സൈക്കിൾ…

ആദ്യമായി ഉറക്കത്തിൽ കണ്ട സ്വപ്നമതാവില്ല. പക്ഷെ, ഓർമ്മയിലുള്ളതിൽ ആദ്യത്തേതെന്ന് പറയാനായി വേറെയൊന്നില്ല. സൈക്കിൾ….

ഒരു മൂന്നാം ക്ലാസുകാരന്റെ മനസ്സിൽ, അവന്റെ അച്ഛൻ വാങ്ങി തരാമെന്ന് പറഞ്ഞ സൈക്കിളിന്റെ ചിന്തകൾ കയറി കൂടിയതിൽ അത്ഭുതപ്പെടാനായ് ഒന്നുമില്ല. പക്ഷെ ആ രാത്രിയിൽ, ഉറക്കത്തെ പിണക്കാതെ വന്ന ഒരു സ്വപ്നചിത്രം, ഇന്നും മനസ്സിന്റെ ക്യാൻവാസിൽ മായാതെയിരിക്കുന്നത് അത്ഭുതമല്ലേ?.. അതെ.. സൈക്കിൾ

ഇന്ന് നേതാജി ബോസ് റോഡിലൂടെ ഒരു ചെറിയ കുട്ടി, അവന്റെ കുഞ്ഞ് സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച് കളിക്കുന്നത് കണ്ടപ്പോൾ, മറ്റൊരു കുട്ടിയെ ഓർമ്മ വന്നു. കോട്ടയത്തെ പോലീസ് ക്വാട്ടെർസിന്റെ ഇടയിലുള്ള വഴികളിലൂടെ, അവിടുത്തെ ചേട്ടന്മാരുടെ ഒപ്പം സൈക്കിൾ ചവിട്ടുന്ന ഒരു കുട്ടിയെ… ഒരു ബി.എസ്.എ ചാമ്പ് സൈക്കിളിൽ… അതേ.. സൈക്കിൾ

ഓർമ്മകൾ പിന്നെയും മുൻപോട്ട് പോയി… ഫോർട്ട് കൊച്ചിയിൽ എത്തി. രഞ്ജൻ ചേട്ടന്റെ ഗിയറുള്ള സൈക്കിളിന്റെ ഒപ്പം കടയിൽ സാധനം വാങ്ങാൻ പോകുന്ന ഓർമ്മ. ബീച്ചിലും പാർക്കിലും പോകുന്ന ഓർമ്മ.

അന്ന് വാഹന പണിമുടക്ക് ആയിരുന്നു. സ്കൂളിൽ പരീക്ഷയും. പോകാതിരിക്കാൻ പറ്റില്ല. അമ്പൊറ്റിയച്ഛൻ നാട്ടിൽ നിന്ന് ഞങ്ങളെ കാണാൻ വന്ന ദിവസങ്ങളിലൊന്നായിരുന്നു അത്. സൈക്കിളിൽ സ്കൂളിൽ പോകാൻ അനുവാദം കിട്ടി. അമ്പൊറ്റിയുടെ ഒപ്പം ആണെങ്കിൽ മാത്രം.

രണ്ട് കിലോമീറ്റര് ദൂരമെങ്കിലും ഉണ്ടാവണം. ചെരുപ്പിടാത്ത അമ്പൊറ്റിയച്ഛന്റെ ഒപ്പം.. അമ്പൊറ്റി നടന്നും .. ഞാൻ സൈക്കിളിലും… പട്ടാളം മാർക്കറ്റിലൂടെ എഡ്വെർഡ് മെമ്മോറിയൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഇരിക്കുന്ന വെളി എന്ന സ്ഥലത്തേക്ക് … ഒരു ചിത്രശലഭത്തെ പോലെ ആ സൈക്കിൾ അമ്പൊറ്റിയച്ഛൻ നടക്കുന്നതിനൊപ്പം നീങ്ങി. രണ്ട് മണിക്കൂറിന്റെ പരീക്ഷ ഒരു മണിക്കൂറിൽ എഴുതി ഞാൻ ക്ലാസ്സിൽ നിന്ന് ഒന്നാമനായി ഇറങ്ങുമ്പോൾ അമ്പൊറ്റിയച്ഛൻ സ്കൂളിന് പുറത്തെ ഒരു ചായകടയിലിരുന്ന് പുതിയ സൗഹൃദം കൂട്ടുകയായിരുന്നു. ആ സൗഹൃദത്തിന്റെ രുചി അൽപ്പം ഞാനും നുകർന്നു. ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങി. ഒരുപാട് കഥകൾ പറഞ്ഞു തന്ന ആ യാത്ര തന്നെ മറ്റൊരു കഥയായി തീരുമെന്ന് അന്ന് ഓർത്തതേയുണ്ടാവില്ല.

സൈക്കിൾ….

നമ്മൾ വളരുമ്പോൾ, ഒപ്പം വളരാത്ത ചിലതുണ്ടല്ലോ. കാലങ്ങൾ കഴിയുമ്പോൾ നമ്മുക്ക് ചേരാതെയാവുന്ന ചിലത്. എപ്പോഴോ അതും വേണ്ടാതെയായി. വർഷം തോറുമുള്ള ദേശാടനത്തിന് അത് ഒരു ഭാരമായി വന്നപ്പോൾ എവിടെയോ ഉപേക്ഷിക്കപ്പെട്ടു. ആ ദേശാടനം കഴിഞ്ഞ്, തിരിച്ച് നാട്ടിൽ എത്തിയപ്പോൾ മിച്ചം വന്നത്… വീടിന്റെ ചായ്പ്പിൽ തുരുമ്പെടുത്ത് ഇരിക്കുന്ന ഒരു സൈക്കിൾ പമ്പും, പിന്നെ തുരുമ്പെടുക്കാത്ത കുറെ ഓർമ്മകളും മാത്രം… സൈക്കിൾ.

——–💐💐————-💐💐————-💐💐——–

NB: ഞങ്ങടെ ആദ്യത്തെ സൈക്കിൾ അതല്ലെന്ന് പറയാൻ പറഞ്ഞു. 😍😍

കാട്ടുപൂവ്

പോവുകയാണെന്ന് പറഞ്ഞപ്പോൾ, എന്നത്തെയും പോലെ അവളെ ഞാൻ തടഞ്ഞില്ല.

അവൾ അകന്ന് പോകുന്ന ആ കാഴ്ച്ച, കണ്ണിൽ നിന്ന് മറയ്ക്കാനായി ഞാൻ പുൽത്തകിടിയിലേയ്ക്ക് നോക്കി നിന്നു.

അവിടെ ഒരു കാട്ടുപൂവ് ആർക്കോ വേണ്ടി പൂത്തു നിൽപ്പുണ്ടായിരുന്നു.

നിങ്ങൾ കേവലമൊരു ദേശസ്നേഹിയാണെന്നോ?

മനുഷ്യരെ പലരായി കാണുന്ന ജാതിചിന്ത പോലെ, മറ്റൊരു വലിയ ക്യാൻവാസ് മാത്രമല്ലേ ഈ ദേശസ്നേഹം, ദേശീയത എന്നൊക്കെ പറയുന്നേ? ഈ രാജ്യങ്ങൾ ഉണ്ടായത് എങ്ങനെയാണ്? ഒരു ഭരണസംവിധാനത്തിന് യോജിച്ചതായല്ലേ ഓരോ രാജ്യവും വിഭാവനം ചെയ്തിരിക്കുന്നത്? അല്ലാതെ, മനുഷ്യരെ തമ്മിൽ വ്യക്തമായി വേർതിരിക്കുന്ന ഒന്നും അതിൽ കാണുന്നില്ലലോ. 🤔

മീഡിയ വണ് ലെ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ, ദേശീയ പതാക എല്ലാ വീടുകളിലും സ്വാതന്ത്ര്യദിനത്തിൽ ഉയർത്തുന്നതിനെപ്പറ്റിയുള്ള ചർച്ചയിൽ അജിംസ് എന്ന പത്രപ്രവർത്തകൻ പറഞ്ഞു. ഇത്രയും ഡൈവേഴ്സിറ്റിയുള്ള ഒരു രാജ്യത്ത് 75 വർഷം, ആ ഭരണസംവിധാനം തകരാതെ നിലനിൽക്കുക എന്നത് ഒരു വലിയ കാര്യമാണെന്ന്. അത് ശരിയാണ്. പക്ഷെ, നമ്മുക്ക് ഈ കാലഘട്ടത്തിൽ അതിനെപ്പറ്റി ഒന്ന് കൂടുതൽ ചിന്തിക്കേണ്ടി ഇരിക്കുന്നു.

ഗാന്ധിജിയെ സ്വാധീനിച്ച പുസ്തകൾ തപ്പി പോയപ്പോഴാണ് ലിയോ ടോൾസ്റ്റോയിയുടെ “കിങ്ഡം ഓഫ് ഗോഡ് വിത്തിൻ യു” വായിക്കാനിടയായത്. ക്രിസ്ത്യാനിറ്റിയേയും ദേശസ്നേഹത്തെപ്പറ്റിയും ഒക്കെ പറയുന്ന ഒരു ഉപന്യാസമാണ് ഇത്. (ഈ പുസ്തകം രാജ്യത്തിനും ക്രിസ്തീയതയ്ക്കും ഭീഷണിയാണെന്ന് കണ്ട്, അദ്ദേഹത്തിന്റെ മാതൃരാജ്യമായ റഷ്യയിൽ നിരോധിച്ചതാണ്, കേട്ടോ? തുടർന്ന് 1894 ൽ ജർമനിയിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്.)

