ചുവന്ന നഗരം IV

ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ ഒരു കോണിൽ നിന്ന് ഒരു മുടന്തനായ ഒരു മനുഷ്യൻ ആ തെരുവിലേയ്ക്ക് നടന്നു വരുന്നു.

ആരോടുള്ള വിശ്വാസമാണ്, ജീവിതത്തിൽ ഒന്ന് മിന്നി കൊതിപ്പിച്ച ആ പ്രകാശം തേടി ഈ തെരുവിലേയ്ക്ക് മാസങ്ങൾക്ക് ശേഷം അയാളെ വീണ്ടും എത്തിച്ചത്?

എന്തായാലും ദൈവങ്ങളിലുള്ള വിശ്വാസമായിരിക്കില്ല. കാരണം അയാളുടെ മനസ്സിലെ ദൈവം, ദുരന്തനാടകങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന ഒരു ഭ്രാന്തനാണ്. ഒന്നും ശുഭപര്യവസായി ആയി കാണാൻ താത്പര്യപ്പെടാത്ത ഒരു അരൂപനായ ഭ്രാന്തൻ.

അല്ലെങ്കിൽ എന്തിനാണ് അയാളെ ഒരു വെളിച്ചത്തിന്റെ തിരിനാളം കാണിച്ച് ആശിപ്പിച്ചിട്ട്, മൂന്നാലു മാസങ്ങൾ ആ ഇരുട്ടറയിലേയ്ക്ക് തള്ളിയിട്ടത്?

പക്ഷെ, ഒരു നിയോഗം പോലെ അയാൾ ആ ലോട്ടസ് ലോഡ്ജിന്റെ മുന്നിൽ ഇന്ന് എത്തി നിൽക്കുന്നു.

പതിനൊന്നാം നമ്പർ മുറിയിലേയ്ക്ക് കയറി ചെന്ന അയാളെ സ്വീകരിച്ചത് പുതിയൊരു മുഖമായിരുന്നു. യാന്ത്രികമായി അയാൾ തന്റെ ശ്രീദേവിയെ അവിടുത്തെ ഓരോ മുറിയിലും അന്വേഷിച്ചു നടന്നു.

അവസാനം ആ ഒരു മുറിയുടെ വാതിൽക്കൽ ആ നിയോഗം തന്നെ അയാളെ കൊണ്ടെത്തിച്ചു.

മഞ്ഞ സാരിയുടുത്ത ഒരു പെണ്കുട്ടി ആ വാതിൽക്കലെ കസേരയിൽ കാല് കയറ്റി വച്ച് ഇരിക്കുന്നു. അവളുടെ ചുണ്ടിലെ ചുവപ്പ് വളരെ അരോചകമായി അയാൾക്ക് തോന്നി. ആ അപരിചിതയായ പെണ്കുട്ടിയുടെ പിടിതരാതെ ഇമവെട്ടുന്ന കണ്ണുകളെ അയാൾ ഏതോ ഒരു നിമിഷത്തിൽ തിരിച്ചറിഞ്ഞു.

അയാൾ ചോദിച്ചു.

“രാധികാ?”

വായിലെ ചുവപ്പ് ഒരു കോളാമ്പിയിൽ തുപ്പിക്കൊണ്ട് ആ പെണ്കുട്ടി ആ പ്രായത്തിന് ഇണങ്ങാത്ത ഒരു ഗൗരവത്തോടെ മറുപടി പറഞ്ഞു.

“ആരെ സാർ, സാറിന് ആള് മാറി പോയെന്നാ തോന്നുന്നേ. ഈ നമ്പർ നോക്ക്… കണ്ടില്ലേ?.. 33

അവളുടെ തീഷ്ണമായ ആ നോട്ടത്തിൽ ഒരു ചെങ്കനൽ ചൂളയിൽ ശരീരം വെന്ത് എരിയുന്നത് പോലെ അയാൾക്ക് തോന്നി.


#######################


“ഭായ്ജാൻ ദർവസാ ഖോലെ. ഭായ്ജാൻ..”

അസ്ന ആ വാതിലിൽ തട്ടി വിളച്ചു. അകത്തുനിന്ന് ഒരു അനക്കവും കേൾക്കുന്നില്ല. പണ്ടൊക്കെ ഒരു വിളിയിൽ തന്നെ ഭായ്ജാൻ അവളുടെ വിളി കേൾക്കുന്നതായിരുന്നു.

ഇന്ന് എന്തുപറ്റി?

അസ്ന വാതിലിന്റെ വിടവിലൂടെ ഉള്ളിലേയ്ക്ക് നോക്കി.

ഒരു ചുവന്ന വെളിച്ചത്തിൽ, ഭിത്തിയിൽ ആടുന്ന ഒരു നിഴല് കണ്ട് അവൾ നിലവിളിച്ചു.

(അവസാനിച്ചു.)


NB:

ആരും ദൈവ വിശ്വാസിയോ അവിശ്വാസിയോ ആയി ജനിക്കുന്നില്ല. സാഹചര്യങ്ങളും അനുഭവങ്ങളുമാണ് അവൻ ഏത് തരത്തിലായി തീരുമെന്നത് നിയന്ത്രിക്കുന്നത്.

സ്വന്തം വിശ്വാസം നമ്മളുമായി ഇടപെടുന്നവരെ ഒരിക്കലും ബാധിക്കരുത്. നമ്മുടെ വാക്കുകൾ നമ്മുടെ വിശ്വാസങ്ങളെ ഉറപ്പിക്കുക മാത്രമല്ല വേണ്ടത്. മറിച്ച്, അപരന്റെ വിശ്വാസത്തെ വേദനിപ്പിക്കാതെയും നോക്കണം. അത് ഒരിക്കലും പ്രാക്ടിക്കൽ ആവില്ല എന്ന് പറയുന്നവരെ നാരായണ ഗുരുദേവനും സഹോദരൻ അയ്യപ്പനും തമ്മിലുള്ള ഗുരു-ശിഷ്യ ബന്ധം കാണിക്കൂ.

ജീവിതം ഒരു ലുഡോ ഗെയിം പോലെയാണ്. ഏതൊക്കെ കളറിൽ ഇറങ്ങിയാലും ഏതൊക്കെ കരുക്കൾ വീണാലും ഏതൊക്കെ കളങ്ങൾ ചാടിയാലും എന്തൊക്കെ തിരിച്ചടികൾ കിട്ടിയാലും എവിടൊക്കെ സേഫായി ഇരുന്നാലും അവസാനം ഒരേ ‘ഹോ’മിൽ എത്തിയാലെ കളി തീരൂ.

അവിടെയും ഒരു ചോദ്യം വരുന്നു. കളി പെട്ടെന്ന് തീർക്കുന്നതിലാണോ കാര്യം?


എന്തായാലും ആ ഒരു രംഗം കണ്ടതല്ലേ. ഇതിവിടെ കിടക്കട്ടെ…

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

💐💐💐💐💐💐💐💐💐💐💐

കൂടുതൽ കഥകൾക്കായി ക്ലിക്ക്‌ ചെയ്യൂ.

https://sreekanthan.in/

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: