ചാറ്റൽ മഴയുടെ സ്പർശനത്തിൽ അവൻ കണ്ണു തുറന്നു. അവളുടെ മുഖം ഒരു ദിവസം കൂടി കാണുവാൻ അവസരം തന്നതിന് അവൻ ദൈവത്തിനു നന്ദി പറഞ്ഞു.
അവൻ അവളെ വളരെ ആരാധനയോടെ നോക്കി.പതിവ് പോലെ പുഞ്ചിരി പൊഴിച്ചു കൊണ്ടു അവൾ ദാ നിൽക്കുന്നു.അവളുടെ സൗന്ദര്യം അവനെ ആനന്ദത്തിലേക്കല്ല മറിച്ചു തമ്മിലുള്ള അന്തരത്തെപ്പറ്റിയുള്ള ചിന്തയിലേക്കാണ് എത്തിച്ചത്.
മണ്ണിൽ കിടന്നു ആകാശം നോക്കി സ്വപ്നങ്ങൾ മാത്രം കാണാൻ വിധിച്ച ഒരു കരിങ്കൽ കഷ്ണം അവനെക്കാൾ ഏറെ ഉയർന്നു നിൽക്കുന്ന ഒരു പുഷ്പ്പത്തെ സ്നേഹിക്കുന്നു.
അവളുടെ സ്വതസിദ്ധമായ ചിരി, അവൾ കാറ്റിനു ഒപ്പം ചെയ്യുന്ന മനോഹരമായ നൃത്ത ചുവടുകൾ…..അവൻ അവന്റെ ചിന്തകളെ കടിഞ്ഞാൻ ഇടാൻ ശ്രമിച്ചു. അവൻ ചിന്തിച്ചു.” അവൾ എല്ലാവരെയും നോക്കി ആ പുഞ്ചിരി പൊഴിക്കുന്നതാണ്. മഠയനായ ഞാൻ അതിൽ ഒന്നും ധരിക്കേണ്ട കാര്യം ഇല്ല”
പൂവൻ കോഴികളുടെ അലാറത്തിനായി ഇനിയും നാഴികകൾ ഉണ്ട്. അവൻ കണ്ണുകൾ അടച്ചു ഉറങ്ങാൻ ശ്രമിച്ചു.
കുട്ടികളുടെ കലപില ശബ്ദം കേട്ടാണ് അവൻ ഉണർന്നത്. അവനു കുട്ടികളെ പേടിയാണ്. അവർ അവനെ ഉപദ്രവിക്കാറുണ്ട്. കുട്ടികളുടെ കൂടെ അവരുടെ അമ്മമാരെ കണ്ടപ്പോൾ അവനു സമാധാനം ആയി. കുളിച്ചു വൃത്തിയായി , നല്ല വസ്ത്രങ്ങൾ ധരിച്ചു എല്ലാവരും അമ്പലത്തിലേക്കാവും പോകുന്നത്..അവൻ ചിന്തിച്ചു.
ഇങ്ങനെ ഒക്കെ ഓർത്തുകൊണ്ടു അവൻ തന്റെ പ്രേമ ഭാജനത്തെ ഒളികണ്ണിട്ടു നോക്കി.അവൻ ഞെട്ടിതെറിച്ചു .അവളെ കാണുന്നില്ല.ആരോ പറിച്ചു കൊണ്ടു പോയിരിക്കുന്നു. അമ്പലത്തിലേക്ക് പോയ കുട്ടികളാവും അതു ചെയ്തത് എന്നു അവനു തോന്നി.
ദേവന് അർച്ചനയായി തീരാനുള്ള ഭാഗ്യം അല്ലെ അവൾക്കു കിട്ടിയത്! അവൾക്കു കിട്ടിയ സൗഭാഗ്യത്തെ ഓർത്തു അവൻ സന്തോഷിച്ചു..
പക്ഷെ….അവന്റെ ഉള്ളിൽ എവിടെയോ ഒരു മൃദുവായ ഒരു ഭാഗം അവനു വിങ്ങുന്നതായി തോന്നി.
💐💐💐