ഇതിലെ മെയിൻ പോയിന്റ് “Doctrine of non-resistance to evil by force” എന്നതാണ്. അത് പറയുമ്പോൾ രാജ്യങ്ങൾ യുദ്ധത്തിനായി ഒരു സേനയെ ഒരുക്കുന്നത് പോലും ക്രിസ്തീയ വിശ്വാസങ്ങൾക്ക് എതിരാണെന്ന് പറയുന്നു. യുദ്ധങ്ങളെ ഇല്ലാതാക്കാൻ അദ്ദേഹം പറഞ്ഞത് എന്താണെന്ന് നോക്കാം.

“To abolish war it is necessary to abolish patriotism, to abolish patriotrism it is necessary first to understand that it is an evil.”

“യുദ്ധങ്ങൾ ഇല്ലാതാക്കാൻ ദേശസ്നേഹം ഇല്ലാതാക്കണം. ദേശസ്നേഹം ഇല്ലാതാക്കാൻ, ആദ്യം അതൊരു തിന്മയാണെന്ന കാര്യം മനസ്സിലാക്കണം.”

അദ്ദേഹം തന്നെ മറ്റൊരിടത്ത് പറയുന്നുണ്ട്. ദേശസ്നേഹം എന്നത് മറ്റുള്ള രാജ്യത്തേക്കാൾ സ്നേഹവും പരിഗണനയും നമ്മുടെ രാജ്യത്തോട് കൊടുക്കുകയെന്നത് മാത്രമല്ല, അങ്ങനെ കാണിക്കുന്ന സ്നേഹവും പരിഗണനയും നല്ലതും ഉപകാരപ്രദവുമാണെന്നുള്ള ചിന്തകൂടി ഉൾപ്പെടുന്നതാണെന്ന്.

എന്റെ സുഹൃത്തിനോട് ഈ കാര്യം ചർച്ച ചെയ്തപ്പോൾ ടാഗോറിന്റെ ചിന്തകൾ കൂടി ഇതിൽ ചേർക്കണം എന്ന് തോന്നി.

ടാഗോർ പറഞ്ഞത് എന്താണെന്ന് നോക്കാം.

” I will never allow patriotism to triumph over humanity as long as I live.”

ടാഗോറിന്റെ ഒരു നോവലായ ‘ഹോം ആൻഡ് ദി വേൾഡ്’ എന്നതിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. അതിലെ നിഖിൽ എന്ന നായകൻ ഒരു സാമൂഹ്യപ്രവർത്തകനാണ്. ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നതിൽ അദ്ദേഹം വലിയ ശുഷ്‌കാന്തിയൊന്നും കാണിക്കുന്നില്ല. തുടർന്ന് അയാളുടെ കാമുകി ബിമലയ്ക്ക് നിഖിലിനോടുള്ള താൽപ്പര്യം കുറയുകയും, ദേശസ്നേഹിയായ മറ്റൊരാളോട് അടുപ്പം തോന്നുകയും ചെയ്യുന്നുണ്ട്. എന്നിട്ടും തന്റെ നിലപാട് തിരുത്താൻ നിഖിൽ തയ്യാർ ആകുന്നില്ല. നിഖിൽ അതിൽ പറയുന്നുണ്ട്.

“I am willing to serve my country; but my worship I reserve for the Right which is far greater than my country. To worship my country as a god is to bring a curse upon it.”

ടാഗോറിന്റെ ചിന്തകൾ അറിയാൻ ഇതൊന്നും വേണ്ട, ഗീതഞ്ജലിയിലെ ആ 35 ആം കവിതയിലെ കുറച്ചു വരികൾ മാത്രം മതി.

“എവിടെ മനസ്സ് നിർഭയവും ശിരസ്സ് ഉന്നതവുമാണോ, എവിടെ അറിവ് സ്വാതന്ത്രമാണോ,

എവിടെ ഇടുങ്ങിയ ഭിത്തികളാൽ ലോകം കൊച്ചുകഷ്ണങ്ങളായി വിച്ഛിനമാക്കപ്പെടാതിരിക്കുന്നുവോ,

എവിടെ സത്യത്തിന്റെ അഗാധതയിൽ നിന്ന് വാക്കുകൾ ഉദ്‌ഗമിക്കുന്നുവോ,

എവിടെ അക്ഷീണസാധന പൂർണ്ണതയുടെ നേർക്ക് അതിന്റെ കൈകൾ നീട്ടുന്നുവോ,

എവിടെ യുക്തിയുടെ സ്വച്ഛന്ദ പ്രവാഹം നിർജീവാചരങ്ങളുടെ മരു ഭൂമിയിലൊഴുകി വഴി മുട്ടാതിരിക്കുന്നുവോ,

എവിടെ ചിരവികസിതമായ ചിന്തയിലേക്കും കർമ്മത്തിലേക്കും അങ്ങ് ചിത്തത്തെ നയിക്കുന്നുവോ,

ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്, എന്റെ ദൈവമേ എന്റെ രാജ്യം ഉണരേണമേ.”

വിവർത്തനം ( കെ. ജയകുമാർ)

ടാഗോറിന്റെ ഈ രാജ്യം, കേവലം അതിർത്തികൾ കൊണ്ട് അടച്ചതല്ല. അതിർത്തികൾക്കതീതമായ, ഭയരഹിതമായ മനസ്സുകൾ തീർക്കുന്ന ഒന്നാണത്.

പക്ഷെ, ഇന്ന് നമ്മൾ കാണുന്നത്, അല്ലെങ്കിൽ കേൾക്കുന്നത് അതിർത്തികളെപ്പറ്റിയാണ്, ചുറ്റും ഭയം നിറയ്ക്കുകയാണ്… ആളുകൾ തമ്മിൽ വെറുക്കുന്ന എന്തും അപകടകരമായ കാര്യമാണെന്ന് നമ്മൾ പലപ്പോഴും മറക്കുന്നു…..

എന്ത് കാര്യവും നല്ലതിനായിയാണ് ചെയ്യുന്നതെങ്കിൽ അതിനെ അംഗീകരിക്കുന്നതിൽ തെറ്റില്ലെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്താണ് ജനങ്ങളിൽ ദേശസ്നേഹം വളർത്തിയെടുക്കുന്നതിന് ആദ്യശ്രമം ഉണ്ടായത്. അത് വിദേശ ശക്തികളെ രാജ്യത്ത് നിന്ന് തുരത്തുന്നതിനും, കൂടുതൽ ഉത്തരാവാദിത്വമുള്ള ഒരു ഭരണസംവിധാനം സൃഷ്ടിക്കുന്നതിനുമായിരുന്നു. എന്നാൽ, ഇന്ന് ദേശസ്നേഹത്തെ പല രാഷ്ട്രീയ പാർട്ടികളും, കേവലം അവരുടെ പ്രചാരണ ആയുധം മാത്രമാക്കുന്നു.

ഒ. വി. വിജയന്റെ ധർമ്മപുരണത്തിൽ പറയുന്നുണ്ട്, തന്റെ അധികാരം ചോദ്യം ചെയ്യപ്പെടുമ്പോൾ ആ രാജ്യത്തിന്റെ പ്രചാപതിയുടെ ചെയ്തികളെപ്പറ്റി. ശത്രുരാജ്യവുമായി യുദ്ധം നടത്തുകയും അതുവഴി ജനങ്ങളിലെ ദേശസ്നേഹം കൂട്ടിയുമാണ് ആ പ്രചാപതി അധികാരം അവിടെ നിലനിർത്തുന്നത്. (‘ സഹകരണ യുദ്ധങ്ങൾ’ എന്ന് വിളിച്ചാണ് ഒ.വി.വിജയൻ അതിനെ കളിയാക്കുന്നത്.)

അത് പോലെയാണ് ഇന്നും സംഭവിക്കുന്നത്. ദേശസ്നേഹത്തെ ഒരു മറയായി വെച്ച് സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കുന്നവരാണ് കൂടുതലുള്ളത്. അവരെ സൂക്ഷിക്കണം. കാരണം അവരുടെ ദേശസ്നേഹം കളവാണ്. അവരുടെ ലക്ഷ്യം സ്വാർത്ഥമാണ്.

ദേശസ്നേഹം തന്നെ ഒരു ഇടുങ്ങിയ ചിന്തയാണെന്ന് പല മഹാന്മാരും നമ്മൾക്ക് കാട്ടി തന്നിട്ടുണ്ട്…..

അതെ. നമ്മുടെ മുന്നിൽ എല്ലാമുണ്ട്. പക്ഷെ, തെറ്റായ വായനകളും വായനകളുടെ വളച്ചൊടിക്കലും തെറ്റായ ബോധ്യങ്ങളിലേക്കാവും നമ്മളെ കൊണ്ട് പോവുക .

So be careful.

സ്വയം ചോദിക്കൂ… എനിക്ക് കേവലമൊരു ദേശസ്നേഹി മാത്രമാകണോ?

