“താക്കോലെടുക്കാൻ അരുണോദയത്തിൽ…”
രോഹിത് ജി എന്നോട് ചോദിച്ചു.
“കാന്തൻ ജി, ശരിക്കും അതങ്ങനെ അല്ലലോ.. താക്കോൽ കൊടുക്കാതെ.. എന്നല്ലേ?”
ബൈക്കിന്റെ പുറകിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു.
“അതാണ് കറക്ട്. പക്ഷെ നമ്മടെ ഈ അവസ്ഥ വച്ച് പാടിയതാ..”
(ആ അവസ്ഥ ഉരുത്തിരിഞ്ഞ വഴി…)
വലിയ ഹൈപ്പ് ഒക്കെ ഉണ്ടാക്കിയ, വരുമെന്ന് പറഞ്ഞു പറ്റിച്ച, ആ ബുറൈവി ചീറ്റിപോയെന്ന് ആരോ പറയുന്നു…
ശൂ..ശൂ…. ശൂ…
എന്തായാലും ഐ.എം.ഡി. ടെ മാനം രക്ഷിക്കാൻ തലേന്ന് രാത്രി, ഒരു നല്ല മഴ പെയ്തിരുന്നു.
ആ മഴയിൽ കുളിച്ച് ഞങ്ങടെ റൂമിലേയ്ക്ക് കയറി വന്ന രോഹിത് ജി, ഇട്ടിരുന്ന ജീൻസ് മുതൽ പേഴ്സിലിരുന്ന നോട്ടുകൾ വരെ ഉണക്കാൻ ഇടുന്നത് അനൂപ് ജിയും ഞാനും ശ്രദ്ധിച്ചതായിരുന്നു.
പക്ഷെ, പിറ്റേന്ന് രാവിലെയാണ് രോഹിത് ജി ഞങ്ങളോട് ആ വാർത്ത പറയുന്നത്.
ഇന്നലെ ബൈക്കിന്റെ കീ എവിടെയോ നഷ്ടപ്പെട്ടെന്ന്.
പോയ വഴിയിൽ എവിടൊ ആകാനാണ് സാധ്യത. ജി യ്ക്ക് അത് അത്ര ഉറപ്പില്ല. വണ്ടി ഓഫ് ആകാത്തത്ത് കൊണ്ട് ഇവിടം വരെ രാത്രി തിരിച്ചെത്തി.
ഇത് കേട്ട ഞങ്ങൾ പിന്നെ ഒന്നും ചിന്തിച്ചില്ല. അതിരാവിലെ തന്നെ..( ഒരു ആറ് മണി കഴിഞ്ഞു കേട്ടോ..😉)
തപ്പാൻ ഇറങ്ങി.
മൂന്ന് ഹെല്മെറ്റുംകൊണ്ട്, രണ്ട് ബൈക്കിലായി ഞങ്ങൾ…
അനൂപ് ജി, രോഹിത് ജി, ഞാൻ ജി..
ഓപ്പറേഷൻ കീ കീ..
(മൂന്ന് പേരായി പോയാൽ മുങ്ങി പോകുമെന്നല്ലേ? 😁.. കുട്ടൻ ജിയെ കൂടി വിളിക്കണോ? ഏയ്..വേണ്ട.. ഓടാൻ പോയി വന്ന്, പാവം ക്ഷീണിച്ച് ഇരിക്കാവും.)
ചാറ്റൽ മഴ ഞങ്ങൾക്ക് ഒരു തടസ്സമായിരുന്നില്ല.
രോഹിത് ജി റൂട്ട് മാപ്പ് പറഞ്ഞു.
പേട്ടയിലോട്ടുള്ള വഴി…
പള്ളിമുക്കിലെ പോലീസ് സ്റ്റേഷന്റെ ഓപ്പോസിറ്റ് ഉള്ള ഒരു കടത്തിണ്ണയിലാണ് മഴ പെയ്തപ്പോൾ രോഹിത് ജി കയറി നിന്നതെന്ന്.
അവിടെ എത്തിയ ഞങ്ങളോട് രോഹിത് ജി കഥ വിശദീകരിച്ചു.
മഴ തോർന്നപ്പോൾ അവിടെ നിന്നാണ് ബൈക്ക് എടുത്ത് യാത്ര തുടർന്നത്. ബൈക്ക് എടുക്കുമ്പോൾ തീർച്ചയായും കീ അതിൽ ഉണ്ടോന്ന് നോക്കി കാണും. ഈ അനുമാനത്തിലാണ് ഞങ്ങൾ തപ്പൽ അവിടെ നിന്ന് തുടങ്ങാൻ തീരുമാനിക്കുന്നത്.
