Listen to my podcast on…
%% https://anchor.fm/sreekanth-r3/episodes/Pallimani-e1fmg1g %%
“മേലുകാവ്മറ്റം, മേലുകാവ്മറ്റം… ഇറങ്ങാൻ ഇനിയും ആളുണ്ടല്ലോ?.. ഹലോ, ആ ഉറങ്ങുന്നയാളെ ഒന്ന് എഴുന്നേപ്പിച്ചേ.. തനിക്ക് മേലുകാവല്ലേ ഇറങ്ങേണ്ട? ഹോ.. അനങ്ങി വന്നൊന്നിറങ്.. പെട്ടെന്ന്. സമയം കളയാൻ ഓരോന്ന് രാവിലെ തന്നെ കേറിക്കോളും..”
ഈരാറ്റുപേട്ടയിൽ നിന്ന് മേലുകാവിലേയ്ക്ക് വലിയ ദൂരമൊന്നുമില്ല. പക്ഷെ, ബസേൽ കയറിയപ്പോൾ തന്നെ അവന് നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. അത് കൊണ്ടാണ് മനു തോമസിന്റെ കണ്ണുകൾ അറിയാതങ് അടഞ്ഞു പോയത്.
ഇത്ര പെട്ടെന്ന് എത്തിയോ? കണ്ടക്ടറുടെ വായിന്ന് കൂടുതൽ കേൾക്കാതിരിക്കാനായി ധൃതി കാട്ടി, ബാഗും എടുത്ത്, അവൻ ബസിൽ നിന്ന് ചാടി ഇറങ്ങി.
ടിൻ… ടിൻ…
ങേ… ഇത് എവിടെയാ?
മേലുകാവ് ജംഗ്ഷനോ.. അവന് ഇറങ്ങേണ്ടത് പള്ളിപ്പടിയിലായിരുന്നു . ശെ.. അടുത്ത സ്റ്റോപ്പിൽ ഇറങ്ങീയാ മതിയാരുന്നു.
ഹാ.. കുഴപ്പമില്ല ഇവിടുന്നും കുറച്ചു ദൂരമേയുള്ളൂ പള്ളിലേയ്ക്ക്. പക്ഷെ ഈ ഭാരം വലിച്ചു നടക്കേണ്ട?
നല്ല ക്ഷീണമുണ്ട്. ബാംഗ്ലൂരിൽ നിന്ന് യാത്ര ചെയ്ത് വന്നതല്ലേ. രാത്രിയിൽ ബസ്സിലിരുന്ന് ഉറങ്ങാനെ പറ്റിയില്ല. ഓരോന്ന് ആലോചിച്ചങ് ഇരുന്നു പോയി.
അവന് അങ്ങനെയാണ് ചില രാത്രികൾ. ആലോചനയുടെ ആ ഒരു ട്രിഗർ പോയിന്റ് എത്തിയാൽ പിന്നെ രാത്രിയിൽ ഉറക്കം കിട്ടില്ല. ഇന്നലെ രാത്രിയിൽ അലനെ കുറിച്ചുള്ള ചിന്തകളായിരുന്നു അവന്റെ ഉറക്കം കെടുത്തിയത്. പെട്ടെന്നെത്താനുള്ള വ്യഗ്രതയും ചിലപ്പോൾ അതിന് കാരണമായിട്ടുണ്ടാവാം.
ശെ.. ഒരു ഓട്ടോയും ഇവിടെ കാണുന്നില്ലലോ! ജംഗ്ഷനിൽ മനുഷ്യന്മാരെ തന്നെ ആരെയും കാണുന്നില്ല.
ഹാ…എല്ലാവരും പള്ളിയിലായിരിക്കും.
ചടങ്ങു തീരുന്നതിന് മുന്പേല്ലും അവിടെ എത്തണമെന്ന വിചാരത്തിൽ മനു ബാഗ് എടുത്ത് വേഗം നടക്കാൻ തുടങ്ങി.