എഴുതുവാൻ… തോന്നൽ മാത്രം

എന്തെങ്കിലും കാമ്പുള്ളത് എഴുതണമെന്ന് കരുതിയിട്ട് കുറച്ചു നാളുകളായി. മാസത്തിൽ കുറഞ്ഞത് രണ്ട് പോസ്റ്റ് എന്ന പതിവ്, ഈ മാസവും എനിക്ക് അന്വർത്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും എന്തോ… എവിടെയോ…

മനസ്സിൽ എന്തോ തടഞ്ഞു കിടക്കുന്ന പോലെ. സംഭവബഹുലമായിരുന്നു ഈ മാസം. മൂകാംബിക യാത്രയുടെ ഹാങ് ഓവറുമായാണ് ഈ മാസം തുടങ്ങിയത് തന്നെ. പിന്നെ സുഹൃത്തിന്റെ കല്യാണ ആഘോഷത്തിൽ പങ്കെടുത്തു. അത് കഴിഞ്ഞാണ് ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നത്. കുറച്ച് കാലം കൂടിയെങ്കിലും കൂടെ ഉണ്ടാവുമെന്ന് കരുതിയ ഒരു സുഹൃത്ത് എന്റെതായ കാരണത്തിൽ പിണങ്ങി… ……

(എഴുത്ത് ബ്ലോക്ക് ആയി 😥).

തുടരുന്നു…. രാവിലെ പതിവ് നടത്തിന് ഇറങ്ങിയപ്പോൾ എഴുതാനുള്ളത് എവിടുന്നെങ്കിലും കിട്ടുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു. കണ്ണുകൾ വിടർത്തി നടന്നു. ( മൊബൈലിൽ ‘Run’ എന്ന ആപ്പും ഓപ്പൺ ആക്കിവെച്ചിട്ടുണ്ടെ.) ആദ്യം തന്നെ കണ്ണ് ചെന്ന് എത്തിയത് ഒരു ചുമരെഴുത്തിലായിരുന്നു. തലേന്ന് കുറെ പയ്യന്മാർ നിന്ന് എഴുതാൻ തുടങ്ങിയത് കണ്ടതാണ്. അതിന്റെ പൂർണതയാണ് എന്റെ മുൻപിൽ ഇപ്പോൾ.

ചിന്തിച്ചു. നമ്മുടെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി എഴുതണോ? എഴുതാം. അപ്പോൾ തന്നെ മൊബൈൽ എടുത്ത് ഒരു ബ്ലോഗ് ടൈറ്റിൽ ടൈപ്പ് ചെയ്തു. “സ്വാതന്ത്ര്യത്തിന്റെ നിർവചനം തേടി” . ഹാ… ബാക്കി പിന്നെ എഴുതാം.

മുന്നോട്ട് നടന്നു. കുറവങ്കോണം, കവടിയാർ അങ്ങനെ… അപ്പോൾ ഞാൻ ഉള്ളിലേക്ക് നോക്കുകയായിരുന്നു. ഒരു ബ്ലോഗ് എഴുതാൻ തുടങ്ങിയിട്ട് കുറെ നാളായി. ‘കർണൻ’ എന്നാണ് അതിന് പേര് ഇട്ടതെങ്കിലും അത് മാറ്റേണ്ടത് തന്നെയാണെന്ന് അന്നേ തോന്നിയിരുന്നു. ഒരു സാഹിത്യകാരിയെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. ആ കഥ മുഴുവിപ്പിച്ചിട്ട് ഒരാളോട് പറഞ്ഞു കേൾപ്പിക്കാം എന്ന് ഞാൻ വാക്കും കൊടുത്തിരുന്നു. ഹാ… ഇനിയത് നടക്കില്ലെന്ന് തോന്നുന്നു. അത് കൊണ്ടാവും ആ കഥ പൂർത്തീകരിക്കാൻ എനിക്കിപ്പോൾ സാധിക്കാത്തത്. എഴുതി തുടങ്ങിയിട്ട് പൂർത്തികരിക്കാതെ പോയ എന്റെ മറ്റൊരു കഥയായി അതും മാറുമായിരിക്കും.

മുന്നോട്ട്.. മുന്നോട്ട്.. അക്കാമ ചെറിയാന്റെ പ്രതിമയുടെ സ്ഥലം എത്തി.. വെള്ളയമ്പലം.. അവിടുന്ന് തിരിഞ്ഞു, ദേവസം ബോർഡ് ജംഗ്ഷൻ വഴി, ഞാൻ താമസിക്കുന്ന വൈ.എം .ആർ എത്താം. അക്കാമ ചേടത്തിയേയും അവിടെയുള്ള ‘ചാപ്പി’ എന്ന ചായക്കടെയെപ്പറ്റിയും കുറച്ച് പറയാൻ ഉണ്ട്.. (എഴുത്ത് വീണ്ടും ബ്ലോക്കായി😥).

മുന്നോട്ട്.. മുന്നോട്ട്.. ഒരിടത്തും ബ്ലോക്കായി നിൽക്കുകയല്ല വേണ്ടത്.. മുന്നോട്ട്.. മുന്നോട്ട്…

എന്നും കാണാറുള്ള ഒരു അച്ഛനും മകനും. അവരും നടക്കാൻ ഇറങ്ങിയതാണ്. എന്റെ അച്ഛനെപ്പറ്റി ഓർത്തു. കോട്ടയത്തെ പോലീസ് പരേഡ് ഗ്രൗണ്ടിൽ പണ്ട് ഞങ്ങൾ ഒരുമിച്ച് ഓടാൻ പോയിരുന്നു. ഹാ.. അച്ഛൻ ഈ ആഴ്ച ഇങ്ങോട്ട് വരുന്നുണ്ട്. ഇന്നലെ ഞാനാണ് ട്രെയിൻ ടിക്കറ്റ് എടുത്ത് കൊടുത്തത്. അത് പോട്ടെ.. തിരിച്ചു വാ.. ( ഒരു ടോപികിൽ നിന്ന് ഇങ്ങനെ പറഞ്ഞു പിന്മാറുന്നത്‌ ഇഷ്ടമല്ലെന്ന് പറഞ്ഞ എന്റെ സുഹൃത്തിനോട്. എല്ലാം ഞാൻ ഓർക്കുന്നുണ്ടെന്ന് കാണിക്കാനാണ് ഇത് ചേർത്തത്.😢)

ഹാ.. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഞാൻ കണ്ട ഈ അച്ഛനും മകനും സ്‌പെഷ്യൽ ആയിരുന്നു. അച്ഛന് നല്ല പ്രായം ഉണ്ട്. റിറ്റേർമെന്റ് ആയ ഒരു ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു. മകൻ ഒരു ചെറുപ്പക്കാരനാണ്. ‘ഓട്ടിസം’ എന്ന രോഗം ഉള്ളതായി തോന്നി. എല്ലാത്തിനോടും ചിരിച്ചുകൊണ്ട് നടക്കുന്ന ഒരു പ്രകൃതമാണ് മകനിൽ ഞാൻ കണ്ടത്. അവരെപ്പറ്റി ഒരുപാട് കഥകൾ എന്റെ മനസിലൂടെ അപ്പോൾ വന്നു പോയി. മനുഷ്യ ജീവിതത്തിന്റെ അവസ്ഥയെപ്പറ്റിയും ചിന്തിച്ചു. ഒന്നിനും ഒരു ഉറപ്പില്ല. എന്താണ് വിധി നമ്മുക്കായി കാത്ത്‌ വെച്ചിരിക്കുന്നത് എന്നും പറയാനാവില്ല.

എന്നാലും.. മുന്നോട്ട്…മുന്നോട്ട്… അവരെയെല്ലാം കടന്ന് ഞാൻ മുന്നോട്ട്… എനിക്ക് വേണ്ടി കാത്തിരിക്കുന്ന വിധിയെ തേടി.. മുന്നോട്ട്..

NB: ഇതിൽ കാമ്പ് കണ്ടെത്താൻ കഴിയാത്തവരോട്. കാമ്പുള്ളത് ഉടനെ ഉണ്ടാകും. പ്രതീക്ഷയല്ലേ മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്? ഞാനും അത് പ്രതീക്ഷിക്കുന്നു. എന്നെ ഞാൻ വല്ലാതങ് വിശ്വസിക്കുന്നുണ്ട്. 😄

വാക്കുകൾ ആയുധങ്ങളാകുന്നുവോ?

ചില വാക്കുകൾ നമ്മെ വേദനിപ്പിക്കുന്നത് എന്ത് കൊണ്ടാണ്? അത് നമ്മുടെ മാനസികമായ ഒരു വൈകല്യം തന്നെയാണ്. വാക്കുകൾ വെറും വാക്കുകൾ ആണെന്ന് മനസ്സിലാക്കുക. അതിന് നമ്മളെ മുറിവേൽപ്പിക്കാൻ തക്ക ഒന്നുമില്ല. നമ്മളോട് പറയുന്ന എല്ലാ കാര്യത്തിനും ഒരു ‘ഇമോഷണൽ റിയാക്ഷൻ” ഉണ്ടാകുമ്പോഴാണ്, ആ വാക്കുകളിൽ നമ്മൾ വേദനിക്കുന്നത്, അല്ലെ?

