………. ഒരു ഓർമ്മക്കുറിപ്പ് ……..
പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) – (28/2/1927 – 31/8/2020) പാലത്ത്, മണിമല.
റിട്ട. അധ്യാപകൻ – ഡി.ബി.എച്ച്.എസ്. എരുമേലി.
കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.)
മലയാളം അധ്യാപകൻ….
കർഷകൻ…
കഥകളി ആസ്വാദകൻ..
അരനൂറ്റാണ്ട് കാലം കടയനിക്കാട് വടക്കുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു….
മണ്ണിനോടും മനുഷ്യനോടും എന്നും ചേർന്ന് നിന്ന ഒരു കലാസ്വാദകൻ.
അക്ഷരങ്ങളുടെ രുചി നാവിനെ അറിയിച്ച എന്റെ ഗുരുനാഥൻ…..
കഴിഞ്ഞ വർഷത്തെ ഓണത്തിന് കൂടെയുണ്ടായിരുന്നു. തിരുവോണ നാളിൽ രാവിലെ കുളിച്ച്, പുതുക്കോടി ധരിച്ച്, ആ കഥകളിപദം പാടിക്കൊണ്ട് എന്റെ മുറിയിലേക്ക് വന്നപ്പോൾ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
“ആളകമ്പടികളോടും മേളവാദ്യ ഘോഷത്തോടും… ആളകമ്പടികളോടും മേളവാദ്യ ഘോഷത്തോടും…”
ഉച്ചയ്ക്ക് അടുത്തിരുന്ന് ഓണസദ്യ കഴിക്കുമ്പോൾ, ഇഷ്ടപ്പെട്ട അടപ്രഥമൻ രണ്ടാം വട്ടം വിളമ്പിക്കൊടുക്കുമ്പോഴും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.
തൊണ്ണൂറ്റി മൂന്നായി. ഇപ്പോ ശുക്രനാ. ഹാ… രാവണന്റെ തല പോലെ പത്ത് വർഷം ചേർന്ന പത്തെണ്ണം.. ആഹ് … അങ്ങനെ നൂറ് വർഷമുണ്ട്..
അതും പറഞ്ഞ് ചിരിച്ചപ്പോൾ, ആ വാക്കുകളിൽ ഞാൻ വിശ്വസിച്ച് പോയിരുന്നുവോ?
തിരുവോണത്തിന്റെ അന്ന്, വൈകിട്ട് കൊടുക്കാനായി അമ്മ മാറ്റിവച്ച ആ പാൽപ്പായസം, രണ്ടു ദിവസം കഴിഞ്ഞ് ഒഴുക്കി കളഞ്ഞപ്പോൾ അതിന് പഴക്കം തട്ടിയില്ലായിരുന്നുയെന്ന് വിശ്വസിക്കാനാണ് ഇന്നെനിക്കിഷ്ടം.
………………..
ഇത്തവണ ഞങ്ങൾക്ക് ഓണമില്ല. ആണ്ട് ബലിയ്ക്കായി വീട്ടിൽ വന്നപ്പോൾ ഇവിടെ ഈ ഡൈനിങ്ങ് ടേബിളിന്റെ സ്ഥാനം മാറി കിടക്കുന്നു. അമ്പോറ്റി സ്ഥിരമായി ഇരിക്കാറുള്ള ആ സ്ഥലം എവിടെ?
കാലവും മാറ്റവും ഒപ്പമുള്ള നഷ്ടവും കൂടെപ്പിറപ്പുകളാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു… പക്ഷെ….
ഒരിക്കലും മാഞ്ഞു പോകില്ല.. ആ മുഖവും, ആ ചിരിയും, പങ്കുവെച്ച ആ ഫലിതങ്ങളും, ചൊല്ലിപ്പഠിപ്പിച്ച ആ വരികളും… ഞങ്ങളിൽ നിന്ന്.

കണ്ണുകൾ അടച്ച്, ചെവിയൊന്ന് കൂർപ്പിച്ചാൽ എപ്പോഴാണെങ്കിലും എവിടെയാണെങ്കിലും കേൾക്കാവുന്നതാണ്… ആ ചിരിയും ശബ്ദവും.