“അച്ഛാ, ഈ പേര് ഓർത്ത് വെച്ചോ. കാർലോസ് അൽക്കേറെസ് ഗാർഷ്യ. ഇത്തവണ യു. എസ് ഓപ്പൺ ചാമ്പ്യനാണ്. പത്തൊൻപത് വയസെയുള്ളു.”
പാതിരാത്രിയിലാണ് ഫൈനൽ ഉണ്ടായിരുന്നത്. നദാലിന്റെയും ഫെഡററിന്റെയും കളികൾ മാത്രമേ മുഴുവൻ ഇരുന്ന് കാണുകയുണ്ടായിരുന്നുള്ളൂ. അവരൊക്കെ വിരമിക്കാറായി.( ഇത് എഴുതുന്നതിനിടയിൽ ഫെഡറർ വിരമിച്ചെന്ന വാർത്ത കേട്ടു.) ഫെഡറർ – നദാൽ – ജോക്കോവിച് ത്രയത്തിന്റെ യുഗം ഏതാണ്ട് അസ്തമയം കണ്ട് കഴിഞ്ഞു. ഹാ.. ഇപ്പോൾ പുതിയ കുറെ പിള്ളേർ വന്നിട്ടുണ്ട്. അതിൽ ഒരു ഫേവരിറ്റിനെ തിരഞ്ഞെടുക്കാൻ ഞാൻ നോക്കുകയായിരുന്നു. സുഹൃത്ത് രോഹിത് ജിയുമായിട്ടുള്ള പ്ലെയേഴ്സിനെപ്പറ്റിയും അവരുടെ പ്ലെയിങ് സ്റ്റൈലിനെപ്പറ്റിയുമുള്ള ചർച്ചകൾ ഒരാളിലേക്ക് എത്തിക്കും എന്നത് ശരിയാണ്. എങ്കിലും മാച്ച് കാണുകയെന്നതും അതിന് വേണ്ട ഒരു ഘടകം തന്നെയാണല്ലോ.
ഇപ്പോഴത്തെ ( യു.എസ് ഓപ്പൺ തുടങ്ങുമ്പോൾ) വേൾഡ് നമ്പർ വണ് ആയ മെദ്വദേവ് നെ തോൽപ്പിച്ച ഓസ്ട്രേലിയ്ക്കാരൻ ക്രിഗിയോസിനെ ശ്രദ്ധിച്ചു. കഴിഞ്ഞ ഏതോ ഗ്രാൻഡ്സ്ലാം ഫൈനൽ നദാലുമായി കളിച്ചപ്പോൾ തന്നെ അവനെ ശ്രദ്ധിച്ചതാണ്. ഗേമിലെ അഗ്രെസ്സിവ്നസ് അല്ല അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. മൊത്തത്തിൽ അദ്ദേഹം ഒരു ദേഷ്യക്കാരനാണെന്ന് തോന്നി. ഒരു ലെജൻഡ് ആയി വരാനുള്ള ടെംപ്റമെന്റ് ഇപ്പോൾ ഉണ്ടെന്നും തോന്നുന്നില്ല. അന്നത്തെ ജയത്തെ തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ അദ്ദേഹം തന്റെ ഗേൾ ഫ്രണ്ടിനെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ലെജൻഡ് ആയ റിക്കി പോണ്ടിങ്ങിനെയും അദ്ദേഹത്തിന്റെ ഗേൾ ഫ്രണ്ടും പിന്നീട് ജീവിത സഖിയുമായി തീർന്ന (വേയ്റ്റ്. ഒരു ഗൂഗ്ലി എറിയട്ടെ😅.. ഹാ..) റിയാന ജെന്നിഫറിനെയും ഓർമ്മ വന്നു. റിയാന പോണ്ടിങ്ങിന്റെ ജീവിതത്തിൽ കൊണ്ട് വന്ന മാറ്റം പോലെ ക്രിഗിയോസിനെ സപ്പോർട്ട് ചെയാനും അദ്ദേഹത്തിന്റെ ഗേൾ ഫ്രണ്ടിന് കഴിയട്ടെ എന്നു പ്രത്യാശിക്കാം.