True power is sitting back and observing things with logic.

True power is restraint.

വാക്കുകൾക്ക് നമ്മളെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, എല്ലാവർക്കും നമ്മളെ നിയന്ത്രിക്കാൻ കഴിയുമെന്ന ഒരു അവസ്ഥ വരുന്നു.

അതുകൊണ്ട്, നന്നായി ഒന്ന് ശ്വസിക്കൂ… എല്ലാത്തിനെയും കടന്ന് പോകാൻ അനുവദിക്കൂ.

വടികൾക്കും കല്ലുകൾക്കും നിങ്ങളുടെ എല്ല് ഒടിക്കാൻ വരെ കഴിഞ്ഞേക്കും. പക്ഷെ, ഒന്ന് മനസ്സിലാക്കുക. ഉറച്ച് മനസ്സിലാക്കുക, ഒരു വാക്കുകൾക്കും നിങ്ങളെ മുറിവേല്പിക്കാനുള്ള ശക്തിയില്ല. (ഈ ആശയം പങ്കുവെച്ചപ്പോൾ, ‘Strain Hardening’ നെ പ്പറ്റി ഒരു സുഹൃത്ത് സംസാരിച്ചു. മനസ്സ് അതുപോലെ ഹാർഡ് ആക്കുക എന്നത് നല്ലൊരു ഉപായമാണ്, വെറും വാക്കുകളിൽ നമ്മൾ വേദനിക്കാതിരിക്കാൻ. )

NB : എന്റെ വാക്കുകൾ കേട്ട് ആരും വേദനിച്ചിട്ടില്ലെന്ന് കരുതട്ടെ. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

മാംഗല്യം തന്തു താനേനാ 05  – മപ്പൻസ് വെഡിങ്

“ടാ, നിനക്ക് ഓർമ്മയില്ലേ? നമ്മുടെ കോളേജിൽ, എന്റെ ക്ലാസ്സിൽ പഠിച്ച മിഥുൻ പോളിനെ? അവന്റെ കല്യാണമാണ് ജൂലൈ നാലിന്.”

“മിഥുൻ പോളോ? ആ പേര് കിട്ടുന്നില്ലലോ”

“എടാ, മപ്പൻ. ഓർമ്മ വന്നോ?”

“ആഹാ, നമ്മടെ മപ്പൻ. അങ്ങനെ പറാ”

“എന്താ പരിപാടികൾ അവിടെ. അവൻ ഇപ്പൊ യു എസിൽ അല്ലെ?”

“ഹാ..അതേ. തലേന്ന് തന്നെ ഞങ്ങൾ കോട്ടയത്ത് കൂടുന്നുണ്ട്.”

“കല്യാണം എപ്പോഴാ? മൻഡേ മോർണിംഗ് അല്ലെ?”

“അല്ലടാ, ഈവനിംഗ് ആണ് പരിപാടി. ആരോ കോമഡി പറയുന്ന കേട്ടു. അമേരിക്കൻ രാഹു കാലം കഴിഞ്ഞിട്ടാണ് കല്യാണം എന്ന്.😜”

“പരിപാടികൾ എന്താന്ന് പറഞ്ഞില്ലലോ”

“അത് സസ്പെൻസാ. നീ വരുവാണെൽ കണ്ടാൽ മതി. അല്ലേൽ ഫോട്ടോസ് അയക്കാം. പറഞ്ഞു വിശദീകരിക്കാൻ ഇപ്പോൾ സമയം ഇല്ല.”

Photos uploaded on 03/07/22

Three Coffee One lime – 😊😊😊😊
👲👲👨‍🦰

_______________________

“ടാ, മപ്പൻ യു. എസിൽ എവിടാന്ന് അറിയോ?”

“ന്യൂയോർക് സിറ്റിലാന്നാ പറഞ്ഞേ”

“പക്ഷെ, എന്നോട് അങ്ങനെ അല്ലല്ലോ അന്ന് പറഞ്ഞത്🤔”

_______________________

“നീ എങ്ങനാ ഇന്നലെ ഇവിടെ എത്തിയത്?”

“ഞാൻ ഏറ്റുമാനൂർ വന്നപ്പോൾ മപ്പനെ വിളിച്ചു. അവനാ എന്നെ പിക്ക് ചെയാൻ വന്നേ.”🤗

Photos 04/07/22

Giving a toast…😄

Wishes to be conveyed directly.😉

പനി എങ്ങനുണ്ട്?

ഈ ചോദ്യം പ്രതീക്ഷിച്ച് ഇരിക്കുന്നത് കൊണ്ടാണ് തലക്കെട്ട് ഇങ്ങനെ കൊടുത്തത്, കേട്ടോ?☺️.. ഇനിയിപ്പോൾ മുഴുവൻ വായിച്ചിട്ട് ചോദിച്ചാൽ മതി.😁

പണ്ടത്തെപ്പോലെയല്ല. ഇപ്പോൾ ഒരാൾക്ക് പനിയാണെന്ന് കേൾക്കുമ്പോൾ തന്നെ, അവന്റെ പ്രവർത്തികളെപ്പറ്റി സംശയം ഉയരും. ഓഹ്.. അവൻ മാസ്‌ക് ഒന്നും വെക്കാതെ വെറുതെ തെണ്ടി തിരിഞ്ഞോണ്ടല്ലേ. അവനോട് അപ്പോഴേ പറഞ്ഞതാ, ആ പരിപാടിയ്ക്ക് പോവെണ്ടെന്ന്. ഇപ്പോൾ എന്തായി?

ശെടാ… അല്ലേ! ഇപ്പോൾ എന്താ ശരിക്കും സംഭവിച്ചേ? ഇതൊരു സാദാ പനിയല്ലേ? പനിയ്ക്ക് ഈ കാലത്ത് കിട്ടിയ മൈലേജാണ് ആൾക്കാരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഇനിയിപ്പോൾ ടെസ്റ്റ് ചെയ്യാൻ കൊടുത്താലും ഇല്ലേലും, വീട്ടിൽ അടങ്ങി ഒതുങ്ങി കിടക്കാൻ ഒരു സ്ഥലം ഉണ്ടെങ്കിൽ അടിപൊളിയാണ്. അതെ.. അങ്ങനെയുള്ളപ്പോൾ ഈ പനി ഒരു സുഖാവസ്ഥയാണ്.

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്പേസ് കാണില്ലേ? ഒന്ന് ആലോചിച്ചുനോക്കിക്കെ. ഒരു പനി വന്നാൽ മൂടി പുതച്ച് കിടക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്ന ആ ഒരു സ്ഥലം.

എന്റെ ആ സ്പേസിൽ നിന്ന് ഇത് എഴുതുമ്പോൾ, വേറൊന്നും എനിക്ക് ചെയ്യാൻ ഇല്ലാത്തതുകൊണ്ടാണെന്ന് നിങ്ങള് കരുതണ്ടാ. ഒരുപാട് കാര്യങ്ങൾ ഉണ്ടേ. പക്ഷെ, ഇന്ന് അത് വേണ്ട. പനിയുടെ കൂടെപ്പിറപ്പാണ് ഈ മടി.

പുളിമരത്തിന്റെ തണൽ വീശുന്ന ഈ കരുതലിൽ എത്ര വേണേലും കണ്ണടച്ചു അനങ്ങാതെ കിടക്കാം. യാത്രയിൽ കൂട്ടിനായി എടുത്ത, ഒരു ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ‘ആയുസ്സിന്റെ പുസ്തക’ത്തെപ്പറ്റി ചിന്തിക്കാം.  അതിലെ ആനിയും മാത്യുവും കടന്ന് പോയ ആ വഴികളെപ്പറ്റി ഓർക്കാം. യോഹന്നാൻ മഴ നനഞ്ഞ് നടന്ന ആ മലഞ്ചെരുവുകളെപ്പറ്റി ഓർക്കാം. അവന്റെ ആ ഒറ്റപെടൽ ശരിക്കും  അനുഭവിക്കാം. ആ നാട്ടിൽ ഓരോരുത്തരുടെയും മനസ്സിൽ വിതയ്ക്കുന്ന പാപബോധത്തിന്റെ ഉറവിടം പോലും വിമർശനാത്മകമായി പരിശോധിക്കാം. വായിക്കാൻ എടുക്കാതിരുന്ന പുസ്തകത്തിലെ ആ വികൃതികൾ എന്തായിരിക്കുമെന്ന് വെറുതെ ഒന്ന് ചിന്തിക്കാം. അങ്ങനെ കിടന്ന് മടുക്കുമ്പോൾ അടുക്കളയിൽ ചെന്ന് എത്തിനോക്കാം.

പനിയുടെ കയ്പ്പ് പോലും ഇല്ലാതാക്കുന്ന അമ്മച്ചിയുടെ ചക്കപ്പുഴുക്കും മുളകു ചമ്മന്തിയും ആവോളം കഴിക്കാം. തൊണ്ടയിൽ അൽപ്പം കരകരപ്പ് തോന്നിയാൽ ‘അമ്മേ, കട്ടൻ’ എന്നൊരു വിളിമാത്രം മതി. പറമ്പിലെ പണിക്കാർക്ക് കൊടുക്കുന്നതിനൊപ്പം ഒരു പങ്ക് എന്റെ മുറിയിലെ മേശയിലെത്താൻ.

