വിഭാഗങ്ങള്‍
കഥകൾ

ആ 50 പൈസ തുട്ട്..

അന്ന് ഭാര്യയോടൊപ്പം ബസ്സുകയറാൻ നിൽക്കുമ്പോൾ അത്യാവിശ്യം ചിലവിനു വേണ്ട പണം രമേശൻ കൈയിൽ കരുതിയിരുന്നു.

ജോലി കിട്ടിയിട്ട് കുറച്ചു നാളായെങ്കിലും പൈസ സാമ്പാദിക്കുന്ന ശീലം അവൻ തുടങ്ങിയിരുന്നില്ല….Click on the title to read more

അന്ന് ഭാര്യയോടൊപ്പം ബസ്സുകയറാൻ നിൽക്കുമ്പോൾ അത്യാവിശ്യം ചിലവിനു വേണ്ട പണം രമേശൻ കൈയിൽ കരുതിയിരുന്നു.

ജോലി കിട്ടിയിട്ട് കുറച്ചു നാളായെങ്കിലും പൈസ സാമ്പാദിക്കുന്ന ശീലം അവൻ തുടങ്ങിയിരുന്നില്ല. ജീവിത പ്രാരാബ്ദങ്ങളിൽ നിന്ന്‌ നട്ടം തിരിയുമ്പോൾ എന്ത് സമ്പാദ്യം. ഭാര്യ ഗർഭിണി ആയപ്പോഴാണ് അവൻ സമ്പാദ്യത്തിന്റെ ആവശ്യകത ആദ്യമായി തിരിച്ചറിഞ്ഞത്.

കഴിഞ്ഞ തവണ ആസ്പത്രിയിൽ പോയപ്പോൾ പൈസ അധികം ചിലവായില്ലായിരുന്നു. ഏഴോ എട്ടോ km ദൂരെ ആണെങ്കിലും നാട്ടിൽ ഇങ്ങനെ ഒരു പബ്ലിക് health centre ഉള്ളത് അവനെ പോലെയുള്ള ഒരു സാധാരണക്കാരന് വല്യ പ്രയോജനമാണ്. അത് തന്നെ ആണ് അവനെ പൈസ കടം ഒന്നും വാങ്ങാതെ തന്നെ ആസ്പത്രിയിൽ പോകാനുള്ള ധൈര്യം കൊടുത്തത്.

രമേശൻ കയ്യിലുള്ള പൈസ എണ്ണി നോക്കി . ഒരു 50 രൂപ നോട്ട്. പിന്നെ കുറച്ചു ചിലറകൾ. അതിൽ നിന്നു വണ്ടി കൂലിയായി രണ്ട് 50 പൈസ തുട്ടു അവൻ കൈയിൽ എടുത്തു പിടിച്ചു. ബാക്കി ഭദ്രമായി തിരികെ പോക്കറ്റിൽ വച്ചു.

രാവിലെ ആയതു കൊണ്ട് ബസ്സിൽ നല്ല തിരക്കായിരിക്കും. അവന്റെ ഭാനു കൊച്ചിന് (അങ്ങനെ ആണ് അവൻ അവളെ വിളിക്കാറ്) സീറ്റ് കിട്ടുമോ? അവൻ ചിന്തിച്ചു. അവിടെ നിന്നും രാവിലെ രണ്ടു ബസുകളെ ഉള്ളൂ. ഒന്നു ‘ലിങ്കൻ ട്രാവെൽസ്’. അതു രാവിലെ 8.10ന് അവരുടെ ബസ് സ്റ്റോപ്പ് കടന്നു പോകും. പിന്നെ ഉള്ളത് അവർ ഈ കാത്തു നിൽക്കുന്ന ‘സന്തോഷ്’ ബസ് ആണ്. കാനം വഴി കോട്ടയം പോകുന്നത്. ആസ്പത്രിയിൽ വല്യ തിരക്ക് ഇല്ലെങ്കിൽ ഈ സന്തോഷ് ബസ് തിരികെ വരുമ്പോൾ അതിൽ തന്നെ കയറി വരാം. അവൻ കണക്ക് കൂട്ടി.

