Be happy for this moment. This moment is your life.
ഒമർ ഖയാമിന്റെ വാക്കുകൾ ആ മതിലിൽ ആരോ ഭംഗിയായി എഴുതി വെച്ചിരിക്കുന്നു. അത് മാത്രമല്ല അഞ്ഞൂറ് മീറ്ററോളം നീളമുള്ള ഈ പാർക്കിലെ പാതയുടെ ഇരുവശത്തുമായി ഇതുപോലെ ഒരുപാട് വാചകങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷെ, സ്വപ്നയുടെ കണ്ണുകളിൽപ്പെട്ടത് ഒമർ ഖയാമിന്റെ ഈ വാചകമായിരുന്നു. സ്വപ്ന ഒന്നുകൂടി അത് വായിച്ചു. അവൾക്ക് നേരെയുള്ള പരിഹാസം പോലെ അവൾക്കത് തോന്നി. അവൾ വേദനിച്ചു.
ആ വേദന ഒരു ദേഷ്യമായി അവളിൽ അലയടിച്ചു. ഹും… മനുഷ്യന്മാരെ വേദനിപ്പിക്കാൻ ഓരോന്ന് എഴുതിക്കൊള്ളും…അവൾ മനസ്സിൽ പുലമ്പി. പൊതുസ്ഥലത്ത് അവളെ പരിഹസിച്ചതിന് അവൾക്ക് നീതി കിട്ടണം. അവൾ ചിന്തിച്ചു.
ആർക്കെതിരെ പരാതിപ്പെടും? എഴുതിയ ആൾക്കെതിരെയോ? വേണ്ട, അയാൾ വെറും ഒരു ദിവസകൂലിക്കാരനാവും. ഹാ.. ഉത്തരവിട്ട ഓഫീസർക്കെതിരെ കൊടുക്കാം. അല്ല.. നഗരത്തിന്റെ സാരഥ്യം കയ്യാളുന്ന മേയർക്കെതിരെ പരാതി കൊടുത്താല്ലോ? ഈ നഗര പ്രദേശങ്ങൾ മോടി പിടിപ്പിക്കാൻ പ്രേരിപ്പിക്കുന്ന കേന്ദ്രത്തിനെ തന്നെ പ്രതികൂട്ടിലാക്കണോ?. വേണ്ട… യഥാർത്ഥ നീതി അതല്ല. ഇതിനു പിന്നിലെ ആൾ.. അതേ സാക്ഷാൽ ഒമർ ഖയ്യാമിനെതിരെ തന്നെ പരാതി കൊടുക്കണം. സ്വപ്ന അവിടെയുള്ള ഒരു ബെഞ്ചിലിരുന്ന് ആലോചിച്ചു.
കോടതി മുറി.. ഒരു ഭാഗത്ത് വാദിയായ അവൾ. എതിർ വശം പ്രതിയായ ഒമർ ഖയാം. അത് ഒമർ ഖയ്യാം തന്നെ ആണോ? ആ മുഖം എവിടെയോ കണ്ട പോലെ. നരച്ച താടിയുമായി നിൽക്കുന്ന ആ അവശനായ വൃദ്ധൻ ഒമർ ഖയ്യാം ആണെന്ന് തന്നെ സ്വപ്നയ്ക്ക് വിശ്വസിക്കാൻ തോന്നി. അവിടെ ഉള്ള മറ്റാരെയും സ്വപ്നയ്ക്ക് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. ഖയാം സത്യ വാചകം ഏറ്റു ചൊല്ലുന്നു. വക്കീൽ പ്രതിയുടെ പേര് ഉറക്കെ പറയുന്നു. ‘ഇബ്രാഹിം അൽ ഖയാമി’. പെട്ടെന്ന് അവിടേയ്ക്ക് പൊട്ടിക്കാത്ത ഒരു പൊതി ജഡ്ജിയുടെ മുൻപിലായി സമർപ്പിക്കപ്പെടുന്നു. ആ പൊതി തുറന്ന്, അതിലെ പേപ്പറുകൾ വായിച്ചിട്ട് ഉടനെ തന്നെ ജഡ്ജി സ്വപ്നയുടെ നേരെ വിരൽ ചൂണ്ടുന്നു. എല്ലാ കണ്ണുകളും ഖയാമിൽ നിന്ന് മാറി സ്വപ്നയുടെ നേർക്ക് തിരിയുന്നു. പെട്ടെന്ന് അവിടെ താൻ പ്രതിയായി മാറിയതായി അവൾക്ക് തോന്നി. തുടർന്ന് ചോദ്യങ്ങൾ അവൾക്ക് നേരെയാണ് വന്നത്. അവൾ ചെവി പൊത്തി നിന്നെങ്കിലും, ആ ചോദ്യങ്ങൾ അവളിൽ ഇടിച്ചു കേറുന്നതായി തോന്നി.
