“അച്ഛാച്ചീ, ആനെനേ കൊന്നോടാ രാക്കലേ ന്ന് ചോയ്ക്ക് “
ആനവാൽ മോഷ്ടിച്ചതിന്റെ പേരിൽ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തുകൊണ്ട് വന്നയാളിനോട് ഇങ്ങനെ ചോദിക്കാൻ പറയുന്നത്, സബ് ഇൻസ്‌പെക്ടറുടെ മടിയിൽ ഇരുന്ന് കൊണ്ട്, അദ്ദേഹത്തിന്റെ അഞ്ച് വയസ്സുകാരൻ മകനാണ്.
സംഭവം ഓർമ്മയിലില്ല. പക്ഷേ ചില കാര്യങ്ങൾ അങ്ങനെയാണ്. അത് കേട്ട്, കേട്ട് ആ ഒരു ഓർമ്മച്ചിത്രം നമ്മൾ തന്നെ മനസ്സിൽ ഉണ്ടാക്കിയെടുക്കും. ഹാ..
ഒരു നോവൽ വായിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ മുന്നിലുള്ളത് എന്താണ്? അതിന്റെ തലക്കെട്ട് , ഒരു ചിത്രം, പിന്നെ എഴുത്തുകാരനെപ്പറ്റിയുള്ള മുൻവിധികൾ. അത്രേ ഉള്ളോ? കഥയിൽ പറയാൻ പോകുന്ന വിഷയത്തെപ്പറ്റി നമ്മുക്ക് അൽപ്പം അറിവുണ്ടെങ്കിലോ? ആ വിഷയത്തെപ്പറ്റി നമ്മുക്കുള്ള ഓർമ്മകളും അപ്പോൾ കൂട്ടുണ്ടാകും. ല്ലേ?
ഹാ…
അവന്റെ പേര് ‘ആനോ’ എന്നായിരുന്നില്ല. “ഇടത്താനേ, വലത്താനേ” എന്ന് പറയുമ്പോൾ അവനത് അനുസരിക്കുന്നതുകണ്ട പറങ്കികൾ അവനെ വിളിച്ചതാണ് “ആനോ”. കേരളത്തിൽ നിന്ന് കടൽ കടന്ന്, അങ്ങ് പോർച്ചുഗലിൽ മാനുവൽ ഒന്നാമൻ രാജാവിന്റെ അതിഥിയായും, പിന്നീട് സാക്ഷാൽ മാർപ്പാപ്പയുടെ സ്വന്തമായും മാറിയ ഒരു ആനയുടെ കഥ. അതാണ് ജി. ആർ. ഇന്ദുഗോപന്റെ ‘ആനോ’ എന്ന നോവൽ. ഇതൊക്കെ സത്യമായ കാര്യമാണോ എന്ന് അന്വേഷിച്ചു പോയ ഞാൻ ‘സിൽവിയോ ബെഡ്‌നി’ എഴുതിയ ‘ദി പോപ്പ്സ് എലെഫന്റ്’ എന്ന പുസ്തകത്തിലാണ് ചെന്നെത്തിയത് . ലിയോ പത്താമൻ മാർപ്പാപ്പയുടെ കണ്ണിലുണ്ണിയായി മാറിയ ആനോയെപ്പറ്റിയുള്ള കഥയിൽ സത്യമുണ്ടെന്ന് അങ്ങനെ ഞാൻ മനസിലാക്കി. റാഫേലിനെപ്പോലെയുള്ള ചിത്രകാരന്മാർ കേരളത്തിൽ നിന്നുള്ള ഈ ആനക്കുട്ടിയെ വരച്ച് അനശ്വരനാക്കിയെന്ന് അറിഞ്ഞപ്പോൾ അതിനെപ്പറ്റി കൂടുതൽ വായിക്കാൻ താല്പര്യം തോന്നി.
മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയിട്ടുണ്ടേ… 🤗
