വിഭാഗങ്ങള്‍
കഥകൾ

സുമുഖൻ

അവന്റെ കണ്ണുകളുടെ സ്ഥാനത്ത് ചെവികളായിരുന്നു. കണ്ണുകളാവട്ടെ ആ ചെവികളുടെ സ്ഥാനവും അപഹരിച്ചിരുന്നു.

അവനെ എല്ലാവരും സുമുഖൻ എന്ന് വിളിച്ചു.

അതു തന്നെയാണ് അവന്റെ യഥാർത്ഥ പേരെന്ന് അതിൽ പലരും തന്നെ വിശ്വസിച്ചു പോന്നു. ജനിച്ചപ്പോൾ എല്ലാവർക്കും അവൻ ഒരു അത്ഭുത ശിശു മാത്രമായിരുന്നില്ല. അവരെല്ലാം അന്ന് അവന്റെ അമ്മയോട് പറയുമായിരുന്നു;

ഇവൻ നിനക്ക് വലിയ എന്തോ ഭാഗ്യം കൊണ്ടുവരുമെന്ന്..

പക്ഷെ, അന്നൊന്നും ഒരു ഭാഗ്യോം അവരെ തേടി വന്നില്ല. ആ അമ്മയുടെയും മകന്റെയും ജീവിതം കൂടുതൽ ദുരിത പൂർണമായി തുടരുകയാണുണ്ടായത്.

ആറ്റിൽ പരലുകൾ പുളയ്ക്കുന്നത് പോലെ നീങ്ങുന്ന കാലത്തിന്റെ വികൃതമായ ഏതോ ഒരു ദിവസത്തിൽ ഒരു സിദ്ധൻ അവരുടെ നാട്ടിൽ എത്തി.

ആളുകൾ അദ്ദേഹത്തിൽ നിന്ന് അനുഗ്രഹം പാഴ്‍സൽ വാങ്ങാനായി ക്യൂ നിന്നു. ആ അനുഗ്രഹങ്ങൾ പ്രസാദമായി അവർക്ക് അവിടെ നിന്ന് ലഭിച്ചു പോന്നു. അവലോസുണ്ടയായിരുന്നു ആ പ്രസാദം. വലിയ വില കൊടുത്ത്, ചാക്ക് കെട്ടിലായി അവലോസുണ്ട വാങ്ങി ചിലർ വീട്ടിൽ പൂഴ്ത്തി വച്ചു. ആ പൂഴ്ത്തിവെപ്പ് കാരണം അവലോസുണ്ട എല്ലാ വിശ്വാസികൾക്കും ലഭിക്കാതെ വന്നു. തുടർന്ന് നാട്ടിലെ വിശ്വാസികൾ നീതിക്ക് വേണ്ടി പ്രക്ഷോഭങ്ങൾ നടത്തി. ജനജീവിതം അങ്ങനെ സ്തംഭിക്കപ്പെട്ടു.

പ്രശ്ന പരിഹാരത്തിനായി രാഷ്ട്രീയ നേതാക്കളും പോലീസ് മേധാവികളും സിദ്ധനുമായി പല ചർച്ചകളും നടത്തി. ചർച്ചകൾ മുഴുവനും തീരുമാനമാകാതെ അലസി പിരിഞ്ഞു.

ഒരു ദിവസം സിദ്ധൻ പൊടുന്നനെ ഒരു പ്രഖ്യാപനവുമായി വന്നു.

“എന്റെ വിശ്വാസികളായ മക്കളെ, ഇനി മുതൽ എന്നെ നേരിൽ കാണുന്നവർക്കെ ഞാൻ പ്രസാദം തരൂ. അതും വായിൽ കൊടുക്കും.”

എല്ലാവർക്കും സന്തോഷമായി. പ്രക്ഷോഭകാരികൾ ഇത് തങ്ങളുടെ മാത്രം വിജയമായി കണ്ട് അഭിമാനിച്ചു. അതിനിടയിൽ എപ്പോഴോ സിദ്ധനെ നേരിട്ട് കണ്ട് അനുഗ്രഹവും പ്രസാദവും വാങ്ങാനുള്ള ഫീസ് പത്തിരട്ടിയാക്കിയിരുന്നു. അതിൽ പക്ഷെ, പ്രതികരിക്കാൻ ആരും തയ്യാറായില്ല.

ഇല്ലാത്ത പൈസ ഉണ്ടാക്കികൊണ്ട് ആ അമ്മ സുമുഖനെ സിദ്ധന്റെ മുന്നിൽ ഒരു ദിവസം എത്തിച്ചു.

മുന്നിലുള്ളതിനെ നന്നായി കേൾക്കുകയും, ചുറ്റുമുള്ളതിനെ നന്നായി കാണുകയും ചെയ്യുന്ന ആ രൂപം സിദ്ധനിൽ അത്ഭുതമുളവാക്കി.

സുമുഖൻ ദൈവത്തിന്റെ പ്രതിരൂപമായി സിദ്ധനാൽ പ്രഖ്യാപിക്കപ്പെട്ടു.

