ചുവന്ന നഗരം III

ലോട്ടസ് ലോഡ്ജിന്റെ പതിനൊന്നാം നമ്പർ റൂമിലെ ആ ഫാനിന്റെ ശബ്ദം, തുണ്ട് പടങ്ങളിലെ ശിൽക്കാര ശബ്ദം പോലെ അയാൾക്ക് തോന്നി. നന്നായി വിയർക്കുന്നുണ്ടെങ്കിലും, ആ ഫാനൊന്ന് നിർത്താൻ അയാൾ അതുകൊണ്ടാണ് അയാളുടെ ശ്രീദേവിയോട് ആവശ്യപ്പെട്ടത്.

കഥകേട്ട് രാധികയുടെ തലമുടി തഴുകിയിരിക്കുകയായിരുന്ന ശ്രീദേവി, അത് കേട്ടിലെന്ന മട്ടിൽ രാധികയോട് പറഞ്ഞു.

“ബേട്ടി രോ മത്, ഹം സബ് യെഹി ഹേ, തുഛെ മദദ് കർനെ കേലിയേ.”

ആ കണ്ണിലെ മാതൃത്വം അയാൾക്ക് പുതിയൊരു കാഴ്ചയായിരുന്നു. ശ്രീദേവി അയാളോടായി പറഞ്ഞു.

“ശേഖര്ജിക്ക് ഒരു കാര്യം അറിയുമോ? എനിക്കും ഒരു മോള് ഉണ്ടായിരുന്നു. അവളെ എന്നിൽ നിന്ന് അകറ്റി, അവളുടെ അച്ഛൻ എന്നെ… ഈ അഴുക്കുചാലിൽ ഉപേക്ഷിച്ചു പോയതാണ്. അവൾക്കുണ്ടല്ലോ.. ഇപ്പോൾ ഈ മോളുടെ പ്രായമായിക്കാണും.”

അവൾ രാധികയുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ഒന്ന് വിങ്ങിപ്പൊട്ടി. എന്നിട്ട് ഉടനെ തന്നെ അവളുടെ പഴയ ഭാവം തിരിച്ചു വരുത്തി, കണ്ണുനീര് തുടച്ചുകൊണ്ട് ചോദിച്ചു.

“ബോലോ ജി, ഞാൻ എന്താണ് ഈ മോൾക്ക് വേണ്ടി ചെയ്യേണ്ടത്?”

“ആ ദുഷ്ടന്മാർക്ക് എന്നെ സംശയം തോന്നിയത് കൊണ്ടാണ്, ഇന്നലെ റൂമിൽ അന്വേഷിച്ചു വന്നത്. ഇനി ഇവളെ ആ തെരുവിൽ നിന്ന് തന്നെ മാറ്റി നിർത്തിയില്ലേൽ അപകടമാണ്. ഇപ്പോൾ ഇവൾക്ക് താമസിക്കാൻ സുരക്ഷിതമായ ഒരു സ്ഥലമാണ് വേണ്ടത്… ഞാൻ ഇവളുടെ യാത്രയ്ക്കുള്ള ഏർപ്പാട് ചെയ്യുന്നത് വരെയെങ്കിലും.”

“ഒരു വേശ്യയുടെ സംരക്ഷണയിൽ എത്രത്തോളം സുരക്ഷിതത്വം തരാൻ പറ്റുമെന്ന് എനിക്കറിയില്ല. എന്നാലും ഞാൻ ഒരു കാര്യം പറയാം, എന്റെ ശവത്തിൽ ചവിട്ടിയിട്ടെ ആരേലും ഇവളുടെ ദേഹത്ത് കൈ വെയ്ക്കൂ.”

“എനിക്ക് വേറെ ഒരു ഓപ്ഷനും ഇല്ലാത്തത് കൊണ്ടാണ്.”

വളരെ വിഷമത്തോടെ അയാൾ രാധികയെ നോക്കികൊണ്ട് പറഞ്ഞു.


###########################


വളരെ വൈകിയാണ് അയാൾ രാത്രി തന്റെ മുറിയിൽ തിരിച്ചെത്തിയത്. ഒരുപാട് ഓടി നടന്നു. അവസാനം കുറച്ച് പൈസ അപ്പോളൊ സ്ട്രീറ്റിൽ ഭേൽപൂരി വിൽക്കുന്ന ഭായിയിൽ നിന്നാണ് കടമായി കിട്ടിയത്. ഇനി നാളെ ട്രെയിൻ ടിക്കറ്റ് എടുക്കണം. എന്നാലേ, മറ്റന്നാളെങ്കിലും അവളെ നാട്ടിലേയ്ക്ക് അയക്കാൻ പറ്റൂ.

അയാൾ മനസ്സിൽ എല്ലാം കണക്ക് കൂട്ടി.

ജീവിതത്തിൽ ഏതേങ്കിലും ഒരു കാര്യത്തിനായി ഇനി വിഷമിക്കേണ്ടി വരുമെന്ന് കരുതിയതേയില്ലായിരുന്നു.

അയാൾ ചിന്തിച്ചു.

എന്നായിരുന്നു താൻ അവസാനം വിഷമിച്ചത്?

അമ്മിണികുട്ടിയെ തനിക്ക് നഷ്ടപ്പെട്ടപ്പോഴാണോ?