ബസ്സ് വരാൻ താമസിക്കുന്നല്ലോയെന്നു അടുത്തു നിന്ന വക്കച്ചൻ ചേട്ടൻ വാച്ചു നോക്കി പറയുന്നു. Gulf കാരൻ മോൻ നാട്ടിൽ വന്നു പോയതെ ഉള്ളൂ. അതിന്റെ പത്രാസാണ് ആ വാച്ചു നോട്ടത്തിൽ കാണുന്നത്. അല്ലാതെ വണ്ടി ഒന്നും താമസിച്ചിട്ടില്ല. അവൻ അത് പറയാനായി അവന്റെ കൊച്ചിന്റെ മുഖത്തേയ്ക്ക് നോക്കി. അവൾ വക്കച്ചൻ ചേട്ടന്റെ ഭാര്യയുമായി എന്തോ സംസാരിച്ചു നിൽക്കുകയാണ്. അപ്പോഴാണ് രമേശൻ അവളെ കൂടുതൽ ശ്രദ്ധിക്കുന്നത്.

മുഖം വല്ലാതെ വാടി ഇരിക്കുന്നു. കഴിഞ്ഞ ആഴ്ച ഓഫീസിൽ അവന് നല്ല പണി ഉണ്ടായിരുന്നു. തിരികെ വീട്ടിൽ വരുമ്പോൾ കൊച്ചിനോട് നന്നായി സംസാരിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. കൊച്ചു അവനോട് പിണങ്ങുമെന്നായപ്പോഴാണ് അവൻ തിങ്കളാഴ്ച്ച ആയിട്ടു പോലും ലീവ് എടുത്തു ആസ്പത്രിയിൽ കൂടെ വരാമെന്ന് വാക്ക് കൊടുത്തത്. അവളുടെ മനസ്സ് അവൻ കണ്ടതാണ്. അവളെ care ചെയ്യുന്നുണ്ടെന്ന് ഒരു തോന്നൽ ഉണ്ടാക്കിയാൽ മതി ആ സ്നേഹസ്വരൂപത്തിന്റെ ബാറ്ററി റീചാർജ് ആകാൻ. തിരികെ വരുമ്പോൾ ശങ്കരൻച്ചേട്ടന്റെ കടയിൽ നിന്ന് അവൾക്ക് ഇഷ്ടപ്പെട്ട മസാലദോശ വാങ്ങി കൊടുക്കണം. രമേശൻ മനസ്സിൽ ഉറപ്പിച്ചു.

അപ്പോഴേക്ക് ദൂരെ നിന്ന് horn മുഴക്കി ആ ബസ്സ് അവരുടെ മുന്നിലെത്തി..അവളുടെ ഒപ്പം ഫ്രണ്ട് ഡോറിൽ കൂടെ തന്നെ ആണ് രമേശൻ ബസ്സിൽ കയറിയത്. അവന്റെ ആ കെയർ കണ്ടപ്പോൾ അവൾ അവനെ നോക്കി ഒരു കള്ള ചിരി പാസ്സാക്കി. രമേശന്റെ ഭാനുമതിയുടെ മുഖത്തെ വാട്ടമൊക്ക എത്ര പെട്ടെന്നാണ് മാഞ്ഞത്..

ബസ്സ്‌ ഇറങ്ങി ആസ്പത്രിയിലേക്ക് കുറച്ച് നടക്കാൻ ഉണ്ട് . അവൾ പണ്ട് അവനോട് പറഞ്ഞിട്ടുണ്ട് അവന്റെ കൂടെ ഒറ്റയ്ക്ക് നടക്കുമ്പോഴാണ് അവൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നതെന്ന്. എന്നാൽ അങ്ങനെ ആവട്ടെ എന്നു കരുതി ഓട്ടോ ഒന്നും വിളിക്കാതെ അവർ നടക്കാൻ തീരുമാനിച്ചു. (പൈസ കൈയിൽ കുറവാണെന്നു അവൾക്കും അറിയാമെന്നു തോന്നുന്നു.)

സാധാരണ അവർ ഒറ്റയ്ക്ക് നടക്കുമ്പോൾ അവൾ വാ അടച്ചു വയ്ക്കാറില്ല. ഇന്ന് എന്തോ വല്യ ഗാഢമായി ചിന്തിക്കുകയാണ്. രമേശൻ ആ ചിന്ത ബ്രേക്ക് ചെയ്യാനായി ചോദിച്ചു.

