ലോക്ക്ഡൗണ് കാലം കുറച്ചു കൂടി ക്രിയേറ്റിവായിരിക്കണം എന്നെനിക്ക് തോന്നുന്നു.
എന്റെ സുഹൃത്തുക്കളിൽ….
പാടാൻ കഴിവുള്ളവർ പാട്ടുകൾ പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്നു…
വരയ്ക്കാൻ കഴിവുള്ളവർ അവരുടെ മനോഹരമായ ഭാവനയെ പകർത്തിയെടുക്കുന്നു….
അഭിനയത്തിൽ താൽപ്പര്യം ഉള്ളവർ റ്റിക്റ്റോക് ചെയ്ത് അവരുടെ ആ കഴിവ് ആഘോഷിക്കുന്നു….
ഇതിലൊന്നും പെടാത്ത ചിലർ ‘വായ്ത്തോന്നിയത്’ കുത്തിക്കുറിക്കുന്നു…..
പക്ഷെ ഈ തോന്നൽ എനിക്ക് (എന്നത്തേയും പോലെ) ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ തോന്നിയതല്ല. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഞാൻ പറയാം.
എന്റെ കൂടെ കൊച്ചിയിൽ ജോലിചെയ്തിരുന്ന ഒരു സുഹൃത്ത് ഇപ്പോൾ സ്വീഡനിലാണ്. പേര് ജിജോ പി ജോയ്. കൊറോണയുടെ സ്ഥിതി ഗതികൾ അറിയാൻ അവനെ കഴിഞ്ഞ ദിവസം ഞാൻ ഫോൺ ചെയ്തിരുന്നു. ( സത്യം പറയണമല്ലോ. അവനാണ് എന്നെ വിളിച്ചത്..വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്ത് വിവരം അന്വേഷിക്കാൻ നോക്കിയ എന്നെ അവൻ വാട്‌സ്ആപ്പിലൂടെ തന്നെ ഫോൺ വിളിക്കുകയായിരുന്നു.)
എന്നും ഞങ്ങളുടെ സംഭാഷണം തുടങ്ങുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു. ‘കമ്മട്ടിപ്പാടം’ എന്ന സിനിമ കണ്ടതിന് ശേഷം ജിജോ തന്നെയായിരുന്നു ആ രീതിയ്ക്ക് തുടക്കമിട്ടത്. അത് പോലെ തന്നെ ഇന്നും ഞങ്ങളുടെ സംഭാഷണം തുടങ്ങി.
ജിജോ : “ടാ ഹലോ.. കൃഷ്ണനാണോ?”
ഞാൻ : “ഹലോ ..അതെല്ലൊ..”
ജിജോ : “കൃഷ്ണാ, ഗംഗയാടാ..ഒരു പണി പാളിയപോലെ തോന്നട്രാ..”
ദേവിയെ..! ഞാൻ ചിന്തിച്ചു. ഇത്രയും കാലം ഞങ്ങൾ കളിയായി പറഞ്ഞത് അറം പറ്റിപ്പോയോ?
സ്വീഡനിൽ ശരിക്കും പണി പാളിയിരിക്കുന്നു. ജിജോയ്ക്ക് കുറച്ച് നാളായി പുറത്ത് ഇറങ്ങാൻ സാധിക്കുന്നില്ല. COVID-19 എന്ന മഹാമാരി എല്ലാ യൂറോപ്യൻ രാജ്യങ്ങളിലെ പോലെതന്നെ അവിടെയും താണ്ഡവം ചെയ്യുകയാണ്. അവൻ അവിടെ ‘വർക്ക് ഫ്രം ഹോം’ എടുത്തു റൂമിൽ തന്നെ ഇരിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടു പോയതായി അവിടുത്തെ അധികാരികൾ പോലും സമ്മതിക്കുന്നുവെന്ന് ജിജോ പറയുന്നു. “Stay safe..Stay home” എന്ന ക്ലിഷെ വരികളലാതെ അവനോട് പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചു.
