(ഇടത് കാലിന്മേൽ ഒരു ഓലക്കീറ് ചുറ്റും, പിന്നെ വലത്തേതിൽ ഒരു ശീലക്കീറും….)
പരേഡ് തുടങ്ങുകയായി.
“ഓലകാല്, ചീലകാല്, ഓലകാല്, ചീലകാല്….”
“ഓലവശം, ചീലവശം”
“കാല് എടുത്തകത്തി കുത്…” (Stand at ease)
സഖാക്കന്മാരുടെ പട്ടാള പരിശീലനത്തെപ്പറ്റി അമ്പൊറ്റിയച്ഛൻ പണ്ട് പറഞ്ഞ ഒരു കഥ ഓർമ്മയിൽ വന്നു; ഈ നോവൽ വായിക്കുന്നതിനിടയിൽ…
“ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം.”
————————————————
ഓർമ്മകൾ പിന്നെയും കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്‌കരന്റെ ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കവിതയിലെ ചില വരികളിൽ കൊണ്ടെത്തിച്ചു.
“വയലാറിന്നൊരു കൊച്ചു-
ഗ്രാമമല്ലാർക്കുമേ
വില കാണാനാകാത്ത കാവ്യമത്രേ!
മലയാളത്തിരുമാറിൽ മർദ്ദിതന്മാർ സ്വന്തം
ഹൃദയരക്തത്താൽ കുറിച്ച കാവ്യം…
പുകയുമാ വെണ്ണീറിൽ
തൂലിക കൊണ്ടൊന്നു
ചികയണേ നാടിൻ ചരിത്രകാരാ…”
———————————————-
പി. ഭാസ്‌കരൻ പറഞ്ഞ പോലെ പുന്നപ്ര വയലാർ എന്ന പുകയുന്ന കാവ്യം ഒരു ചരിത്രകാരനെ പോലെ ഈ കഥാകാരൻ ഇവിടെ ചികഞ്ഞു വെയ്ക്കുകയാണ്.
അപരാജിത എന്ന കഥാപാത്രത്തിന്റെ എഴുത്തിലൂടെയാണ് നോവൽ മുൻപോട്ട് പോകുന്നത്. പുന്നപ്ര വയലാർ സംഭവത്തിലേയ്ക്ക് വഴിവെച്ച പരിതസ്ഥിതികൾ വ്യക്തമാക്കുന്നുണ്ട്. ജന്മികളുടെ ചൂഷണവും സർ. സീപിയുടെ ജനവിരുദ്ധമായ ചെയ്തികളും… കുടിയാന്മാരുടെയും മത്സ്യതൊഴാളികളുടെയും കമ്പനി തൊഴിലാളികളുടെയും കഥകൾ…
കുന്തക്കാരൻ പത്രോസും അനഘാശയനും സഖാവ് ശേഖരനും…
സഖാവ് എന്ന് മാത്രം വിളിച്ചാൽ അത് പി കൃഷ്ണപിള്ള സഖാവാണ്.. പിന്നെ ടി.വി. തോമസും സി.കെ കുമാരപ്പണിക്കറും… വേലിയ്ക്കകത്തെ അച്ചുതാനന്ദനും കടന്ന് വരുന്നുണ്ട്.
മറുവശത്ത് സി.പിയും സി.പി യുടെ പട്ടാളവും ജന്മികളും.. ഹാ പിന്നെ സത്യനേശൻ നാടാർ (സിനിമ നടൻ സത്യൻ) എന്ന ഇടിയൻ ഇൻസ്പെക്ടറെയും കാണാം.
ആദ്യകാല കേരള രാഷ്ട്രീയത്തെപ്പറ്റി ഒരു ബോധ്യം കൊണ്ടുവരാൻ ഈ വായനയിലൂടെ കഴിഞ്ഞു.
യന്ത്രത്തോക്കുകളുടെ ക്രൗര്യത്തിന് മുൻപിൽ വാരികുന്തങ്ങൾ ഉയർത്തിയ ആ ധീരത വെറും മൗഢ്യമെന്ന് കരുതാനാവില്ല. ഒരു ദശകത്തിനകം ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരത്തക്ക വണ്ണം സാമൂഹികവും സംസാരികവുമായ അവബോധത്തെ പാകപ്പെടുത്താൻ പുന്നപ്ര വയലാർ സമരങ്ങൾ പ്രധാന പങ്ക് വഹിച്ചു. അത് കൊണ്ടാണ് ആ സമര ചരിത്രത്തിന്റെയും ഈ പുസ്തകത്തിന്റെയും വില കുറച്ചു കാണാൻ കഴിയാത്തത്.
——————————————–
എല്ലാം കൊണ്ടും ചെ ഗുവേരയുടെ ഛായയിൽ അവതരിക്കുന്ന നിരഞ്ജൻ എന്ന കഥാപാത്രം വർത്തമാനകാലത്തിലെ അവന്റെ വിപ്ലവത്തെ ഇങ്ങനെ ന്യായീകരിക്കുന്നുണ്ട്. – “മരണത്തിലായാലും ജീവിതത്തിലായാലും ഇരയോടൊപ്പമുണ്ടാവണം. പീഡിതൻ വിജയം നേടണമെന്നാശിച്ചതു കൊണ്ടായില്ല. അവനായുള്ള പോരാട്ടത്തിൽ നമ്മുടേതായ പങ്ക് വഹിക്കുകയും വേണം. പോരാട്ടങ്ങൾ ഗോദയ്‌ക്കുള്ളിൽ നടക്കുന്ന കയ്യാങ്കളിയല്ല, കണ്ടു രസിക്കാൻ…”
NB: കാലങ്ങൾ എത്ര കഴിഞ്ഞാലും ആ വേര്തിരിവും പോരാട്ടവും ഇപ്പോഴുമുണ്ട്; ഭരണവർഗ്ഗവും അടിച്ചമർത്തപ്പെടുന്നവരും തമ്മിൽ. ആരോ പറയുന്നു- അമേരിക്കൻ മോഡൽ വികസനമാണ് നമ്മുടെ ലക്ഷ്യമെന്ന്.
———————————————-
Interesting Info : പുന്നപ്ര വയലാർ പ്രക്ഷോഭത്തിലെ ഒരു സമാരാധ്യ നേതാവായിരുന്നു കുന്തക്കാരൻ പത്രോസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന, കെ.വി പത്രോസ്. പക്ഷെ, തിരുവിതാംകൂറിന്റെ അന്നത്തെ പ്രമുഖനായ ആ കമ്മ്യൂണിസ്റ്റ് നേതാവ്, വളരെ പെട്ടെന്ന് വിസ്‌മൃതിയിലാണ്ടു. അദ്ദേഹത്തിന് പാർട്ടിയിൽ അർഹിച്ച പരിഗണന പിന്നീട് ലഭിക്കാതെ പോയതെന്തുകൊണ്ടാവും? https://www.manoramaonline.com/news/sunday/2022/02/27/kv-pathros-life-strory.html