മതിലുകളിൽ ബഷീർ, അനിയൻ ജയിലരോട് പറയുന്നുണ്ട്; എല്ലാവരും സ്വന്തം കഥ എഴുതാൻ തുടങ്ങിയാൽ പേപ്പറും മഷിയുമൊക്കെ തികയാതെ വരുമെന്ന്. ഹാ..
പിന്നെ, നാസ്‌തെൻക, ദസ്തയേവ്സ്കിയുടെ ‘വെളുത്ത രാത്രി’കളിലെ നായിക, നായകനോട് അയാളുടെ ജീവിത കഥ പറയാൻ ആവശ്യപ്പെടുന്നുണ്ട് . തനിക്കു കഥയില്ലെന്ന നായകന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ചോദിക്കുന്നു ..
“കഥയില്ലെങ്കിൽ പിന്നെങ്ങനെ ജീവിച്ചു? “
അതെ… ഓരോ മനുഷ്യ ജീവിതവും ഓരോ കഥയാണ്. ‘ഇമ്മിണി ബല്യ കത’😆. അതൊക്കെ പോട്ടെ.. പറഞ്ഞു വന്നത്…
ഹ്യൂമൻ ലൈബ്രറി എന്ന് കേട്ടിട്ടുണ്ടോ? നിങ്ങൾ ഉദ്ദേശിക്കുന്നപോലുള്ള സാധാരണ ലൈബ്രറിയല്ലിത്. എല്ലാ ലൈബ്രറികളിലുമുള്ള പോലെ ഇവിടെ പുസ്തകങ്ങളില്ല എന്നതാണ് ഇതിലെ പ്രധാന വ്യത്യാസം.🤗
പുസ്തകങ്ങളില്ലാത്ത ലൈബ്രറിയോ? എന്തെങ്കിലും അപാകത തോന്നിയോ? ഹാ..
കൂടുതൽ അന്വേഷിച്ചപ്പോൾ സംഭവം ശരിയാണ്. ഓരോ മനുഷ്യനും അവന്റെ ജീവിതകഥ ഉണ്ടാകുമെന്ന് നമ്മൾ ചിന്തിച്ചല്ലോ. ഇവിടെ ഓരോ മനുഷ്യന്മാരും ഓരോ പുസ്തകങ്ങളാണെന്ന് കരുതുന്നു. അത്രേ ഉള്ളൂ. ചിലർ പറയുന്നത് കേട്ടിട്ടില്ലേ; താനൊരു തുറന്ന പുസ്തകം ആണെന്ന്. അതന്നെ.. ഈ ലൈബ്രറിയിൽ മനുഷ്യരുടെ ജീവിതം തുറക്കപ്പെടുന്നു.
ഇവിടെ ഒരാൾ തന്റെ ജീവിതകഥ മറ്റുള്ളവരോട് പറയുന്നു. തുടർന്ന് ചോദ്യങ്ങളും കാണും. വായന എന്നുള്ളത് ഒരാളുടെ അനുഭവപരത കൂട്ടുന്നതാണ് എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇവിടെയും ഒരുവന്റെ അനുഭവപരത കൂടുന്നില്ലേ? അനുഭവങ്ങൾ നേരിട്ട് കേൾക്കുമ്പോൾ കൂടുതൽ നമ്മളെ സ്വാധീനിക്കും എന്നതിൽ തർക്കമില്ല.
ഒരാൾ ഹ്യൂമൻ ലൈബ്രറിയിൽ ചെല്ലുന്നു. ഓരോ പുസ്തകത്തിനും ഓരോ തലക്കെട്ട് കാണും. അയാൾക്ക് ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കാം. ഇവിടെ പക്ഷേ, പ്രത്യേക നിയമങ്ങൾ ഉണ്ട്. തിരഞ്ഞെടുത്ത പുസ്തകം നിങ്ങൾക്ക് വീട്ടിൽ കൊണ്ടുപോകാൻ പറ്റില്ല. വായന(കേട്ട് 😆) കഴിഞ്ഞാൽ അപ്പോൾ തന്നെ തിരികെ ഏൽപ്പിക്കണം. എല്ലാ ലൈബ്രറിയിലും കാണുന്ന ‘Silence Please’ എന്ന ബോർഡ് ഇവിടെയില്ല എന്നതും മറ്റൊരു പ്രത്യേകതയാണ് . ഇവിടെ കാണുന്നത് ‘Let’s talk” എന്നാണ്. സംഭാഷണങ്ങളിലൂടെ മാത്രമേ ഇതിന്റെ പൂർണത കൈവരൂ.

ഹ്യൂമൻ ലൈബ്രറി ഓർഗനൈസേഷൻ രണ്ടായിരമാണ്ടിൽ കോപെൻഹേഗനിൽ ഉണ്ടായതാണത്രേ. ഫൗണ്ടരായ റോണി അബർഗൽ പറയുന്നു; സാർത്ഥകമായ സംഭാഷണത്തിലൂടെ നമ്മുക്ക് സമൂഹത്തിലെ മാറ്റമില്ലാതെ തുടരുന്ന ചില പ്രശ്നങ്ങൾക്കും, കളങ്കമെന്ന് നമ്മൾ തെറ്റായി വ്യാഖ്യാനിക്കുന്ന ചില മുൻവിധികൾക്കും ശരിയായ കാഴ്ചപ്പാട് ലഭിക്കുമെന്ന്.
ഇപ്പോൾ ഈ സംരംഭം നൂറിലധികം രാജ്യങ്ങളിലേക്ക് പടർന്ന് കഴിഞ്ഞു. മുംബൈയിൽ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായ അന്തലീബ് അഫ്സൽ ഖുറേഷി എന്ന വനിത പറയുന്നത് കേൾക്കൂ..
“I’m an Engineer and I am decided to diversify my life. And now I understand that true meaning of life only comes after you had a number of honest conversations.”
സ്വന്തം കഥ പറയാനും, മറ്റുള്ളവരുടെ കഥകൾ കേട്ട്, സമൂഹത്തെ അതിന്റെ നാനാത്വത്തിൽ മനസ്സിലാക്കാനും ഇതൊക്കെ അറിയുമ്പോൾ ഇഷ്ടം തോന്നുന്നു… നിങ്ങൾക്കോ?
NB:

ലോകത്ത് ഇന്ന് സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയുടെ തുടക്കമായി ഇതിനെ കാണാമെന്ന് തോന്നുന്നു.
തുറന്ന് സംസാരിക്കൂ.. കേൾക്കാൻ മനസ്സു കാണിക്കൂ… തമ്മിൽ തിരിച്ചറിയൂ… സ്നേഹിക്കൂ..