“ഹലോ. മാത്യൂസ്, ഇയാൾ ഇപ്പോഴും ഡയറിയൊക്കെ എഴുതാറുണ്ടോ?”
ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ആ സിമന്റ് ബെഞ്ചിൽ ഇരുന്ന്, ഡയറിയിൽ എന്തോ കുറിക്കുകയായിരുന്നു മാത്തു. അവൻ ആ ചോദ്യത്തിന്റെ ഉറവിടം അറിയാൻ തല ഉയർത്തി നോക്കി.
“ആഹാ…താൻ ആയിരുന്നോ?”
മാത്തുവിന്റെ കോളേജ് ബാച്ച്മെറ്റിനെ കണ്ടിട്ട്, അവൻ അത്ഭുതത്തോടെ ചോദിച്ചു. അത്ര അത്ഭുതം അവന് തോന്നി കാണില്ല. കാരണം അവളുടെ വീട് ചങ്ങനാശ്ശേരിയിലാണെന്ന് അവന് അറിയാമായിരുന്നു. രശ്‌മീനോ ലക്ഷ്‌മീന്നോ മറ്റോ ആയിരുന്നു അവളുടെ പേര്. ശെടാ.. അവൻ ആ പേര് മറന്നു. സാധാരണയായി അവൻ പെണ്കുട്ടികളുടെ പേര് മറക്കാത്തതാണല്ലോ!
മാത്തു തുടർന്ന് സംസാരിച്ചു.
“താൻ ഇങ്ങോട്ട് ഇരുന്നോളൂ. ഞാൻ കുറച്ച് നേരമായി ഇരിക്കുകയാണ്.”
മാത്തു ബെഞ്ചിൽ നിന്ന് അവൾക്കിരിക്കാനായി എഴുന്നേറ്റ് കൊടുത്തു.
പക്ഷെ, അവൾ അത് നിരസിച്ചു കൊണ്ട് പറഞ്ഞു.
“വേണ്ട. ഞാൻ അപ്പുറത്ത് ഇരിക്കുവായിരുന്നു. അച്ഛനും അമ്മയുമൊക്കെയുണ്ട്. ഇപ്പോഴാ ഇയാളെ കണ്ടേ.. അതാ ഇങ്ങോട്ടു വന്നത്. മാത്യൂസ് എങ്ങോട്ടേക്കാ?”
കൊള്ളാലോ മാത്തു ചിന്തിച്ചു. നാല് വർഷം ഒരേ കോളേജിൽ പഠിച്ചിട്ടും, പോരാത്തതിന് ഒരേ നാട്ടുകാരൻകൂടി ആയിട്ടും, ഇത് രണ്ടാമത്തെ മറ്റോ തവണയാണ് അവൾ മാത്തുവിനോട് സംസാരിക്കുന്നത്. എന്തായാലും മാത്തുവിന്റെ പേര് ഇവൾക്ക് അറിയാമല്ലോ. ഇലക്ടറിക്കൽ ഡിപ്പാട്മെന്റിൽ മാത്തുവിനെ അറിയാവുന്ന പെണ്കുട്ടികൾ ഉണ്ടായിരുന്നു. അല്ലെ? ശെടാ…അവൻ അത് മനസ്സിലാക്കിയില്ലായിരുന്നു. അവൻ കോളേജിൽ അവനുണ്ടായിരുന്ന പോപുലാരിറ്റിയെപ്പറ്റി മനസ്സിലാക്കിയിരുന്നില്ല. എന്തായാലും അവൻ അതിൽ സന്തോഷിച്ചു.
ആ ഒരു സന്തോഷത്തോടെതന്നെ മാത്തു മറുപടി പറഞ്ഞു.
“തിരുവന്തപുരത്തേയ്ക്ക്. നാളെയാണ് ഇൻഫോസിസിൽ ജോയിൻ ചെയ്യാനുള്ള ഡേറ്റ് . ട്രെയിനിങ് തുടങ്ങുവാ..”
“ഞാൻ കായംകുളത്തേക്കാണ്. ഒരു ബന്ധുവിന്റെ കല്യാണനിച്ഛയം… നാളെ ”
മാത്തു ചോദിക്കാതെ തന്നെ അവൾ അത് പറഞ്ഞു.
“താനും ഇൻഫിയിൽ അല്ലെ placed ആയേ?” മാത്തുവിന് അത് അറിയാമായിരുന്നു. എങ്കിലും, എന്തെങ്കിലും ചോദിക്കേണ്ടേ?.
