ചെങ്ങറ ഭൂസമരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
എന്റെ നാട്ടിന്ന് ഒരു നാൽപ്പത് കിലോമീറ്റർ ദൂരം പോലുമില്ല ഈ ചെങ്ങറയിലേക്ക്…
ചെങ്ങറ സമരഭൂമിയിലെ ആ മണ്ഡപത്തിൽ ബുദ്ധന്റെ ഇരുവശങ്ങളിലായി അംബേദ്കറിന്റെയും അയ്യൻകാളിയുടെയും ചിത്രങ്ങൾ നമ്മുക്ക് കാണാം. വോട്ടവകാശമോ റേഷൻകാർഡോ , അങ്ങനെ ഒരു അടയാളവുമില്ലാത്ത ഒരു വിഭാഗം ജനങ്ങൾ ഇന്നും ഇവിടെ, എന്റെ ഇത്രയും അടുത്ത്, ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആദ്യം പ്രയാസപ്പെട്ടു. ഇവിടെ ഈ ജനങ്ങൾക്ക്, ഈ സമരഭൂമി തന്നെയാണ് ജീവിതം. അന്ന് സർക്കാർ ഇവരെ ഈ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ ഒരുമ്പെട്ട് വന്നപ്പോൾ, കഴുത്തിൽ കുരുക്കിട്ട് നിന്ന ആ മനസ്സാണ് ഇന്നും അവർക്ക് കൈമുതലായി ഉള്ളത്. നാളെയെപ്പറ്റി പ്രതീക്ഷയുള്ള കുഞ്ഞുങ്ങളെ ഇവിടെ കാണാം. അവരുടെ കണ്ണുകളിലെ തിളക്കം ആരും കാണാതെ പോകരുത്.
നമ്മുടെ പൊതുസമൂഹത്തിന് ഇവരെ പരിഗണിക്കാതെ എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും.
————————————
ഏഷ്യാനെറ്റ് ന്യൂസിലെ ഈ ‘വല്ലാത്തൊരു കഥ‘ ഹോ… വല്ലാത്തൊരു പരിപാടി തന്നെയാണെ!
കഴിഞ്ഞു പോയതും, നമ്മൾ അറിയതെപോയതും മറന്നുപോയതുമായ വല്ലാത്ത പല ചിത്രങ്ങളുടെയും നേർക്കാഴ്ചയാണ് അതിൽ ബാലു രാമചന്ദ്രൻ എന്ന അവതാരകൻ നമ്മുക്ക് മുന്നിൽ വരച്ചുകാട്ടുന്നത്. ആ ‘ഭോപ്പാൽ വിഷപ്പാതിരയും’ , ‘മലബാർ കലാപവും’ കണ്ടപ്പോൾ എല്ലാത്തിനെപ്പറ്റിയും സ്വതന്ത്രമായ ഒരു നിലപാട് ഉണ്ടാക്കിയെടുക്കാൻ ഈ പ്രോഗ്രാം നല്ല രീതിയിൽ സഹായിക്കുമെന്ന് എനിക്ക് തോന്നി. നവാബ് രാജേന്ദ്രനെപ്പറ്റിയുള്ള എപ്പിസോഡും, പിന്നെ ‘നക്സൽ ഡയറി’യുമൊക്കെ കണ്ട് പാഠപുസ്തകങ്ങളിൽ നിന്നും, സാധാ വായനയിൽ നിന്നും ആർജ്ജിച്ചെടുക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ ഞാൻ മനസിലാക്കി.

‘ഭൂമിയുടെ അവകാശികൾ‘ എന്ന എപ്പിസോഡാണ് കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കാരണം, അത് എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയത് കൊണ്ട് തന്നെയാവും.

നെയ്യാറ്റിൻകരയിലെ ദാരുണമായ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് തുടങ്ങുന്ന ആ എപ്പിസോഡ്, കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണത്തിന്റെ പൊള്ളത്തരം വളരെ വ്യക്തതയോടെ തുറന്ന് കാട്ടുന്നുണ്ട്.
അതിൽ പക്ഷെ, കേരളത്തിൽ നടന്ന ഭൂസമരങ്ങളെ പറ്റിയെല്ലാം ചെറുതായൊന്ന് പറഞ്ഞു പോകുന്നതേയുള്ളൂ. പനവല്ലി മുതൽ മുത്തങ്ങ ഉൾപ്പടെ.. .. തൊവരിമല വരെയിലെ സമരം വരെ. രണ്ടായിരത്തി ഏഴിൽ നടന്ന ചെങ്ങറ ഭൂസമരത്തെപ്പറ്റിയും ചെറിയൊരു പരാമർശമേയുള്ളൂ.
അതേ…. ചെങ്ങറയിലെ ആ സമരത്തെക്കുറിച്ച് പറയാനാണ് ഞാൻ ഇത് എഴുതുന്നത്. ഇതിനെപ്പറ്റി ഞാൻ ചിന്തിച്ചത് വെറും യാദൃശ്ചികമായല്ല. കഴിഞ്ഞ ആഴ്ച്ചയാണ് ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചത്. അദ്ദേഹത്തെപ്പറ്റി കൂടൂതൽ അറിയാൻ അന്വേഷിച്ചു പോയപ്പോഴാണ്, എന്റെ നാട്ടിൽ നിന്ന് ഒരു നാൽപ്പത് കിലോമീറ്റർ പോലും ദൂരമില്ലാത്ത ചെങ്ങറയിലെ പ്രശ്‌നത്തെപ്പറ്റി ഞാൻ മനസിലാക്കുന്നത്.

ഒരു കാര്യം ഇവിടെ പറയാം. ഇൻഫർമേഷൻ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നതിൽ ആർക്കുമൊരു സംശയം ഇല്ലല്ലോ. ഹാ… എല്ലാ കാര്യങ്ങളും നമ്മുടെ വിരൽ തുമ്പിൽ ഉണ്ടെന്നാണ് നമ്മുടെയൊക്കെ ധാരണ. ആ ധാരണ തെറ്റാണെന്ന് ഞാൻ പറഞ്ഞാല്ലോ! നമ്മൾ അറിയേണ്ട, നമ്മൾ പ്രതികരിക്കേണ്ട പല കാര്യങ്ങളും നമ്മളിൽ നിന്ന് മറച്ചു പിടിച്ചിരിക്കുകയാണ്….മനപ്പൂർവം. ആരുടെയൊക്കെയോ താൽപ്പര്യത്തിന് അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ നമ്മൾ അറിയുന്നുള്ളൂ എന്നതാണ് സത്യം. പുതുതലമുറ ചെയ്യേണ്ടത് ഇതാണ്.. ആരൊക്കെയോ വിളമ്പി തരുന്നത് കേട്ട് സമയം കളയാതെ, സ്വന്തമായി കാര്യങ്ങൾ കണ്ടെത്തി, അവയെപ്പറ്റി ചിന്തിച്ച് സ്വയമൊരു ബോധ്യം ഉണ്ടാക്കാൻ ശ്രമിക്കണം.( രണ്ട് ദിവസമായി കുറെ മോനിന്റെയും സണിന്റെയും പുറകെ നടക്കുന്ന ചാനലുകളെ കണ്ട് പറഞ്ഞതല്ലാട്ടോ.😆) .