” എടി ഭാനുകൊച്ചേ, എന്താ നിനക്ക് ഇത്ര വല്യ ആലോചന.?”

അവൾ ഒരു ചിരിയോടെ ചോദിച്ചു.

“ഏട്ടാ, നമ്മുടെ ആദ്യത്തെ കുട്ടി ആണോ അതോ പെണ്ണോ?..ഏട്ടന്റെ ആഗ്രഹം എന്താ?”

അവൻ അതൊന്നും ചിന്തിച്ചിട്ടെ ഇല്ലായിരുന്നു. പക്ഷെ അനിയത്തിമാർ ഇല്ലാതെ വളർന്ന അവന്‌ ഒരു പെണ്കുട്ടി ആകണമെന്ന് ആയിരിക്കണമല്ലോ മനസ്സിൽ. പക്ഷെ രമേശന്റെ മറുപടി ഇതായിരുന്നു.

“കുളത്തിങ്കലമ്മ തരുന്നത് എന്താണോ അത്.. കൊച്ചേ, നമ്മൾ പ്രത്യേകിച്ചു ആഗ്രഹങ്ങൾ ഒന്നും വെക്കേണ്ട.”

അവൻ വലിയ ദൈവവിശ്വസിയോ അമ്പലത്തിൽ സ്ഥിരമായി പോകുന്നവനോ ആയിരുന്നില്ല. എന്നാലും അവൻ എന്താ ഇങ്ങനെ പറഞ്ഞേ.? അവന്റെ ഭക്തവത്സലയായ ഭാര്യയ്ക്ക് സന്തോഷം തോന്നാൻ വേണ്ടി തന്നെ ആവണം.

ഭാനുമതി അത് കേട്ട ഉടനെ തന്നെ ദേവി മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി. അവൾ അൽപ്പം ഓവർ അല്ലെ..? പക്ഷെ അവന് അവളിലെ ഈ ഭക്തിയും നിഷ്കളങ്കതയുമൊക്കയാണ് കൂടുതൽ ഇഷ്ടമായുള്ളത്.

അവർ ആസ്പത്രിയുടെ ഗേറ്റിന്‌ വെളിയിൽ എത്തി. അധികം തിരക്കില്ല. അതിന്റെ കാരണം ആലോചിച്ച് നിൽക്കുമ്പോഴാണ് കറുകച്ചാലിൽ നിന്നുള്ള ഒരു ബസ്സു വരുന്നത്. അത് late ആയിരുന്നു. അതിൽ മുഴുവൻ ആസ്പത്രിയിലേക്കുള്ള ആളുകളാണെന്നു ആരോ അടുത്തു നിന്നയാൾ പറഞ്ഞു. രമേശൻ പെട്ടെന്ന് ഓടി പോയി op ടിക്കറ്റ് എടുത്തു. ഡോക്ടർ വന്നിട്ടില്ല. എന്തായാലും തുടക്കത്തിലെ തന്നെ നമ്പർ കിട്ടി. അവൾക്ക്‌ സമാധാനം ആയി.

” ഏട്ടന് , ഉച്ചയ്ക്ക് ശേഷം ഓഫീസിൽ പോകാല്ലോ ?”

