ഗാന്ധിജി ക്രമാനുഗതമായി വളർന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു.
ദക്ഷിണാഫ്രിക്കയിൽ ഏഷ്യാക്കാരെയും നീഗ്രോസിനെയും വേറിട്ടു കണ്ട ഒരു ഗാന്ധിജിയെയല്ല പിന്നീട് അദ്ദേഹത്തിന്റെ അവസാന കാലം നമ്മുക്ക് കാണുവാൻ സാധിക്കുന്നത്. ഒരിക്കൽ വളരെ യാഥാസ്ഥികനായിരുന്ന ഗാന്ധിജി, പിന്നീട് കുറേക്കൂടി ലിബറൽ ആയിരുന്ന നെഹ്രുവിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നത് പോലും നമ്മുക്ക് കാണാം. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വിദേശശക്തികൾക്കെതിരെ പോരാടുന്നതിലും, രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിനും വേണ്ടി ഉപയോഗിച്ച ഗാന്ധിജി, സമൂഹത്തിലെ ചില യാഥാർഥ്യങ്ങളോട് തെറ്റായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന വ്യക്തിയ്ക്ക് സാധാരണ ഒരു മനുഷ്യനെക്കാൾ ആയുസ്സ് ഉണ്ടായിരുന്നെങ്കിൽ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കുറേക്കാലം കൂടി അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും അംബേദ്‌കറിന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം മനസ്സിലാക്കിയേനെ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെയെങ്കിൽ ദളിത് ആദിവാസി സമൂഹത്തിന് വേണ്ടിയുള്ള മറ്റൊരു സ്വാതന്ത്യസമരം ഗാന്ധിജി തന്നെ മുന്നിൽ നിന്ന് നയിച്ചേനെ.
അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഒരു മനുഷ്യൻ ക്രമാനുഗതമായി വളരുന്ന കാഴ്ചയാണ് ആ ജീവിതത്തിൽ നാം കണ്ടത്. നമ്മൾ ആഗ്രഹിക്കുന്ന ലോകത്തിലേക്ക് വേണ്ടി, നമ്മൾ ആദ്യം മാറുക എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാൻ അദ്ദേഹത്തിന് ധൈര്യമുണ്ടായത് വെറുതെയല്ല എന്ന് മനസ്സിലാക്കുക.
നീ മാറുക… നീ നല്ലതിനായി മാറുക.. നീ നല്ലതിനായി ചിന്തിക്കുക..നീ നല്ലതിനായി പ്രവർത്തിക്കുക… നീ നല്ലതിനായി മാറികൊണ്ടിരിക്കുക.