ഹാ… അറിയേണ്ട കാര്യങ്ങൾ നമ്മൾ തേടി കണ്ടുപിടിക്കണം. ആ വിചാരമാണ് ചെങ്ങറ സമരഭൂമിയിൽ എന്നെ എത്തിച്ചത്. അവിടെ സമരമണ്ഡപത്തിൽ ഒരു ബുദ്ധരൂപത്തിന്റെ ഇരുവശങ്ങളിലായി അംബേദ്കറിന്റെയും അയ്യൻകാളിയുടെയും ചിത്രങ്ങളാണ് ഞാൻ കണ്ടത്. വോട്ടവകാശമോ റേഷൻകാർഡോ, അങ്ങനെ ഒരു അടയാളവുമില്ലാത്ത ഒരു കൂട്ടം ജനങ്ങൾ ഇവിടെ ജീവിക്കുന്നത് കാണുമ്പോൾ, ഇത് ഇന്ത്യയിൽ തന്നെയാണോ എന്ന് നാം അത്ഭുതപ്പെട്ട് പോകും. നാളത്തെക്കുള്ള പ്രതീക്ഷയിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ ഇവിടെ നമുക്ക് കാണാം . അവരുടെ കണ്ണിലെ തിളക്കം ആരും കാണാതെ പോകരുത്. ഇവിടെ ഈ ജനങ്ങൾക്ക് ഈ സമരഭൂമിയാണ് ജീവിതം. അന്ന് സർക്കാർ ഈ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ വന്നപ്പോൾ, കഴുത്തിൽ കുരുക്കിട്ട് നിന്ന ആ മനസ്സാണ് ഇന്നും കൈമുതലായി അവർക്കുള്ളത്. നമ്മുടെ പൊതുസമൂഹം എത്ര നാൾ ഇവരെ കാണാതെ മുന്നോട്ട് പോകും.
കൂടുതൽ പറഞ്ഞ് എന്റെ ബോധ്യങ്ങൾ നിങ്ങളിൽ ഞാൻ കുത്തിവെയ്ക്കുന്നില്ല. ചെങ്ങറയിൽ എന്താണ് സംഭവിച്ചതെന്ന് സ്വയം കണ്ടെത്തി ബോധ്യം ഉണ്ടാക്കൂ. അതിലേക്ക് കുറച്ച് ചോദ്യങ്ങൾ ഞാൻ തരാം.

- കേരളത്തിൽ ദളിത് ആദിവാസി വിഭാഗങ്ങൾ എത്രത്തോളം പുരോഗമിച്ചിട്ടുണ്ട്? അവരുടെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്നത് എന്താണ്?
- കേരള ഭൂപരിഷ്കരണം ഒരു ബൂർഷ്വാ ഭൂപരിഷ്കരണമാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി.എം. കപിക്കാട് പറഞ്ഞത് എന്ത് കൊണ്ടാണ്? (മുകുന്ദൻ പെരുവട്ടൂരിന്റെ കേരള ഭൂപരിഷ്കരണത്തെപ്പറ്റിയുള്ള ഒരു പുസ്തകം ഞാനും തപ്പി നടക്കുവാണെ. കിട്ടിയാൽ പറയണേ. )
- ചെങ്ങറയിൽ ഏഴായിരത്തോളം കുടുംബങ്ങൾ ഭൂമി കയ്യേറി പ്രതിഷേധിക്കാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു? (ഈ സ്ഥലം പത്തനംതിട്ടയിലെ കുമ്പഴ വില്ലേജിലാണ്. പക്ഷെ, ഈ പ്രദേശം ചെങ്ങറ എസ്റ്റേറ്റിന്റെ ഭാഗമായത് കൊണ്ടാണ് സമരത്തിന് ഈ പേര് വന്നത്, കേട്ടോ?)
- സർക്കാർ അനുവദിച്ച ചെങ്ങറ പാക്കേജിലൂടെ അവർ ലക്ഷ്യം സാധിച്ചെടുത്തോ? പലരും ഇപ്പോഴും അവിടെ സമരം തുടരുന്നത് എന്തിനാണ്?
- ചെങ്ങറയിൽ ഹാരിസണ് മലയാളം ലിമിറ്റഡിന്റെ കയ്യേറ്റങ്ങളെപ്പറ്റിയുള്ള അന്നത്തെ റവന്യു സെക്രട്ടറി നിവേദിത പി ഹരന്റെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു?
