ഗോൻഡല റൈഡ്…
ഒരു ദിവസം ഞങ്ങൾ വെനീസിൽ എത്തും.
ആ സന്ധ്യയിൽ, ധാരാളം പൂക്കൾകൊണ്ട് അലങ്കരിച്ച ഒരു ഗോൻഡലയിൽ (കളിവള്ളം) ഞങ്ങൾ യാത്ര ചെയ്യും.
സെന്റ് മാർക് ചത്വരത്തിനടുത്തുള്ള തിരക്കേറിയ ഗ്രാൻഡ് കനാലിലൂടെ ആ ചെറുവള്ളം നീങ്ങുമ്പോൾ അവളുടെ കണ്ണിലൂടെ ഞാൻ ആ കാഴ്ചകളെല്ലാം ഒപ്പിയെടുക്കും. അവളുടെ ദേഹത്തേയ്ക്ക് വെള്ളം തെറുപ്പിക്കുമ്പോൾ മുഖത്ത് വിരിയുന്ന ആ പരിഭവം, മനസ്സിൽ ഞാൻ വരച്ചു വയ്ക്കും.
ഇടുങ്ങിയ കനാലുകളുടെ ഇരുവശങ്ങളിലായി നിലകൊള്ളുന്ന, ആ പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളുടെ കലാ-വാസ്തു ചാരുതിയും, അതിൽ പൂക്കൾ കൊണ്ട് അലങ്കരിക്കപ്പെട്ട ബാൽക്കണികളും, ആ ചെറുപാലങ്ങളും അവളെ അത്ഭുതപ്പെടുത്തും.
യൂറോപ്പിന്റെ സന്ദർശകമുറിയെന്ന് നെപ്പോളിയൻ വിളിച്ച ആ സെന്റ് മാർക് ചത്വരത്തിന്റെ പരിസരത്ത് ഒരുപാട് ചെറുവള്ളങ്ങൾ നിര നിരയായി കിടക്കുന്നത് കാണും. അതിൽ ഒരു വള്ളത്തിൽ, കേരളത്തിൽ നിന്നാണെന്ന് തോന്നിപ്പിക്കുന്ന, ഒരു ഫാമിലി ഞങ്ങളെ കണ്ട് കൈകൾ ഉയർത്തും.
എന്നിട്ട് അവർ ഉറക്കെ വിളിച്ചു പറയും..
“ഹേ.. കോട്ടയം..കോട്ടയം..”
ഞാനും തിരികെ കൂകി വിളിക്കും.
“കോട്ടയം.. മണിമല..”
എന്റെ ആവേശം കണ്ട് അവളെന്നെ വള്ളത്തിൽ പിടിച്ചിരുത്തും.
ഞങ്ങളുടെ സഹകോട്ടയംകാർ ഉടനെ തന്നെ അതിന് മറുപടിയായി കൂകും.
“കാഞ്ഞിരപ്പള്ളി..”
എല്ലാവരുടെയും മുഖത്ത് സന്തോഷം വിടരും.
പിന്നെയും ആ കളിവെള്ളം മുന്നോട്ട് ഒഴുകും. ആ ചെറുവള്ളങ്ങൾക്കിടയിൽ ഒരുപാട് പേർക്ക് യാത്ര ചെയ്യാവുന്ന ഒരു ‘വാപ്പറാറ്റോ’ ദൂരെയായി നദിയെ മുറിച്ച് പോകുന്നത് ഞാൻ അവളെ കാണിക്കും. ആ അത്ഭുതഭാവവും ഞാൻ ഓർത്തു വയ്ക്കും.
പിന്നെയും ഒഴുകും….
വിളക്കുകൾ കൂടുതൽ പ്രകാശിക്കുന്ന സമയത്ത്, അവളോടൊരു ഗാനം മൂളാൻ ഞാൻ ആവശ്യപ്പെടും. എന്റെ മനസ്സറിയാവുന്ന അവൾ, ആ ഗാനം തന്നെ മൂളും.
“ദോ ലവ്സോം കി ദിൽ കി കഹാനി..”
വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച ഞങ്ങളുടെ ഗോൻഡലിയർ (തുഴച്ചിൽക്കാരൻ) ആ ഗാനത്തിന്റെ താളത്തോട് ഏതോ ഒരു ഫ്രഞ്ച് വരി കൂടി ചേർത്ത് പാടും.
രാത്രിയുടെ മിഥുനത്തിൽ, ആളൊഴിഞ്ഞ ഒരു ജലപാതയിൽ ആ കളിവള്ളം എത്തുമ്പോൾ, ഒരു കെട്ടിടത്തിന്റെ കൽപ്പടവുകളിലേയ്ക്ക് ഞാൻ അവളെ കൈ പിടിച്ചിറക്കും.
അപ്പോൾ ഞാൻ, അവളോട് ഒരു തമാശ പറയും. അത് കേട്ടവൾ എന്റെ മുന്നിൽ പൊട്ടി ചിരിക്കും… മുഖംപൊത്തിക്കൊണ്ട്…ആ ചിരി എന്നിൽ നിന്ന് മറച്ചു പിടിക്കാൻ അവൾ ശ്രമിക്കും.
കൽപ്പടവിൽ എന്റൊപ്പം ഉയർന്ന് നിൽക്കുന്ന അവളുടെ ആ കൈകൾ മുഖത്തു നിന്ന് മെല്ലെ ഞാൻ മാറ്റും. സ്ഥാനം തെറ്റികിടക്കുന്ന ആ മുടിയിഴകൾ, അവളുടെ കവിളിനെ തഴുകികൊണ്ട് ഞാൻ ഒതുക്കി വയ്ക്കും. അവളുടെ മുഖത്തേയ്ക്ക് എന്റെ മുഖം അടുപ്പിക്കും. വീതി കൂടിയ ആ നെറ്റിത്തടം ഞാൻ എന്റേതിനോട് ചേർത്തുവയ്ക്കും….
ആ ചിരി എന്റേത് മാത്രമായി തീരുന്നത് വരെ.