ഉണ്ണികൃഷ്ണൻ ഉറക്കത്തിൽ സ്വപ്നം കാണാറേയില്ല.
ചെറുപ്പത്തിൽ അമ്മയെ അനുസരിച്ചുകൊണ്ട്, ഉറങ്ങുന്നതിന് മുൻപ് ഓം നമഃ ശിവായ 108 തവണ ജപിച്ചു ശീലിച്ചതായിരുന്നു. അത് കൊണ്ടാണ് ഇപ്പോഴും ഉറക്കത്തിൽ സ്വപ്നം കാണാൻ സാധിക്കാത്തത് എന്നു അവൻ വിശ്വസിക്കുന്നു. രാത്രികാല സ്വപ്നങ്ങൾ തിരിച്ചു വരാൻ ഉണ്ണികൃഷ്ണൻ ഇപ്പോൾ ഓം നമഃശിവായ ജപിച്ചുറങ്ങാറില്ല. എങ്കിലും നിദ്രാദേവത അവന്റെ ആ ആഗ്രഹം സഫലീകരിക്കാൻ അനുഗ്രഹിച്ചതേയില്ല.
(അതു compensate ചെയ്യാൻ പകൽ ഉണർന്നിരിക്കുമ്പോൾ അവൻ സ്വപ്നങ്ങൾ കാണുന്നുണ്ടായിരുന്നു. അതാണ് അവനെ ഈ അവസ്ഥയിൽ എത്തിച്ചത് എന്ന് പറയാതെ വയ്യ😢. ഏത് അവസ്ഥയാണെന്ന് വഴിയെ മനസിലാകും.)
ഉണ്ണികൃഷ്ണൻ ഈ ദുഃഖം അവന്റെ കൂട്ടുകാരോട് പറഞ്ഞപ്പോൾ ഒരാൾ ഒഴികെ ബാക്കി എല്ലാവരും പറഞ്ഞത് ഒന്നു തന്നെയാണ്. സ്വപ്നം കാണാത്തതാണ് നല്ലത് എന്നായിരുന്നു അവരുടെയൊക്കെ അഭിപ്രായം. അവരെല്ലാം ദുഃസ്വപ്നങ്ങൾ അവരുടെ ഉറക്കം കളഞ്ഞ കഥകൾ അവനോടു പറഞ്ഞു അവന്റെ ആ കഴിവില്ലായ്മയെ നല്ലതെന്ന് സ്ഥാപിച്ചു.
എന്നാൽ അവന്റെ ഒരു സുഹൃത്ത് മാത്രമാണ് അവന്റെ വിഷമം മനസ്സിലാക്കിയത്. കാരണം സുഹൃത്തിനും അവന്റെ ആ അവസ്ഥ തന്നെ ആയിരുന്നു. എന്നാൽ ആ സുഹൃത്ത് അതിനെ പറ്റി ചിന്തിച്ച് വിഷമിച്ചിട്ടിലായിരുന്നു. സുഹൃത്ത് പറഞ്ഞു.
“എന്തുട്ടടാ ഉണ്ണി…ഇതിൽ എന്തുവാ ഇത്ര വിഷമിക്കാൻ ഉള്ളെ..നമ്മുക്ക് നന്നായി ഉറങ്ങാൻ പറ്റുന്നുണ്ടല്ലോ.. എന്തിനാ ഇപ്പൊ സ്വപ്നങ്ങൾ ഒക്കെ കണ്ടിട്ട്?”
പക്ഷെ ആ സുഹൃത്തിന്റെ വാക്കുകൾ അവനെ സമാധാനപ്പെടുത്തിയില്ല.
_________
അതൊരു ചൊവാഴ്ച്ച രാത്രിയായിരുന്നു. ഉണ്ണികൃഷ്ണൻ രാവിലെ നേരത്തെ എഴുന്നേറ്റ് ജിമ്മിൽ പോകുന്ന ശീലം തുടങ്ങിയിരുന്നു. അതിന് വേണ്ടി അവൻ നേരത്തെ ഉറങ്ങാൻ പ്ലാനിട്ടു. പക്ഷെ അവന്റെ റൂമിലുള്ള സുഹൃത്തുക്കൾ അവന്റെ ആ പ്ലാൻ വിജയിപ്പിക്കാൻ അനുവദിച്ചില്ല. അവരുമായി നടത്തിയ ഒരു തുറന്ന ചർച്ചയായിരുന്നു അതിന് പിന്നിൽ.