- ആരുടെ നിഷ്ക്രിയ സമീപനമാണ് ഹാരിസണ് കേസിൽ കോടതിയിൽ സർക്കാരിന് വിനയായത്?
- ടാറ്റയും ഹാരിസണും അനധികൃതമായി കൈയേറിയിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിന് എന്താണ് തടസ്സമായി നിൽക്കുന്നത് ?
ഇത് ഐഡിയൊളജി ലെസ്സ് പൊളിറ്റിക്സിന്റെ കാലമാണ് എന്ന് മനസിലാക്കി തന്നെ പറയുകയാണ്. പാർശവൽക്കരിക്കപ്പെടുന്ന ജനത്തിന്റെ ഒപ്പം എക്കാലവും നിൽക്കാൻ ബാധ്യസ്ഥരായ ഒരു സർക്കാരാണ് ഇന്ന് ഈ കേരളം ഭരിക്കുന്നത്. അതുകൊണ്ടാണ് വേറെ ഏത് സർക്കാറിനെക്കാളും ഭൂപ്രശ്നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും ഈ സർക്കാരിനെ ഉറ്റുനോക്കുന്നത്. ശരിയാണ്, നല്ല തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ, ആ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ പലരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വിട്ടു വീഴ്ചകൾ ചെയ്യുന്നതിന്റെ ഫലമായി താഴെ തട്ടിലേക്ക് അതിന്റെ ഗുണങ്ങൾ എത്തുന്നില്ല. ദളിത് ആദിവാസി വിഭാഗങ്ങളെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ആരുടെ താല്പര്യമാണ്?.. ചിന്തിക്കൂ..
ഐഡന്റിറ്റി പൊളിറ്റിക്സിന്റെ ഗുണഭോക്താക്കൾക്ക് വളമിടുന്ന പ്രവൃത്തികൾ ഇനിയെങ്കിലും മാറി മാറി വരുന്ന സർക്കാരുകൾ ചെയ്യരുത്.
കേരള മോഡൽ ഡെവലപ്മെന്റ് വലിയ രീതിയിൽ കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. പക്ഷെ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുന്ന കാഴ്ച്ചയാണ് ഇവിടെ നാം കാണുന്നത്. ലൈഫ് മിഷൻ പോലുള്ള പദ്ധതികൾ ദളിത് ആദിവാസി വിഭാഗങ്ങളെ എത്രത്തോളം ശാക്തീകരിക്കുന്നുണ്ട്? അതാണോ അവരുടെ പ്രശ്നങ്ങൾക്കുള്ള ശരിയായ പ്രതിവിധി? അവർക്കും അവരുടെ മക്കൾക്കും കൃഷി ചെയ്ത്, സ്വഭാവിമാനത്തോടെ ജീവിക്കാൻ ഒരു തുണ്ട് കൃഷിഭൂമിയല്ലേ വേണ്ടത്? അവർക്ക് വേണ്ടി പണിയുന്ന പുതിയ ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ലക്ഷം വീട് കോളനികൾ പോലെ ആ പാവങ്ങളെ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുകയേയുള്ളൂ എന്ന് ഓർക്കുക.
————————–
“നമ്മുടെ രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം ഞാൻ കണ്ടു. നമ്മളാരും അങ്ങനെ ഉണ്ടെന്ന് അംഗീകരിക്കാൻ പോലും വിസമ്മതിക്കുന്ന ഒന്ന്.”
ചെങ്ങറ സമരഭൂമി സന്ദർശിച്ച വേളയിൽ, പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞ വാക്കുകളാണിത്. അതേ… നമ്മൾ നമ്മുടെ ചുറ്റിലുമുള്ള യാഥാർഥ്യങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും സമയം ആയിരിക്കുന്നു.
2 replies on “ചെങ്ങറ ഭൂസമരം”
Njangalude jillayil aane
LikeLiked by 1 person
ആഹാ.. 😊
LikeLike