കുറെ ദൂരം ബൈക്കിലും പിന്നെ കുറച്ച് ദൂരം നടന്നും….. മഴ പെയ്ത് അളിപിളിയായ് കിടക്കുന്ന ആ വഴികളിൽ താക്കോൽ കണ്ടുപിടിക്കാമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.
രോഹിത് ജിയോട് പറഞ്ഞു.
“ഹാ ഇനിയെങ്ങാനും താക്കോൽ കിട്ടിയാൽ ഉടനെ പോയൊരു ലോട്ടറി ടിക്കറ്റ് എടുക്കണെ.”
റോഡിൽ കിടന്നൊരു കീ കിട്ടിയാൽ, അടുത്തുള്ള കടയിൽ ഏല്പിക്കാനല്ലേ കൂടുതൽ സാധ്യത? – അനൂപ് ജിയുടെ ഐഡിയ.
ദോ, ആ ചായക്കടയിൽ തന്നെ ആദ്യം പോയി ചോദിക്കാം.
“ചേട്ടാ, ഒരു ബൈക്കിന്റെ കീ….”
മുഴുവൻ പറയാൻ പോലും അനുവദിക്കാതെ ആ ചായക്കടക്കാരൻ ചില്ലലമാരിയുടെ മുകളിൽ തപ്പുന്നു. ഇതാണോ എന്ന് ചോദിച്ചുകൊണ്ട്…
ഹുറെയ്… ഞങ്ങൾ അത്ഭുതപ്പെട്ടു.
പക്ഷെ ചായകടക്കാരൻ എടുത്ത കീ വേറെ ഏതോ ഒരെണമായിരുന്നു.
“ഛെ..”
ഞങ്ങൾ അന്വേഷണം തുടർന്നു.
അതിനിടയിൽ ഒരു കടയിൽ നിന്ന് അനൂപ് ജിയ്ക്ക് ഏതോ ഒരാളുടെ അനിയനാണോ എന്ന് ചോദിച്ചുകൊണ്ട് ഒരു വീടിന്റെ കീ ഒക്കെ കിട്ടി.😄
ഈ ഓട്ടോക്കാരോട് ചോദിക്കാം. അതൊരു നല്ല ഐഡിയയായി തോന്നി.
ആ ഓട്ടോ സ്റ്റാൻഡിൽ തൂക്കിയിട്ടിരുന്ന ഒരു കലത്തിൽ നിന്ന് കുറെ പഴയ കീകൾ എടുത്ത് തന്ന് അതിൽ ഏതെലുമാണോന്ന് ചോദിക്കുന്നു.
ഫ്ർ.. ഫ്ർ… ജാംബവാന്റെ കാലത്ത് നഷ്ടപ്പെട്ട ഏതോ കീ ഒക്കെയാണ്.
അവരോട് പറഞ്ഞു.
“ഇന്നലെ നഷ്ടപ്പെട്ടതാണ് ചേട്ടാ..”😢
വീണ്ടും തുടരുന്നു.
അതിനിടയിൽ രോഹിത് ജി ചോദിച്ചു.
“കാന്തൻ ജി, ആ പോസ്റ്ററിൽ കാണുന്ന ആളെ എവിടെയോ കണ്ട പോലെ… എവിടെ ആണെന്ന്, പക്ഷെ ഓർമ്മ കിട്ടുന്നില്ല.”
പഞ്ചായത്ത് ഇലക്ഷന്റെ ഭാഗമായി ചുവരുകളിലുള്ള ആ ഒരു പോസ്റ്റർ ഞാനും കുറച്ച് നേരം നോക്കി നിന്നു.
“ശരിയാ.. അങ്ങനെ പറഞ്ഞപ്പോൾ എനിക്കും എവിടെയോ കണ്ടപോലെ തോന്നുന്നു.”
ഞങ്ങൾ വീണ്ടും പരിപാടി തുടരുന്നു.. യോ ..തപ്പൽ..
“കിട്ടി…കിട്ടി..” ജി പറഞ്ഞു.
“എവിടെ.. കീ എവിടെ..?”
“അതല്ല.. പോസ്റ്ററിൽ ഇരിക്കുന്ന ആളെ മനസ്സിലായി.. അതാ..”
ശെടാ.. ഒരു കാര്യമായ കാര്യം ചെയ്യുമ്പോഴാണോ? ഞാൻ ജിയോട് ചോദിച്ചു.
“ഒരു ക്ലൂ തരാമോ? എനിക്ക് പരിചയമുണ്ടാകാൻ സാധ്യതയുണ്ടോ….?”😜
ഞങ്ങൾ പരിപാടി പുനരാരംഭിച്ചു..
