ആദ്യമായി ഉറക്കത്തിൽ കണ്ട സ്വപ്നമതാവില്ല. പക്ഷെ, ഓർമ്മയിലുള്ളതിൽ ആദ്യത്തേതെന്ന് പറയാനായി വേറെയൊന്നില്ല. സൈക്കിൾ….
ഒരു മൂന്നാം ക്ലാസുകാരന്റെ മനസ്സിൽ, അവന്റെ അച്ഛൻ വാങ്ങി തരാമെന്ന് പറഞ്ഞ സൈക്കിളിന്റെ ചിന്തകൾ കയറി കൂടിയതിൽ അത്ഭുതപ്പെടാനായ് ഒന്നുമില്ല. പക്ഷെ ആ രാത്രിയിൽ, ഉറക്കത്തെ പിണക്കാതെ വന്ന ഒരു സ്വപ്നചിത്രം, ഇന്നും മനസ്സിന്റെ ക്യാൻവാസിൽ മായാതെയിരിക്കുന്നത് അത്ഭുതമല്ലേ?.. അതെ.. സൈക്കിൾ…
ഇന്ന് നേതാജി ബോസ് റോഡിലൂടെ ഒരു ചെറിയ കുട്ടി, അവന്റെ കുഞ്ഞ് സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച് കളിക്കുന്നത് കണ്ടപ്പോൾ, മറ്റൊരു കുട്ടിയെ ഓർമ്മ വന്നു. കോട്ടയത്തെ പോലീസ് ക്വാട്ടെർസിന്റെ ഇടയിലുള്ള വഴികളിലൂടെ, അവിടുത്തെ ചേട്ടന്മാരുടെ ഒപ്പം സൈക്കിൾ ചവിട്ടുന്ന ഒരു കുട്ടിയെ… ഒരു ബി.എസ്.എ ചാമ്പ് സൈക്കിളിൽ… അതേ.. സൈക്കിൾ…
ഓർമ്മകൾ പിന്നെയും മുൻപോട്ട് പോയി… ഫോർട്ട് കൊച്ചിയിൽ എത്തി. രഞ്ജൻ ചേട്ടന്റെ ഗിയറുള്ള സൈക്കിളിന്റെ ഒപ്പം കടയിൽ സാധനം വാങ്ങാൻ പോകുന്ന ഓർമ്മ. ബീച്ചിലും പാർക്കിലും പോകുന്ന ഓർമ്മ.
അന്ന് വാഹന പണിമുടക്ക് ആയിരുന്നു. സ്കൂളിൽ പരീക്ഷയും. പോകാതിരിക്കാൻ പറ്റില്ല. അമ്പൊറ്റിയച്ഛൻ നാട്ടിൽ നിന്ന് ഞങ്ങളെ കാണാൻ വന്ന ദിവസങ്ങളിലൊന്നായിരുന്നു അത്. സൈക്കിളിൽ സ്കൂളിൽ പോകാൻ അനുവാദം കിട്ടി. അമ്പൊറ്റിയുടെ ഒപ്പം ആണെങ്കിൽ മാത്രം.
രണ്ട് കിലോമീറ്റര് ദൂരമെങ്കിലും ഉണ്ടാവണം. ചെരുപ്പിടാത്ത അമ്പൊറ്റിയച്ഛന്റെ ഒപ്പം.. അമ്പൊറ്റി നടന്നും .. ഞാൻ സൈക്കിളിലും… പട്ടാളം മാർക്കറ്റിലൂടെ എഡ്വെർഡ് മെമ്മോറിയൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഇരിക്കുന്ന വെളി എന്ന സ്ഥലത്തേക്ക് … ഒരു ചിത്രശലഭത്തെ പോലെ ആ സൈക്കിൾ അമ്പൊറ്റിയച്ഛൻ നടക്കുന്നതിനൊപ്പം നീങ്ങി. രണ്ട് മണിക്കൂറിന്റെ പരീക്ഷ ഒരു മണിക്കൂറിൽ എഴുതി ഞാൻ ക്ലാസ്സിൽ നിന്ന് ഒന്നാമനായി ഇറങ്ങുമ്പോൾ അമ്പൊറ്റിയച്ഛൻ സ്കൂളിന് പുറത്തെ ഒരു ചായകടയിലിരുന്ന് പുതിയ സൗഹൃദം കൂട്ടുകയായിരുന്നു. ആ സൗഹൃദത്തിന്റെ രുചി അൽപ്പം ഞാനും നുകർന്നു. ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങി. ഒരുപാട് കഥകൾ പറഞ്ഞു തന്ന ആ യാത്ര തന്നെ മറ്റൊരു കഥയായി തീരുമെന്ന് അന്ന് ഓർത്തതേയുണ്ടാവില്ല.
സൈക്കിൾ….
നമ്മൾ വളരുമ്പോൾ, ഒപ്പം വളരാത്ത ചിലതുണ്ടല്ലോ. കാലങ്ങൾ കഴിയുമ്പോൾ നമ്മുക്ക് ചേരാതെയാവുന്ന ചിലത്. എപ്പോഴോ അതും വേണ്ടാതെയായി. വർഷം തോറുമുള്ള ദേശാടനത്തിന് അത് ഒരു ഭാരമായി വന്നപ്പോൾ എവിടെയോ ഉപേക്ഷിക്കപ്പെട്ടു. ആ ദേശാടനം കഴിഞ്ഞ്, തിരിച്ച് നാട്ടിൽ എത്തിയപ്പോൾ മിച്ചം വന്നത്… വീടിന്റെ ചായ്പ്പിൽ തുരുമ്പെടുത്ത് ഇരിക്കുന്ന ഒരു സൈക്കിൾ പമ്പും, പിന്നെ തുരുമ്പെടുക്കാത്ത കുറെ ഓർമ്മകളും മാത്രം… സൈക്കിൾ.
——–💐💐————-💐💐————-💐💐——–
NB: ഞങ്ങടെ ആദ്യത്തെ സൈക്കിൾ അതല്ലെന്ന് പറയാൻ പറഞ്ഞു. 😍😍