“അതെ. പക്ഷെ ജോയിൻ ചെയ്യാനുള്ള തീയതിയായിട്ടില്ല.”
പ്രതീക്ഷിച്ച ഉത്തരം തന്നെ അവളിൽ നിന്ന് കിട്ടി.
അപ്പോഴാണ് മാത്തു ആ കാര്യം ആലോചിച്ചത്. അവൻ ഡയറി എഴുതാറുണ്ടെന്ന് ഇവള് എങ്ങനെ അറിഞ്ഞു? ആ സംശയം അപ്പോൾ തന്നെ അവൻ വെളിപ്പെടുത്തി.
“ഈ ഡയറിടെ കാര്യം?”
“ഓ.. അതോ? ഹോസ്റ്റലിൽ എന്റെ റൂംമെറ്റ് ഷാഹിദ ആയിരുന്നു. അവൾ നിങ്ങളുടെ ക്ലാസ്സിൽ നടക്കുന്ന കാര്യങ്ങളൊക്കെ എന്നോട് പറയാറുണ്ടാരുന്നു”. ചിരിച്ചു കൊണ്ടാണ് അവൾ അത് പറഞ്ഞത്. ഒന്ന് ആക്കിയപോലെ.
ഷാഹിദ അവന്റെയും സുഹൃത്താണ്. അവൻ ആ കാര്യത്തിലേക്ക് കൂടുതൽ കടന്നില്ല. കാരണം, അത് ചെന്നെത്തുക അവനെ കൊണ്ടു ക്ലാസ്സിൽ ഡയറി വായിപ്പിച്ച കോമഡിയിലേക്കായിരിക്കുമെന്ന് അവളുടെ ആ ചിരിയിൽ നിന്ന് അവൻ മനസ്സിലാക്കി. ഇന്ന് കോമഡിയായി കരുതാൻ ശ്രമിക്കുന്ന പല കാര്യങ്ങളും, മാത്തുവിന് അന്നത്ര കോമഡിയല്ലായിരുന്നു. അതുകൊണ്ട് തന്നെ, അതിനെ കുറിച്ച് ഓർക്കുമ്പോഴും അത്ര സുഖം തോന്നാറില്ല.
മാത്തുവിന്റെ സ്വഭാവം വച്ച്, അവൻ അവളുടെ അച്ഛന്റെയും അമ്മയുടെയും അടുത്തു പോയി പരിചയപ്പെടേണ്ടതാണ്. അവളുടെ പേര് ഓർമ്മയിൽ വരാത്തതു കൊണ്ട്, അത് ശരിയായി വരില്ലെന്ന് അവന് തോന്നി. അവൾ ഇങ്ങോട്ട് വന്ന് സംസാരിച്ചതു കൊണ്ട് മാത്തുവിന് ആ സംഭാഷണം നിർത്താനുള്ള അവകാശവും ഇല്ലല്ലോ?
പക്ഷെ, സംഭാഷണം മുന്നോട്ട് കൊണ്ടുപോകാൻ എന്തു ചോദിക്കും. ഇപ്പോൾ പേര് ചോദിച്ചാൽ, അത് വളരെ ക്രൂരമായി പോകും. ഫ്ബിയിൽ കയറി നോക്കാം. ഫ്ബിയിൽ എന്തായാലും ഇവൾ ഫ്രണ്ട് ആയിരിക്കും. മാത്തു ചിന്തിച്ചു.
അവൾക്കും സംസാരിക്കാൻ ഒന്നുമില്ലാത്ത പോലെ തോന്നി. അതൊരു ‘Uncomfortable silence’ ആയി മാത്തുവിന് തോന്നി. പക്ഷെ, തുടർന്ന് സംഭവിച്ചത് മാത്തുവിന്റെ ആഗ്രഹം പോലെത്തന്നെയാണ്. ഒരു shake ഹാൻഡും, ഒരു ഓൾ ദി വെരി ബെസ്റ്റും തന്നിട്ട് അവൾ അവിടെ നിന്ന് പോയി.
അവൻ തിരിച്ചു ബെഞ്ചിൽ വന്നിരുന്നു. ഡയറി തുറന്നു. എഴുത്ത് പുനരാരംഭിച്ചു. പക്ഷെ, അതൊരു പുതിയ പേജിലായിരുന്നു.
SUNDAY 20 JULY
കോളേജിൽ ചേർന്നതിന് ശേഷം, ആദ്യമായി വീട്ടിലേക്ക് പോകുന്ന ദിവസമായിരുന്നു അന്ന്. എല്ലാവർക്കും നല്ല ടെന്ഷന് ഉണ്ടായിരുന്നു. തിരുവനന്തപുരം – കോട്ടയം പാസ്സെജർ ട്രെയിനിൽ റാഗിങിന് സാധ്യതയുണ്ടെന്ന്…. ഹോസ്റ്റലിൽ അടുത്ത റൂമിലെ തിരുവല്ലക്കാരൻ കിരണിൽ നിന്നാണ് ആ കാര്യം അറിഞ്ഞത്…. first യിയർ സ്റ്റുഡന്റ്സായ ഞങ്ങൾ ടെന്ഷനടിക്കാൻ തുടങ്ങി. മെക്കാനിക്കൽ ബാച്ചിൽ പഠിക്കുന്ന എന്റെ സുഹൃത്ത് അഭിനന്ദും ഞാനും .. പിന്നെ എന്റെ ക്ലാസ്സിലെ പി.എസ് എന്നു വിളിക്കുന്ന കോട്ടയംകാരൻ… കാഞ്ഞിരപ്പള്ളിക്കാരൻ ജോമോൻ എബ്രഹാം (റബ്ബറ് ജോമോൻ).. പാലാക്കാരൻ ഒരു വിൻസെന്റ് പള്ളിമറ്റം (അവനെ എന്തിനാണ് കുഞ്ഞാട് എന്ന് വിളിക്കുന്നതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല).. ഞങ്ങൾ എല്ലാവരും..കോട്ടയം പാസ്സെജറിൽ….
സീനിയേർസിനെ പേടിച്ച് ഏറ്റവും പുറകിലെ ബോഗിയിൽ.. ഞങ്ങളുടെ ആരുടെയോ ഫോണിൽ വിളിച്ച് ഏറ്റവും മുമ്പിലെ ബോഗിയിലേയ്ക്ക് വരാൻ സീനിയെർസിന്റെ ഓർഡർ… ട്രെയിൻ അപ്പോഴേക്ക് സ്റ്റേഷൻ വിട്ടിരുന്നു. പാസ്സെജർ ആയിരുന്നത് കൊണ്ട് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടായിരുന്നു…
ഞങ്ങൾ ഓരോ സ്റ്റേഷനിലും ഇറങ്ങി സീനിയെർസ് ഇരിക്കുന്ന ബോഗിയിലേക്ക് നടക്കുന്നു. ട്രെയിൻ അവിടെ നിന്ന് എടുക്കുമ്പോൾ, അപ്പോൾ നടന്നെത്തപ്പെട്ട ബോഗിയിൽ ഓടി കയറുന്നു. അങ്ങനെ ഒരു തവണ അഭിയും ഞാനും കൂടി ഓടി കയറിയത് ലേഡീസ് കോംപാർട്മെന്റിൽ…..
ഒരു പോലീസ് ഓഫീസറുഅവസാനം എങ്ങനെയൊക്കെയോ സീനിയേഴ്സിന്റെ അടുത്ത് എത്തി’പ്പെടുന്നു’.
കഥ പറയിക്കുന്നു.(വിത്ത് ബാഗ്റൗണ്ട് മ്യൂസിക്).
പാട്ടു പാടിക്കുന്നു..
ട്രൈനിലുള്ള ഫസ്റ്റ് ഇയറിലെ പെണ്കുട്ടികളെ പോയി പരിചയപ്പെടാൻ പറയുന്നു.
എന്ത് രസകരമായ ആചാരങ്ങൾ..
പേര് ചോദിച്ചു.
അവൾ പറഞ്ഞു . “
ലക്ഷ്മി“രശ്മ“അഞ്ജലി ”പേരിനൊത്ത ഒരു പാട്ടുകൂടി പാടണമെന്നും എന്റെ ടാസ്കിലുണ്ടായിരുന്നു…. “അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി” യുടെ വരികൾ അന്ന് അറിയില്ലായിരുന്നു. അറിയാവുന്ന ആ ഭാഗം തന്നെ പല തവണ പാടി.