പനി ഒന്ന് ആറി തുടങ്ങിയപ്പോൾ വെളിയിൽ ഇറങ്ങി. കുരുമുളകിന് വളം ഇടുന്നു. വേപ്പിൻ പിണാക്കാണെന്ന്. അമ്പോറ്റിയച്ഛന് ഒരുപാട് ഇഷ്ടമായിരുന്നു ഈ കുരുമുളക് കൃഷി.

“തൊട്ടടുത്ത് തന്നെയിങ്ങനെ വളർന്ന് നിക്കുന്നെ കാണുമ്പോൾ അച്ഛന് സന്തോഷമാകും.”

അമ്പോറ്റിയെ ദഹിപ്പിച്ചതിന് അടുത്ത് നിന്ന് അച്ചാച്ചി ഇത് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഞാനും ആലോചിച്ചു. ഈ പറമ്പിലൂടെ ഒരുപാട് അലഞ്ഞതിനെപ്പറ്റി; അമ്പോറ്റിയ്ക്കൊപ്പം. കുരുമുളക്, കാപ്പിക്കുരു, കശുവണ്ടി, പാക്ക്… (ആ കൃഷിയൊക്കെ ഒരുപാട് ഉണ്ടെന്ന് തെറ്റിദ്ധരിക്കേണ്ടാ. അപ്പൂപ്പനും കൊച്ചു മക്കൾക്കും കൂടി നടന്ന് പറിക്കാനും, എടുക്കാനും ഒക്കെ ഉണ്ടായിരുന്നുള്ളു😊.) അതൊക്കെ ഓർത്തപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. ഉടനെ ഞാൻ എന്റെ സ്പേസിലേയ്ക്ക് തിരികെ കയറി. സ്വയം ഒതുങ്ങി ഇരുന്നു.

NB: സ്വയം ഒതുങ്ങാൻ ഏറ്റവും നന്നായി സഹായിക്കുന്ന ഒന്നാണ് പനി. ഒതുക്കത്തിൽ ഇരുന്ന് എഴുതാനും.😁

മൂന്ന് സംഭവങ്ങൾ

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ…..”മണിമലയ്ക്ക് ബസ്?”

ആ ചോദ്യം പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ മുഖത്ത് അടിച്ചപോലാണ് മറുപടി കിട്ടിയത്.

“ഹാ .വണ്ടിയില്ല”

വേറെ ഒന്നും എനിക്ക് ചോദിക്കാൻ തോന്നിയില്ല. പുള്ളിയുടെ മറുപടി കേട്ടാൽ ഈ നാഗമ്പടം സ്റ്റാൻഡിൽ നിന്ന് ഒരു വണ്ടി പോലും ഞങ്ങടെ മണിമലയ്ക്ക് പോയിട്ടില്ലെന്ന് തോന്നിപ്പോകും.

രണ്ടും കൽപ്പിച്ച് കറുകച്ചാലിനുള്ള ചമ്പക്കര ബസിൽ കയറി. കറുകച്ചാലിൽ നിന്നാൽ ചങ്ങാനാശ്ശേരിന്ന് വരുന്ന മണിമലയ്ക്ക് ഉള്ള ബസ് ഉണ്ടേൽ, അത് കിട്ടുമല്ലോ എന്ന് കരുതിയാണ്, കേട്ടോ. ഇനി മണിമലയ്ക്ക് ബസ് കിട്ടിയില്ലേൽ വല്ല മൂഴിയ്ക്കുള്ള ബസിൽ കേറിയാൽ പത്തനാട് ഇറങ്ങാമല്ലോ. അവിടെ എത്തിപ്പെട്ടാൽ, അച്ഛനെ കൂട്ടാൻ വിളിക്കാമല്ലോ. ഞാൻ ആലോചിച്ചു. ജീവിതത്തിലും ഇത് തന്നെ അല്ലെ നടക്കുന്നത്. ലക്ഷ്യത്തിൽ എത്തുമോ എന്ന് ഉറപ്പില്ലാത്ത കുറെ യാത്രകൾ. പക്ഷെ അതിന് ധൈര്യം തരുന്ന ശക്തികൾ.

——————————————

ബസിൽ.. പുതുപ്പള്ളി കഴിഞ്ഞപ്പോഴാണ് സീറ്റ് കിട്ടിയത്. ഏറ്റവും പുറകിലെ സീറ്റിൽ ഞാൻ ഇരുന്നു. അപ്പോഴാണ് ഒരു അപ്പൂപ്പൻ ബസിൽ കയറിയത്. പാവം വളരെ കഷ്ടപ്പെട്ട് പിടിച്ച് പിടിച്ച് ആണ് കയറിയത്. എന്നത്തേയും പോലെ ഞാൻ വെയിറ്റ് ചെയ്തു. ആരേലും എഴുന്നേറ്റ് കൊടുക്കാൻ ഞാൻ കുറച്ചു കാത്തു നിന്നു. ( ആർക്കേലും നന്മ ചെയ്യാനുള്ള അവസരം ഞാനായിട്ട് ഇല്ലാണ്ടാക്കേണ്ടാ എന്ന് കരുതിയാണെ😉) പക്ഷെ, ആരും അത് ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ തന്നെ എഴുന്നേറ്റ് കൊടുത്തു. ആ അപ്പൂപ്പനെ ഇരിക്കാനും ഞാൻ സഹായിച്ചു. പക്ഷെ, ടിക്കറ്റ് എടുക്കാനായി കണ്ടക്ടർ വന്നപ്പോഴാണ് അപ്പൂപ്പൻ വണ്ടി മാറി കയറിയതാണെന്ന് അറിഞ്ഞത്.

ആ അപ്പൂപ്പൻ അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങി. പക്ഷെ, അപ്പോഴേക്കും ആ സീറ്റ് വേറൊരു ചെറുപ്പക്കാരൻ വന്നു കൈയടക്കിയിരുന്നു. സീറ്റുകളോട് ഒരു പുച്ഛ ഭാവം കാട്ടി ഞാൻ ആ നിൽപ്പ് തുടർന്നു.

———————————————

വീട്ടിൽ എത്തി…. “ഉണ്ണിമാമന് ഇത് വേണോ?”

രണ്ട് ചുവന്ന മുളക് കാട്ടി ശബരി (എന്റെ നാല് വയസ്സുള്ള എന്തിരവൻ) ചോദിച്ചു.

“വേണ്ടാ , മാമന് എരിക്കും ശബരി.”

“ഒരു കാര്യം പറേട്ടേ. ശബരിക്ക് ഫുൾട്ടോസിലുള്ള മുളക് ഭയങ്കര ഇഷ്ടാ.” ( ഫുൾട്ടോസ് – കുർകുറെ പോലുള്ള ഒരു സാധനം. ഇപ്പോൾ നാട്ടിലൊന്നും അവന് ഇഷ്‌ടപ്പെട്ട ഈ ഫുൾടോസ് കിട്ടാത്തൊണ്ട്, ഫുൽടോസിന്റെ മലയാളമാണ് കുർകുറെ എന്ന് പറഞ്ഞാണ് അവന്റെ ശാഠ്യം ഇപ്പോൾ നിയന്ത്രിക്കുന്നത്.😆)

“അതിന് ഫുൾട്ടോസിലെ ഈ മുളക് കാണാമോ?”

“അതിന്റെ കവറിൽ കാണാല്ലോ?”

കവറിൽ പറയുന്നത് എല്ലാമൊന്നും സത്യമാകില്ല. രുചി കിട്ടാൻ അഡിറ്റിവ്സ് എന്തേലും ഇട്ടതാണെന്ന് എനിക്ക് പറയാൻ തോന്നി. പക്ഷെ, ഞാൻ പറഞ്ഞില്ല. കാരണം അവൻ കുഞ്ഞല്ലേ?.. കള്ളങ്ങൾ അറിയാതെ, ചതികൾ ഈ ലോകത്ത് ഉണ്ടെന്ന് മനസിലാകാതെ കുറച്ച് നാൾ കൂടി അവൻ ദേവനായി ജീവിക്കട്ടെ.

കുറെ നാൾ കഴിഞ്ഞാൽ അവനും എല്ലാം മനസ്സിലാകുമല്ലോ.

ആ മുഖം

പരിചയമില്ലാത്ത ഒരാളോട് പണം കടമായി ചോദിക്കാൻ പോലും മടിയുള്ളവർ ആണ് നമ്മൾ.