പിന്നെ ഞാൻ ശ്രദ്ധിച്ചത് റൗണ്ട് ഓഫ് സിക്സ്റ്റീനിൽ നദാലിനെ തോൽപ്പിക്കുന്ന അമേരിക്കക്കാരൻ ഫ്രാൻസസ് ടിയാഫോയെയാണ്. യുട്യൂബിൽ കളിയുടെ ഹൈലൈറ്റ്സിന്റെ കമന്റിൽ വായിച്ചു.. “ബീസ്റ്റ്”.. അത് വായിച്ചിട്ട് കളി കണ്ടതുകൊണ്ടാവും അങ്ങനെ തന്നെ എനിക്ക് തോന്നിയത്. പിന്നെ രോഹിത് ജിയുമായി ഡിസ്കസ് ചെയ്തപ്പോൾ, ടിയാഫോയുടെ പൊക്കമൊക്കെ കണ്ട് പിടിച്ച് അദ്ദേഹം ബീസ്റ്റ് എന്ന വിശേഷണത്തിൽ സംശയം പ്രകടിപ്പിച്ചു. ( അത് അങ്ങനെയാണ്. രോഹിത് ജി ഒരു വസ്തുതയെയോ സാഹചര്യത്തെയോ വിശകലനം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തിനെപ്പറ്റിയും ചിന്തിച്ച് വ്യക്തമായ ഒരു ധാരണ സൃഷ്ടിക്കും. അവിടെ നിന്ന് ഞാൻ കുറെ കാര്യങ്ങൾ പഠിക്കുന്നുണ്ട്.)
പക്ഷെ ഫൈനലിൽ എത്തിയത് നോർവേ യിൽ നിന്നുള്ള കാസ്‌പേറസ് റൂഡ് ഉം പിന്നെ സ്പെയിൻ കാരൻ കാർലോസ് അൽക്കാരെസും. രണ്ട് പേരും കരിയറിന്റെ തുടക്കത്തിൽ നിൽക്കുന്നവർ. ഒരു പുതിയ ചാമ്പ്യൻ ഉറപ്പ്.
അന്ന് അതിരാവിലെ ഉണർന്നു. അപ്പോൾ തന്നെ സ്കോർ നോക്കി. നാലാം റൗണ്ട് നടക്കുന്നെ ഉള്ളു. 2 – 1 അൽക്കാരെസ് മുന്നിട്ട് നിൽക്കുവായിരുന്നു. ഒരു ചരിത്ര നിമിഷം ആയേക്കാവുന്നത് ലൈവായി കാണാൻ ഞാൻ ജിയോ ആപ്പ് തുറന്നു. ഹാ.. അൽക്കാരെസ് ജയിച്ചു.

“നീ ബോറിസ് ബേക്കറിനെപ്പറ്റി കേട്ടിട്ടുണ്ടോ”. അച്ഛൻ തുടർന്ന് ചോദിച്ചു.
(ഞാൻ ഗൂഗ്ലി എറിഞ്ഞു). ബോറിസ് ബേക്കർ പതിനേഴാം വയസ്സിൽ വിബിൽഡൺ നേടിയ ആളാണ്. വർഷം 1984 . അച്ഛന് ഓർമ്മ വന്നതിന്റെ കാര്യം മനസിലായി. അച്ഛന്റെ ഇരുപതുകളിൽ സംഭവിച്ച ഒരു കാര്യമാണ്.
