വീടിന് മുറ്റത്ത് രണ്ട് ഗോള് പോസ്റ്റുയർന്നു. (അതേയ്… പാണലിന്റെ രണ്ട് കമ്പ് സമാന്തരമായി മുറ്റത്തിട്ടു. അതിനാണ് 🤭.)
അഞ്ച് വയസ്സുകാരൻ ശബരി പറഞ്ഞു. “ഉണ്ണിമാമാ, എനിക്ക് ഇഷ്ടപ്പെട്ട കളിയെതാന്ന് അറിയോ? ഫുട്ബാള് . നമ്മുക്ക് കളിച്ചാലോ?”
ശബരി തന്നെ നിയമങ്ങൾ നിശ്ചയിച്ചു. തുടർന്ന് അവൻ പറഞ്ഞു. ” ഞാൻ ക്രിസ്ത്യാനോ റൊണാൾഡോ. ഉണ്ണിമാമൻ മെസ്സി “.
കളി തുടങ്ങി 🤗.
മെസ്സിയുടെ കരുത്തിൽ അർജന്റീന ലോകകപ്പ് നേടിയിട്ട് ഒരാഴ്ച പോലുമായിട്ടില്ല. എങ്കിലും ശബരിക്ക് കൂടുതൽ ഇഷ്ടം ക്രിസ്ത്യാനോ റൊണാൾഡോയെയാണെന്ന് 🙄.
അതിനെപ്പറ്റി ആലോചിക്കാൻ നിമിത്തമായത് ഈ സംഗതിയാണ്. ഹാ..എന്നാൽ തുടങ്ങുവല്ലേ?….
————————————————–
മെസ്സിയെയാണോ റൊണാൾഡോയെയാണോ ഇഷ്ടം എന്ന ചോദ്യം, ഈ കാലഘട്ടത്തിലെ എല്ലാ സ്പോർട്സ് ആരാധകർക്ക് മുന്നിൽ , പ്രത്യേകിച്ച് ഫുട്ബാൾ ഇഷ്ടപ്പെടുന്നവർക്ക് മുന്നിൽ ഉദിച്ചു നിൽക്കുന്ന ഒന്നാണ്. അതിൽ വ്യക്തമായ ഒരു തീരുമാനമെടുക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും അവരിൽ ഒരാളെ തെരഞ്ഞെടുക്കാതെയിരിക്കാനും കഴിയില്ല. കാരണം ദ്വന്ദ്വങ്ങൾ അങ്ങനെയാണത്രെ. ഒരു ചേരി ചേരാ നയം ഇവിടെ പ്രായോഗികമല്ല. ഇത് മത്സരമല്ലേ? ഒരു വിജയമല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്?
എന്റെ മുന്നിലെ ഈ ചോദ്യത്തിനു, ഞാൻ റൊണാൾഡോയ്ക്കൊപ്പം എന്റെ ഇഷ്ടത്തെ നിർത്തി. അതിന് പക്ഷേ, കാരണമൊന്നും ചോദിക്കല്ലേ 😅. ഫെഡററിലും നദാലിലും ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചാൽ ഞാൻ നദാൽ എന്നെ പറയൂ. അത് പോലെ തന്നെയിതുമെന്ന് കൂട്ടിയാൽ മതി 🤫.
ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എന്നും ഞാൻ റയലിന് ഒപ്പം നിന്നത് അത് കൊണ്ടാണ്. എങ്കിലും മെസ്സി ഓരോ പ്രകടനത്തിലും തന്നെ വിലകുറച്ചു കാണല്ലെന്ന് എന്നെ ഓർമ്മിപ്പിച്ചുക്കൊണ്ടേയിരുന്നു. ക്ലബിന് വേണ്ടി ലാലിഗയും ചാമ്പ്യൻസ് ലീഗും കുറെ തവണ നേടിയപ്പോഴും ഒരു ഇന്റർനാഷണൽ ട്രോഫി മെസ്സിയിൽ നിന്ന് അകന്ന് നിന്നിരുന്നു. അത് തന്നെയായിരുന്നു റൊണാൾഡോ ഫാൻസിന്റെ പ്രധാന വിമർശനം. പോർച്ചുഗൽ യൂറോ നേടിയപ്പോൾ ഞങ്ങൾ റൊണാൾഡോ ആരാധകരുടെ ത്രാസ്സ് അൽപ്പം താഴ്ന്നതായും തോന്നിയിരുന്നു. അവിടെ ബാലൻഡിയോറിന്റെ എണ്ണമൊന്നും ഞങ്ങൾ പരിഗണിച്ചിരുന്നില്ല. പിന്നീട് അർജന്റീന കോപ്പ നേടിയപ്പോൾപ്പോലും ഞങ്ങൾ അതിന് വിലകൊടുത്തില്ല. കരുത്തനായ ബ്രസീലിനെ തോൽപ്പിച്ചാണ് അർജന്റീന കപ്പ് നേടിയതെന്ന കാര്യം ഞങ്ങൾ സൗകര്യപൂർവം വിസ്മരിച്ചു. പിന്നെയും കാലങ്ങൾ മുന്നോട്ട് പോയി. മെസ്സിയും റൊണാൾഡോയും ക്ലബ്ബുകൾ മാറിയതോടെ അവർ തമ്മിലുള്ള പോരാട്ടത്തിനും പുതിയ കളർ വന്നു. അപ്പോഴാണ് 2022 ൽ ഖത്തറിൽ ലോകകപ്പിന് വേദി ഉണരുന്നത്. അവിടെ ഒന്ന് നിക്കേ… ആദ്യം 2014
ലോകകപ്പ് ഫൈനൽ… ആദ്യം 2014 കാര്യം പറയാം. എക്സ്ട്രാ ടൈമിൽ മരിയോ ഗോട്സെയുടെ ഗോളിലൂടെ ജർമ്മനി വിജയിച്ചപ്പോൾ, മെസ്സിയുടെ കണ്ണീരിന് വില കൊടുക്കാതിരുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. പ്രതിഭകളെ കൊണ്ട് നിറഞ്ഞ മറ്റു ടീമുകളെ പിന്നിലാക്കി മെസ്സിയുടെ കരുത്തിലാണ് അന്ന് ഫൈനലിൽ എത്തിയെന്ന കാര്യം പോലും ഞാൻ കരുതിയില്ല. പിന്നെ എട്ട് വർഷങ്ങൾക്കിപ്പുറം 2022 ൽ മെസ്സിയുടെ മികവിൽ തന്നെ അർജന്റീന പിന്നെയും ഫൈനലിൽ എത്തി. എതിരാളികൾ അപകടകാരിയായ എംബാപ്പെ ഉൾപ്പെടുന്ന ഫ്രാൻസ്. 2014 ലെ പോലെ തന്നെ പ്രതിഭകളുടെ ധാരാളിത്തമൊന്നും ഇപ്രാവശ്യവും അർജന്റിനൻ നിരയിൽ ഇല്ലായിരുന്നു. എങ്കിലും ഒരു കാര്യം മാത്രം ഈ ടീമിന്റെ പ്രത്യേകതയായിരുന്നു. മെസ്സിയ്ക്കായി കപ്പ് നേടും എന്ന നിശ്ചയദാർഢ്യം ഓരോ കളിക്കാരുടെയും പ്രകടനത്തിൽ വ്യക്തമായിരുന്നു. ഫൈനലിന്റെ തുടക്കത്തിൽ തന്നെ കാര്യം വ്യക്തമായി. അർജന്റിനയ്ക്ക് മുന്നിൽ വില്ലനായി എംബാപ്പെ അവതരിച്ചെങ്കിലും മെസ്സിയുടെയും ടീമിന്റെയും അടങ്ങാത്ത ആവേശം അവരെ കപ്പിൽ മുത്തമിടീച്ചു. അങ്ങനെ കിരീടമില്ലാത്ത രാജാവ് എന്ന പേര് മാറ്റിയെടുത്തു. ആരാധകർ അല്ലാത്തവരെ പോലും കാവ്യനീതി നടപ്പായി എന്ന് ചിന്തിപ്പിച്ചു. ആ ഒരു നിമിഷത്തിൽ (മാത്രം) ഞാൻ പോലും ചിന്തിച്ചു ‘മെസ്സി ഈസ് ദി ബെസ്റ്റ്’.
———-🌹🌹————–🌹🌹——–
NB : പക്ഷേ, ഇവിടെയൊരു വീട്ടുമുറ്റത്ത് നടന്ന മത്സരത്തിൽ മെസ്സിയുടെ ഗോൾപോസ്റ്റിലേക്ക് റൊണാൾഡോ തുരു തുരാ ഗോള് നിറയ്ക്കുകയാരുന്നു. 😅
2 replies on “മെസ്സിഹ”
Welcome back 😌❣️
LikeLiked by 1 person
🤗😄
LikeLike