പള്ളി വകയിലുള്ള സ്കൂളിന്റെ കോമ്പൗണ്ടിൽ കൂടി കയറിയാൽ പള്ളിയിലോട്ട് എളുപ്പം എത്താം. അവൻ ഓർത്തു.
സെന്റ്. തോമസ് ഹൈ സ്കൂൾ മേലുകാവുമറ്റം. മനു ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ച സ്കൂളാണ്. അവന്റെ ഒരുപാട് ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന സ്കൂൾ മുറ്റം. ഇപ്പോൾ ഒരുപാട് മാറ്റം വന്നിരിക്കുന്നു.
അവൻ ഒന്ന് കണക്ക് കൂട്ടിനോക്കി.
ഹോ.. 10 വർഷം കഴിഞ്ഞു കാണും… ഇവിടൂന്ന് പഠിച്ചിറങ്ങീട്ട്.
ആ പഴയ ഓടിട്ട ക്ലാസ്സ്മുറികളും, അതിന് മുൻപിലെ ചെറിയ പൂന്തോട്ടങ്ങളും, എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ആണ്കുട്ടികള് കളിച്ച് തിമർത്തിരുന്ന ആ തെങ്ങിൻ തോപ്പ് പോലും ഇപ്പോൾ കാണുന്നില്ല.
മനുവിന്റെയും ഹെലന്റെയും പ്രണയത്തിന് തണല് വിരിച്ചിരുന്ന ആ ബദാം മരം മാത്രം ഇന്നും അതുപോലെ തന്നെ നിൽപ്പുണ്ട്.
ആ ബദാം മരത്തിന്റെ ചോട്ടിൽ വച്ചായിരുന്നു മനു തന്റെ ഇഷ്ടം ഹെലനോട് പറഞ്ഞതും, അന്ന് വൈകിട്ട് തന്നെ അത് ചോദിക്കാൻ അവളുടെ ചേട്ടൻ; അവരുടെ തന്നെ സീനിയർ ആയിരുന്ന അലൻ ചേട്ടൻ വന്നതും.
അന്നൊക്കെ അലൻ ചേട്ടൻ എന്നായിരുന്നു മനു അലനെ വിളിച്ചിരുന്നത്. സ്കൂളിലെ എല്ലാ പരിപാടിക്കും മുൻപിൽ ഉണ്ടായിരുന്ന അലൻ ചേട്ടൻ. സ്കൂൾ ലീഡറായിരുന്ന അലൻ ചേട്ടൻ. പിന്നീട് മരിയൻ കോളേജിൽ പഠിക്കുന്ന സമയങ്ങളിലും നാട്ടിലെ പല കൂട്ടായ്മകളിലുമൊക്കെയായ് ആ ഒരു സൗഹൃദം വളർന്നപ്പോഴാണ് ആ അലൻ ചേട്ടൻ മനുവിന് വെറും അലനായി മാറിയത്.
അലനുമായിട്ടുള്ള ആദ്യഘട്ടത്തിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി പറയുമ്പോൾ ഒഴിച്ചു നിർത്താൻ പറ്റാത്ത സംഗതികളാണ് സൺഡേ സ്കൂളിൽ നടന്ന ആ സംഭവവും, പിന്നെ ആ ഗേറ്റും.
അയ്യോ.. ആ ഗേറ്റിനെ പറ്റി ഇപ്പോഴാ ഓർത്തെ. ശെടാ.. അത് തുറന്ന് കിടക്കുകയാണെങ്കിലെ ഈ വഴി പോയിട്ട് കാര്യമുള്ളൂ.
അത് സാധാരണ ഒരു ഗേറ്റ് ആയിരുന്നില്ല. എല്ലാവരുടെയും കിളിവാതിലായിരുന്നു. എന്താണാവോ അന്നെല്ലാവരും ആ ഗേറ്റിനെ അങ്ങനെ വിളിച്ചിരുന്നത്?
ശരിയാ.. അതൊരു വാതിൽ തന്നെ ആയിരുന്നു. ഒരു പടിപ്പുര വാതിൽ പോലെ. പള്ളിയും സ്കൂളും കണക്ട് ചെയ്യുന്ന ഒരു വാതിൽ.
അന്നത് എപ്പോഴും തുറക്കുമായിരുന്നില്ല. രാവിലെയും വൈകിട്ടും ഒരു മണിക്കൂർ, പൗലൊച്ചൻ സ്കൂളിൽ വരുമ്പോൾ . ഹാ.. ആദ്യവെള്ളിയാഴ്ച്ചയിലെ കുർബാന സമയത്തും… പിന്നെ സൺഡേ സ്കൂളിന്റെ സമയത്ത് മുഴുവൻ സമയവും അത് തുറന്ന് തന്നെയാവും കിടക്കുന്നത്.
വീട്ടീന്ന് വരുമ്പോൾ പള്ളിയുടെ മുൻപിലൂടെ വന്ന് സ്കൂളിൽ കയറുന്നതാണ് മനുവിന് എളുപ്പം. അതുകൊണ്ടുതന്നെ കിളിവാതിൽ തുറന്ന് കിടക്കുന്ന സമയം നോക്കിയായിരുന്നു അവൻ എന്നും രാവിലെ സ്കൂളിൽ വന്നിരുന്നത്.
9.30ന് മുൻപ് വരണം. അല്ലേൽ ആ വാതിലങ് അടക്കുമായിരുന്നു.
താമസിച്ചു വന്ന ദിവസത്തെ ഒരു ഓർമ്മയിലേയ്ക്ക് ആ വാതിലിനെ കുറിച്ചുള്ള ചിന്ത മനുവിനെ കൊണ്ട് പോയി.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു. കൃത്യമായി ആ ദിവസത്തെപ്പറ്റി മനു ഇപ്പോൾ ഓർക്കുന്നു. ഹാ… അന്ന് തറവാട്ടിൽ വല്യച്ചായി വന്നത് കൊണ്ട്, അവിടുത്തെ സമയക്രമങ്ങളെല്ലാം താളം തെറ്റിയിരിക്കുകയായിരുന്നു.
അന്ന് വീട്ടിൽ നിന്ന് സ്കൂളിലേക്ക് മനു ഇറങ്ങിയത് വളരെ താമസിച്ചിട്ടായിരുന്നു. ആ വാതിലിന്റെ മുൻപിൽ അവൻ എത്തിയപ്പോഴേക്ക് അത് അടച്ചിരുന്നു.
ഹോ.. ഇനി അപ്പുറം വഴി കയറാൻ പോയാൽ കൂടുതൽ താമസിക്കും. പിന്നെ കൂടുതലൊന്നും മനു ആലോചിച്ചില്ല. രണ്ടും കല്പിച്ചു ആ മതിലങ് എടുത്ത് ചാടി.
ചാടി ചെന്ന് നേരെ നിന്നത്, സിജെ ജോസഫ് സാറിന്റെ മുന്നിൽ. 😖 . ആ വേദന ഇപ്പോഴും എവിടെയെങ്കിലും എത്താൻ വൈകുമ്പോൾ തുടയിൽ തോന്നാറുണ്ട്…😢
ഇന്ന് ആ ഗേറ്റ് തുറന്നിരുപ്പില്ലേൽ മതില് ചാടാൻ തന്നെ മനു മനസ്സിൽ ഉറപ്പിച്ചതായിരുന്നു.
ഭാഗ്യം.. കിളിവാതിൽ തുറന്നാണ് കിടക്കുന്നത്.
കിളിവാതിൽ കടന്ന് പള്ളിയുടെ മുന്നിലത്തെ റോഡിലേയ്ക്ക് കടന്നപ്പോഴാണ് ആ ഫ്ളക്സ് മനു കാണുന്നത്.