ആ ചർച്ച തുടങ്ങിയത് എവിടെ നിന്നാണ് എന്നു ഓർമ്മയില്ല.. പക്ഷെ കൊറോണ വൈറസും ഫിലോസോഫിയും ആത്മീയതയും എന്തിനേറെ പറയുന്നു ക്രിക്കറ്റ് പോലും സംസാര വിഷയമായി..
ആ നീണ്ട ചർച്ചകൾക്ക് ശേഷമാണ് അവന് ഉറങ്ങാൻ ശ്രമിക്കാൻ സാധിച്ചത്. കുറച്ചു വൈകിയതുകൊണ്ടാവും, കിടന്നാൽ പെട്ടെന്ന് ഉറങ്ങുന്ന ശീലമുള്ള അവന് അന്ന് ഉറങ്ങാൻ പറ്റുന്നില്ല.(അവന്റെ ഹെഡ്സെറ്റ് തകരാറിലാണ്. അതുകൊണ്ടാണ് അവന് ഈയിടെയായി പെട്ടെന്ന് ഉറങ്ങാൻ സാധിക്കുന്നത്.) അന്ന് പക്ഷെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി..നോ രക്ഷ…
അവൻ കാരണം ചിന്തിച്ചു..
ചൂട് എടുത്തിട്ടാണോ? അല്ലെ അല്ല..ഫാൻ ഫുൾ സ്പീഡിൽ ആണ്…
വെളിച്ചത്തിന്റെ ശല്യം വല്ലോം?.ഒന്നും ഇല്ല. താമസിച്ച് കിടക്കുന്ന അരുൺഷാ പോലും ഇന്ന് ലൈറ്റ് അണച്ച് നേരത്തെ കിടന്നിരിക്കുന്നു..
ശബ്ദം എന്തെങ്കിലും പ്രശ്നം ആക്കുന്നുണ്ടോ? സാധാരണ വെളിയിൽ എന്തെങ്കിലും ചെറിയ ശബ്ദം കേട്ടാൽ പോലും അവൻ കിടക്കുന്ന മുറിയിൽ നന്നായി കേൾക്കാം. കാരണം പൊട്ടിയ ഒരു ജനൽപ്പാളിയാണ്.. മഴയുടെ തണുപ്പ് പോലും ഒരു ദാക്ഷിണ്യവുമില്ലാതെ ആ വില്ലൻ കടത്തി വിടും..എന്നാൽ ഇന്ന് അങ്ങനെ ഒന്നും ഇല്ല…ഒരു പട്ടിക്കുഞ്ഞു പോലും കരയുന്നില്ല..അവരുടെ വീട്ടുടമസ്ഥന്റെ ഡാഷ്മോൻ ടോമി പോലും കൂട്ടിൽ അടങ്ങി കിടക്കുകയാണ്.
ശാരീരികമായ എന്തെങ്കിലും അവശതകൾ..ഏ.. സാധാരണ രാവിലെ ഉണരുമ്പോളാണ് തലേന്ന് ജിമ്മിൽ workout ചെയ്തതിന്റെ വേദന തോന്നുന്നത്. രാത്രിയിൽ അങ്ങനെ ഒന്നും അനുഭവപ്പെടാറില്ല, പ്രത്യേകിച്ചും ഇന്ന്.
മാനസികമായ എന്തെങ്കിലും പ്രശ്നം ആണോ? അങ്ങനെ പ്രശ്നം ഒന്നും ഇല്ലാത്തതായി ആരുണ്ട്?😢. ശരിയാണ് പലതും ചിന്തിച്ചാൽ ഉറക്കം നഷ്ടപ്പെടും. പല ഓർമ്മകളും തികട്ടി വരുന്ന ദിവസങ്ങളിൽ അങ്ങനെ സംഭവിക്കാറുണ്ട്. പക്ഷെ ഈയിടെയായി അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.അവൻ ഇപ്പോൾ കൂടുതൽ ചിന്തിച്ചു കൂട്ടാറില്ല. തോന്നുന്നത് അപ്പോൾ തന്നെ ചെയ്യുന്നു. ( അതും അവന്റെ ഈ അവസ്ഥയ്ക്ക് കാരണമായി എന്നും പറയാതെ വയ്യ.😢.അതും വഴിയെ മനസിലാകും.). അപ്പോൾ നിങ്ങൾ ചോദിക്കുന്നില്ലേ?.ഈ സംഭവങ്ങളും അവൻ ചിന്തിച്ച് കൂട്ടുന്നതല്ലെയെന്ന്?.സോറി നിങ്ങൾ ഇത്ര ശ്രദ്ധിക്കുമെന്ന് അവൻ കരുതി കാണില്ല. ആ വാദം അവനെ കൊണ്ടുതന്നെ പിൻവലിപ്പിക്കുന്നു.
