വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഊഞ്ഞാൽ – ഓണം സ്‌പെഷ്യൽ

“പൊന്നുമണി ഊഞ്ഞാലീന്ന് വീണപ്പോ, അച്ഛൻ ആശാരിയെ വിളിപ്പിച്ച്, അന്ന് ഉണ്ടാക്കിച്ചതാ… ഈ ഊഞ്ഞാൽ തടി.”

അച്ഛമ്മ മോഹനൻ ചേട്ടനോട് ഇതിപ്പോ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് പറയുന്നത്. പ്രായം തൊണ്ണൂറ് അടുത്തതിന്റെ ക്ഷീണമുണ്ട് അച്ഛമ്മയ്ക്ക്. പക്ഷെ ഓർമ്മയ്ക്ക് ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ തന്നേം പിന്നേം പറയുന്ന ഒരു സ്വഭാവം തുടങ്ങിയത് തന്നെ ഈ അടുത്ത കാലത്താണ്. അച്ഛമ്മയുടെ സഹോദരനായിരുന്നു പൊന്നുമണി. അച്ഛമ്മ തുടർന്ന് പറഞ്ഞു.

“ഹാ.. ഞങ്ങൾ ആറ് പേരായിരുന്നു. ഇപ്പൊ രണ്ട് പേരെ ഉള്ളൂ. ഞാനും പൊന്നപ്പനും…. കണ്ടിട്ട് ഒരുപാട് നാളായി.”

അച്ഛമ്മ നെടുവീർപ്പിട്ടു.

ഞങ്ങളുടെ പറമ്പിൽ പണ്ട് പണിയ്ക്ക് വന്നിരുന്നയാളാണ് മോഹനൻ ചേട്ടൻ. ഓണമൊക്കെയായിട്ട് വീട്ടിലെ എല്ലാവരെയും ഒന്ന് കാണാനായി മോഹനൻ ചേട്ടൻ രാവിലെ വന്നപ്പോഴാണ് ഈ സംസാരം ഉണ്ടായത്.

അതിലേയ്ക്ക് വഴിവെച്ച സംഭവം ഇതായിരുന്നു. ഞങ്ങടെ അച്ചാച്ചി മുറ്റത്തെ പുളിമരത്തിൽ ഊഞ്ഞാല് കെട്ടാൻ തീരുമാനിച്ചത് അന്നേ ദിവസം തന്നെയായിരുന്നു. മരത്തിൽ കയറാതെ തന്നെ, കയറിൽ കെട്ട് ഉണ്ടാക്കി, ശിഖരത്തിലേക്ക് എറിഞ്ഞ്, ഊഞ്ഞാല് കെട്ടുന്ന രീതിയാണ് അച്ചാച്ചി എല്ലാ വർഷവും ചെയ്തിരുന്നത്. ഇന്നിപ്പോൾ മോഹനൻ ചേട്ടൻ ഉണ്ടല്ലോ. മരത്തിൽ കയറി തന്നെ മോഹനൻ ചേട്ടൻ ഊഞ്ഞാല് കെട്ടിത്തന്നു.

വീടിന്റെ മുറ്റത്തു ഊഞ്ഞാല് കെട്ടാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചു വർഷമേ ആയിട്ടുള്ളൂ. അതിന് മുൻപ്‌ ഞങ്ങൾ (എന്റെ ചേച്ചിയും ഞാനും) ചെറുതായിരുന്നപ്പോൾ, വീടിന് വടക്കുവശത്തായി നിൽക്കുന്ന ഒരു കശുമാവിലാണ് ഊഞ്ഞാല് കെട്ടിയിരുന്നത്… എല്ലാ തവണയും ഓണത്തിന്.

അന്നൊക്കെ ഞങ്ങൾ അച്ചാച്ചി ജോലി ചെയ്തിരുന്ന സ്ഥലത്ത് കൂടെ താമസിക്കുകയായിരുന്നു. ഓണാവധി പോലുള്ള സമയങ്ങളിൽ മാത്രമാണ് ഇവിടെ വീട്ടിൽ കുറച്ച് ദിവസം വന്ന്‌ നിന്നിരുന്നത്.

ഞങ്ങൾക്ക് വലിയൊരു ആഘോഷം തന്നെയായിരുന്നത്….. നാട്ടിൽ അവധിയ്ക്ക് വന്നിരുന്ന ആ സമയം.

വീടിന് അടുത്തുള്ള ഞങ്ങളെ പോലുള്ള എല്ലാ കാക്കിരിപ്പീക്കിരികളും ആ കശുമാവിന്റെ ചുവട്ടിൽ എപ്പോഴും കാണും. എല്ലാവരും അവരവരുടെ അവസരത്തിനായി കാത്തു നിൽക്കും. ഞങ്ങളുടെ പറമ്പാണെന്ന പേരിൽ അന്ന് ഞങ്ങൾക്ക് ഒരു പരിഗണന ലഭിച്ചതായി പോലും ഓർക്കുന്നില്ല. എല്ലാവരും ആ ഊഞ്ഞാലിന്റെ മുൻപിൽ ഒരേപോലെയായിരുന്നു.