അപ്പോൾ ഒന്ന് ആലോചിച്ച് നോക്ക്, ഭിക്ഷ ചോദിക്കുന്നവരുടെ അവസ്ഥ. ആ നിസ്സഹായാവസ്ഥ… ശാരീരികമായ ക്ലേശം അനുഭവിക്കുന്നവർക്ക് മാത്രം ഭിക്ഷ കൊടുത്താൽ മതി എന്നാണ് ഞാൻ ഇത് എഴുതുന്നത് വരെയും ചിന്തിച്ചു വച്ചിരുന്നത്. കാരണം എന്റെ ആ നിലപാടിനെ ഛേദിക്കാൻ വേറൊരു യുക്തിയും ന്യായവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു… ഇത് എഴുതുന്നത് വരെ…

ഒരു മുഖത്തിന്റെ ഓർമ്മയിൽ നിന്നാണ് എനിക്കാ ന്യായം കിട്ടിയത്. ഇന്നലെ ഏറ്റുമാനൂർ അമ്പലത്തിൽ പോയിരുന്നു. ഞാനും അമ്മയും. എല്ലാവരുടെയും പേരിൽ വഴിപാടുകൾ ഒക്കെ കഴിച്ച്, കാണിക്ക ഒക്കെ സമർപ്പിച്ചു അമ്പലത്തിൽ നിന്ന് ഇറങ്ങുന്ന സമയമാണ് ആ മുഖം എന്റെ മുന്നിൽ വന്നത്. എന്റെ കൈയിൽ കൊടുക്കാൻ ഒന്നുമില്ലായിരുന്നു. മുൻപേ നടന്ന അമ്മയുടെ അടുത്ത് നിന്ന് എന്തേലും വാങ്ങിച്ചു കൊടുക്കാനുള്ള അവസരം എനിക്കുണ്ടായിരുന്നു. പക്ഷെ, വഴി മാറി നടക്കുകയാണ് ഞാൻ ചെയ്തത്. ആ മുഖം എന്റെ മനസിൽ വഴി തെറ്റാതെ പിന്നെയും നിൽക്കാൻ അത് കാരണമാവുകയും ചെയ്തു.

സാധാരണയായി ഞാൻ ചെയ്യുന്നത്, ചെയ്തതിന് ന്യായം കണ്ടെത്തി ആ അദ്ധ്യായം അടയ്ക്കുക എന്നതായിരിക്കും. പക്ഷെ, ആ മുഖത്തിൽ അന്യായമായ ഒരു ന്യായത്തെ അടിച്ചേൽപ്പിക്കാൻ എനിക്ക് കഴിയുന്നില്ല.

ആ മുഖമാണ് എന്നെ ഇത് എഴുതിപ്പിക്കുന്നത്. എന്നെ തിരുത്തുന്ന ഒരു ന്യായമായ് ഞാൻ എഴുതി…

“മനസ്സ് എത്രത്തോളം താഴ്ന്ന് നിന്നാണ് ഒരാൾ നമ്മളോട് ഭിക്ഷ യാചിക്കുന്നത്? ശാരീരകമായ കഷ്ടതകൾ ഇല്ലെങ്കിൽ പോലും… മനസ്സ് കൊണ്ട് അത്രത്തോളം താഴ്ന്ന അവസ്ഥയുള്ള ഒരാളെ നമ്മൾ എന്തായാലും സഹായിക്കണമെന്നാണ് എന്റെ പുതിയ ന്യായം. “

സ്വപ്ന സഞ്ചാരം

Be happy for this moment. This moment is your life.

ഒമർ ഖയാമിന്റെ വാക്കുകൾ ആ മതിലിൽ ആരോ ഭംഗിയായി എഴുതി വെച്ചിരിക്കുന്നു. അത് മാത്രമല്ല അഞ്ഞൂറ് മീറ്ററോളം നീളമുള്ള ഈ പാർക്കിലെ പാതയുടെ ഇരുവശത്തുമായി ഇതുപോലെ ഒരുപാട് വാചകങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷെ, സ്വപ്നയുടെ കണ്ണുകളിൽപ്പെട്ടത് ഒമർ ഖയാമിന്റെ ഈ വാചകമായിരുന്നു. സ്വപ്ന ഒന്നുകൂടി അത് വായിച്ചു. അവൾക്ക് നേരെയുള്ള പരിഹാസം പോലെ അവൾക്കത് തോന്നി. അവൾ വേദനിച്ചു.

ആ വേദന ഒരു ദേഷ്യമായി അവളിൽ അലയടിച്ചു. ഹും… മനുഷ്യന്മാരെ വേദനിപ്പിക്കാൻ ഓരോന്ന് എഴുതിക്കൊള്ളും…അവൾ മനസ്സിൽ പുലമ്പി. പൊതുസ്ഥലത്ത് അവളെ പരിഹസിച്ചതിന് അവൾക്ക് നീതി കിട്ടണം. അവൾ ചിന്തിച്ചു.

ആർക്കെതിരെ പരാതിപ്പെടും? എഴുതിയ ആൾക്കെതിരെയോ? വേണ്ട, അയാൾ വെറും ഒരു ദിവസകൂലിക്കാരനാവും. ഹാ.. ഉത്തരവിട്ട ഓഫീസർക്കെതിരെ കൊടുക്കാം. അല്ല.. നഗരത്തിന്റെ സാരഥ്യം കയ്യാളുന്ന മേയർക്കെതിരെ പരാതി കൊടുത്താല്ലോ? ഈ നഗര പ്രദേശങ്ങൾ മോടി പിടിപ്പിക്കാൻ പ്രേരിപ്പിക്കുന്ന കേന്ദ്രത്തിനെ തന്നെ പ്രതികൂട്ടിലാക്കണോ?. വേണ്ട… യഥാർത്ഥ നീതി അതല്ല. ഇതിനു പിന്നിലെ ആൾ.. അതേ സാക്ഷാൽ ഒമർ ഖയ്യാമിനെതിരെ തന്നെ പരാതി കൊടുക്കണം. സ്വപ്ന അവിടെയുള്ള ഒരു ബെഞ്ചിലിരുന്ന് ആലോചിച്ചു.

കോടതി മുറി.. ഒരു ഭാഗത്ത് വാദിയായ അവൾ. എതിർ വശം പ്രതിയായ ഒമർ ഖയാം. അത് ഒമർ ഖയ്യാം തന്നെ ആണോ? ആ മുഖം എവിടെയോ കണ്ട പോലെ. നരച്ച താടിയുമായി നിൽക്കുന്ന ആ അവശനായ വൃദ്ധൻ ഒമർ ഖയ്യാം ആണെന്ന് തന്നെ സ്വപ്നയ്ക്ക് വിശ്വസിക്കാൻ തോന്നി. അവിടെ ഉള്ള മറ്റാരെയും സ്വപ്നയ്ക്ക് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. ഖയാം സത്യ വാചകം ഏറ്റു ചൊല്ലുന്നു. വക്കീൽ പ്രതിയുടെ പേര് ഉറക്കെ പറയുന്നു. ‘ഇബ്രാഹിം അൽ ഖയാമി’. പെട്ടെന്ന് അവിടേയ്ക്ക് പൊട്ടിക്കാത്ത ഒരു പൊതി ജഡ്ജിയുടെ മുൻപിലായി സമർപ്പിക്കപ്പെടുന്നു. ആ പൊതി തുറന്ന്, അതിലെ പേപ്പറുകൾ വായിച്ചിട്ട് ഉടനെ തന്നെ ജഡ്ജി സ്വപ്നയുടെ നേരെ വിരൽ ചൂണ്ടുന്നു. എല്ലാ കണ്ണുകളും ഖയാമിൽ നിന്ന് മാറി സ്വപ്നയുടെ നേർക്ക് തിരിയുന്നു. പെട്ടെന്ന് അവിടെ താൻ പ്രതിയായി മാറിയതായി അവൾക്ക് തോന്നി. തുടർന്ന് ചോദ്യങ്ങൾ അവൾക്ക് നേരെയാണ് വന്നത്. അവൾ ചെവി പൊത്തി നിന്നെങ്കിലും, ആ ചോദ്യങ്ങൾ അവളിൽ ഇടിച്ചു കേറുന്നതായി തോന്നി.

നിനക്കെന്താ സന്തോഷിച്ചാല്? ഒന്ന് ചിരിച്ചാല്? ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്തിനാണ്? വെറുതെ ഇങ്ങനെ ദുഃഖിച്ച് നടക്കാനാണോ? സന്തോഷിക്കാനും ബാക്കിയുള്ളവർക്ക് സന്തോഷം പങ്കിടാനുമല്ലേ? അപ്പോൾ പറയ്, നിനക്കെന്താ, പിന്നെ സന്തോഷിച്ചാല്?

അവൾ ആലോചിച്ചു. സന്തോഷിക്കണമെന്നോ? ങേ.. ശരിയാണോ? അവൾ വീട്ടിലെ കാര്യങ്ങൾ ഓർത്തു. കഷ്ടപ്പാടുകൾക്കിടയിൽ അനിയനെയും അവളെയും ഒറ്റയ്‌ക്ക്‌ വളർത്തി വലുതാക്കിയ അമ്മയ്ക്ക് ഇപ്പോൾ ഒന്നും ചെയ്യാനുള്ള ആവതില്ല. കിടപ്പിലാണ്. അവളുടെ ചുമലിലാണ് ഇപ്പോൾ കുടുംബഭാരം. അവളുടെ ഒരേയൊരു പ്രതീക്ഷയായ അനിയൻ പഠനത്തിൽ ഉഴപ്പുകയാണ്. അവന്റെ പുതിയ കൂട്ടുകെട്ടുകൾ കാണുമ്പോൾ അവൾക്ക് പേടിയാണ്, മനസ്സിൽ. മറ്റൊരു ഭാഗത്ത് എപ്പോൾ വേണമെങ്കിലും തെറിയ്ക്കാവുന്ന പരസ്യ കമ്പനിയിലെ ജോലി. ഒന്നുങ്കിൽ അവർ തന്നെ അവളെ പറഞ്ഞു വിടും. കസ്റ്റമേഴ്‌സുമായി ഇടപെടുമ്പോൾ ചിരിക്കാത്തതിന്റെ പേരിൽ. അല്ലെങ്കിൽ സുധീഷ് സാറിന്റെ അശ്ലീല ചുവയുള്ള നോട്ടത്തെ വെറുത്ത് അവൾ തന്നെ ആ ജോലി ഉപേക്ഷിക്കും. ഇതൊക്കെ ഓർത്തു വേണോ അവൾ ചിരിക്കാൻ?