നൂറ് ദിവസം നീണ്ട പൂജകൾക്കും ശേഷം കന്നി മാസത്തിലെ പൂയം നക്ഷത്രത്തിൽ സിദ്ധന്റെ മുറിയുടെ അടുത്തുള്ള ഒരു എ.സിയില്ലാത്ത മുറിയിൽ സുമുഖനെ പ്രതിഷ്ഠിച്ചു. മാസത്തിൽ ഒരിക്കൽ സുമുഖന്റെ ചെവി കിള്ളുന്നത് അവിടുത്തെ പ്രധാന ആഘോഷപരിപാടി ആയി തീർന്നു. ആ ചെവികളിലെ ചെളിയുടെ ഔഷധഗുണം പഠിക്കാൻ ഒരു വിദഗ്ധസമിതിയെ സർക്കാർ തന്നെ നിയോഗിച്ചു. പിന്നെ, സുമുഖന് ഏറ്റവും പ്രിയപ്പെട്ട പാവയ്ക്ക കൊണ്ടാട്ടവും ചേനമെഴുക്കുപ്പെരട്ടിയും സുമുഖോക്തന്മാരുടെ പ്രാധാന വഴിപാടായി തീർന്നു. മുന്നും പിന്നും നോക്കാത്ത സുമുഖന്റെ സന്നിധിയിൽ പ്രസാദം ലഭിക്കുന്നതിനായി രണ്ട് ക്യൂ ഉണ്ടായിവന്നു. മുന്നിലൂടെ കയറുന്നതിനെക്കാൾ എല്ലാവരും ഇഷ്ടപ്പെട്ടത് പിന്നിലൂടെ കയറുന്നത് ആയിരുന്നു. അങ്ങനെ എല്ലാവരും പിൻവാതിലിലൂടെ മാത്രം വരാൻ തുടങ്ങി.

പുതിയതായി സിദ്ധന്റെ അനുഭാവികൾ ഒരു പാർട്ടി ഉണ്ടാക്കി. ആ പാർട്ടിയുടെ ചിഹ്നം പോലും ഒരു ചേനയും മൂർച്ചയിലാത്ത ഒരു വാക്കത്തിയുമായിരുന്നു.

ആ കാലത്ത് നാട്ടിൽ ചേനയുടെ വില കുതിച്ചുയർന്നു. നാട്ടിലേക്ക് ചേനയുടെ ഇറക്കുമതി കൂട്ടേണ്ടിവന്നതോടെ സാമ്പത്തിക ശാസ്ത്രജ്ഞർ അപകടം മണത്തു. അവർ ഭരണാധികാരികൾക്ക് മുന്നറിയിപ്പ് നൽകി. ഭരണാധികാരികൾ അവരുടെ ഒരു പഴകിയ നേതാവിന്റെ പേരിൽ ഒരു പദ്ധതി ആവിഷ്കരിച്ചു.

‘ആനപ്പിണ്ടം കറിയാച്ചൻ ചൊറിയൻച്ചേന സംയോജന യോജന’

ആ പേര് ജനങ്ങൾക്ക് എല്ലാവർക്കും പെരുത്ത് ഇഷ്ടായി. അങ്ങനെ റബ്ബറും ഏലവുമൊക്കെ വെട്ടി മാറ്റി, നാട്ടുകാർ എല്ലാവരും ചേന കൃഷി തുടങ്ങി. പക്ഷെ, ചേനയുടെ വില എന്നിട്ടും കുറഞ്ഞില്ല. തുടർന്ന്, ചേന മുറിച്ച് കൈ ചൊറിഞ്ഞു കഷ്ടപ്പെടുന്നവർക്ക് വില നിയന്ത്രിക്കാനുള്ള അധികാരം ഗവണ്മെന്റ് കൊടുക്കുന്നു. ദിവസേന ജനങ്ങൾ ഉറങ്ങുന്ന സമയം, ചേനയുടെ വിലകൂട്ടി അവർ ജനങ്ങളെ ദശാംശം പഠിപ്പിച്ചു.

കാലം പഴയതിനെക്കാൾ പതിയെ നീങ്ങി തുടങ്ങി. തന്നെക്കാൾ പ്രസിദ്ധി സുമുഖന് കിട്ടുന്നു എന്ന് തിരിച്ചറിഞ്ഞ സിദ്ധൻ അതിൽ അസൂയ പൂണ്ടു. തനിക്ക് ഒറ്റയ്ക്ക് ചെയ്യാമെന്ന ഒരു കാര്യത്തിൽ സിദ്ധന് ഒരു ഷെയർ കൊടുക്കേണ്ട കാര്യമില്ലെന്ന് സുമുഖനും തോന്നി തുടങ്ങി.

സിദ്ധനെതിരെ ലൈഗീകപീഡന ആരോപണങ്ങളുമായി ഒരു സ്ത്രീയെ ആരോ രംഗത്ത് എത്തിക്കുന്നു. സിദ്ധന്റെ വാഹനങ്ങൾക്ക് നേരെ കരികൊടി കാട്ടി സുമുഖോക്തന്മാർ പ്രകടനം നടത്തുന്നു.

