Plz listen to my podcast on https://anchor.fm/sreekanth-r3/episodes/Avarude-edayil-e176vq6
ജീവിതം എന്നത്, ഒറ്റനോട്ടത്തിൽ ലളിതവും എന്നാൽ വളരെ സങ്കീർണവുമായ സംഭവപരമ്പരകളുടെ ആകെ തുകയാണ്. അതിൽ ഒരുപാട് അനുഭവങ്ങളും, മുഖങ്ങളും മിന്നി മാഞ്ഞു പോകും. പക്ഷെ ചില സംഭവങ്ങൾ, ചില മുഖങ്ങൾ, നമ്മുക്ക് മറക്കാൻ കഴിയാത്തതായി ഉണ്ടാകും. ഒരുപക്ഷേ, ഒരു നോവായി എക്കാലവും അത് നമ്മുടെ ഉള്ളിൽ ഒളിച്ചിരിക്കുന്നതാവും. ഒരു ചിരിയോടൊപ്പമോ സ്നേഹത്തോടെയുള്ള വിളിയോടൊപ്പമോ ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാവും. അതിൽ തന്നെ ചില സംഭവങ്ങൾ, മുഖങ്ങൾ നമ്മുടെ മാത്രം സ്വകാര്യതയായിരിക്കും. ആരോടെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അതിന്റെ ശക്തി തന്നെ നഷ്ടപ്പെട്ടേക്കും എന്ന് കരുതുന്നവ.
ആരോടും പറയാൻ താൽപ്പര്യം ഇല്ലാതിരുന്ന സ്വകാര്യമായ ഒരു സംഭവം എന്റെ ജീവിതത്തിലുമുണ്ട്.
ഞാൻ ആരോടും ഇതുവരെ പറയാത്ത ആ സംഭവം....
അത് ഞാൻ തന്നോട് ഇതാ, പറയാൻ പോവുകയാണ്.
ഇത്ര രഹസ്യമായി വെച്ചിരിക്കുന്ന ഒരു സംഗതി തന്നോട് മാത്രമായി ഞാൻ വെളിപ്പെടുത്തുന്നത് എന്തിനാന്നോ?
താനാണ് അതിന് ഏറ്റവും യോഗ്യ. എന്റെ വട്ടുകൾക്ക് ചെവിത്തരുന്നു എന്നത് മാത്രമാണ് അതിന് വേണ്ടതായ യോഗ്യത.
എന്റെ ജീവിതത്തിൽ ഈ സംഭവം എത്രത്തോളം സ്വാധീനിച്ചെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.
അല്ലേ? അങ്ങനെയല്ലേ? താൻ തന്നെ ഒന്ന് ചിന്തിച്ച് നോക്ക്....
ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും ഓരോ രീതിയിൽ നമ്മളെ സ്വാധീനിക്കുന്നുണ്ട്. പക്ഷെ അതിന്റെ ഏറ്റക്കുറച്ചിലുകളോ അത് സംഭവിക്കാതിരുന്നെങ്കിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയോ ചിന്തിക്കുന്നത് തന്നെ എന്തോ വലിയ അബദ്ധമായാണ് എനിക്ക് തോന്നുന്നത്, കേട്ടോ?...
ഇന്നലെ തിരമാലകളെ നോക്കി ആ കടൽത്തീരത്തിരുന്നപ്പോൾ, ജീവിതം പുറകോട്ട് പോകുന്ന പോലെ തോന്നി.
താൻ പറയാറില്ലേ?...
രാത്രിയുടെ നിലാവിനെ മാത്രം മനസ്സിൽ കൊണ്ടുനടന്നാൽ പോരായെന്ന്. രാത്രിയെ രാത്രിയാക്കുന്ന ആ ഇരുട്ടിനെ സ്നേഹിക്കാതെ എങ്ങനെ നാം മുന്നോട്ട് പോകുമെന്ന്...
താൻ ചോദിക്കാറില്ല?
ഹാ.. അതേ ആ ഇരുട്ടിനെ ഞാൻ ഇപ്പോൾ കൂടുതൽ സ്നേഹിക്കുന്നു. അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നു. അതിനെപ്പറ്റി അൽപ്പം എഴുതണമെന്നു അപ്പോൾ തോന്നി. ഞാൻ തന്നെ എഴുതിയത് പിന്നീട് സ്വയം വായിച്ച് കൂടുതൽ, കൂടുതൽ അതിനെപ്പറ്റി ചിന്തിക്കണമെന്ന് തോന്നി. പിന്നെ തനിക്കും; തനിക്ക് മാത്രം ഇത് അയച്ചു തരണമെന്നും തോന്നി.
തന്റെ കൈയിൽ ഈ കുറിപ്പ് കിട്ടുമെന്നോ, താൻ ഇത് വായിക്കുമെന്നോ എനിക്കറിയില്ല. ഒരു പക്ഷെ, നാളെ ഒരു അജ്ഞാത മൃതശരീരത്തിന്റെ മുഷിഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന്, ഓടയിലെ ചീഞ്ഞ വെള്ളത്തിൽ ആ മഷി കലർന്നു പോയേക്കാം. ആ അടർന്ന് പോയ മഷി, നിറംക്കെട്ട രക്തവുമായി ചേർന്ന് മറ്റൊരു കഥ പോലും ഉണ്ടായേക്കാം.
എങ്കിലും എന്റെ മാനസേ, എന്നെ തനിക്കറിയാം. ഈ ലോകത്തിൽ തനിക്ക് മാത്രമേ എന്നെ പൂർണമായും അറിയൂ... ഞാൻ തനിക്കായി എഴുതട്ടെ, എന്റെ ആ ഇരുണ്ട കഥ.
'അവരുടെ ഇടയിൽ മഴ ചെരിഞ്ഞു പെയ്തു.'
ഇതാണ് തലക്കെട്ട്. കുറച്ചു വലുതായി പോയോ? ഇതിനെക്കാളും ചേരുന്ന ഒന്ന് എനിക്ക് കണ്ടെത്താനായില്ല. ഒരുപക്ഷേ, ഈ കഥ അറിഞ്ഞു കഴിയുമ്പോൾ തനിക്ക് ഇതിനേക്കാൾ നല്ലൊരു തലക്കെട്ട് നിർദ്ദേശിക്കാൻ കഴിഞ്ഞേക്കും. അപ്പോൾ തുടങ്ങട്ടെ...
--------------------
അവരുടെ ഇടയിൽ മഴ ചെരിഞ്ഞു പെയ്തു
(തുടരും)...