ആ കോടതി മുറിയിൽ അവൾ ഒമർ ഖയ്യാമിനെ ഒന്നുകൂടി നോക്കി. താൻ ഫോട്ടോകളിൽ മാത്രം കണ്ട് പരിചയിച്ച തന്റെ അച്ഛൻ താടി വളർത്തി നിൽക്കുന്ന പോലെ അവൾക്ക് അപ്പോൾ തോന്നി. അദ്ദേഹം അവളോട് പറയുന്നുണ്ടായിരുന്നു.. മോളെ.. ചിരിക്കൂ….. അവൾ അപ്പോൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പക്ഷെ, ഒരു കണ്ണ്‌ നീർ തുള്ളിയിലാണ് ആ ശ്രമം അവസാനിച്ചത്. കോടതി മുറിയിൽ അങ് ഇങ്ങായി ആരൊക്കെയോ ചിരിക്കുന്നുണ്ട്. ആ ചിരിയുടെ ശബ്ദം ഉയരുകയാണ്.

ചിരി കേട്ട് കണ്ണ് തുറന്നപ്പോൾ അവൾ ആ തെരുവോരത്തെ ബെഞ്ചിൽ ഇരിക്കുകയാണ്. തൊട്ടടുത്തുള്ള ബെഞ്ചിൽ ഇരുന്ന് കുറെ പയ്യന്മാർ അവളെ നോക്കി കമെന്റ് അടിക്കുന്നുണ്ടെന്ന് അവൾക്ക് മനസിലായി. സ്ഥാനം തെറ്റി കിടക്കുന്ന ഷാൾ നേരെയാക്കി, പെട്ടെന്ന് അവൾ അവിടെ നിന്ന് എഴുന്നേറ്റു.

അവളെല്ലാ ചിരികളിൽ നിന്നും മുന്നോട്ട് നടക്കാൻ ശ്രമിച്ചു….

IFFK 2022

ചുമരുകളിൽ ലോകം വരച്ചു കാട്ടിയ പ്രകാശം ഇവിടെ ഇന്ന് അസ്തമിക്കുന്നു. ആളൊഴിഞ്ഞ ഈ കസേരകൾ കാണുമ്പോൾ, എത്രയും വേഗം അടുത്ത വർഷമാകാൻ കാത്തിരിക്കുന്ന ഒരുപാട് മനസ്സുകളെ ഓർമ്മ വരുന്നു.

ജോലിത്തിരക്കുകൾക്ക് ഇടയിലും ഈ വർഷവും ഓടിയെത്തിയ ഹൻസികയുടെയും, ഈ കാഴ്ച്ചകൾ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുന്നതിന്റെ ഭാഗമാക്കിയ മോഹനചന്ദ്രൻ സാറിന്റെയും…പിന്നെ പിന്നെ ഷെമിൻ ചേച്ചിയുടെയും മെൽവിൻ ബ്രോയുടെയും… അങ്ങനെ അങ്ങനെ… കണ്ട് പരിചയം വന്ന മറ്റു മനസ്സുകളുടെയും…. എല്ലാം ഒരിക്കൽ കൂടി ഓർമ്മ വരുന്നു.

##Iffk2022#thanku##

രഹസ്യം

നിങ്ങളോട് ഒരാൾ ഒരു രഹസ്യം വെളിപ്പെടുത്തുകയാണെന്ന് വിചാരിക്കുക. അയാളെ സംബന്ധിക്കുന്ന ഒരു രഹസ്യമാണെ. അപ്പോൾ നിങ്ങൾക്ക് എന്തായിരിക്കും തോന്നുക. ആ രഹസ്യം എന്തുമായിക്കൊള്ളട്ടെ. അയാൾ നിങ്ങൾക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് ചിന്തിക്കാം. അയാൾക്ക് നിങ്ങളിലുള്ള വിശ്വാസമാണ് അത് കാണിക്കുന്നതെന്ന് ചിന്തിക്കാം. പക്ഷെ, അങ്ങനെയാണോ? ഞാൻ ഒരു രഹസ്യം പറഞ്ഞപ്പോഴാണ് ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നത്.

രഹസ്യം… ഈ രഹസ്യം എന്ന് പറയുന്നത് പല ലയറായിട്ടുണ്ട്. ചിലപ്പോൾ രഹസ്യം ഒരു മറയായി ഉപയോഗിക്കാൻ സാധിക്കും. ആർക്കും ചേതമില്ലാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയാൽ അതിന് താഴെയുള്ള പരമപ്രധാനമായ രഹസ്യം വളരെ സുരക്ഷിതമായിരിക്കുമെന്ന് ചിന്തിക്കാം. ഒരുപാട് രഹസ്യം പറയുന്നവന്, മറയ്ക്കാൻ ഏറെ ഉണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. സാമ്പത്തികശാസ്ത്രത്തിലെ ‘കോക്രോച് തിയറി’ പോലെ….

———————————–

NB: ജോസ് സാർ ക്ലാസ്സിൽ പറയാറുണ്ടായിരുന്നു. “ആണായാൽ ചാണകം വേണം. ചാണകത്തിൽ ഒരു കോണകം വേണം”.

അയ്യേന്നോ! ഒന്നൂടെ നിർത്തി നിർത്തി വായിക്കടോ… ആണായാൽ ( ഞങ്ങടെ ബോയ്സ് സ്കൂൾ ആയിരുന്നെ) ചാണ് അകം വേണം ആ ചാണ് അകത്തിൽ ഒരു കോണ് അകം വേണം. ആണായാലും പെണ്ണായാലും ഒരു വലിയ മനസ്സ് വേണം. ആ മനസ്സിൽ ഒരു ചെറിയ ഭാഗം ആരേം കാണിക്കാതെ വെക്കണം എന്ന്.

ശൂ..ശൂ… ഇതൊന്നും ആരോടും പറയല്ലേ.🤭 ഇതൊക്കെ ഒരു രഹസ്യമായി തന്നെ നിങ്ങടെ കോണകത്തിൽ സൂക്ഷിച്ചോ.😛

💐💐💐💐💐💐💐💐💐💐💐💐

ഒരു പേരിലൊക്കെ എന്തിരിക്കുന്നു?

ഹാ … ഈ പെണ്കുട്ടികളുടെയൊന്നും ‘പേരുകളിൽ’ ഞാൻ ഇപ്പോൾ ശ്രദ്ധക്കൊടുക്കാറില്ല. കാരണം ഉണ്ടുവ്വേ… ചുമ്മാതങ് പറഞ്ഞതല്ല. ‘പേര്’ എന്നെ വഴിതെറ്റിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.

സ്കൂൾ കാലഘട്ടത്തിലോ കോളേജിൽ പഠിക്കുന്ന ഘട്ടത്തിലോ എനിക്ക് പേരിന് പറയാൻ പോലും ഒരു ക്രഷ് ഉണ്ടായിരുന്നില്ല. അന്നൊക്കെ അൽപ്പം ബജി… ബജി അല്ലടോ ബജി.. ശെടാ ..ടൈപ്പോ ശരിയാകുന്നില്ലലോ.. ബു ജ്ജി.. ഹാ ഇപ്പൊ ശരിയായി. ഹാ…. അന്നൊക്കെ ഞാൻ ബുജി കളിച്ചു നടക്കുവാരുന്നു എന്നാ പറയാൻ വന്നേ..😅

കോളേജ് കഴിഞ്ഞു ജോലിക്ക് ജോയിൻ ചെയ്ത്, ട്രൈനിംഗിന്റെ സമയത്താണ് അവളെ കാണുന്നത്. ഹോ..എന്റെ സാറേ… ആദ്യമായി പ്രണയം എന്നത് ഞാൻ മനസ്സിലാക്കി. ഒരാളെ കാണുമ്പോൾ ചങ്ക് ഒക്കെ പൊട്ടാൻ പോകുന്ന അവസ്ഥ ഇല്ലേ..അതായിരുന്നു..ഹോ. അവളുടെ ഒരു കൂട്ടുകാരി എന്റെ ബാച്ചിലുണ്ടായിരുന്നു. ആ കൂട്ടുകാരിയുടെ അഭിപ്രായവും പിന്നെ എന്നെ ഫോണിൽ കേൾപ്പിച്ച അവൾ പാടിയ “വരമഞ്ഞളാടിയ രാവിന്റെ മാറിൽ..” .. അതൊക്കെ കാരണമായി ഉണ്ട്. എന്നാലും അവളുടെ പേര് ആണ് എന്നെ കൂടുതൽ ആകർഷിച്ചത്. പേരിലെ വാലാണോ എന്ന് ചോദിക്കല്ലേ? കാരണം അതും ഏതാണ്ട് ഒത്ത് വന്നിരുന്നു.🙃 പക്ഷെ അതല്ല.. പേരിന്റെ ആദ്യ ഭാഗം. അതാണ്. എന്റെ കളിക്കൂട്ടുകാരിയുടെ പേരായിരുന്നു അത്. “ഉണ്ണിചേട്ടായി” എന്ന് വിളിച്ചു എന്റെ പുറകെ നടന്നിരുന്ന കൂട്ടുകാരി.. അവളൊക്കെ ഇപ്പൊ എവിടെ ആണോ എന്തോ.. എന്നാലും ആ പേര് ഇവിടെ വന്നപ്പോൾ ആരോ എനിക്ക് വേണ്ടി ഈ യാദൃശ്ചികത കൊണ്ട് വെച്ചതാണെന്ന് പോലും തോന്നി. അന്ന് തുടർന്നുള്ള മാസങ്ങളിൽ അവളോടുള്ള പ്രേമം എന്റെ മനസ്സിൽ കവിഞ്ഞ് ഒഴുകി.