പണ്ട് ഹെലൻ അലന്റെ ഫോട്ടോ കാണിച്ചു അവനോട് പറയുന്ന ഒരു കാര്യം മനു അപ്പോൾ ഓർത്തു.
“നീ വല്യ ഗ്ലാമർ ആന്നാണോ വിചാരം. നീയെന്റെ ഇച്ഛായനെ കണ്ടോ..ആ സ്റ്റൈല് ചിരി കണ്ടോ..!”
ആ സ്റ്റൈലൻ ചിരിയിൽ തന്നെയാണ് ഫ്ളക്സിലെ ഫോട്ടോയിലും അലൻ ചിരിക്കുന്നത്.
അതിന് അടുത്ത് കൂടെ നടന്നപ്പോൾ അലൻ മനുവിനെ വിളിക്കാറുള്ള ആ വിളി കേൾക്കുന്നോ?
“ഗർവാസീസേ”
മനുവിനെ അവന്റെ ആ മാമ്മോദീസ പേര് അന്ന് വിളിക്കുമായിരുന്നത് അലനും പിന്നെ സൺഡേ സ്കൂളിലെ ആനി ടീച്ചറും മാത്രമായിരുന്നു.
ഇരട്ടകളായിരുന്ന പുണ്യാളന്മാരായിരുന്നു ഗർവാസീസും പ്രോത്താസീസും. അതിൽ ഒരാളുടെ പേരാണ് തനിക്ക് പേരായി ഇട്ടതെന്ന് മാത്രമേ മനുവിന് അന്നൊക്കെ അറിയാമായിരുന്നുള്ളൂ. അവരുടെ കഥകൾ അവൻ അറിഞ്ഞത് അലനിൽ നിന്നാണ്. അത് കൂടാതെ അവന് സഭാചരിത്രം മുഴുവൻ മനസ്സിലാക്കി കൊടുത്തതും അലനായിരുന്നു.
അലൻ ഒരുപാട് വായിക്കുന്ന കൂട്ടത്തിലായിരുന്നു. അങ്ങനെയാണ് ഈ സഭാചരിത്രത്തെപ്പറ്റിയൊക്കെ വ്യക്തമായ അറിവ് ഉണ്ടായത്.
സെന്റ് തോമസ് കേരളത്തിൽ വന്നത് മുതൽ.. ഉദയംപേരൂർ സുന്നഹദോസിൽ അവരുടെ സഭ എങ്ങനെയാണ് പോപ്പിന്റെ അധീനതയിലായെന്നും. പിന്നെ കൂനൻ കുരിശ് പ്രതിജ്ഞ വന്നപ്പോൾ പുത്തൻകൂട്ടുകാർ എന്ന പേരിൽ മലങ്കര വിഭാഗം വേർപിരിഞ്ഞു പോയതിനെപ്പറ്റിയും. തങ്ങളുടെ വിഭാഗം സീറോ മലബാർ എന്ന പേരിൽ റോമിന്റെ കീഴിൽ തന്നെ തുടരുന്നതിനെ പറ്റിയും… അങ്ങനെ .. അങ്ങനെ..
അതാണ് അന്ന് എല്ലാവരും സംശയിച്ചു പോയത്.
മനുവിന്റെ മമ്മി അന്ന് ചാച്ചനോട് പറഞ്ഞു.
“ഓ.. ആ അന്നമ്മെടെ എന്നാ വീമ്പാരുന്നു. തോമ്മാശ്ലീഹ നേരിട്ട് സ്നാനം മുക്കിയൊരാണെന്ന്…ഹും.. എന്നിട്ടെന്തായി?… അവൾടെ തന്നെ മൂത്ത സന്തതി ഒരു കമൂണിസ്ത് ആയില്ലേ! എന്നാലും ആ കൊച്ചന് എനാത്തിന്റെ കൊറവുണ്ടായിട്ടാ?”
