രാഷ്ട്രീയം ചർച്ചചെയ്യട്ടെ…ഒരു സാഹസം.
ഫാസിസിറ്റ് ശക്തികൾ വ്യത്യസ്ത രൂപങ്ങളിൽ ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് നമ്മൾ ലോകമെമ്പാടും ഇന്ന് കാണുന്നത്. കൂടാതെ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ അധികാരലക്ഷ്യങ്ങൾ പൂർത്തികരിക്കാനായി വെള്ളം ചേർക്കപ്പെടുന്നതും നമ്മുടെ കൺമുന്നിൽ തന്നെയാണ്. ഈ കാലഘട്ടത്തിൽ ചർച്ചചെയ്യപ്പെടേണ്ട രണ്ടു ജർമൻ ചിന്തകരാണ് കാറൽ മാർക്‌സും ഫെഡറിക് നീത്ഷേയും .
നമ്മൾ മലയാളികൾ മാർക്സ് അപ്പൂപ്പന്, മണ്മറഞ്ഞു പോയ നമ്മുടെ ഒരു കാരണവരുടെ സ്ഥാനം തന്നെ കൽപ്പിച്ച് കൊടുത്തിട്ടുണ്ട്. ( ‘പാരമ്പര്യ’ കോൺഗ്രസ് അനുഭാവികളെ ഈ ‘നമ്മളിൽ’ ഉൾപ്പെടുത്തിയിട്ടില്ല. പോരെ?). കാറലിനെ ഭഗവാനായി വ്യാഖാനിച്ചത് ഒരു മലയാളി തന്നെയാണ്.(സി.കേശവൻ). പക്ഷെ, നീത്ഷെ ഒട്ടുമിക്ക മലയാളികൾക്കും അപരിചിതനാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ചിന്തകളെ ഇത്രയധികം സ്വാധീനിച്ച വേറെ വ്യക്തികൾ ഇല്ലായിരുന്നു എന്നു തന്നെ പറയാം. അക്കാലത്തെ ജനങ്ങളുടെ വ്യക്തിപരവും സാമൂഹികപരവും സംസ്കാരികപരവുമായ കാര്യങ്ങളിൽ വ്യത്യസ്തമായ രീതികളിൽ ഇവരുടെ ചിന്തകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്.
മുതലാളിത്ത വ്യവസ്ഥിതിയുടെ ചൂഷകവശം തുറന്ന് കാണിക്കുകയായിരുന്നു, കാൾ മാർക്‌സ് ‘ദാസ് ക്യാപിറ്റലി’ലൂടെ. ഒരു ഭൗതികവാദവും സാമ്പത്തികവാദവും രാഷ്ട്രീയവും കൂടി കലർത്തിയ അവതരണം. അന്നത്തെ സമൂഹത്തിന്, പ്രത്യേകിച്ച് യൂറോപ്യൻ സമൂഹത്തിന്, ഒരു പുതുചിന്തയായിരുന്നു മാർക്സിന്റെ സിദ്ധാന്തങ്ങൾ പലതും.
ദാർശനികർ ലോകത്തെ വ്യാഖ്യാനിച്ചിട്ടെ ഉള്ളൂവെന്നും അതിനെ മാറ്റിമറിക്കലാണ് പ്രധാനമെന്നും മാർക്സ് എഴുതി.
ഹെഗലിന്റെ വൈരുധ്യാത്മകതയും ഫൊയർബാച്ചിന്റെ ഭൗതികവാദവും വിമർശനാത്മകമായി വിശകലനം നടത്തുകയും അങ്ങനെ വൈരുധ്യാത്മക ഭൗതികവാദം എന്ന വിപ്ലവകരമായ ചിന്താപദ്ധതിയ്ക്ക് അദ്ദേഹം രൂപം കൊടുക്കുകയും ചെയ്തു.
(ഹമ്മേ…വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യ അകൽച്ചയിൽ ആയിരുന്നത് കൊണ്ട് സംഭവിച്ചതാണ്..😢..അതങ്ങു വിട്ടെരെ..)
തൊഴിലാളിവർഗമാണ് സമൂഹത്തിലെ ഒരേയൊരു വിപ്ലവശക്തിയെന്ന് മാർക്സ് കണ്ടെത്തിയെന്നതിനാണ് പ്രാധാന്യം. (അത് മതി.)