എന്തായാലും ഇപ്പോഴത്തെത് മാനസികമായ പ്രശ്നമല്ല എന്നു കരുതാമെന്നു തോന്നുന്നു.
__________________________________
രാവിലെ ഉണർന്നപ്പോൾ സമയം 10 മണി കഴിഞ്ഞു. 10 മണിക്ക് ഒരു എക്സാം ഉണ്ടായിരുന്നതാ..ഉണ്ണികൃഷ്ണൻ ഞെട്ടി. വെളിയിലേക്ക് നടന്നപ്പോൾ അവൻ പഠിച്ച കോളേജിലെ വഴികൾ. അവിട് ഇവിടെ നല്ല പരിചയമുള്ള മുഖങ്ങൾ..ചിലർ നാട്ടിൽ ഉള്ളവർ..ചിലർ ഇപ്പോൾ അവന്റെ കൂടെ റീഡിങ് റൂമിൽ ഇരിക്കുന്നവർ…ചിലർ അവന്റെ കൂടെ സ്കൂളിൽ പഠിച്ചവർ…10 മണി കഴിഞ്ഞിട്ടും ടീച്ചർ അവനെ എക്സാം ഹാളിൽ കയറ്റി. ടീച്ചർ ആരെന്ന് അറിയുമോ ? അവന് ആരുടെ ക്ലാസ്സിലാണോ ഇരിക്കാൻ ഏറ്റവും കൂടുതൽ പേടി ഉണ്ടായിരുന്നത് ആ ജീന ടീച്ചർ. കൈയിൽ തന്ന question പേപ്പർ മെക്കാനിക്കൽ എന്ജിനീറിങിന്റേത് ആയിരുന്നു. അവൻ ഇലക്ട്രോനിക്സ് ബാച്ചിലായിരുന്നു. അവൻ അതിനുള്ള ചോദ്യപേപ്പർ ചോദിച്ചു വാങ്ങിയില്ല. അതോ ടീച്ചർ തരാഞ്ഞതാണോ😢..
ആദ്യത്തേത് ഒരു ചോദ്യം ആയിരുന്നില്ല. ഒരു സ്റ്റേമെന്റ് ആയിരുന്നു. അടുത്തിരിക്കുന്ന ആൻഡ്രൂ അത് ഉറക്കെ വായിച്ചു.
“An irreversible process increases the entropy of the universe.”
2മത്തെത് ഒരു ചോദ്യം തന്നെ ആയിരുന്നു.
carnot cycle നെപ്പറ്റി..വെറും carnot അല്ല ..irreversible carnot cycle.!!.
അറിയില്ലെങ്കിലും എന്തെങ്കിലും വരയ്ക്കണം എന്നു തോന്നി..
Carnot cycle പേപ്പറിൽ വരയ്ക്കാൻ ശ്രമിച്ചപ്പോൾ അതൊരു പെണ്കുട്ടിയുടെ രൂപമായി മാറി..അപ്പോൾ ടീച്ചർ അടുത്തു വന്നു. അതു നോക്കിയിട്ട് പറഞ്ഞു..
” ടാ.. ഉണ്ണി..പെണ്കുട്ടിയുടെ മുഖത്തു മറുകുള്ളതാണ് ഭാഗ്യലക്ഷണം….”
ടീച്ചറിന്റെ ആ വാക്കുകൾ അവൻ കേട്ടത് അവന്റെ അമ്മയുടെ സ്വരത്തിലാണ്.
അവൻ ഞെട്ടിതിരിഞ്ഞ് ടീച്ചറെ നോക്കി..
വീഴാൻ പോകുന്നപോലെ തോന്നി..
___________________
കട്ടിലിൽ നിന്നു വീണു കിടക്കുകയാണ്..ആരും കണ്ടില്ല..നടു തിരുമ്മി ഉണ്ണികൃഷ്ണൻ കട്ടിലിൽ കയറി കിടന്നു..
“ഓം നമഃ ശിവായ”
“ഓം നമഃ ശിവായ”
“ഓം നമഃ ശിവായ”
“ഓം നമഃ ശിവായ”….
______________________________________