൻ തിരിച്ചു പോക്കറ്റിൽ വച്ചു.

വേണ്ടാത്ത ശീലങ്ങളൊക്കെ തുടങ്ങിയാൽ പിന്നെ.. അതിന് ഗുണോമുണ്ട് ദോഷൊണ്ട്..കേട്ടോ.


പണ്ട് അവൻ സിഗരറ്റ് ഒന്നും വലിച്ചിരുന്നില്ല…. ഇടയ്ക്ക് ചിലപ്പോൾ കൂട്ടുകാർക്ക് കമ്പനി കൊടുത്ത് രണ്ട് പെഗ് അടിക്കുമ്പോൾ മാത്രം…. അപ്പോൾ രണ്ട് പഫ് എടുക്കുന്നത് കിക്കാകാൻ നല്ലതാണെന്ന് ആരോ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട്. അത്‌ മറ്റാരും ആയിരിക്കില്ല, കോളേജിൽ അവന്റെ കൂടെ പഠിച്ച ആ ടാങ്ക് കണാരൻ തന്നെയാകും.

കല്യാണത്തിന് ശേഷമാണ് വിവേക് ഈ വലി ശീലമാക്കി തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ അവൾ എം ബി എ ചെയ്യാൻ നാട്ടിലേക്ക് തിരിച്ചു പോയതിൽ പിന്നെ.

കല്യാണത്തിന് മുൻപ് തന്നെ അവർ തീരുമാനിച്ചതായിരുന്നു, അവളുടെ പഠനം തുടരുന്ന കാര്യം. പക്ഷെ.. വിവേക് ആഗ്രഹിച്ചത് ചെന്നൈയിൽ തന്നെ എവിടെയെങ്കിലും അവൾ ജോയിൻ ചെയ്യണമെന്നായിരുന്നു. പക്ഷെ, അവൾക്ക് അവളുടെ കൂട്ടുകാരുമൊത്ത് നാട്ടിൽ തന്നെ പഠിക്കാനായിരുന്നു താല്പര്യം.

ഹാ.. ആദ്യമൊക്കെ എല്ലാ ദിവസവും ഒരുപാട് നേരം അവർ തമ്മിൽ ഫോണിൽ സംസാരിക്കുമായിരുന്നു. പിന്നെ വിവേകിന്റെ ജോലിത്തിരക്ക് കാരണം അത് മുടങ്ങാൻ തുടങ്ങി. അതൊക്കെ മാറി വന്നപ്പോൾ ദേ, അവൾക്ക് പരീക്ഷ.

ഇപ്പോൾ പരീക്ഷ ഒക്കെ കഴിഞ്ഞ് ഫ്രീ ആയിട്ടും, അവളുടെ സംസാരത്തിൽ എന്തോ മിസ് ചെയ്യുന്നു. കഴിഞ്ഞ മാസം ചെന്നൈയിൽ അവൾ വന്നപ്പോൾ, വിവേകിന് അത് ഫീൽ ചെയ്തതാണ്. തമ്മിൽ സംഭവിക്കുന്നതെല്ലാം വെറും യാന്ത്രികമാണെന്ന തോന്നൽ അവനിൽ ഉണ്ടായി. അവഗണനയുടെ ഒരു ‘ചൊവ്വ’, എവിടെയോ രുചിക്കുന്നതായി അവന് തോന്നി.

അവളുടെ കോഴ്സ് കഴിയാൻ ഇനി രണ്ട് മൂന്ന് മാസം കൂടിയേയുള്ളൂ. അപ്പോഴാണ് ഇന്നലെ അമ്മ വിളിച്ച് പറയുന്നത്, അവളുടെ ഹോസ്റ്റലിലോട്ടു വേഗം പോകാൻ. അതും ഇന്നലെ രാത്രി വളരെ വൈകി…എന്താണ് കാരണം എന്ന് പോലും അവനോട് പറഞ്ഞില്ല. തീർക്കാനുള്ള പണിയെല്ലാം നിർത്തി വച്ച്, പെട്ടെന്ന് തന്നെ അവൻ പുറപ്പെടുകയാണ് ചെയ്തത്.

മാനേജരോട് നാട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ, പുള്ളി ഒന്ന് സോഫ്ട് ആയി അപ്പ്രൈസലിന്റെ കാര്യം സൂചിപ്പിച്ചു. പുല്ല്.. അതൊക്കെ കൊണ്ടുപോയി വല്ല കാട്ടിലും കളയാൻ മനസ്സിൽ പറഞ്ഞുകൊണ്ട്, അവൻ ഓഫീസിൽ നിന്നിറങ്ങി.