അതല്ലാതെ വേറെ ഒന്നും നടന്നില്ല കേട്ടോ.. അവളോട് സംസാരിക്കാനുള്ള ശ്രമങ്ങൾ ഒക്കെ ഞാൻ നടത്തി. ഒരു ദിവസം ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ അവളെ താമസിക്കുന്ന സ്ഥലത്ത് ഡ്രോപ്പ് ചെയ്തു എന്നതാണ് ഇതിലെ ഏറ്റവും വലിയ സംഭവം. അതിന് എന്നെ സഹായിച്ച എന്റെ കൂട്ടുകാരിയെയും, പിന്നെ മാറി തന്ന ശ്രീജിത്തിനേം, മാറിത്തന്നില്ലെന്ന് മാത്രമല്ല; അന്ന് തന്നെ അവന്റെ ഒരു പ്രോജെക്ട്മെറ്റിനെക്കൂടി ഡ്രോപ്പ് ചെയ്യാൻ വിളിച്ചോണ്ട് വന്ന ആൽഫിനെയും.. പിന്നെ ആൾട്ടോ കാറിന്റെ ഫ്രണ്ടിൽ ആൽഫിന്റെയും എന്റെയും ഒപ്പം കഷ്ടപ്പെട്ട് ഇരുന്ന ലാലിനെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു… എന്റെ കിങ്ങിണി കുട്ടിക്കും ഒരു നന്ദി കൊടുക്കണം. സംശയിക്കേണ്ട എന്റെ ആൾട്ടോ കാറിനെ ഞങ്ങൾ വിളിക്കുന്ന പേരായിരുന്നു കിങ്ങിണി. അവൾ അന്ന് ഇന്ഫോപാർക് ഗേറ്റിന്റ് അടുത്തുള്ള ബമ്പിൽ ഇടിച്ചു നാണം കെടുത്തി ഇല്ലായിരുന്നെങ്കിൽ കഥ വേറെ ആകുമെന്ന് വിശ്വസിക്കാനാണ് ഇന്ന് എനിക്കിഷ്ടം. 😝.എന്തായാലും ഒരു പേര് കാരണം എന്നെ കുഴപ്പത്തിലാക്കിയ പെങ്കൊച്ച് പെട്ടെന്ന് തന്നെയങ് കെട്ടിപ്പോയി… ഹാവൂ..😅

രണ്ടാമത്തെ ക്രഷ് ന്റെ കാര്യാണ് കോമഡി. അവളുടെ പേരിന്റെ കൂടെ എന്റേത് ചേർത്താൽ ഒരു സൂപ്പർ സ്റ്റാറായി. 😎..ഞാൻ ഉറപ്പിച്ചു. പണ്ട് ഒന്നാം ക്ലാസ്സിൽ മേലുകാവ്മറ്റം സ്കൂളിൽ ചേർന്ന സമയം അവിടുത്തെ ഹെഡ്മിസ്ട്രെസ്സിനെ കൊണ്ട് പേര് മാറ്റണോയെന്ന് ചോദിപ്പിച്ചതും.. എന്റെ അച്ഛനേം അമ്മയേം പോലും ഞെട്ടിച്ചു കൊണ്ട് ഇപ്പോഴത്തെ ഈ പേര് ഞാൻ പറഞ്ഞതും… രജിസ്റ്ററിൽ ചേർത്തതുമെല്ലാം ഇവളെ കാണാനും സ്നേഹിക്കാനും ആണെന്ന് ഞാൻ ഉറപ്പിച്ചു. പക്ഷെ, അവിടെയും വിധി വെറും ഒരു പേരിൽ ഒന്നുമില്ലായെന്ന് കാട്ടി തന്നു.

അവള് എന്നെ ഒഴിവാക്കി പോയത് ഒരു തേപ്പ് ആരുന്നെന്ന് രണ്ട് വർഷം കഴിഞ്ഞ്, ഇപ്പോൾ ആലോചിക്കുമ്പോഴാണ് മനസ്സിലാകുന്നത്. ഷീ വാസ് സോ പ്രൊഫഷണൽ..😛

മനസ്സിലായോ? തന്റെ പേര് പോലും ചോദിക്കാത്തതിന്റെ കാരണമിതാണ്.. .. ഇനിയിപ്പോ അത് ശ്രീദേവി*യെന്നോ മാനസ*യെന്നോ ആണേൽ പോലും എന്റെ മനസ്സ് പതറില്ല..😏

————————–💐💐————————–

*അവരൊക്കെ സുന്ദരികളും ആദർശവതികളുമായ എന്റെ കഥാപാത്രങ്ങളാണെ..😆

മൈ സ്റ്റാറ്റസ്

എന്റെ വാട്സപ്പ് സ്റ്റാറ്റസ് കണ്ട് അവൾ ചോദിച്ചു.

“ഓഹോ.. ഇതാണോ നിന്റെ എഴുത്തിന്റെ ന്യായം?”

എനിക്ക് അത്ഭുതം തോന്നി. പണ്ടെന്നോ ഇട്ട വാട്‌സ്ആപ്പ് പ്രൊഫൈൽ സ്റ്റാറ്റസ്, വേറെ ആര് നോക്കിയാലും അവള് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇതിന് മുൻപ് ഒരു തവണ, ഞാൻ തന്നെ പറഞ്ഞ് അവളെക്കൊണ്ട് സ്റ്റാറ്റസ് നോക്കിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് വേറെ… ആ സ്റ്റാറ്റസ് ഇന്നും ഞാൻ ഓർക്കുന്നുണ്ട് …”Black friday”..😆.. അതിനെപ്പറ്റി ഞാൻ ഒരു സ്റ്റോറി വേറെ എഴുതിട്ടുണ്ടെ.

പക്ഷെ, ഇപ്പോഴത്തെ സ്റ്റാറ്റസ്..🤔.. സത്യം പറയട്ടെ.. ഞാൻ അത് മറന്നു പോയി..🙄 അതൊണ്ട് അത് എന്താന്ന് അറിയാൻ ഒന്നൂടെ നോക്കേണ്ടി വന്നു. ആഹാ.. ഇതോ..🤨.

What cannot be said above all must not be silenced but written

ശരിയാണല്ലോ.. അവൾ പറഞ്ഞേ.. എനിക്ക് എന്നെ കുറിച്ചു തന്നെ ഒരു മതിപ്പ് തോന്നി. ഓരോ സമയത്ത് തോന്നുന്ന ഓരോന്ന് ല്ലേ?

ഇത് പക്ഷെ എന്റെ കോട്ടല്ല. ജാക്ക്‌സ് ഡേറിഡാ..( Jacques Derrida) എന്ന അൾജീരിയയിൽ ജനിച്ച ഒരു ഫ്രഞ്ച് ഫിലോസഫറിന്റേതാണ്. എവിടെയോ വായിച്ചപ്പോൾ നല്ലതാണെന്ന് തോന്നി അന്ന് ഞാൻ സ്റ്റാറ്റസ് ആക്കിയതായിരിക്കണം. അവൾ പറഞ്ഞതും ശരിയായിരിക്കാം. എന്റെ എഴുത്തിനെ ന്യായീകരിക്കാൻ.😉

പറയാനായിട്ട് മനസ്സിൽ ഒരുപാട് ഉണ്ട്. കേൾക്കാൻ ആരുമില്ല.(ആരുമില്ല എന്നത് ശരിയല്ല. നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നവർ കേൾക്കാത്ത പോലെ അഭിനയിക്കുമ്പോൾ ആരും ഇല്ലാത്തതായി ചിലപ്പോൾ തോന്നും. അതൊണ്ട് പറഞ്ഞതാ.) ആ ഒരു അവസ്ഥയിൽ ഞാൻ കണ്ടെത്തിയ മാർഗമാണ് ഈ എഴുത്ത്.

NB: അവൾ വായിക്കുന്നത് വരെയേ എന്റെ ഓരോ എഴുത്തിനും ആയുസ്സുള്ളൂയെന്ന് ഇന്നും അവൾ മനസ്സിലാക്കുന്നില്ലല്ലോ.