ഫെഡറിക് നീത്ഷേ എന്ന ജർമൻ തത്വചിന്തകനെപ്പറ്റി പറഞ്ഞാൽ…. 19ആം നൂറ്റാണ്ട് അവസാനിക്കുന്നത് അദ്ദേഹത്തിന്റെ മരണം കണ്ടുകൊണ്ടാണ്. എങ്കിലും, 20ആം നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ ഭീഷണിയായി വളർന്ന, അഡോൾഫ് ഹിറ്റ്ലറുടെ ക്രൂരതകൾക്ക് ഉത്തേജനം നൽകിയത് നീത്‌ഷെയുടെ ചിന്തകളാണെന്ന് പറയപ്പെടുന്നു. ‘വിൽ ടു പവർ ” എന്ന അദ്ദേഹത്തിന്റെ പുസ്തകം ശരിയായ രീതിയിൽ ഇന്റർപ്രെട്ട് ചെയ്യാത്തതിനാലാണ് ഇങ്ങനെ ചിന്തകൾ ഉണ്ടായതെന്നും അഭിപ്രായം നിലനിൽക്കുന്നുണ്ട്. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും അവന്റെ അധികാരവാഞ്ഛയിൽ നിന്ന് ഉത്ഭവിക്കുന്നതാണ് എന്നാണ് നീത്‌ഷെ ‘വിൽ ടു പവർ’ ഇൽ വ്യക്തമാക്കുന്നത്. പക്ഷെ , ഇതിൽ പറഞ്ഞിരിക്കുന്ന ‘slave morality’ യും ‘master morality’ യും മാർക്സിന്റേത് പോലെ സാമൂഹിക-സാമ്പത്തിക വീക്ഷണകോണിൽ കൂടെയല്ല നീത്‌ഷെ കണ്ടത്.
നീത്‌ഷെ പറയുന്ന superhuman എന്ന ചിന്ത വംശീയമായ സംഗതിയായാണ് ഹിറ്റ്ലർ വായിച്ചെടുത്തത്. എന്നാൽ നീത്‌ഷെ അത് ആത്മീയമായ മേധാവിത്വം എന്ന രീതിയിലാണ് പറയുന്നതെന്നും ഒരു വായന ഉണ്ട്. എഴുത്തുകാരൻ മരിച്ചു കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന പുസ്തകൾക്ക് മേൽ, പൊതുവെ ഇങ്ങനെയുള്ള ആശയസംഘട്ടനങ്ങൾ ഉണ്ടാകാറുണ്ട്. ‘വിൽ ടു പവർ’ എന്ന പുസ്തകം നീത്‌ഷെയുടെ മരണശേഷം, നാസി അനുഭാവിയായ സഹോദരി എലിസബത്ത് മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ചതാണ്. അത് നീത്‌ഷെയുടെ ഉപയോഗ ശൂന്യമായ നോട്ടുകളിൽ നിന്നാണെന്നും പറയപ്പെടുന്നു.
മതത്തിന്റെ കാര്യത്തിൽ ഇരുവരുടെ അഭിപ്രായങ്ങൾ പരിശോധിക്കാം. ‘ദൈവം മരിച്ചു’ എന്നു എഴുതിയ ആളാണ് നീത്‌ഷെ. Modern rationalism ദൈവത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തിരിക്കുന്നു എന്നേ അദ്ദേഹം ഉദേശിച്ചുള്ളൂ. എങ്കിലും, മനുഷ്യ ശക്തിയെ കുറച്ച് കാണുന്ന ഒന്നിനോടും നീത്‌ഷെ ഇണങ്ങിയില്ല. (നിഷ്ക്രിയമായ നിഹിലിസവുമായി നീത്‌ഷെയുടെ രചനകളെ ചേർത്തു വായിക്കാൻ പറ്റില്ല എന്ന് പറയുന്നത് അതുകൊണ്ടാണെന്നു തോന്നുന്നു).
മാർക്സിന്റെ ചിന്തയിൽ മതം ഒരു ആയുധം മാത്രമായി ചിത്രീകരിച്ചിരിക്കുന്നു. അധികാര കേന്ദ്രങ്ങൾ തങ്ങളുടെ ചൂഷണം പാവപ്പെട്ടവനിൽ അടിച്ചേൽപ്പിക്കാൻ ഉപയോഗിക്കുന്ന വെറും ഒരു ആയുധം.