രാജഗിരി കോളേജിന്റെ ലേഡീസ് ഹോസ്റ്റൽ…

കോളേജ് കോമ്പൗണ്ടിൽ നിന്ന് അൽപ്പം മാറിയാണത്. അവളെ താൻ ഹോസ്റ്റലിൽ കൊണ്ട് വിടുന്നത് അവൾക്കത്ര ഇഷ്ടമല്ലെന്ന് അവന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാലും രണ്ട് മൂന്ന് തവണ അവൻ ഇവിടെ വന്നിട്ടുണ്ട്.

അവൻ ഹോസ്റ്റലിന്റെ ഗേറ്റിങ്കലെത്തി. ഇന്നലെ അമ്മ ഫോൺ വിളച്ചു വച്ചത് മുതൽ, അവളെ വിളിച്ചിട്ട് ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല.

അമ്മ അവനോട് പറഞ്ഞത് അവളുടെ ഹോസ്റ്റൽ എത്തുമ്പോൾ, അമ്മയെ വിളിച്ച് പറയാനാണ്. എന്താണിത്? ഈ നടക്കുന്നതൊക്കെ എന്താണെന്ന് അവന് മനസ്സിലാകുന്നില്ല.

അവൻ ഒരിക്കൽ കൂടി, അവളെ ഫോൺ ചെയ്തു. ഹോസ്റ്റലിന്റെ മുൻപിൽ നിന്ന് കൊണ്ട്…

ഫോൺ എടുക്കാതിരിക്കുമ്പോൾ അവസാനം വരുന്ന ആ ടോൺ… ഹോ…അത് കേൾക്കുമ്പോൾ അവന് ഇപ്പോൾ ഭ്രാന്തുപിടിക്കുന്നു.

അവഗണിയ്ക്കുകയാണെങ്കിൽ അവൾക്ക് കോൾ കട്ട് ചെയ്തൂടെ. ഇത് വെറും ഇന്സൽട്ട് ചെയ്യലാണ്. മനസ്സ് ഒരു പാറപോലെയാക്കി അവൻ ചിന്തിച്ചു.

എന്തായാലും ഹോസ്റ്റലിന്റെ മുൻപിൽ എത്തിയെന്ന കാര്യം അമ്മയെ വിളിച്ചു പറഞ്ഞു. അമ്മ ഒന്നും തിരിച്ചു പറയാതെ ഫോൺ വച്ചു. ???

ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി ആരെ കാണാനാണ് വന്നതെന്ന് ചോദിക്കുന്നു. വിവേക് ഒരു ഗദ്ഗദത്തോടെ അവളുടെ പേര് പറഞ്ഞു.

ആ പേര് മനസ്സിൽ അലയടിച്ചു കൊണ്ടിരിക്കുന്ന ആ സമയം…

സ്റ്റെപ്പുകൾ ഇറങ്ങി ഒരു സ്ത്രീ രൂപം ഇറങ്ങി വരുന്നത് അവൻ കാണുന്നു. അടുത്തേക്ക് വരുന്തോറും അവൻ അത്ഭുതപ്പെട്ടു.

അവളുടെ ഭംഗി ഇരട്ടിച്ചിരിക്കുന്നു.

നടന്ന് വരുമ്പോൾ അവളുടെ കൈ അവളുടെ വയറിൽ ചേർത്ത് വച്ചിട്ടുണ്ടായിരുന്നു. എന്തോ പറയാൻ ശ്രമിക്കുന്ന പോലെ.. അപ്പോൾ അവളുടെ മുഖത്ത് ലോകത്ത് മറ്റൊരുടത്തും കാണാൻ സാധിക്കാത്ത ആ ചിരി അവൻ കണ്ടു.

മനസിലെ പ്രവാഹവും കണ്ണിലെ പ്രവാഹവും വിവേകിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ ആ ഹോസ്റ്റൽ ഗേറ്റിന് മുൻപിൽ മുട്ടു കുത്തിനിന്ന് പൊട്ടിക്കരഞ്ഞു.

നഷ്ടപ്പെട്ട എന്തോ തിരികെ കിട്ടിയത് പോലെ.


💐💐💐💐💐💐💐💐💐💐💐💐

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

4 replies on “പുതുരാഗം”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.