മനുവിന് അതിൽ ഒരു ആശ്ചര്യവും തോന്നിയില്ല. മരിയനിൽ പഠിക്കുന്ന സമയത്ത് തന്നെ അവിടുത്തെ മാനേജ്മെന്റ് അറിയാതെ, പാർട്ടി പ്രവർത്തനങ്ങൾ അലൻ നടത്താറുണ്ടായിരുന്നു . ആ കാര്യമൊക്കെ മനുവിന് അന്നേ അറിയാമായിരുന്നു. കുറച്ചൊക്കെ അവനും അതിൽ ഭാഗവാക്കായിട്ടുണ്ട്. കേട്ടോ.
അലൻ അവനോട് ഒരിക്കൽ നേരിട്ട് പറഞ്ഞതാണ്. മനുഷ്യപക്ഷത്ത് നിൽക്കുന്നവൻ എന്നും ഒരു കമ്യൂണിസ്റ്റ് ആയിരിക്കുമെന്ന്. ആ ചിന്ത തന്നെയായിരിക്കണം എൻജിനീയറിങ് പഠനം കഴിഞ്ഞ് അലനെ ഒരു കമ്മ്യൂണിസ്റ്റ്കാരനായി പൊതുരംഗത്തേക്ക് പൂർണമായും ഇറക്കിയത്.
പെട്ടെന്ന് തന്നെ അലൻ നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ട ഒരു നേതാവായി. പഞ്ചായത്തിലെ തന്നെ മികച്ച ഒരു വാർഡ് മെമ്പറുമായി മാറി.
മനുവിനെ പോലെതന്നെ അലനും പാസ്സ് ഔട്ട് ആയ വർഷം തന്നെ ഒരു സോഫ്ട്-വെയർ കമ്പനിയിൽ പ്ലേസ്മെന്റ് കിട്ടിയതായിരുന്നു. പക്ഷെ അലൻ ആ ജോലിയ്ക്ക് പോയില്ല. മനുവാകട്ടെ പഠനം കഴിഞ്ഞു നേരെ ബാംഗ്ലൂരിലേക്ക്.
ഏതോ നാട്ടിൽ ഇരിക്കുന്ന, അറിയാൻ മേലാത്ത ആർക്കോ വേണ്ടി, പൈസയ്ക്ക് വേണ്ടി മാത്രം രാപ്പകൽ പണി എടുക്കുന്നു.
ആ ഒരു അപകർഷതാബോധമാണ് മനുവിനെ അലനിൽ നിന്ന് അകറ്റിനിർത്തിയത്. കുറെ കാലം അവർ തമ്മിൽ സംസാരിക്കാതിരുന്നു.
പിന്നെ ഒരിക്കൽ ഹെലന്റെ മനസ്സമതം വിളിക്കാനാണ് മനുവിനെ അലൻ ഫോൺ ചെയ്യുന്നത്. അന്ന് അലൻ പറഞ്ഞ ആ ഡയലോഗ് മനു ഇന്നും ഓർക്കുന്നുണ്ട്.
“നിങ്ങൾ സീരിയസായിരുന്നേൽ ഞാൻ തന്നെ മുന്നിട്ടത് നടത്തി തന്നേനേ.”
മനുവിനോട് തോന്നിയ സ്നേഹം ആ വാക്കുകളിൽ അന്ന് പ്രകടമായിരുന്നു.
അവൻ പള്ളിയുടെ മുന്നിൽ എത്തി. ആ കുരിശ്ശടിയുടെ സമീപം എത്തിയപ്പോൾ… രണ്ട് അപ്പാച്ചന്മാർ മനുവിന്റെ മുന്നിലായി പള്ളിയിലോട്ട് നടന്നു പോകുന്നുണ്ടായിരുന്നു.
അതിൽ ഒരാൾ മറ്റെയാളോട് പറഞ്ഞു.
“പണ്ടൊക്കെയായിരുന്നു… ഒരു ക്രിസ്ത്യാനി കമ്മുണിസ്റ്റ്കാരനായാലുണ്ടല്ലോ, അവനും അവന്റെ കുടുംബത്തിനും പിന്നെ തെമ്മാടിക്കുഴിയെ കിട്ടത്തൊള്ളായിരുന്നു. ഹാ ”
മനു അവരെ കടന്ന് മുന്നോട്ട് നടന്നു.