അച്ഛൻ അന്നത്തെ ടെന്നീസ് ഇതിഹാസങ്ങളെപ്പറ്റി വാചാലനായി. ജിമ്മി കോണേർസിനെപ്പറ്റി, ഇന്ത്യയുടെ അഭിമാനമായ ആനന്ദ് അമൃതരാജിനെയും, വിജയ് അമൃതരാജിനെയുംപ്പറ്റി. പിന്നെ എ. ബി.സി റെവെൽറിയെപ്പറ്റി. പക്ഷെ അതിനെപ്പറ്റി ഗൂഗ്ലി എറിഞ്ഞപ്പോൾ ഒന്നും തടഞ്ഞില്ല.
പക്ഷെ, ആ തിരിഞ്ഞു നോട്ടം എന്നെ മറ്റൊരു സവിശേഷമായൊരു വസ്തുതയിലേക്ക് എത്തിച്ചു. 1974 ലെ ഡേവിസ് കപ്പ്. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഒരു ജനാധിപത്യ ശക്തിയാണ് ഇന്ത്യ എന്ന് തെളിയിച്ച മറ്റൊരു സന്ദർഭമായിരുന്നത്. അന്ന് ആദ്യമായിയാണ് ഇന്ത്യ ഡേവിസ് കപ്പ് ഫൈനലിൽ എത്തുന്നത്. അമൃതരാജ് സഹോദരന്മാരിലൂടെ. എന്നാൽ, എതിരാളികൾ സൗത്ത് ആഫ്രിക്ക ആയതിനാൽ ഇന്ത്യ അതിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. സൗത്ത് ആഫ്രിക്കയുടെ അപ്പാർതേയ്ഡ് നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധമായിരുന്നു ആ പിന്മാറ്റം. അന്ന് ഇന്ത്യയുടെ ആ സ്വരം ലോകത്തിൽ ഉയർന്ന് കേട്ടു. പക്ഷെ, വർഷങ്ങൾ പിന്നെയും വേണ്ടി വന്നു സൗത്ത് ആഫ്രിക്കയ്ക്ക്, അവരുടെ ആ നയം തിരുത്താൻ. അതിനിടയിലാവട്ടെ 1987 ൽ ഒരു തവണ കൂടി നമ്മൾ ഡേവിസ് കപ്പിൽ ഫൈനൽ വരെ എത്തുകയും ചെയ്തിരുന്നു. സ്പോർട്സ് എന്നത് പ്രതിഷേധങ്ങൾ അറിയാക്കാനുള്ള ശക്തമായ മാധ്യമമായി പണ്ടേ അംഗീകരിച്ചു എന്ന് ഞാൻ മനസ്സിലാക്കി.
സമൂഹ മാധ്യമങ്ങളും മറ്റ് സാങ്കേതിക വിദ്യകളും ഇത്രത്തോളം വളർന്നിട്ടിലാത്ത കാലത്ത് അച്ഛന് സ്പോർട്സിനോട് ഉണ്ടായിരുന്ന ആവേശമാണ് അന്ന് ഞാൻ തിരിച്ചറിഞ്ഞത്.
ഒരിക്കൽ പിറന്നാൾ സമ്മാനമായി ‘എയ്റ്റി ത്രീ’ എന്ന സിനിമ കാണിച്ചപ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടതാണ്.
ഞാൻ അൽപം സ്പോർട്സ് എന്തുസിയാസ്റ്റ് ആയി തീർന്നത്, എന്റെ ചുറ്റുമുള്ള സുഹൃത്തുകളുടെ സ്വാധീനം കൊണ്ട് മാത്രമല്ലെന്ന് അപ്പോൾ തിരിച്ചറിയുക കൂടിയായിരുന്നു.
NB : സെറീന വില്യംസ് എന്ന പേരിവിടെ പറയാതെ പോകുന്നത് ശരിയല്ല. ടെന്നീസ് ഇതിഹാസങ്ങളുടെ പേരിനൊപ്പം വായിക്കപ്പെടേണ്ട പേരാണത്. സെറീന വില്യംസും ഈ ടൂർണമെന്റോട് കൂടി കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയുണ്ടായി.