കടലിന്റെ അഗ്രം പ്രക്ഷുബ്ദമായി ഇളകുന്നത് ബാൽക്കണിയിലിരുന്ന് കാണാനായാണ്, റിട്ടെ. മേജർ ജനറൽ ഗുർഷീദ് സിംഗ് കടൽത്തീരത്തുള്ള ഒരു ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹിച്ചത്.
എന്നാൽ, അദ്ദേഹത്തിന്റെ മകന്റെ തീരുമാനം മറ്റൊന്നായിരുന്നു. അതാണ്, മേജറിനെ ഒരു വഴിയോര കാഴ്ച്ച പോലുമില്ലാത്ത ഈ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തിച്ചത്.
മകന്റെ അഭിപ്രായത്തിൽ റീ സെയിൽ വാല്യൂ ഈ ഫ്ലാറ്റിനാണ് കൂടുതൽ.
ഹാ.. വയസ്സായാൽ പിന്നെ റീ സെയിൽ വാല്യൂ ഇല്ലല്ലോ. ഏതെങ്കിലും മൂലേൽ ഇരുന്നോണം. മേജർ ചിന്തിച്ചു.
സാധാരണ ദിവസങ്ങളിൽ ഈ ബാൽക്കണിയിൽ ഇരുന്നുകൊണ്ട് എങ്ങോട്ടെന്നിലാതെ ദൂരേയ്ക്ക് നോക്കുമ്പോഴാണ് പല ഓർമ്മകളും തികട്ടി വരുന്നത്.
ഇന്നും അങ്ങനെ ഓർമ്മകളിലേക്ക് വഴുതി പോയത് മേജർ പോലും അറിയാതെയായിരുന്നു.
ആ ഓർമ്മകൾ എല്ലാം തന്നെ അവളെ ചുറ്റിപ്പറ്റിയായിരുന്നു.
കുറച്ചു നാൾ മുൻപ് വരെ, അവൾ അദ്ദേഹത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. ഇപ്പോൾ അവളുടെ ഓർമ്മകൾ ആ സ്ഥാനം ഏറ്റെടുത്തു.
അവളെ ആദ്യമായി കണ്ടത് ഗോവിന്ദ്ഘട്ടിലെ ആ ആർമി മെഡിക്കൽ ക്യാമ്പിൽ വച്ചായിരുന്നു. ആദ്യം കണ്ടപ്പോൾ, കോഴ്സ് കഴിഞ്ഞു വന്ന ഒരു ചുറു ചുറുക്കുള്ള ഒരു പെണ്കുട്ടി… എന്നേ തോന്നിയുള്ളൂ.
പക്ഷെ, ജോഷിമത്തിലേക്കുള്ള ആ യാത്രയിൽ, സംഗമദൃശ്യം കാണാൻ എല്ലാവരും ബസിൽ നിന്ന് ഇറങ്ങിയ വേളയിലാണ് അവളിലെ യഥാർത്ഥ അവളെ അന്നത്തെ ക്യാപ്റ്റൻ ഗുർഷീദ് സിംഗ് മനസ്സിലാക്കുന്നത്. പിന്നീട് മറ്റൊരു അളകനന്ദയും ലക്ഷ്മണനുമായിത്തീരാനായി അവർക്ക് അധിക കാലം വേണ്ടിവന്നില്ല.
പക്ഷെ, അവൾ അകന്ന് പോയപ്പോൾ നൽകാൻ എന്തോ ബാക്കിയായത് പോലെ… പറയാൻ എന്തോ ബാക്കി വച്ചത് പോലെ.. അവളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച എന്തോ ഒന്ന് ബാക്കിയുള്ളത് പോലെ… നികത്താൻ കഴിയാത്ത ഒരു ശൂന്യത ജീവിതത്തിൽ…
മേജർ നെടുവീർപ്പിട്ടു.
ബാൽക്കണിയിൽ നിന്ന് കാണുന്ന ആ ദൃശ്യം മേജർ നോക്കിയിരുന്നു. ആ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഇടയിൽ കുട്ടികൾക്കായുള്ള ഒരു പാർക്ക്. ഇന്നൊരു അവധി ദിവസമാണോ? രാവിലെ തന്നെ ഒരുപാട് കുട്ടികൾ അവിടെ ഓടി, ചാടി കളിക്കുന്നു. ശബ്ദമുഖരിതം.
മേജർ ആ കുട്ടികളെ എല്ലാം നിരീക്ഷിച്ചു. ഒരു ആർമി ഉദ്യോഗസ്ഥന്റെ കണ്ണിലൂടെയല്ല. മറിച്ച് ജീവിതത്തിൽ നഷ്ടപ്പെട്ട എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരനെ പോലെ. തന്നെപ്പോലെ ആരെയെങ്കിലും ആ കുട്ടികളിൽ ദർശിക്കാൻ സാധിക്കുമോ എന്ന് വീണ്ടും വീണ്ടും നോക്കി.
ഇല്ല.. സാധിക്കില്ല.. കാരണം അദ്ദേഹത്തിന് ഇങ്ങനെ ഒരു ബാല്യം ഉണ്ടായിരുന്നില്ല.
കുടുംബവഴക്കിനിടയിൽ പണ്ട് കൊലചെയ്യപ്പെട്ട അച്ഛനെപ്പറ്റി നേരിയ ഒരു ഓർമ്മ മാത്രം. ആ ചുമലിൽ കയറി ടർബനിൽ കൈവച്ച് ഇരിക്കുന്നതും, കൊമ്പൻ മീശ തിരിക്കുന്നതും ബാല്യത്തിൽ എന്നോ കണ്ട ഒരു സ്വപ്നം മാത്രമായിരുന്നെന്ന് ഇപ്പോൾ അദ്ദേഹത്തിന് തോന്നുന്നു.
‘മാ’യെപ്പറ്റി ഓർക്കുമ്പോൾ കണ്ണീരും തീയും മാത്രം ഓർമ്മയിൽ. മാ യുടെ വിയർപ്പും കണ്ണീരും കലർന്ന റൊട്ടിയും ദാലും കഴിച്ചാണ് അവർ ആറ് പേര് വളർന്നത്. അന്ന് ആ അവസരങ്ങളിൽ അദ്ദേഹത്തിന് ലഭിക്കാതെ പോയതായിരുന്നു ഈ ബാല്യം.
അതിൽ ഒരു ദുഃഖവും മേജറിന് ഇന്ന് തോന്നുന്നില്ല. ആ നെരിപൊടിന്റെ ചൂടേറ്റ് വളർന്ന കാലമാണ് മേജറിനെ ഇന്നത്തെ ഈ മനുഷ്യനാക്കി മാറ്റിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
(ഒരാൾക്ക് സംഭവിച്ച എല്ലാത്തരം അനുഭവങ്ങളുടെയും ആകെ തുകയാണ് ഇന്നത്തെ ആ ഒരാൾ. ഇന്നത്തെ അവസ്ഥയിൽ അയാൾക്ക് ദുഃഖം തോന്നുന്നില്ലെങ്കിൽ, അതിൽ നല്ല അനുഭവങ്ങൾക്ക് ഒപ്പം തന്നെ ചീത്ത അനുഭവങ്ങൾക്കും തുല്യമായ പങ്കുണ്ട്. ശരിയല്ലേ??)
പക്ഷെ, തനിക്ക് നഷ്ടപ്പെട്ട ബാല്യം തന്റെ കുട്ടികൾക്ക് നഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. തന്റെ തിരക്കുള്ള ജോലിയുടെയിടയിൽ അത് സാധിച്ചത് അദ്ദേഹത്തിന്റെ ഭാര്യയുടെ ത്യാഗത്താലായിരുന്നു. ഒരു ശോഭനമായ കരിയർ ഉപേക്ഷിച്ച് അവൾ അദ്ദേഹത്തിന്റെ ഒപ്പം നിന്നു.. എന്നും.
അവൾ ഒരു അസാധാരണ സ്ത്രീ ആയിരുന്നു. അവളിലെ ആ അസാധാരണത്വം അദ്ദേഹം വ്യക്തമായി കണ്ടത് അവരുടെ മകൾ നഷ്ടപ്പെട്ട ആ രാത്രിയിലാണ്.
വേണ്ടാ.. അത് ഓർക്കാൻ മേജറിന് ഇന്ന് കഴിയില്ല…
ആ നീലക്കണ്ണുകൾ… നീലക്കണ്ണുകളുള്ള കുട്ടികളെ കാണുമ്പോൾ ആ കഠിന ഹൃദയം എപ്പോഴും തേങ്ങാറുണ്ട്, ഉള്ളിൽ.
റിട്ടെ. ആർമി ഓഫീസർ അല്ലേ.. പൊട്ടി കരയാൻ അനുവാദമില്ലല്ലോ.. റൂമ് അടച്ചിരുന്നു പൊട്ടി കരയുമ്പോൾ ആശ്വസിപ്പിക്കാറുള്ള ആ കൈകളും ഇപ്പോളില്ല.
അവൾ പറയുമായിരുന്നു.
“ജി, നമ്മുക്ക് ഒരു മകൻ കൂടിയുണ്ടെന്ന് ഓർക്കുക. അവന് വേണ്ടി നമ്മുക്ക് ഇനിയും ജീവിക്കണം. ജീവിച്ചിരിക്കുന്നിടത്തോളം കാലം അവനെ സപ്പോർട്ട് ചെയ്യണം.. കേട്ടോ?. കേട്ടോ..?”
അവളുടെ സ്വരത്തിലെ കനം അയാൾ തിരിച്ചറിയും. ആ കൂമ്പി വാടിയ മുഖം ഉയർത്തി നെറ്റിയിൽ അവൾ ഒരു ചുംബനം നൽകും… ഒരു ഔഷധം പോലെ…
“ബാപ്പു, നാശ്ത കഴിഞ്ഞ് കഴിക്കാൻ എടുത്തു വച്ച ഗുളിക ഇന്നും മറന്നോ? ഇതാ കഴിക്ക്..”
ഓർമ്മകളെ മുറിച്ചു കൊണ്ട് ആ ബാൽക്കണിയിലേക്ക് മകന്റെ ഭാര്യ കടന്ന് വന്നു. അവൾ അദ്ദേഹത്തെ സ്വന്തം അച്ഛനെ പോലെ തന്നെയാണ് കാണുന്നത്. മേജറാകട്ടെ തനിക്ക് നഷ്ടപ്പെട്ട മകളെ ഇവളിലൂടെ വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു.
“ഓഹ് ബേട്ടി, ബാപ്പു മറന്ന് പോയി. ഓർമ്മിപ്പിച്ചാൽ മാത്രം മതിയാരുന്നല്ലോ. എന്തിനാ ഇങ്ങോട്ട് എടുത്തുകൊണ്ട് വന്നേ.?. ഫുൾ റെസ്റ്റ് എടുക്കാനല്ലേ ഡോക്ടർ പറഞ്ഞത്?..”
അവൾ ഗർഭിണിയായിരുന്നു.
തങ്ങൾക്ക് പേരക്കുട്ടി ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞ ദിവസം മേജറിന്റെ ഭാര്യയ്ക്ക് എത്ര സന്തോഷം ആയിരുന്നെന്നോ
… ആ സന്തോഷം മനസ്സിലും മുഖത്തും വച്ചുകൊണ്ടുതന്നെയാണ് അവൾ പോയതും….. ഹാ…
പേരക്കുട്ടിയുടെ ദാദായായി ഇനി കുറച്ചു നാള്കൂടിയെങ്കിലും….
മേജർ ആലോചിക്കുന്നു…
ജീവിതത്തിലെ പല പല റോളുകൾ. അമ്മയുടെ മകനായി… അവളുടെ കാമുകനായി.. അവളുടെ ഭർത്താവായി… കുട്ടികളുടെ അച്ഛനായി… ഇനി അപ്പൂപ്പൻ…
പക്ഷെ ഇടയ്ക്ക് വന്ന നഷ്ടങ്ങൾ ഇതിന്റെ എല്ലാത്തിന്റെയും ശോഭ കെടുത്തുന്നുവോ.?
ജീവിതത്തിലെ സൗഭാഗ്യങ്ങളെയും നഷ്ടങ്ങളെയുംപ്പറ്റി ആലോചിക്കുമ്പോൾ ഓർമ്മയിൽ വരുന്നത് നഷ്ടങ്ങൾ മാത്രമല്ലേ? അതെന്താ.?.. നഷ്ടങ്ങളുടെ ത്രാസ് എന്നും താന്ന് തന്നെ….
“ആരേ ജി, ആപ് മത് രോ. ഹമേം യെക് പൊത്താ യാ പൊത്തി അനേവാലാ ഹേം. ഉൻകേലിയേ ജിയോ…”
മേജറിന്റെ നെറ്റിയെ തലോടികൊണ്ട് ഒരു ഇളംകാറ്റ് എങ്ങോട്ടോ മാഞ്ഞു പോയി.
6 replies on “സായാഹ്നം”
നഷ്ടങ്ങൾ ചെറുതെങ്കിലും അതിനെപ്പോഴും ഭാരം കൂടുതൽ തന്നെയായിരിയ്ക്കും ഓർമ്മകൾക്ക് എന്നും പ്രിയം നഷ്ടങ്ങളുടെ താളുകളാണ് 👌👌
LikeLiked by 1 person
😊👍
LikeLiked by 1 person
തിരിഞ്ഞു നോക്കുമ്പോൾ ഒരു കണ്ണിൽ ചിരിയും മറ്റേതിൽ കണ്ണീരും.
LikeLiked by 2 people
😁😁👍
LikeLiked by 1 person
നഷ്ടങ്ങളും വേദനകളും ഒക്കെ നാം എപ്പോഴും വേഗം ഓർത്തു പോകും….. എനിക്കും തോന്നാറുണ്ട് പലപ്പോഴും….. പക്ഷെ ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു……
ജീവിതം വേറെ ഒരു കണ്ണിൽ കാണിച്ചു തന്നു 👌👌
LikeLiked by 1 person
നഷ്ടങ്ങളുടെ ഓർമ്മകളാണ് നമ്മെ ഭൂമിയിൽ മനുഷ്യരായി നിലനിർത്തുന്നതെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. വേദനിപ്പിക്കുന്ന, ആ ലഹരികളില്ലായിരുന്നെങ്കിൽ ഈ ജീവിതമൊക്കെ എത്ര വിരസമായി തീർന്നേനെ!…
നന്ദി പ്രവ്യ 💐💐💐
LikeLike