പള്ളിയുടെ സെമിത്തേരിയിലേയ്ക്കുള്ള വഴിയിൽ മുഴുവൻ പരിചയമുള്ള മുഖങ്ങളായിരുന്നു. എല്ലാവരുടെയും ശ്രദ്ധയിൽ നിന്ന് മാറി നടക്കാൻ മനു വളരെ കഷ്ടപ്പെട്ടു. പക്ഷെ, മുഖങ്ങളിൽ മുഖം പെട്ടവരുടെ മുന്നിൽ അവൻ കാട്ടിയത് ഒരു ചിരിയാണോ കരച്ചിലാണോ? ആ.. അവന് പോലും അറിയില്ല.
എന്തായാലും ചടങ്ങുകൾ തീർന്നിരുന്നില്ല. അവൻ ആളുകളുടെ ഇടയിലേക്ക് ചെന്നു. ശ്രുശ്രൂഷ നടക്കുന്ന കുഴിമാടത്തിനടുത്ത് വലിയ തിരക്കില്ല. എല്ലാവരും അവിടേം ഇവിടേം ഒക്കെയായി മാറി നിൽക്കുകയാണ്.
ഇതാണല്ലേ മമ്മി പറഞ്ഞ പുതിയ കൊച്ചച്ചൻ. ശ്രുശ്രൂഷ നടത്തുന്ന അച്ചനെ മനു ശ്രദ്ധിച്ചു. പൗലോച്ചന് തീരെ വയ്യാതായിരിക്കുന്നെന്ന് മമ്മി പറഞ്ഞിരുന്നു. ഹാ.. പ്രായം ഏറെയുണ്ടെ. പള്ളിയുടെ പുറത്ത് നടത്തേണ്ട ശ്രുശ്രൂഷയൊക്കെ ഇപ്പോൾ കൊച്ചച്ചനാണ് ചെയ്യുന്നതെന്ന്.
അലന്റെ മുഖം എന്നത്തേയും പോലെ വളരെ പ്രസന്നതയോടെ ഇരിക്കുന്നു. ഈ മരണത്തിന് പോലും ആ മുഖത്തിന്റെ പ്രസാദം ഒട്ടും കുറയ്ക്കാൻ സാധിച്ചിട്ടില്ല.
ഹെലൻ അവിടെ നിന്ന് കരയുന്നുണ്ട്. ഹെലൻ തന്റെ ഭർത്താവിന്റെയൊപ്പം യു.എസിൽ ആണെന്നായിരുന്നു കേട്ടത്. അവൾ നാട്ടിൽ ഉണ്ടായിരുന്നോ? അതോ ഈ വാർത്ത കേട്ട് ഓടി വന്നതാണോ?
അതാവാൻ വഴിയില്ല. സംഭവം നടന്ന ഇന്നലെ ഉച്ചയ്ക്ക് തന്നെ വാർത്ത അറിഞ്ഞ താൻ പോലും ബാംഗ്ലൂരിൽ നിന്ന് ഇപ്പോൾ എത്തിയതെയുള്ളൂ.
അടുത്ത് നിൽക്കുന്നയാൾ അവളുടെ ഭർത്താവാവും തീർച്ച. ഒരു കൈക്കുഞ്ഞുമായി അയാൾ അവളെ സമാധാനിപ്പിക്കുകയാണ്.
മനുവിന് ആ രംഗത്തിൽ കൂടുതൽ നേരം നിൽക്കാൻ കഴിയില്ല.
മനു ചാച്ചനെ കണ്ടപ്പോൾ, ചാച്ചന്റെ അടുത്ത് പോയി നിന്നു. ചാച്ചനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരാൾക്ക് ചാച്ചൻ മനുവിനെ പരിചയപ്പെടുത്തി കൊടുത്തു.