ഓരോരുത്തരായിരുന്നാടിയും….. ഊഞ്ഞാലിൽ നിന്നുകൊണ്ട് ആയമെടുത്താടിയും…. രണ്ട് പേര് കൂടി പെട്ടയാടിയും… അങ്ങനെ പല പല അഭ്യാസങ്ങൾ…

അന്നൊക്കെ വീടിനടുത്തുള്ള എല്ലാ കുട്ടികളുടെയും ഓണം ആ ഊഞ്ഞാലിന് ചുറ്റുമായിരുന്നു.

ഇന്ന് ആ കുട്ടികൾ എല്ലാം വളർന്നു. പലർക്കും സ്വന്തമായി കുട്ടികൾ വരെയായി😊. എന്റെ ചേച്ചിയുടെ മോൻ ശബരിയ്ക്ക് വേണ്ടിയാണ് ഇന്ന് വീടിന്റെ മുറ്റത്തെ പുളി മരത്തിൽ ഊഞ്ഞാല് കെട്ടിയത്. (ശബരി ഒറ്റയ്ക്കിരുന്ന് ഊഞ്ഞാലാടാൻ ആയിട്ടില്ല. അതുകൊണ്ട് അവന്റെ മാമന് ആ പേരും പറഞ്ഞ് അവനെ മടിയിലിരുത്തി ഊഞ്ഞാലാട്ടാ(ടാ)ൻ അവസരം ഉണ്ടായിരിക്കുന്നു.☺️)

മുറ്റത്തെ അരമതിലേൽ ഇരുന്നും കൊണ്ട് അമ്പോറ്റിയച്ഛൻ(അച്ഛച്ഛൻ) മോഹനൻ ചേട്ടനോട് പറഞ്ഞു.

“ഈ ഊഞ്ഞാല് തടി തേക്കിന്റെയാ, ഒരു എണ്പത് എണ്പത്തഞ്ചു വർഷത്തെ പഴക്കം കാണും.”

വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്ന അച്ഛമ്മ ഒരിക്കൽ കൂടി പറഞ്ഞു.

“ഞങ്ങടെ പൊന്നുമണി ഊഞ്ഞാലീന്ന് വീണപ്പോ, അച്ഛൻ ഒരു ആശാരിയെ വരുത്തി ഉണ്ടാക്കിച്ചതാ. ഈ തടി..”


💐💐💐💐💐💐💐💐💐💐💐💐

സൂക്ഷിച്ച് നോക്കണ്ടാ ഉണ്ണിയേ.. എന്റെ പൂക്കളം തന്നെയാ.. ഫുള്ളി ഹോം മെയ്ഡ്..👍

കണ്ടില്ലേ? മറ്റൊരു പൂക്കളത്തിലും കാണാത്ത മത്തയുടെ പൂക്കൾ വരെയുണ്ടതിൽ.😎

💐💐💐💐💐💐💐💐💐💐💐💐💐


ഓണം ഒരു സാധാരണ ആഘോഷമല്ല. മധുരമുള്ള ഓർമ്മകളുടെ വലിയൊരു ആഘോഷമാണ്.

ഓണമെന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ വിരിയുന്ന പൂക്കൾക്ക് എന്ത് മണമാണ്…ഹോ..

ഓണമെന്ന് കേൾക്കുമ്പോൾ നമ്മുടെ നാവിൽ ഉണരുന്ന രുചികൾ.. ഉപ്പേരിയുടെയും ശർക്കര വരട്ടിയുടെയും… ഒരിക്കലും ഇല്ലാതാകില്ല… ഹോ.. ആ ഓണസദ്യ..

ഓണമെന്ന് കേൾക്കുമ്പോൾ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന മുഖങ്ങൾ… ഒരുപാട് സൗഹൃദങ്ങൾ…

അമ്മയുടെ ചിരി…

ഓണക്കോടി…

വീട്ടിലെ ഒത്തു ചേരലുകൾ.. സന്തോഷങ്ങളെ പതിൻ മടങ്ങാക്കുന്ന നിമിഷങ്ങൾ..

അങ്ങനെ അങ്ങനെ അങ്ങനെ….

ഓണമെന്ന അനുഭവത്തിന്റെ (ഈ അനുഭവങ്ങളുടെ) ആവർത്തനമാണ് നമ്മൾ എല്ലാവരെയും ഈ മലയാള മണ്ണിനോട് എന്നെന്നും ചേർത്ത് നിർത്തുന്നത്.

🌼🏵️🌾🌷💮🌸🥀🌹🌻🌼🌷🌾


എല്ലാവർക്കും സന്തോഷത്തിന്റെയും നിസ്വാർഥമായ സ്നേഹത്തിന്റെയും ഒരുപാട് നല്ല അനുഭവങ്ങളുടെയും ഒരു ഓണം ആശംസിക്കുന്നു…👍


🌼🏵️🌾🌷💮🌸🥀🌹🌻🌼🌷🌾എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

10 replies on “ഊഞ്ഞാൽ – ഓണം സ്‌പെഷ്യൽ”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.