നിനക്കെന്താ സന്തോഷിച്ചാല്? ഒന്ന് ചിരിച്ചാല്? ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്തിനാണ്? വെറുതെ ഇങ്ങനെ ദുഃഖിച്ച് നടക്കാനാണോ? സന്തോഷിക്കാനും ബാക്കിയുള്ളവർക്ക് സന്തോഷം പങ്കിടാനുമല്ലേ? അപ്പോൾ പറയ്, നിനക്കെന്താ, പിന്നെ സന്തോഷിച്ചാല്?
അവൾ ആലോചിച്ചു. സന്തോഷിക്കണമെന്നോ? ങേ.. ശരിയാണോ? അവൾ വീട്ടിലെ കാര്യങ്ങൾ ഓർത്തു. കഷ്ടപ്പാടുകൾക്കിടയിൽ അനിയനെയും അവളെയും ഒറ്റയ്‌ക്ക് വളർത്തി വലുതാക്കിയ അമ്മയ്ക്ക് ഇപ്പോൾ ഒന്നും ചെയ്യാനുള്ള ആവതില്ല. കിടപ്പിലാണ്. അവളുടെ ചുമലിലാണ് ഇപ്പോൾ കുടുംബഭാരം. അവളുടെ ഒരേയൊരു പ്രതീക്ഷയായ അനിയൻ പഠനത്തിൽ ഉഴപ്പുകയാണ്. അവന്റെ പുതിയ കൂട്ടുകെട്ടുകൾ കാണുമ്പോൾ അവൾക്ക് പേടിയാണ്, മനസ്സിൽ. മറ്റൊരു ഭാഗത്ത് എപ്പോൾ വേണമെങ്കിലും തെറിയ്ക്കാവുന്ന പരസ്യ കമ്പനിയിലെ ജോലി. ഒന്നുങ്കിൽ അവർ തന്നെ അവളെ പറഞ്ഞു വിടും. കസ്റ്റമേഴ്‌സുമായി ഇടപെടുമ്പോൾ ചിരിക്കാത്തതിന്റെ പേരിൽ. അല്ലെങ്കിൽ സുധീഷ് സാറിന്റെ അശ്ലീല ചുവയുള്ള നോട്ടത്തെ വെറുത്ത് അവൾ തന്നെ ആ ജോലി ഉപേക്ഷിക്കും. ഇതൊക്കെ ഓർത്തു വേണോ അവൾ ചിരിക്കാൻ?
ആ കോടതി മുറിയിൽ അവൾ ഒമർ ഖയ്യാമിനെ ഒന്നുകൂടി നോക്കി. താൻ ഫോട്ടോകളിൽ മാത്രം കണ്ട് പരിചയിച്ച തന്റെ അച്ഛൻ താടി വളർത്തി നിൽക്കുന്ന പോലെ അവൾക്ക് അപ്പോൾ തോന്നി. അദ്ദേഹം അവളോട് പറയുന്നുണ്ടായിരുന്നു.. മോളെ.. ചിരിക്കൂ….. അവൾ അപ്പോൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പക്ഷെ, ഒരു കണ്ണ് നീർ തുള്ളിയിലാണ് ആ ശ്രമം അവസാനിച്ചത്. കോടതി മുറിയിൽ അങ് ഇങ്ങായി ആരൊക്കെയോ ചിരിക്കുന്നുണ്ട്. ആ ചിരിയുടെ ശബ്ദം ഉയരുകയാണ്.
ചിരി കേട്ട് കണ്ണ് തുറന്നപ്പോൾ അവൾ ആ തെരുവോരത്തെ ബെഞ്ചിൽ ഇരിക്കുകയാണ്. തൊട്ടടുത്തുള്ള ബെഞ്ചിൽ ഇരുന്ന് കുറെ പയ്യന്മാർ അവളെ നോക്കി കമെന്റ് അടിക്കുന്നുണ്ടെന്ന് അവൾക്ക് മനസിലായി. സ്ഥാനം തെറ്റി കിടക്കുന്ന ഷാൾ നേരെയാക്കി, പെട്ടെന്ന് അവൾ അവിടെ നിന്ന് എഴുന്നേറ്റു.
അവളെല്ലാ ചിരികളിൽ നിന്നും മുന്നോട്ട് നടക്കാൻ ശ്രമിച്ചു….