ഞാൻ നാളെ സെക്കന്റ് ഡോസ് എടുക്കാൻ പോവാ..
ഇന്നലെ ഇത് പറഞ്ഞപ്പോൾ തന്നെ അങ്ങേ തലക്കേന്ന് ചോദ്യം വന്നു.
“ആഹാ.. അപ്പോൾ നാളെ മറ്റൊരു ബ്ലോഗ് പ്രതീക്ഷിക്കാല്ലോ.”
ശെടാ.. നീ കൂടി ഇങ്ങനെ പറഞ്ഞാലോ. എല്ലാത്തിനും ബ്ലോഗ് എഴുതുന്ന ഒരുത്തൻ എന്നൊരു ചീത്ത പേര് എനിക്കുണ്ട്. അത് നീയും ശരിവക്കുവാണോ ? ഇവിടെ അമ്മ ചിലപ്പോൾ എന്തേലും പറഞ്ഞിട്ട് എന്നോടത് ബ്ലോഗിലാക്കുവോന്ന് ചോദിച്ച് കളിയാക്കും.😕
ഇതൊക്കെ പോരെ ചവറുകൾ കുത്തി കുറിക്കുന്ന എന്നെ പോലെയുള്ള അവറുകൾക്ക് പ്രചോദനം നഷ്ടപ്പെടാൻ. പക്ഷെ, ഒരു കാര്യം പറയട്ടെ.. ശരിക്കിനും, എനിക്കീ പറച്ചിലുകളൊക്കെ ഒരു പ്രചോദനമായിട്ടാ തോന്നുന്നേ..😛
അതാണ്… ഇടയിരിക്കപ്പുഴ കമ്മ്യൂണിറ്റി ഹെല്ത് സെന്ററിന്റെ വാക്‌സിൻ കേന്ദ്രത്തിൽ കുത്ത് കിട്ടി, നിരീക്ഷണത്തിലിരിക്കുമ്പോൾ എന്നെ ഇത് കുത്തിക്കുറിക്കാൻ പ്രേരിപ്പിച്ചത്.
രാവിലെ വരുമ്പോൾ നല്ല തിരക്ക് കാണുമെന്ന് കരുതിയതാ. പക്ഷെ ഉണ്ടായിരുന്നില്ല. പേരും ഫോൺ നമ്പറും പറഞ്ഞ് ഉള്ളിൽ കയറി. അകത്ത് ലാപ് ടോപ്പിന് മുന്നിൽ ഇരിക്കുന്ന ആളോട് പറഞ്ഞു.. ശ്രീകാന്തൻ.. ഛെ.. ശ്രീകാന്ത്. അയാൾ ഇങ്ങോട്ട് ചോദിച്ചു ശ്രീകാന്ത് ആർ അല്ലെ?.
ങേ..! അതെങ്ങനെ? ഹാ.. ഓൺലൈനായി ബുക്ക് ചെയ്ത പേര് ഉണ്ടാകും. കുത്ത് മേടിച്ചോള്ളാൻ അനുമതി തന്നു.
ആദ്യത്തെ ഡോസ് എടുത്തപ്പോൾ ഞാനത് അറിഞ്ഞത് പോലുമില്ലായിരുന്നു. പഞ്ഞി വെക്കാൻ തന്നപ്പോഴാണ് കുത്തിയെന്ന് മനസിലായത്. പിന്നെ കൈയിൽ ഒരു കഴപ്പും വേദനയും തോന്നിയപ്പോഴാണ് കുത്ത് കിട്ടി എന്ന് എനിക്ക് വിശ്വാസം വന്നത് തന്നെ.
അത് കൊണ്ട് ഇപ്രാവശ്യം ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. സൂചി ഇറങ്ങുന്നത് അനുഭവപ്പെട്ടു. ഹാ…
വെറുതെ ചിന്തിച്ചു… ബന്ധങ്ങൾ ഈ സൂചി പോലെയാണ്. കുത്തുന്ന ആ സമയം നമ്മൾ അറിയും. പക്ഷെ ആഴത്തിലേക്ക് ഇറങ്ങുന്നത് നമ്മൾ അറിയാതെ പോകും. ആഴത്തിൽ വിതക്കുന്നത് എന്താന്നും നമ്മൾ അറിയില്ല. പിന്നെ അത് കഴിഞ്ഞിട്ടുള്ള നൊമ്പരവും, പിറകെ വരുന്ന ആ പനിയും… ആ ചൂട് അനുഭവിച്ചേ അറിയൂ.
ശെടാ.. എനിക്കിപ്പോൾ ചെറിയൊരു ചൂട് അനുഭവപ്പെടുന്നുണ്ടോ?
ആ നിരീക്ഷണത്തീന്ന് ആരുടെയോ കണ്ണ് വെട്ടിച്ചിറങ്ങുമ്പോൾ, പോക്കറ്റിൽ അവിടുന്ന് തന്ന പാരസെറ്റ’മോള്‘ ഉണ്ടോന്ന് ഒന്നൂടെ ഞാൻ നോക്കി ഉറപ്പ് വരുത്തി.
NB : മോളെ ഞാൻ കുറ്റം പറയല്ല. എന്നാലും പറയാ. കഴിഞ്ഞ പ്രാവിശ്യം ഡോളോമോൻ വേണ്ടിവന്നു കാര്യം വെടിപ്പാക്കാൻ.😲