നിങ്ങൾ എലിസബത്ത് ക്യാഡി സ്റ്റാന്റൻ എന്ന പേര് കേട്ടിട്ടുണ്ടോ? എങ്കിൽ അവർക്കൊപ്പം പ്രവർത്തിച്ച സൂസൻ ബി ആന്റണിയെപ്പറ്റിയും കേട്ട് കാണും. എനിക്ക് പക്ഷെ, അവരെപ്പറ്റി മനസിലാക്കാൻ ഗൂഗിളിന്റെ സഹായം വേണ്ടി വന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ഇവരുടെയൊക്കെ ഒപ്പമാണ് മലാല യുസഫ് സായിയുടെയും സ്ഥാനം. മലാലയെപ്പറ്റി എല്ലാവർക്കുമറിയാം. അങ്ങനെ നമുക്ക് കേട്ടറിവുള്ളതും ഒന്ന് അന്വേഷിച്ചാൽ അവരെപ്പറ്റിയുള്ള അറിവ് കിട്ടാൻ പറ്റുന്നതുമായ അനേകം മഹതികളുണ്ട് .
ഇവരൊക്കെ വളരെ പ്രശസ്തരായ സ്ത്രീകളാണ്. ലോകത്തിൽ മാറ്റങ്ങൾ കൊണ്ട് വരാനായി പരിശ്രമിച്ചവരാണ്. ‘നിശബ്ദ സഞ്ചാരങ്ങൾ’ എന്ന ബെന്യാമിന്റെ നോവലിനെപ്പറ്റി പറയാൻ വന്ന ഞാൻ, ഒരു തുടക്കം കിട്ടാൻ എഴുതിയതാണെ.
ലോകത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ട് വന്ന സ്ത്രീകളെപ്പറ്റി നമ്മുക്ക് ഒരുപാട് വായിച്ചു മനസിലാക്കാൻ സാധിക്കും, ഒരുപാട് വായന അവർക്കുണ്ട് . പക്ഷെ, വിട്ടുപോയ ചിലരുണ്ട്. അവരെ പറ്റിയുള്ള പുസ്തകമാണ് ഇതെന്ന് പറഞ്ഞു തുടങ്ങട്ടെ.

മധ്യതിരുവിതാംകൂറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചിട്ടും അധികം അറിയപ്പെടാതെ പോയ ഒരു കൂട്ടം സ്ത്രീകൾ. സ്വന്തം കുടുംബത്തിന് വേണ്ടി ജീവിച്ച്, ഒരു ചരിത്ര ദൗത്യം ഏറ്റെടുത്തവർ.
അതെ… മലയാളി നഴ്‌സുമാരുടെ ആഗോളസഞ്ചാരം ആസ്പദമാക്കി എഴുതിയ ഒരു നോവലാണിത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കോളനികളായ സിംഗപ്പൂരിലും ബോർണിയോയിലും എത്തിപ്പെട്ട്, രണ്ടാം ലോക മഹായുദ്ധത്തിന്റെ ദുരിതങ്ങൾ അനുഭവിച്ച മറിയാമ്മ നേഴ്സ് മുതൽ ഓസ്ട്രേലിയിൽ നഴ്‌സായ ഷെറിൻ (നാലാം തലമുറ) വരെ ഉണ്ട് ഇതിൽ. അവരെപ്പോലുള്ളവരുടെ ത്യാഗപൂർണമായ ജീവിതമാണ്, മധ്യതിരുവിതാംകൂറിലെ പല കുടുംബങ്ങളെയും കരക്കേറ്റിയതെന്ന വസ്തുത ഇതിൽ കാണാൻ കഴിയും. ഈ കോവിഡ് കാലത്ത് നഴ്സുമാർക്ക് ലഭിച്ച ആദരവും സ്നേഹവും, അവർ എന്നും അർഹിച്ചതാണെന്ന് കാണിക്കുന്നതിനൊപ്പം നഴ്സിങ് എന്ന ജോലിയുടെ മഹത്വം ബോധ്യമാക്കുന്നുമുണ്ട് ഈ നോവൽ.
വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു. പക്ഷെ, യാദൃച്ഛികതകളുടെ ഒരു അതിപ്രസരം കഥയിൽ അനുഭവപ്പെട്ടു. നോവലിന്റെ അവസാനം കൊടുത്ത ഒരു കുറിപ്പിൽ, കഥാകൃത്ത് അതും ന്യായികരിച്ച്, വായനക്കാരനെ തൃപ്തിപ്പെടുത്തുണ്ട്.

“യാദൃച്ഛികതകളുടെ ആകത്തുകയാണ് ഇന്ന് നമ്മുക്ക് മുന്നിൽ പ്രത്യക്ഷമായിരിക്കുന്ന, നിലനിൽക്കുന്ന ഈ ലോകം തന്നെ. അവ ഇല്ലായിരുന്നെങ്കിൽ ഈ ലോകം കൂടുതൽ ഇരുണ്ടതും രഹസ്യങ്ങൾ നിറഞ്ഞതുമായി ഇപ്പോഴും നിലകൊള്ളുമായിരുന്നു.”
NB: ഞാൻ തൃപ്തിപ്പെട്ടു, കേട്ടോ? 😁. നേഴ്സുമാരായ സുഹുത്തുകൾക്ക് പ്രത്യേകം റെക്കമെന്റ് ചെയ്യുന്നു.