വിഭാഗങ്ങള്‍
കഥകൾ

ശ്രീനിയും ഞാനും…

എന്റെ കഴിവുകേടുകൾ ഭംഗിയായി പറഞ്ഞുവച്ചാൽ ഇങ്ങനെ ഇരിക്കും.-

“ഒരു സാധരണക്കാരന്റെ അനുഭവങ്ങൾ നിഷ്കളങ്കമായ ചിന്തകളിലൂടെ അവതരിപ്പിക്കാനാണ് എനിക്ക് താല്പര്യം.”…Click on the title to read more

വീട്ടിലെ ഏകാന്തവാസം 21 ദിവസം കൂടി നീട്ടികിട്ടി.

എന്നാൽ പിന്നെ ഒരു കഥ എഴുതാൻ ശ്രമിച്ചു കളയാം.

പക്ഷെ അതിന് ;

ഒരു പശ്ചാത്തലം വേണം.

ഒരു പ്ലോട്ട് വേണം.

കുറച്ചു കഥാപാത്രങ്ങൾ വേണം.

COVID-19 എന്ന മഹാമാരി നമ്മുടെ ഗോളത്തിൽ പടർന്ന് പിടിക്കുന്ന ഈ ‘കൊറോണകാലത്ത്’ പ്ലോട്ടിനായി വേറെ എവിടെയും പോകണ്ട കാര്യമില്ലെന്ന് തോന്നുന്നു. കഥയുടെ ടൈറ്റിൽ ഇപ്പോഴെയിട്ടേക്കാം – ‘കൊറോണ കാലത്ത്’. ഇത്‌ പിന്നീട് മാറ്റാൻ തോന്നുകയാണെങ്കിൽ മാറ്റുകയും ചെയ്യാം. പക്ഷെ ഈ രോഗം ഒരു ആഗോള പ്രതിഭാസമായതുകൊണ്ട് കഥ നടക്കുന്ന പശ്ചാത്തലം എവിടെയും ആക്കാമെന്ന് തോന്നുന്നു. ചൈനയും ഇറ്റലിയും ഇറാനും ഒരു കൊറോണ കഥയ്ക്ക് പറ്റിയ പശ്ചാത്തലമാണ്.

ലോകത്ത് എല്ലായിടത്തും മനുഷ്യരുടെ കഥ ഒരുപോലെയാണ് എന്നു പറയുന്നതിൽ എത്ര സത്യം ഉണ്ടായിരിക്കുമോ എന്തോ. എന്തായാലും ആ രാജ്യങ്ങളിലേക്ക് എന്റെ കഥാപാത്രങ്ങളെ കൊണ്ടുപോയി താമസിപ്പിക്കണമെങ്കിൽ കുറച്ചുകൂടി അനുഭവങ്ങളോ വായനകളോ എനിക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. അപ്പോൾ തൽക്കാലം എന്റെ കഥയുടെ പശ്ചാത്തലം നമ്മുടെ കേരളം മതി. കുറച്ചുകൂടി സ്പെസിഫിക് ആക്കിയാൽ എനിക്ക് നന്നായി അറിയാവുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി തന്നെ തെരഞ്ഞെടുക്കാം.

റാന്നിയിലെ ഇറ്റലി ‘ച്ചായന്റെ’ കഥ പറഞ്ഞാൽ ശരിയാകില്ല. വായനക്കാർ ബോറടിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ പിന്നെ കാസർകോട് ‘ച്ചായന്റെ’ കഥ ആണെങ്കിൽ ഒരു ത്രില്ലെറിനുള്ള സ്‌കോപ്പ് ഒക്കെ ഉണ്ട്. പക്ഷെ ഒരു ത്രില്ലെർ എഴുന്നത് എന്റെ രീതി അല്ല.(അത് പറ്റാത്തതാണ് എന്നു നിങ്ങൾ കരുതിയാലും വലിയ തെറ്റൊന്നുമില്ല). എന്റെ കഴിവുകേടുകൾ ഭംഗിയായി പറഞ്ഞുവച്ചാൽ ഇങ്ങനെ ഇരിക്കും.-

ഒരു സാധരണക്കാരന്റെ അനുഭവങ്ങൾ നിഷ്കളങ്കമായ ചിന്തകളിലൂടെ അവതരിപ്പിക്കാനാണ് എനിക്ക് താല്പര്യം.”

ഞാൻ ചിന്തിച്ചു. അങ്ങനെയെങ്കിൽ ഒരു പ്രവാസിയുടെ കഥതന്നെയാവട്ടെ. കക്ഷിയ്ക്ക് പ്രായം അമ്പതിനോട് അടുക്കുന്നതെ ഉള്ളൂ. അയ്യോ.. അതുവേണ്ട നായകന്റെ പ്രായം അത്രയും കൂട്ടെണ്ട. നായകന്റെ ചാപല്യങ്ങളും ചിന്തകളുമൊക്കെ പറയേണ്ടി വന്നാൽ ഈയുള്ളവന്റെ പ്രായം തന്നെ ആക്കുന്നതായിരിക്കും നല്ലത്. ഓക്കെ.. അപ്പൊ സെറ്റ്..നായകന് മുപ്പതിനോട് അടുക്കുന്ന പ്രായം. കുറെ ‘കന്നൻതിരുവകൾ’ ഒക്കെ കാട്ടി നടന്ന ഈ ചെറുപ്പക്കാരൻ ഗൾഫിൽ പോയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളു. വീട്ടിൽ സ്വാഭാവികമായും കല്യാണം ഒക്കെ ആലോചിക്കുന്ന സമയം. ഗൾഫിൽ എവിടെയാണ് എന്ന കാര്യത്തിന് ഈ കഥയിൽ പ്രസക്തിയില്ല, പ്രത്യേകിച്ച് മലയാളികൾക്ക്. ഗൾഫ് എന്ന് പറഞ്ഞാൽ മാത്രം മതി.

അത് അവിടെ നിൽക്കട്ടെ. നായികയെ കുറിച്ചും പറയാം. അതിന് മുമ്പ് നായകന് ഒരു പേര്‌ വേണ്ടേ? നായകന്റെ പേര് നായികയുടെ പേരിനോട് ചേരുന്നതായിരിക്കണം . ആഹാ…നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കും ഇത് ഓൾഡ് സ്റ്റൈൽ ആണല്ലോയെന്ന്. എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ. ഞാനും ഈ ഓൾഡ് സ്റ്റൈൽ ആണ് ഈ കഥയിൽ ഉപയോഗിക്കാൻ പോകുന്നത്. ഇപ്പോൾ അതും ഒരു പുതിയ സ്റ്റൈൽ ആയി വരുന്നുണ്ടല്ലോ. ഇല്ലെ? LAD ലെ ശോഭയും ദിനേശനും പോലെ.

പേരുകൾ പലതും ആലോചിച്ചപ്പോൾ മനസ്സിൽ ആദ്യം വന്നത് ഭാനുമതിയും നീലകണ്ഠനുമാണ്. പക്ഷെ ഞാൻ ആ പേര് മറ്റൊരു കഥയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്. ആവർത്തന വിരസത ഒഴിവാക്കണമല്ലോ. എന്നാൽ ‘മൗനരാഗം’ എന്ന സിനിമയിലെ ദിവ്യയും ചന്ദ്രകുമാറും? അതും വേണ്ട. അതിന് കാരണം പിന്നെ പറയാം. ഒന്നൂടെ ഒന്ന് ആലോചിക്കട്ടെ.

കിട്ടി പേര് കിട്ടി ( ***കുട്ടിടെ പേര് ‘മല’… മല അല്ലടാ കുന്ന്***)..മല അല്ല കമല. കമലയും ശ്രീനിവാസനും .ഇന്തെന്തു ചേരുവയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അത്‌ നിങ്ങൾ തന്നെ കണ്ട്‌ പിടിച്ചോ. എനിക്ക് അൽപ്പം ധൃതിയുണ്ട്‌. ഞാൻ ഗൾഫിലുള്ള ശ്രീനിവാസനെയും നാട്ടിലുള്ള കമലയെയും കൂട്ടിമുട്ടിക്കാനുള്ള വഴി നോക്കട്ടെ.

ഒരു കാര്യം പറയാൻ മറന്നു. കമലയുടെ അച്ഛൻ പ്രഭാകരനും ശ്രീനിയും(ഇനി അങ്ങനെ വിളിച്ചാൽ മതി) ഒരേ കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. കമ്പനി ഏതെന്ന് ചോദിച്ചാൽ ‘ഒരു കമ്പനി’ അത്ര തന്നെ. കൂടുതൽ ചോദ്യങ്ങൾ എന്റെ കഥകളിൽ അനുവദിക്കുന്നതല്ല. ‘സുട്ടിടുവെ‘..

അപ്പോൾ നമുക്ക് അവരെ അടുപ്പിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. കല്യാണാലോചനയുടെ രൂപത്തിൽ തന്നെ അവർ പരിചയപ്പെട്ടു. പരിചയപ്പെട്ടു എന്നു പറയാനാവില്ല. ഭൂമിയിലുള്ള അവരുടെ നിലനിൽപ്പിനെപ്പറ്റി അന്യോന്യം മനസ്സിലാക്കിയെന്ന് മാത്രം. ശ്രീനിയും ഭാവി അമ്മായിയപ്പനും നാട്ടിൽ എത്തി കാര്യങ്ങൾക്ക് ഒരു തീരുമാനമാക്കാം എന്നു വിചാരിക്കുന്നു. ശ്രീനിയുടെ അഭിപ്രായത്തിൽ പ്രഭാകരൻ ‘ചേട്ടൻ’ ഒരു മുരടനാണ്. (ചേട്ടൻ എന്നു വിളിച്ചു ശീലിച്ച ശ്രീനിയ്ക്കു അത് മാറ്റാൻ കുറച്ചു സമയം കൂടി കൊടുക്കാം.) മുരടനാണെന്ന് ശ്രീനി പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല. കമലയുടെ ഒരു ഫോട്ടോ പോലും അവനെ പുള്ളിക്കാരൻ കാണിച്ചിട്ടില്ല.

” നാട്ടിൽ വരുമ്പോൾ കാണാം. നേരിട്ടു കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മുന്നോട്ട് പോയാൽ മതിയല്ലോ..” എന്നാണ് പ്രഭാകരൻ ചേട്ടന്റെ അഭിപ്രായം.

പിന്നെ ഈ കഥയിൽ കുറച്ചു ‘ചപ്പുചവറുകൾ’, പ്രവാസി ജീവിതത്തെപ്പറ്റിയോ ശ്രീനിയുടെ സ്വപ്നങ്ങളെപ്പറ്റിയോ, എഴുതാം.

കഥ തുടരുന്നു…

അവർ രണ്ടു പേരും ഒരുമിച്ചാണ് ആ തവണ നാട്ടിൽ എത്തിയത്. സമയം വളരെ നല്ലതായിരുന്നു. രണ്ടു പേരും നേരെ ഐസോലെഷനിലേക്ക്. കാരണം രണ്ടു പേർക്കും temperature വെരിയേഷൻ ഉണ്ടായിരുന്നു. സ്രവങ്ങളുടെ samples testing ന് അയച്ചു. അവിടെ ഹോസ്പിറ്റലിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചു എഴുതുന്നത് കഥയുടെ സ്ഥാനം വർത്തമാനകാലത്തിൽ പ്രതിഷ്ഠിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ തൽക്കാലത്തേക്ക് വേഗം പറഞ്ഞു തീർക്കാം.

അച്ഛന് ഡ്രസ്സ് കൊണ്ട് കൊടുക്കാൻ മകൾ വരുന്നു. – കമലയെ ശ്രീനി ദൂരെ നിന്ന് കാണുന്നു. – ഞെട്ടുന്നു. – പണ്ട് നാട്ടിൽ പണി ഇല്ലാതെ കറങ്ങി നടന്നപ്പോൾ അവളുടെ പുറകെ നടന്ന് ആ കൈയിൽ നിന്ന് ഒരു ‘ചെറിയ’ അടി കൈപ്പറ്റിയതാണ്. (അയ്യോ..കൈയ്ക്കല്ല അന്ന് പറ്റിയത് മുഖത്തിനാണ്😢)- ശ്രീനിയുടെ സ്വപ്നങ്ങൾക്കു ഒരു ‘യെല്ലോ’ സിഗ്നൽ – ശ്രീനി അന്നേ മനസ്സിലാക്കിയതാണ് ഒരു പെണ്കുട്ടിയ്ക്കു ഒരാളോട് ഇഷ്ടം തോന്നിയിലെങ്കിൽ, ‘വലിയ കഷ്ടാണ്’. അവളെ വെറുപ്പിക്കാൻ എളുപ്പമാണ് താനും. അങ്ങനെ വെറുപ്പിച്ചു വാങ്ങിയതാണ് അന്ന് ശ്രീനിയ്ക്ക് കിട്ടിയ ആ അടി.

ഇവിടെ ആ ഫ്ലാഷ്ബാക്ക് വേണെങ്കിൽ വിശദമാക്കി പറയാം. അങ്ങനെ ഈ കഥ വികസിക്കട്ടെ.

കോറോണയുടെ ടെസ്റ്റ് result അനുസരിച്ച് ഈ കഥ ദുരന്തമാണോ അല്ലയോ എന്ന് തീരുമാനിക്കാം. പോസിറ്റീവ് ആണെങ്കിൽ ദുരന്തം. നെഗറ്റീവ് ആണെങ്കിൽ…finally എല്ലാം ദുന്തമല്ലെ?.

എന്തായാലും കൊറോണ ടെസ്റ്റ് റിസൾട്ട് വന്നു. രണ്ടു പേർക്കും നെഗറ്റീവാണ്.

പിന്നെ എന്തേലും ‘ചപ്പുചവറുകൾ’ എഴുതാം. – റാന്നിയെപ്പറ്റിയോ ശ്രീനിയുടെ മനസ്സിലൂടെ പോകുന്ന കാര്യങ്ങളെപ്പറ്റിയോ.

പെണ്ണുകാണൽ ചടങ്ങിലേക്ക് കയറി ചെല്ലാം…കമല എല്ലാം മറന്നു കാണും എന്നും, വീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹത്തിന് സമ്മതിക്കും എന്നും ശ്രീനിയ്ക്കു തോന്നിയത് കൊണ്ടാണ് അവൻ ആ സാഹസത്തിന് ഒരുങ്ങി പുറപ്പെട്ടത്. പക്ഷെ ശ്രീനിയെ കണ്ട കമല അവനെ വളരെ പുച്ഛത്തോടെ കാണുന്നു. കല്യാണത്തിന് അവൾക്കു സമ്മതം അല്ലെന്ന് എല്ലാവരും കേൾക്കെ അവൾ പറയുന്നു. അതിന്റെ പിന്നിലുള്ള കഥയും. വേണ്ടപ്പെട്ടവരുടെ മുന്നിൽ അപമാനിക്കപ്പെടുന്നത് എത്രത്തോളം വേദനിക്കുമെന്ന് ശ്രീനി അന്ന് മനസ്സിലാക്കുന്നു.

പിന്നീടുള്ള കഥ പലരീതിയിൽ കൊണ്ട് പോകാം.

അയ്യോ കഥ വായിച്ച് നിങ്ങൾ മടുത്തല്ലേ?.. എനിക്കും ഇനി എഴുതാൻ വയ്യ. കഥ എഴുതാനുള്ള എന്റെ മൂഡൊക്കെ പോയി. ശ്രീനിയുടെ വേദന ഞാൻ ഏറ്റെടുത്ത് വേദനിക്കുന്നത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. തിരുത്താൻ കഴിയാത്ത ‘തെറ്റു’കളുടെ ഫലങ്ങൾ ജീവിതത്തിൽ നമ്മെ പിന്തുടരുമ്പോൾ നാം പലപ്പോഴും ശ്രീനിയെ പോലെ മാനസികമായി തകർന്നേക്കാം.

ഇപ്പോൾ ചിന്തിക്കുന്നു. ഇതിലും ഭേദം ശ്രീനിയുടെ ടെസ്റ്റ് റിസൾട്ടിൽ കൊറോണ പോസിറ്റീവാക്കാമായിരുന്നു.😢

_________________________________________

💐 💐 💐💐💐💐💐💐💐💐💐💐💐💐💐

………………………………………………………………….

ഇത് വായിച്ചിട്ട് എന്റെ വിമർശകയുടെ അഭിപ്രായം

(എന്നോട്)

എന്തുവാടാ ഇത്.. actually നീ എന്നതാ ഉദ്ദേശിച്ചെ..

ഒന്ന്, ഈ കൊറോണ എന്നു പറയുന്ന ഇതിലെ സന്ദർഭത്തെ നീ വേണ്ടവിധം ഉപയോഗിച്ചിട്ടെ ഇല്ല.

രണ്ട്, ഇതു പബ്ലിഷ് ചെയ്താൽ നീ എഴുതാൻ പോകുന്ന കഥ ആരേലും വായിക്കുമെന്ന് തോന്നുന്നുണ്ടോ?

മൂന്ന്, അവസാനം ഭാഗം നീ ഓടിപിടിച്ചു പറയുന്നതിൽ ഒരു രസം ഇല്ല.

നാല്‌, ഈ കഥയ്ക്ക് നീ കൊടുത്ത ടൈറ്റിൽ പോലും പോരാ. ഞാൻ ഓരെണം suggest ചെയ്യാം.

– ‘പൊട്ടൻ’

അത് നിന്റെ കഥയിലെ ശ്രീനിയാണോ അതോ ഇത് എഴുതിയ നീയാണോ എന്ന് ഇത് വായിക്കുന്നവർ തീരുമാനിക്കട്ടെ. ഇതിൽ പറയുന്ന കഥ നീ മുഴുവിപ്പിക്കാതിരുന്നത് ശരിയായില്ല. വായനക്കാരെയും നീ ‘പൊട്ടൻ’ മാരാക്കിയതായി തോന്നുന്നു.

പിന്നെ ഒരു പ്രധാനകാര്യം. ഈ ശ്രീനിയോട് ഇപ്പോൾ തോന്നുന്ന soft-corner ഉണ്ടല്ലോ. അത് അവന്റെ ചിന്തയിലൂടെ ഈ കഥ നീങ്ങുന്നത് കൊണ്ടാണ്. കമലയുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോഴുള്ള കാര്യങ്ങളും നീ പരിഗണിക്കണമായിരുന്നു. ഒരു എഴുത്തുകാരൻ പരമാവധി ‘ന്യൂട്രൽ’ ആകണം. പുരുഷാധിപത്യ സാമൂഹ്യവ്യവസ്ഥയിൽ അതേ പുരുഷാധിഷ്ഠിതമായ ചിന്തകളുമായി എഴുതാൻ ഇരുന്ന നിന്നോട് പുച്ഛം തോന്നുന്നു. സ്ത്രീകളുടെ മനസ്സ്‌ മനസ്സിലാക്കാൻ കഴിവില്ലാത്തവൻ, അല്ലെങ്കിൽ അതിന് ശ്രമിക്കാത്തവൻ, എന്നും പരാജയപ്പെട്ടുകൊണ്ടേയിരിക്കും. നിന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലെന്ന് നീ മനസ്സിലാക്കുക.

ഈ കൊറോണ കാലത്ത് ഇനി മറ്റൊരു ദുരന്തം കൂടി താങ്ങാൻ വയ്യ. നീ ‘ഈ കഥ’ എഴുതാതെ ഇരിക്കുന്നതാണ് നല്ലത്.

___________________________________

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

2 replies on “ശ്രീനിയും ഞാനും…”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.