ഡോക്ടർ വന്നതും പരിശോധിച്ചതും എല്ലാം പെട്ടന്ന് ആയിരുന്നു. അവളെ ഒരിടത്തു ഇരുത്തി അവൻ മരുന്ന് വാങ്ങാൻ പോയി. ഡോക്ടർ എഴുതി തന്ന മൂന്ന് കൂട്ടം ഗുളിക ആസ്പത്രിയിൽ നിന്ന് തന്നെ കിട്ടി. പക്ഷെ ക്ഷീണം മാറ്റുവാനായി രമേശൻ ചോദിച്ച് വാങ്ങിയ ഒരു സിറപ്പ് വെളിയിലെ മെഡിക്കൽ സ്റ്റോറിൽ നിന്നെ കിട്ടുകയുള്ളൂ പോലും. ഭാനുമതിയെ അവിടെ തന്നെ ഇരുത്തി ആസ്പത്രി കോമ്പൗണ്ടിനോട് ചേർന്ന് ഇരിക്കുന്ന മെഡിക്കൽ സ്റ്റോറിൽ നിന്ന് ആ സിറപ്പ് വാങ്ങാൻ അവൻ പോയി. അവിടെ ചെന്നപ്പോൾ രമേശൻ ഒന്നു ഞെട്ടി. ആ സിറപ്പിന് 60 രൂപ. അവന്റെ കൈയിലുണ്ടായിരുന്നത് എണ്ണി നോക്കിയപ്പോൾ 60 രൂപ .. അവന്റെ പോക്കറ്റ് ഒന്നൂടെ അരിച്ച് പെറക്കിയപ്പോൾ ഒരു 50 പൈസ തുട്ടും കൂടികിട്ടി. അവൻ കൂടുതൽ ഒന്നും ചിന്തിച്ചില്ല. 60 രൂപ കൊടുത്ത് ആ സിറപ്പ് വാങ്ങി.

തിരികെ ബസ് സ്റ്റോപ്പിലേക്കു നടന്നപ്പോൾ കൊച്ചിനോട് പൈസയുടെ കാര്യം ഒന്നും പറഞ്ഞില്ല. മരുന്നുകളും ആ 50 പൈസയും അവളെ ഏല്പിച്ചിട്ട് അവൻ പറഞ്ഞു.

“എടി, നീ ‘സന്തോഷ്’ ബസ്സിൽ തന്നെ കയറി പോക്കോ. എനിക്കെന്റെ ഒരു കൂട്ടുകാരനെ കാണാനുണ്ട്. ”

അതു പറഞ്ഞതും അവളുടെ മുഖം കടന്നൽ കുത്തിയപ്പോലെ വീർത്തു. പക്ഷെ അവൾ ഒന്നും കൂടുതൽ ചോദിച്ചില്ല. അങ്ങനെ ചോദ്യം ചോദിക്കുന്നത് അവളുടെ ഏട്ടന് ഇഷ്ടമല്ല എന്നു അവൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവൾ എന്നത്തേയും പോലെ സ്വന്തം ദുഃഖം ഉള്ളിൽ പറഞ്ഞു.

“എനിക്ക് വേണ്ടി ഒരു ദിവസത്തിന്റെ പകുതിപോലും നീക്കി വയ്ക്കാൻ പറ്റാതായോ?”

ബസ്സ് വന്നു അവൾ കയറി പോകുന്നത് വരെ അവൻ ബസ് സ്റ്റോപ്പിൽ നിന്നു.

രമേശൻ നടക്കാൻ തന്നെ തീരുമാനിച്ചു. 8 km അല്ലെ.. പഞ്ചായത്തിൽ ഗ്രാമ സേവകനായി ജോലി ചെയ്യുന്ന അവന് ഇതൊന്നും ഒരു പുത്തരിയല്ല..വെറും പുട്ട്.

ഭാനുകൊച്ചു കുടയെടുക്കുന്ന കാര്യം വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പറഞ്ഞതായിരുന്നു. അവൻ തന്നെ ആണ് വേണ്ടെന്ന് പറഞ്ഞത്. ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യം ഇല്ലലോ.. രമേശൻ തന്റെ കഷണ്ടി കയറുന്ന നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ച് കൊണ്ട് ആലോചിച്ചു. നടന്നു കുറെ ദൂരം എത്തിയപ്പോഴാണ് അവന് മസാലദോശയുടെ കാര്യം ഓർമ്മ വന്നത്. അവളുടെ കൂടെ തിരിച്ചു ബസ്സിൽ കയറാത്തതിന്റെ പിണക്കം മാറ്റാൻ അതു ഉപയോഗിക്കാം..ശങ്കരൻച്ചേട്ടന് പിന്നെ ആണേലും പൈസ കൊടുത്താൽ മതിയല്ലോ..അവൻ സമാധാനിച്ചു…

ചെറിയ ചെറിയ കാര്യങ്ങളിൽ വലിയ വലിയ സന്തോഷങ്ങൾ കണ്ടെത്തുന്നതിലായിരുന്നു രമേശന്റെയും ഭാനുമതിയുടെയും ദാമ്പത്യ ജീവിതത്തിലെ വിജയം.

_________________

ഭാനുമതി വീട്ടിൽ എത്തിയിട്ട് കുറച്ചു നേരമായി. അവളുടെ ഏട്ടൻ കൂട്ടുകാരനെ കണ്ടിട്ട് അടുത്ത ബസ്സിൽ വരാനുള്ള സമയമായല്ലോ.. അവൾക്ക് വെറുതെ മനസ്സിൽ ഓരോന്ന് ആലോചിച്ചു കൂട്ടി വിഷമിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു…

__________________

രമേശൻ ഭാനുവിനായി വാങ്ങിയ ആ പൊതി മുണ്ടിന്റെ മടക്കിൽ ഒളിപ്പിച്ച് വച്ചുകൊണ്ടാണ് വീട്ടിലേക്കുള്ള ആ കയറ്റം കയറി ചെന്നത്. കാരണം അവൾ അവനെ കാത്ത് വീടിന്റെ മുറ്റത്തെ പുളിമരത്തിന്റെ ചുവട്ടിൽ ഉണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു. അവൻ ഊഹിച്ചത് പോലെ തന്നെ അവൾ അങ്ങനെ അവിടെ നിൽപ്പുണ്ടായിരുന്നു.

വിയർത്തു കുളിച്ച് കയറി ചെല്ലുന്ന അവളുടെ ഏട്ടനെ കണ്ട് അവൾ പരിഭവത്തോടെ പറഞ്ഞു.

“ഞാൻ പറഞ്ഞതല്ലാരുന്നോ കുട എടുക്കാമെന്ന്”

അവൻ പരിഭവം തീർക്കാൻ ആ സമ്മാന പൊതി പുറത്തെടുത്തു..

“ടെൻ ടേണ്ടയ് !”

അവളുടെ മുഖത്ത് അവൻ പ്രതീക്ഷിച്ച ആ ആശ്ചര്യം കണ്ടില്ലെന്നു മാത്രമല്ല..അവളുടെ ചോദ്യവും..

” അച്ഛനും അമ്മയ്ക്കും ഒന്നും വാങ്ങിയില്ലെ?”

രമേശന്റെ മുഖം മ്ലാനമായി. അതു മനസ്സിലാക്കിയെന്നോളം അവൾ പെട്ടന്ന് തന്നെ ആ പൊതി രമേശന്റെ കൈയിൽ നിന്ന് വാങ്ങി.

” ഏട്ടൻ കുളിച്ചു വന്നാൽ ഭക്ഷണം വിളമ്പി വെക്കാം.”

ഭാനുമതി വീടിന് ഉള്ളിലേക്ക് കയറി. തിരിഞ്ഞു നോക്കാതെ അവൾ ഇതും കൂടി പറഞ്ഞു.

“ഒരുപാട് നടന്നു ക്ഷീണിച്ചതല്ലേ.“…

മുറ്റത്തു പൊരി വെയിലത്തു സ്ത്രീ എന്ന ആ പ്രതിഭാസത്തെ അവൻ നോക്കി നിന്നു. അവന്റെ ദേവി അറിയാതെ ഒന്നും മനസ്സിൽ ഒളിച്ചു വയ്ക്കാൻ കഴിയില്ലെന്ന് രമേശൻ അന്ന് തിരിച്ചറിയുകയായിരുന്നു.

💐💐💐💐💐💐💐💐💐💐💐💐💐💐💐

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

One reply on “ആ 50 പൈസ തുട്ട്..”

ശ്രീകാന്ത് …. ഒരുപാട് നാളുകൾക്ക് ശേഷം പഴയ ഒരു സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമ കണ്ട സുഖം തോന്നി താങ്കളുടെ ചെറുകഥ വായിച്ചപ്പോൾ …. മനോഹരമായിറ്റുണ്ട് …..ഇനിയും ഒരു പാട് എഴുതി പ്രസിദ്ധീകരിക്കൂ …. ഇന്നു മുതൽ ഈയുള്ളവൻ താങ്കളുടെ എഴുത്തുകളുടെ വായനക്കാരനായി കൂടുന്നു…..

Liked by 1 person

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.