“ഇതാണ് നമ്മുടെ പുത്രൻ. കക്ഷി ബാംഗ്ളൂരിലാണ്. അവിടെ ഒരു വല്യ കമ്പനി ഉണ്ടല്ലോ.. ടാ എനായിരുന്നു നിന്റെ കമ്പനീടെ പേര്.?.
“റ്റി.എം.സ് ”
“ഹാ..അതന്നെ.. അവൻ ഇപ്പോള് അവിടുന്ന് വരുന്ന വഴിയാ.”
“അലന്റെ കൂടെ പഠിച്ചതായിരിക്കുമല്ലേ?”
മനു മറുപടി പറയുന്നതിന് മുൻപേ ചാച്ചൻ കയറി പറഞ്ഞു.
“ഏയ്.. അല്ല.. അലൻ ഇവന്റെ രണ്ട് വർഷം സീനിയറാണ്. അന്നൊക്കെ പഠിക്കാൻ മിടുക്കൻ ആയിരുന്നു. പിന്നെയാണ് ഈ പാർട്ടി പ്രവർത്തനമൊക്കെ തലയിൽ കേറീത്.”
മനു ചിന്തിച്ചു.
അവന് സ്വന്തമായി ഒരു വിലയും തോന്നുന്നില്ലെങ്കിലും, വീട്ടുകാർക്കും നാട്ടുക്കാർക്കുമൊക്കെ അവനെ നല്ല വിലയാണ്.
ഹോ.. ബാംഗ്ലൂരിൽ ഒരു സോഫ്ട്-വെയർ കമ്പനിയിൽ ജോലി. പിന്നെ എനാ വേണം?
ശരിക്ക് പറഞ്ഞാല് മനുവിന് അലനോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് ഇഷ്ടപ്പെട്ട ലോകത്ത് ജീവിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. പക്ഷെ അവൻ ആ ഇഷ്ടപ്പെട്ട ലോകവും വിട്ട് എങ്ങോട്ടോ പോയിരിക്കുന്നു.
തന്റെ ഭാവിയെപ്പറ്റി തീരുമാനിക്കാൻ സമയം ആയിരിക്കുന്നുവെന്ന് മനുവിന് ഇടയ്ക്ക് തോന്നിയിരുന്നു. അതിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുമെന്ന് അവൻ കരുതിയ ആളാണ് ഇപ്പോൾ മണ്ണില് ചേരാൻ തയ്യാറാകുന്നത്.
കുഴിലേയ്ക്ക് എടുത്ത് വെക്കുന്ന ആ പെട്ടി നോക്കി അവൻ നിന്നു.
ആ കാഴ്ച്ച മറക്കാനെന്നോളം ഒരു ഇരുട്ടിനെ കാർമേഘങ്ങൾ എവിടെ നിന്നോ ആരോ മുറുമുറുക്കുന്ന ശബ്ദവുമായി അവിടെ എത്തിച്ചുകൊണ്ടേയിരിക്കുന്നു.
ആ കറുത്ത പ്രഭാതത്തിൽ അവൻ ചിന്തിച്ചു.
സ്വന്തം ഇഷ്ടങ്ങൾ ഒക്കെ മാറ്റിവെച്ച്, ആർക്കോ വേണ്ടി ഒരു സാധാരണ ജീവിതം നയിക്കണോ?
അതോ…
സ്വന്തം ഇഷ്ടങ്ങളോടൊപ്പം ജീവിച്ച്, എതിരെ വരുന്ന എല്ലാത്തിനോടും നിന്ന് പൊരുതണോ?
പള്ളിമണിയുടെ ആ ശബ്ദം ഒരു തീരുമാനമെന്നോളം അവന്റെ ചെവിയിൽ മുഴങ്ങി.
💐💐💐💐💐💐💐💐💐💐💐
2 replies on “പള്ളിമണി”
👍👍👍👍
LikeLiked by 1 person
😀😊
LikeLiked by 1 person