മാത്തു ഡയറി എഴുതുന്നത് ഈ രീതിയിലായിരുന്നു. പണ്ട് നടന്ന സംഭവങ്ങളിലെ കഥാപാത്രങ്ങളെ ആരെയെങ്കിലും കണ്ടാലുടനെ, ആ ഓർമ്മകൾ കുത്തിക്കുറിച്ചു വയ്ക്കും. അതു പിന്നെ സ്വര്യമായിരുന്നു, വിശദമാക്കി മാറ്റി എഴുതിയാൽ മതിയല്ലോ. മാത്തു കുറച്ച് മുൻപ് കണ്ട ആ പെണ്കുട്ടിയുടെ പേര് ഇനി ഫ്ബിയിൽ കയറി കണ്ടുപിടിക്കേണ്ട കാര്യമില്ല. ഓർമ്മയിൽ വന്ന ആ സംഭവം എഴുതി വന്നപ്പോൾ തന്നെ ആ പേര് അവന് കിട്ടി. ‘അഞ്ജലി’. അന്ന് പാടിയ പാട്ടാണ് അതിന് അവനെ സഹായിച്ചത്.
മാത്തു ഓർമ്മകളുടെ ട്രെയിനിൽ നിന്ന് തിരിച്ചിറങ്ങി, ഒരു ഉറക്കം എഴുന്നേറ്റ ക്ഷീണത്തോടെ. അവൻ എഴുത്ത് നിർത്തി. പഞ്ചേന്ദ്രിയങ്ങൾ വീണ്ടും സ്ഥലകാല ബോധം വീണ്ടെടുത്തു.
ചുറ്റിലും എന്താണ് സംഭവിക്കുന്നത്? അവൻ ചുറ്റും നോക്കി. മഴ തോർന്നത് പോലും അവൻ അറിഞ്ഞില്ലായിരുന്നു. എല്ലാവരും ബാഗുകളൊക്കെ കൈയിൽ എടുത്ത് മുന്നോട്ട് നീങ്ങുന്നു. ട്രെയിൻ വരുന്നതായി അനൗണ്സ് ചെയ്തെന്ന് അവന് മനസ്സിലായി .
മാത്തു ജനറൽ ടിക്കറ്റാണ് എടുത്തിരിക്കുന്നത്. ജനറൽ കോംപാർട്മെന്റ് വന്നു നിർത്തുന്നത് ഒരുപാട് മുന്നിലായിരിക്കും. മഴ പെയ്തത് കൊണ്ടാണ് മാത്തു ഇവിടെ ഇരുന്നത്. അവൻ തന്റെ ലഗേജുമായി മുൻപിലേക്ക് വേഗം നടന്നു.
ട്രെയിൻ വന്നതും അവൻ കയറിയതും എല്ലാം വളരെ പെട്ടെന്നായിരുന്നു. ഞായറാഴ്ച്ച വൈകിട്ടായത് കൊണ്ടാവും ഇത്ര തിരക്ക്. Upper birth ൽ കയറി ഇരിക്കാമല്ലോ എന്നു വിചാരിച്ചാണ് മാത്തു ജനറലിൽ ടിക്കറ്റ് എടുത്തത്. കാല് കുത്താൻ പോലും സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടാകുമെന്ന് അവൻ കരുതി കാണില്ല.
ട്രെയിൻ നീങ്ങി തുടങ്ങി. ട്രെയിനിന്റെ താളവും മാത്തുവിന്റെ ചിന്തയുടെ താളവും ഒത്തു വന്നപ്പോൾ വീണ്ടും അവന് എഴുത്ത് തുടരാൻ തോന്നി. പക്ഷെ ആ തിരക്കിനിടയിൽ എഴുതുവാൻ ഒട്ടും നിർവ്വാഹമില്ലല്ലോ.. മാത്തു ആ ചിന്തകൾ മനസ്സിൽ തന്നെ കുറിച്ചിടാൻ ശ്രമിച്ചു…
കാലിനിട്ടൊരു ചവിട്ട്…
“ഏതവനാടാ…#$#*$#$”
(തുടരും…)
അടുത്തഭാഗം:
അനന്തം അജ്ഞാതം 3 — ഫ്രോയിഡ് മാത്തുക്കുട്ടി.
NB:
Our memory has no guarantees at all, and yet we bow more often than is objectively justified to the compulsion to believe what it says.
— Sigmund Freud.
One reply on “അനന്തം അജ്ഞാതം 2 : കഥാകാരൻ മാത്തുക്കുട്ടി”
[…] http://sreekanthan.in/2020/05/08/anatham_anjatham_2/ […]
LikeLike