രണ്ടു പേരും മതത്തെ അതിന്റെ ആത്മീയ സത്തയിൽ ഉൾക്കൊണ്ടില്ല എന്നൊരു വിമർശനവുമുണ്ട്.
ഇന്നത്തെ കമ്മ്യൂണിസ്റ്റ് അനുഭാവികൾ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാർക്സിന്റെ ആദർശങ്ങൾ തള്ളി പറയാൻ പോലും മടിക്കുന്നില്ല.(തണ്ണീർത്തട സംരക്ഷണ നിയമം വെള്ളം ചേർത്തതിന്റെ ഉത്തരവാദിത്വം ആർക്കെന്ന് ഓർക്കുക.) അതേപോലെ തന്നെ ഫാസിസ്റ്റ് ശക്തികൾ അവരുടെ അജണ്ട ഒരു ജനാധിപത്യ രാജ്യത്ത് നടപ്പിലാക്കാൻ, മാർക്സിന്റെ ചിന്തകൾ പലതും മറയായി ഉപയോഗിക്കുന്നതും നമ്മുക്ക് കാണുവാൻ സാധിക്കും.(കിസാൻ സമ്മാൻ നിധി പോലെ ഉള്ള പദ്ധതികൾ അങ്ങനെയും കാണാൻ സാധിക്കും.)
ശരിയാണ്. ആദർശങ്ങൾ പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല. അധികാര വടംവലിക്കിടയിൽ പലപ്പോഴും അവ പണയം വെക്കേണ്ടി വരും. എന്തിരുന്നാലും ജനനന്മയെ മുന്നിൽ നിർത്തി മുന്നോട്ട് പോവുകയാണ് ഓരോ ഭരണകൂടവും ചെയ്യേണ്ടത്.
ഈ കോവിഡ് കാലഘട്ടം, എല്ലാ മറന്ന് സമഭാവനയോടെ, ആദർശങ്ങളുടെയും വിശ്വാസങ്ങളുടെയും വേലിക്കേട്ടുകൾ പൊളിച്ച് ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്ദേശമാണ് തരുന്നത്. ഈ അവസരം നമ്മൾ കളഞ്ഞു കുളിച്ചാൽ, ഇനി മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കേണ്ടി വരും: നമ്മെ ഇത് പിന്നെയും ഓർമ്മപ്പെടുത്താൻ.
NB: എവിടെയോ വായിച്ചിട്ടുണ്ട്. സ്റ്റാലിന്റെ ക്രൂരതകൾക്ക് കാറൽ മാർക്സിനെ പഴിക്കുന്നപോലെ തന്നെയാണ് ഹിറ്റ്‌ലറുടെ ക്രൂരതകളെ ഫെഡറിക് നീത്ഷെയിൽ ചാർത്തുന്നതെന്ന്.
ലേഖകനെ മനസ്സിലാക്കുക.
കമ്മ്യൂണിസ്റ്റ് ചിന്തകളെ നല്ല രീതിയിൽ പ്രാവർത്തികമാക്കുന്നതിനോട് യോജിക്കുകയും ഫാസിസ്റ്റ് ചിന്താ പദ്ധതികളെ നിർവ്യാജം തിരസ്കരിക്കുകയും ചെയ്യുന്ന ആളാണ് ലേഖകൻ. നിർഭാഗ്യവശാൽ പുള്ളിക്കാരൻ, കോൺഗ്രസ് പാരമ്പര്യത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് വിട്ടു പോകാൻ സാധിക്കാത്ത ഒരാൾ കൂടിയാന്നെന്ന് വിഷമസമേതം അറിയിച്ചു കൊള്ളട്ടെ.
വോട്ടിംഗ് മെഷീന്റെ മുൻപിൽ ചെന്നാൽ ഇപ്പോഴും അവന്..
“എന്റെ സാറേ..മറ്റൊന്നും കാണാൻ പറ്റൂല്ല…ആ കൈപ്പത്തി ചിഹ്നം മാത്രം…”😢
മാപ്പ് : അനാവശ്യമായി സ്‌മൈലികൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഉപദേശിച്ച സുഹൃത്തിനോട്..
ചെയ്യാതിരിക്കാൻ പറ്റുന്നില്ല..അത് കൊണ്ടാ..ക്ഷമീർ…( __ ഇവിടെ ഒരു നാക്ക് നീട്ടിയ സ്‌മൈലി ഇട്ടോട്ടെ?)