ജിജോയുടെ കാര്യം ഇപ്പോൾ പറഞ്ഞത് സ്വീഡനിൽ കൊറോണ ബാധിച്ചതിനെപ്പറ്റി പറയാനല്ല. ക്രിയേറ്റിവിറ്റി എന്നു ഞാൻ ആദ്യം സൂചിപ്പിച്ചില്ലേ?……
അതെ… ക്രിയേറ്റീവ് എന്നു ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ജിജോയെക്കുറിച്ചുള്ള ചിന്തകളാണ്. കാരണം ജിജോ ഒരു കലാകാരനാണ്. അവൻ ഒരു പ്രൊഫഷണൽ വയലിനിസ്റ്റ് ആണ്. കീബോർഡിലും അവൻ ഒരു മാസ്റ്റർ ആണ്. നാട്ടിൽ ഉണ്ടായിരുന്നപ്പോൾ അവൻ പല പ്രോഗ്രാമ്സിനും റെക്കോർഡിങ്സിനും അവന്റെ ഇൻസ്ട്രുമെന്റ്‌സ് വായിക്കാൻ പോകാറുണ്ടായിരുന്നു. കൂടാതെ ധാരാളം കുട്ടികളെ വയലിൻ പഠിപ്പിക്കുകയും ചെയ്‌തിരുന്നു. സ്വീഡനിൽ എത്തിയിട്ടും അവന്റെ ആ കഴിവുകൾ പുറത്തെടുക്കുവാനുള്ള അവസരങ്ങൾ അവൻ തേടിപ്പിടിച്ചു. സംഗീതം ഒരു ലോക ഭാഷയാണല്ലോ. അവൻ ഇൻസ്റ്റാഗ്രാമിൽ അവന്റെ വീഡിയോസ് ഷെയർ ചെയ്യുന്നത് ഞാൻ വളരെ ആരാധനയോടെയാണ് കാണാറുള്ളത്.
ഞങ്ങളുടെ സംസാരം കേവലം കൊറോണയിൽ ഒതുങ്ങിയില്ല. ഞങ്ങളുടെ പഴയ കാലത്തെക്കുറിച്ചും കൂട്ടുകാരെപ്പറ്റിയും എല്ലാം ഞങ്ങൾ ഓർമ്മകൾ പങ്കുവച്ചു. ഞാൻ അവന്റെ സംഗീതത്തെപ്പറ്റിയും അവസാനം ചോദിച്ചു.
ഞാൻ : “ടാ..നിന്റെ പുതിയ പെർഫോമൻസ് ഒന്നും കാണുന്നില്ലല്ലോ? കലാകാരന്മാർ എല്ലാം ഒരുപാട് ക്രിയേറ്റീവാകുന്ന സമയമാണല്ലോ ഈ ലോക്ക്ഡൗണ്”
അവൻ എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യുമെന്ന് എനിക്കറിയാം. എങ്കിലും ഞാൻ അവനെ ഒന്നൂടെ ചൂട് കയറ്റി.
ഞാൻ :”എനിക്ക് ‘ഏറ്റം’ സ്‌പെഷ്യലായിട്ടുള്ള ഒരു പാട്ടുണ്ട്. അത് നീ വയലിനിലോ മറ്റോ ഒന്ന് പ്ലേയ് ചെയ്തു കേൾപ്പിക്കുമോ എന്നെ? .”
ജിജോ: “ഏതാടാ? നമ്മടെ മറ്റേ പാട്ടാണോ? ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?‘ ”
ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത്, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഓഫീസിലെ എല്ലാ ‘ODC’ കളിലും കയറി ഇറങ്ങി ഞങ്ങൾ തന്നെ പാടി നടന്ന ഒരു പാട്ടായിരുന്നു ജിജോ ഓർത്തത്. കുറച്ചു കാലം പുറകോട്ടു എന്നെ പിടിച്ചു കൊണ്ട് പോവാൻ ആ വരികൾ ധാരാളമായിരുന്നു.
അതിന്റെ തുടർന്നുള്ള വരികൾ ഞങ്ങൾ ഫോണിൽ ഒരുമിച്ചാണ് പാടി നിർത്തിയത്…
“മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും”
ഞാൻ : “ഹോ.!. അതൊക്കെ ഒരു കാലം..ഞാൻ പക്ഷെ ഉദ്ദേശിച്ചെ പഴയ നല്ല തമിഴ് സോങ്‌സ് ഏതെലുമാണ്”
പഴയ തമിഴ് സോങ്‌സ് എന്നു പറയുമ്പോൾ എന്റെ മനസ്സിൽ ഒരു പാട്ടേയുണ്ടായിരുന്നുള്ളൂ..എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആ പാട്ട്…
‘നെട്രു ഇല്ലാത മാട്രം എനത്,
കാട്രു എൻ കാതിൽ ഏതോ സോനത്‘.
പക്ഷെ ഒരു പാട്ട് സ്പെസിഫിക് ആയി ജിജോയോട് ഞാൻ അപ്പോൾ പറഞ്ഞില്ല. ഏതു പാട്ടാണെങ്കിലും ഞാൻ ഹാപ്പിയാകും. അതുകൊണ്ടാണ് ഏതേലും എന്നു അപ്പോൾ പറഞ്ഞത്.
ജിജോ : “ഓഹോ .. നീ ഒരു പാട്ട് പറ.. ഞാൻ നോക്കട്ടെ… പിയാനോയിൽ പ്ലേയ് ചെയ്ത് കേൾപ്പിക്കാം. പക്ഷെ, ഈ ലോക്ക്ഡൗണ് ഓക്കെ ഒന്നു കഴിയട്ടെ”
ഫോൺ വയ്ക്കുമ്പോൾ ജിജോയുമായുള്ള എന്തൊക്കെയോ ചില മനോഹരമായ ഓർമ്മകൾ ഓർത്തെടുക്കാൻ വിട്ടു പോയത് പോലെ തോന്നി. ‘ആട്ടെ പോട്ടെ’…ഇനിയിപ്പോൾ ഈ വിഷമാവസ്ഥയൊക്കെ കഴിഞ്ഞ് വിളിച്ച് ആ ഓർമ്മപുതുക്കാം.
ഫോൺ വച്ചതിന് ശേഷവും ചിന്തിച്ചു. സംഗീതത്തിന് മായിക്കാൻ സാധിക്കാത്ത എന്ത് വിഷമങ്ങളും ആശങ്കകളുമാണ് ഈ ലോകത്തുള്ളത്. അത് നന്നായി അറിയാവുന്നയാളാണ് എന്റെ സുഹൃത്ത്. അവന് ലോക്ക്ഡൗണ് പരീക്ഷണമൊക്കെ അതിജീവിച്ച്, എത്രയും വേഗം നോർമൽ ലൈഫിലേക്ക് തിരിച്ചു പോകാൻ കഴിയട്ടെ എന്ന് ആശിക്കാം.
എനിക്കായ് ആ പ്രിയപ്പെട്ട ഗാനം അവൻ വായിക്കുമെന്നും പ്രതീക്ഷിക്കാം. അതിനൊരു കൈക്കൂലിയായി ഈ ബ്ലോഗ് കാണരുതെന്ന് പ്രത്യേകം അവനോട് പറയുന്നു.😇
Stockholmലെ തെരുവുകളിൽ ജിജോയുടെ സംഗീതം.😊😊
_______________
NB:
ഒരു ദിവസം യൂട്യൂബിൽ വെറുതെ ‘tamil songs instrumental’ എന്നു സെർച്ച് ചെയ്തപ്പോൾ, അതിൽ ഒരു വിഡിയോയിൽ ദേ ഇരുന്ന് പിയാനോ വായിക്കുന്നു നമ്മുടെ ജിജോ. ആ വീഡിയോ താഴെ ഷെയർ ചെയ്യുന്നു.
താഴെ കാണുന്ന ലിങ്കിലെ പെർഫോമൻസ് ജിജോ എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തതാ..☺️ ( ഈ ബ്ലോഗ് പോസ്റ്റ് ചെയ്തതിന് ശേഷം)
https://m.facebook.com/story.php?story_fbid=2644130185843656&id=100007401000753