യോ.. തപ്പൽ… താക്കോൽ തപ്പൽ…
അവിടെ കുറെ സ്ഥലത്തു ചപ്പ് കൂടിയിട്ടിരിക്കുന്നതായി കണ്ടു.
യെസ്..സ്വീപ്പർമാർ… അവരോട് ചോദിക്കാം..
അതും ഒരു നല്ല ഐഡിയയായി തോന്നി.
ഒരു സ്വീപ്പർ ചേച്ചിയെ കണ്ട് പിടിച്ചു.
“അങ്ങനെ എന്തേലും കണ്ടാൽ ഞങ്ങൾ അതെടുത്ത് അടുത്തുള്ള കടെൽ കൊടുക്കാറാ പതിവ്. പക്ഷെ, ഇതുവരെ താക്കോലൊന്നും കിട്ടിയില്ല.”
ഛെ… ആ പ്രതീക്ഷയും പോയി.
ഇനി ഞങ്ങളുടെ തുടക്കത്തിലുള്ള അനുമാനം തന്നെ തെറ്റായിരുന്നോ?
“അങ്ങനെയാണെങ്കിൽ നമ്മുക്ക് ഉണ്ണിചേട്ടന്റെ കടയുടെ മുന്നിലെ ഗട്ടറ് മുതൽ നോക്കി തുടങ്ങണം.”
രോഹിത് ജി പറഞ്ഞു.
“നമ്മുക്ക് ബൈക്കിൽ ഇരുന്ന് തപ്പിയ സ്ഥലം കൂടി കുറച്ചു നടന്ന് നോക്കാം..”
പ്രതീക്ഷ നഷ്ടപ്പെട്ടെങ്കിലും ഞങ്ങൾ അതിന് തയ്യാറായിരുന്നു. കുറച്ച് സമയം കൂടി നീട്ടിയാൽ നേരെ ചെന്ന് അഞ്ജലി ചേച്ചീടെ അടുത്ത് ചെന്ന് ബ്രേക്ഫാസ്റ്റ് കഴിക്കാമെന്നുള്ള ചിന്ത മാത്രം ഇപ്പോൾ മനസ്സിൽ.
ഞങ്ങൾ പോസ്റ്റർ നോക്കി, ആർക്ക് കള്ള വോട്ടു ചെയ്യും എന്നാലോചിച്ചു നിന്നു. ആ അമ്പലത്തിനടുത്തുള്ള ആലിന്റെ ചുവട്ടിൽ.
ഞാൻ അമ്പലത്തിന് ഉള്ളിലേയ്ക്ക് നോക്കി ചിന്തിച്ചു. സ്ഥലത്തിന്റെ പേര് പള്ളിമുക്ക്.. ശെടാ.. അതെങ്ങനെ ശരിയാകും🤔..
രോഹിത് ജി പറഞ്ഞു.
“കിട്ടി കിട്ടി…”
“ആർക്ക് വോട്ടു ചെയ്യണമെന്നല്ലേ?”
“ആ ഉണ്ടക്കണ്ണ് മിഴിച്ചു നോക്ക്..കാന്താ.. അങ്ങോട്ട്..ദേ അങ്ങോട്ട് ”
ഞാൻ നോക്കി. അതാ.. റോഡിന്റെ സൈഡിലായി മണ്ണിൽ പൊതിഞ്ഞ എന്തോ ഒന്ന് കിടന്ന് തിളങ്ങുന്നു.
അനൂപ് നടന്ന് ചെന്ന് അതെടുത്തു.
യെസ്… ഓപ്പറേഷൻ സക്സസ്..
“അനൂപ് ജി എന്താ ഇത്ര വൈകുന്നേ?”
ഞാനും രോഹിത് ജിയും ആ ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിച്ചിട്ട് അഞ്ജലി ചേച്ചീടെ മെസ്സിന്റെ പടിക്കൽ എത്തിയിരുന്നു. പക്ഷെ അനൂപ് ജി ഇതുവരെ എത്തിയിട്ടില്ല. … ശെടാ…
10 മിനിറ്റ് കഴിഞ്ഞു..
“കാന്തൻ ജി.. അപ്പോൾ എങ്ങനാ.. പോവല്ലേ?”
“യോ.. യോ”
അടുത്ത ഭാഗം…
ഓപ്പറേഷൻ അയനത്തുകോണം അനൂപ് ജി ജി.
NB:
* താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങും വലിയോരലാറംപൂങ്കോഴിതന് പുഷ്കലകണ്ഠനാദംകേട്ടിങ്ങുണര്ന്നേറ്റു കൃഷീവലന്മാര്‍– കുറ്റിപ്പുറം (ഗ്രാമീണകന്യക)