കോടതിയിൽ സിദ്ധൻ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കപ്പെടുന്നു. എന്നാൽ, ലാറ്റിനിൻ നിന്ന് എന്തോ പെറുക്കി എടുത്ത് ജഡ്ജി വിധിയിൽ കലർത്തുന്നു . “Actus non facit reum nisi mens sit rea”(The Act and the Intent must concur to constitute a crime). അതിനാൽ, കോടതിയിൽ സിദ്ധന്റെ ക്രിമിനൽ ഇന്റൻഷൻ പ്രൂവ് ചെയ്യുന്നതിൽ പ്രോസീക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തികൊണ്ട് ആ മഹാദേഹത്തെ കോടതി വെറുതെ വിടുന്നു.

ആർപ്പു വിളികളോടും വാദ്യഘോഷങ്ങളോടും കൂടി സിദ്ധനെ തുടർന്ന് ജനങ്ങൾ സ്വീകരിക്കുന്നു. അതിൽ മനംനൊന്ത് ആ സ്ത്രീ പല രാഷ്രീയ നേതാക്കളുടെയും അവരുടെ മക്കളുടെയും പേരിൽ തെളിവുണ്ടെന്ന് പ്രഖ്യാപിക്കുന്നു. ആ സ്ത്രീയ്ക്ക് ഒരു പ്രത്യേക പുരസ്കാരം നൽകി, ആദരിച്ച് ജനങ്ങൾ മറവിയിലേക്ക് തള്ളുന്നു.

സുമുഖൻ അരമുറി ചേന ചിഹ്നത്തിൽ ഒരു പുതിയ പാർട്ടി ഉണ്ടാക്കുന്നു. ആ മുറിചേന പിന്നീട്, സുമുഖോക്തന്മാർ തന്നെ വീണ്ടും വീണ്ടും മുറിച്ച് കാമുറി, അരക്കാമുറി പാർട്ടികൾ ഉണ്ടാക്കുന്നു. അവർക്ക് ആ കൈയുടെ ചൊറിച്ചിൽ ഒരു ശീലമായി തീരുന്നു.

കാലത്തിന്റെ കോലം കൊഞ്ഞനം കുത്തിയാടി തിമിർത്ത മറ്റൊരു കന്നി മാസത്തിൽ…

സുമുഖന്റെ സ്വഭാവത്തിലും സൗന്ദര്യത്തിലും മാത്രം മയങ്ങിയ ഒരു പെണ്കുട്ടി, സുമുഖനോട് വിവാഹാഭ്യർഥന നടത്തുന്നു. വിവാഹത്തിന് മുൻപേ, സുമുഖന്റെ തപശക്തിയാൽ ആ പെണ്കുട്ടിയിൽ ഒരു പുത്രൻ ജനിക്കുന്നു. ആ പുത്രൻ തന്നെ പോലെ അല്ലെന്ന് കണ്ട സുമുഖൻ, അവളെ ഒഴിവാക്കാൻ നോക്കുന്നു. ആ പെണ്കുട്ടി കോടതിയിൽ കേസ് കൊടുക്കുന്നു. തന്റെ കുട്ടിയുടെ പിതൃത്വം സുമുഖനിൽ ആരോപിക്കുന്നു. കോടതി സുമുഖന്റെ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടുന്നു.

ങേ..ദൈവത്തിന്റെ ഡി.എൻ.എ ടെസ്റ്റോ?…

ജനങ്ങൾ അക്രമാസക്തരായി. ആ നാട്ടിൽ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കപ്പെട്ടു. ചേന പാർട്ടിയുടെ ഭരണ നേതൃത്വം ബില്ലുകളും തീരുമാനങ്ങളും അതിനിടെയ്ക്ക് യഥേഷ്ടം നടപ്പാക്കിക്കൊണ്ടിരുന്നു. ജനനന്മക്കായി അവർ ആ അവസരം ഉപയോഗിച്ചു. അവസാനം ഡി.എൻ.എ ടെസ്റ്റ് നടത്താതെ തന്നെ സുമുഖൻ ആ കുട്ടിയുടെ അച്ഛനാണെന്ന് സമ്മതിക്കുന്നു. നാട്ടിലെ തന്നെ എല്ലാ കുട്ടികളുടെയും അച്ഛൻ, ദൈവമായ താൻ ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ആ പ്രശ്‌നവും ജനങ്ങളുടെ മറവിയിലേയ്ക്ക് തള്ളപ്പെടുന്നു.

കഥ തുടരുന്നു….


NB:

പൂർത്തിയാക്കാതെ വലിച്ചെറിഞ്ഞ ഇതുപോലെയൊരു കഥയിലെ കഥാപാത്രങ്ങളാണോ ഈ നമ്മൾ?… അന്ധേർ നഗരിയിലെ ഗോവർധനെ, ആ കഥയിൽ(നാടകം) നിന്ന് ആനന്ദ് തുറന്ന് വിട്ടത് പോലെ (ഗോവർധന്റെ യാത്രകൾ)….

ആരുടെയോ ഭാവനയിൽ നമ്മളെയും തുറന്ന് വിട്ടിരിക്കുകയാണോ?…


എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

5 replies on “സുമുഖൻ”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.