ഒരിക്കലും അല്ല. അന്ന് അവളോട് വെറും സഹതാപമാണ് അയാൾക്ക് തോന്നിയത്. ഒരു പെണ്ണാണെന്ന മറവിൽ വിഷമിക്കാൻ പല കാരണങ്ങൾ കണ്ടെത്തി, എല്ലാത്തിനും ന്യായീകരണം കണ്ടെത്തുന്ന ഒരുത്തിയോട് തോന്നുന്ന ഒരു സഹതാപം.

അതെ. ഇപ്പോൾ അയാൾ ഓർക്കുന്നു. അമ്മയുടെ മരണത്തിലാണ് അവസാനമായി അയാൾ കരഞ്ഞത്. അന്ന് വറ്റിയ ആ കണ്ണുനീര് ഇന്ന് എവിടെയോ ഒരു ഉറവയായി പനക്കുന്നത് അയാളിപ്പോൾ തിരിച്ചറിയുന്നുണ്ട്.

ഒരു ഉത്തരവാദിത്വത്തിന്റെ കനം അയാളുടെ മനസ്സിനെ പൊതിഞ്ഞിരിക്കുമ്പോൾ, അയാൾക്ക് നാളെയെക്കുറിച്ചുള്ള ചിന്ത ആദ്യമായി എന്തോ ഒരു വിശ്വാസം നല്കുന്നു.

നാളെ ചെയ്യുവാനുള്ള കാര്യങ്ങൾ ആലോചിച്ചു കൊണ്ട് അയാൾ ഉറങ്ങാൻ ശ്രമിച്ചു.

വാതിലിൽ വലിയ ഒരു മുട്ട് കേട്ടിട്ടാണ് രാത്രിയിൽ എപ്പോഴോ അയാൾ കണ്ണ് തുറന്നത്. വാതിൽ പൊളിയുന്ന രീതിയിലുള്ള ആ ശബ്ദം കേട്ട് അയാൾ ഭയന്നു.


#############################


ഗംഗാധർജി അയാളോട് പറഞ്ഞു.

“ആരെ, ശേഖര് ക്യോമ് ഹമേം പരേശാൻ കർത്തെ ഹേ.? വോ ബാത് ബോലിയെ. ലട്ക്കി കൊ കഹാം ചുപാ രഹാ ഹേ.”

അയാൾ ജോലി ചെയ്യുന്ന ബാറിന്റെ മുതലാളിയാണ് ഗംഗാധർജി. അയാളെ രാത്രിയിൽ റൂമിൽ നിന്ന് ഗംഗാധർജിയുടെ ഗുണ്ടകൾ ഇങ്ങോട്ട് പിടിച്ച് കൊണ്ട് വന്നതാണ്.

ഇവിടെ വന്ന് കണ്ണുകളുടെ കേട്ട് അഴിച്ചപ്പോൾ, ഈ ബോംബെ നഗരത്തിൽ ഇത്രയും വിജനമായ ഒരു സ്ഥലം ഉണ്ടോന്ന് അയാൾ അത്ഭുതപ്പെട്ടു പോയി.

വിജനമായ ആ സ്ഥലത്ത് പണി തീരാത്ത ഒരു കെട്ടിടം. അതിലെ ഏതോ ഒരു നിലയിലെ തൂണിൽ കെട്ടി ഇട്ടിരിക്കുകയാണ് അയാളെ. കാലുകളും തൂണിൽ ചേർത്തു കെട്ടിയിരിക്കയാണ്. അയാൾ തറയിൽ കാല് ഉറപ്പിക്കാൻ പോലും പാടുപ്പെടുന്നു.

ഒരു പെണ്കുട്ടിയുടെ കൂടെ അയാളെ കണ്ടെന്നും, അതൊരു മലയാളി പെണ്കുട്ടിയാണെന്നും എന്നുള്ള വിവരമറിഞ്ഞാണ് അയാളെ അവർ ചോദ്യം ചെയ്യുന്നത്.

തന്നെ കൊന്നാൽ പോലും അവൾ എവിടെയാണെന്ന് ഇവരോട് പറയില്ല എന്ന ഒരു ദൃഢ നിച്ഛയത്തിന്റെ പുറത്ത് അവരുടെ വിരട്ടലുകൾ ഏശിയില്ല. ആ ഓരോ വേദനയും രാധികയ്ക്ക് വേണ്ടി അയാൾ സഹിച്ചു.

ആ ഉലക്ക കൊണ്ടുള്ള പ്രയോഗത്തിൽ തന്റെ തുടയുടെ ദശയും എല്ലും വേർപ്പിട്ട് പോയതായി അയാൾ മനസ്സിലാക്കി.

മറ്റൊരാൾക്ക് വേണ്ടി സഹിക്കുന്ന വേദനകളുടെ സുഖം ഒരുപാട് നാളുകൾക്ക് ശേഷം അയാൾ വീണ്ടും അനുഭവിച്ചു.

“ഇവനിൽ നിന്ന് ഒരു വിവരവും കിട്ടാൻ പോകുന്നില്ല. ഇവനെ വല്ല ട്രാക്കിലും കൊണ്ട് ഇട്ടേരെ.”

ആ കണ്ണുനീരിലെ ചുവപ്പിന്റെ ചുവ തിരിച്ചറിഞ്ഞതോടൊപ്പം അയാളുടെ ബോധം മറഞ്ഞു.


ചുവന്ന നഗരം IV വായിക്കൂ @ …

http://sreekanthan.in/2020/11/28/chuvanna_nagaram_iv/

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: