വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo1

“ഞാൻ ഇറങ്ങി നിൽക്കാൻ പോവാ.. ചേച്ചിയേ.. ഒന്ന് പെട്ടെന്ന് ഒരുങ്.. ദേ. ബസ് വരാൻ സമയായി.”

പൊട്ടി വീഴാൻ വെമ്പി നിൽക്കുകയായിരുന്നു ആ ആകാശം. അതിന്റെ കീഴിൽ, തന്റെ സ്കൂൾബാഗുമായി ഉണ്ണിക്കുട്ടൻ വീടിന്റെ ഗേറ്റിന് മുൻപിൽ വന്ന് നിന്നു.

ദൂരെ നിന്ന് ബസിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട്. പിന്നെ ആ ഹോർന് മുഴക്കവും. മീൻവണ്ടിയുടെത് പോലെ. മഴ ഇരമ്പിയെത്തിയതും അവിടേയ്ക്ക് ആ ബസ് ഓടിയെത്തിയതും ഒരുമിച്ചായിരുന്നു. എൻജിൻ അടക്കം അതിന്റെ എല്ലാ പാർട്സും അടർന്ന് വീഴുന്ന ഒരു ശബ്ദത്തിലായിരുന്നു ആ ആനവണ്ടി അവിടെ നിർത്തിയത്.

സമയം 8.22am…. മഴയ്‌ക്കൊപ്പം വന്നത് കൊണ്ടാകും രണ്ട് മിനുട്ട് ബസ് വൈകിയത്. കുട നിവർത്തേണ്ടി വന്നില്ല. അല്ലാതെതന്നെ ആ അനിയനും ചേച്ചിയും ബസിനുള്ളിൽ കയറി…ബാക്ക് ഡോറിൽ കൂടി.. ഇന്നെന്താ സാധാരണയിൽ കൂടുതൽ തിരക്ക്? തിങ്കളാഴ്ച്ചയായത് കൊണ്ടാകും.

രണ്ട് സ്റ്റോപ് കഴിഞ്ഞാൽ പിന്നെ, ആര്യനാട് ബസ് സ്റ്റാൻഡ് എത്തും. സാധാരണ അവിടെ കുറെയാളുകൾ ഇറങ്ങുന്നതാണ്. അപ്പോൾ തിരക്ക് കുറയും. ഒരുപാട് പേർ അവിടെ നിന്ന് കയറാനുമുണ്ടാകും. അതിനിടയിൽ സീറ്റ് ഒപ്പിക്കണം. ഉണ്ണിക്കുട്ടൻ മനസ്സിൽ ഓർത്തു. ഉണ്ണിക്കുട്ടൻ സീറ്റിൽ ഇരിക്കുന്നവരുടെ മുഖഭാവം വായിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു. ഇറങ്ങാനുള്ളവർ ആരെന്ന് കണ്ടുപിടിച്ചാൽ, അവരുടെ അടുത്തു പോയി നിന്നാൽ മതിയല്ലോ.

“അപ്പി… ടാ .. കൻസെഷൻ കാർഡ് യെടുക്ക്..”

ഉണ്ണിക്കുട്ടൻ അടുത്തു നിൽക്കുന്ന കണ്ടക്ടറെ അപ്പോഴാണ് ശ്രദ്ധിച്ചത്.

ഉണ്ണിക്കുട്ടനും ചേച്ചിയ്ക്കും അവരുടെ അച്ചാച്ചിയാണ് ആര്യനാട് ഡിപ്പോയിൽ നിന്ന് കൺസെഷൻ കാർഡ് കഴിഞ്ഞ ആഴ്ച്ച എടുത്തു നൽകിയത്. മൂന്ന് മാസത്തേയ്ക്കുള്ള കാർഡ് ആയിരുന്നത്… പിങ്ക് നിറത്തിലുള്ള കാർഡ്. ഒരു മാസത്തേയ്ക്കുള്ളതിന് പച്ച നിറമാണെ.

ഉണ്ണിക്കുട്ടൻ അവന്റെ കൻസെഷൻ കാർഡ് കണ്ടക്ടർക്ക് നേരെ നീട്ടി. എന്നും കടുക്കറ – നെടുമങ്ങാട് ബസിൽ സ്കൂളിൽ പോകുന്ന ഉണ്ണിക്കുട്ടന്, ആ കെ.എസ്.ആർ.ടി.സി ബസിലെ ഒട്ടുമിക്ക കണ്ടക്ടർമാരെയും പരിചയമുണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒരു മുഖം അല്ലായിരുന്നു അന്ന്‌.

കണ്ടക്ടർ കാർഡ് വാങ്ങി അതിൽ അന്നത്തെ ദിവസത്തിന്റെ നേരെയുള്ള കോളത്തിൽ ഒരു ടിക്ക് ഇട്ട് തിരിച്ചു തന്നു. ആ ടിക്ക് താഴത്തെ ദിവസത്തിലെ കോളത്തിലേയ്ക്ക് എത്തി നോക്കുന്നുണ്ടോയെന്നു ഒരു സംശയം. ഹാ.. നാളെ ബസിൽ കയറുമ്പോൾ കണ്ടക്ടറുമായി അടിയുണ്ടാക്കാൻ അതൊരു കാരണമാകുമോ?

കണ്ടക്ടർ അവനോട് ചോദിച്ചു.

“വെള്ളനാട് ല്ലെ എറങ്ങുന്നെ? മുമ്പോട്ട് നില്.. ആ ബാഗ് ഇരിക്കുന്ന ആരേലും ഏപ്പിക്ക്.”

ഉണ്ണിക്കുട്ടൻ വളരെ മടിയോടെ മുന്നോട്ട് കുറച്ച് കയറി നിന്നു. ബാഗ് താഴെയായി ഒതുക്കി വച്ചു. ഉടനെ തന്നെ സീറ്റ് കിട്ടുമല്ലോ. ഒരുപാട് അങ്ങോട്ട് കയറി നിന്നാൽ, കഴിഞ്ഞ ദിവസം പറ്റിയപ്പോലെ ഇറങ്ങാനുള്ള സ്ഥലം ആകുമ്പോൾ, അവൻ മുൻപിൽ കുടുങ്ങി പോകും. കാരണം ആ ബസിന് ഒരു ഡോറെയുള്ളൂ ഇറങ്ങാനായി. അതുകൊണ്ട് അവൻ നൈസായി അവിടെ ഉണ്ടായിരുന്ന ഒരു കമ്പിയിൽ ചാരി നിന്നു.

ആര്യനാട് ബസ് സ്റ്റാൻഡ് എത്തി. സീറ്റ് കിട്ടിയപ്പോൾ ഉണ്ണിക്കുട്ടൻ പെട്ടെന്ന് തന്നെ അതിൽ ചാടിയിരുന്നു. പുറകിൽ അവന്റെ ചേച്ചിയ്ക്ക് സീറ്റ് കിട്ടിയോന്ന് എന്നിട്ടാണ് അവൻ നോക്കിയത്. ചേച്ചിയാകട്ടെ ഉണ്ണിക്കുട്ടന് സീറ്റ് കിട്ടി എന്നുറപ്പിച്ചിട്ടാണ് ഇരുന്നത്. ബസിലെ തിരക്ക് കുറഞ്ഞു. പക്ഷെ ആളുകൾ ഇപ്പോഴും കുറെ കയറുന്നുണ്ട്.

കനത്ത മഴയാണ് വെളിയിൽ. ചെറിയ ഇടിമുഴക്കം കേൾക്കുന്നു. ആഹാ.. അത് ബസ് വീണ്ടും സ്റ്റാർട്ടാക്കിയ ശബ്ദമായിരുന്നോ.

ഷട്ടറുകൾ എല്ലാം അടച്ച്, ബസിന്റെ അകത്തെ ലൈറ്റ് ഓണായി… ഒരു ഭീകരമായ അന്തരീക്ഷം അവിടെ സൃഷ്ടിക്കപ്പെട്ടു.

ഉണ്ണിക്കുട്ടൻ ചേച്ചിയെ ഒന്നുകൂടെ തിരിഞ്ഞ് നോക്കി. ബസിൽ ചേച്ചിയുടെ കൂടെ ഇരിക്കുന്ന ചേച്ചിയുടെ കൂട്ടുകാരിയെ അപ്പോഴാണ് ഉണ്ണിക്കുട്ടൻ ശ്രദ്ധിക്കുന്നത്.

അതെ.. അതുതന്നെ… അവന്റെ ശത്രുവിന്റെ ചേച്ചി. ഓഹോ . അപ്പോൾ ആ ശത്രുവും ഈ ബസിൽ തന്നെ കാണും. അവൻ വെറുതെ ഒന്ന് കണ്ണോടിച്ചു.

അവളെ കണ്ടു.. മാനസ സുകുമാരൻ

മഴ നനഞ്ഞു ബസിൽ കയറിയതിന്റെ ലക്ഷണങ്ങൾ അവളിൽ ഉണ്ണിക്കുട്ടൻ ശ്രദ്ധിച്ചു. എന്നും ചീകി ഒതുക്കിവക്കാറുള്ള ആ മുടി അഴിച്ചിട്ടിരിക്കുന്നു. അവൾ ഉണ്ണിക്കുട്ടനെ കണ്ടു. അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അതിനെന്താ സ്വന്തം ക്ലാസ്സിൽ കൂടെ പഠിക്കുന്ന കുട്ടിയല്ലേ.

എന്നാൽ…($##$⛈️ – അന്നേരമാണ് ശരിക്കും ഒരു ഇടിമുഴങ്ങിയത്.)

ഉണ്ണിക്കുട്ടൻ പെട്ടെന്ന് തന്നെ തലവെട്ടിച്ചു.. ശോ… അവൻ പെട്ടെന്ന് ആറ് സിയിലെ പ്രണവ് മോഹൻ ആയി.

“ഹോ… അവൾ എന്നെ നോക്കി എന്തിന് ചിരിച്ചു? അയ്യോ…ക്ലാസ്സിൽ ആരെങ്കിലും ഇതറിഞ്ഞാൽ എന്റെ കാര്യം എന്താകും?..”

ഷ് ര്.. ഷ് ര്.⛈️


എത്രയൊക്കെ പുരോഗമനം പറഞ്ഞാലും നമ്മുടെ സമൂഹത്തിൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും ഇടയിലുള്ള ബന്ധങ്ങളിൽ സംഭവിക്കുന്നത് പലപ്പോഴും, പല ഘട്ടങ്ങളിൽ കൂടെയുള്ള ഒരു വളർച്ചയാണ്.

ഒരു തോന്നൽ ഇവിടെ പറയട്ടെ.

തിരിച്ചറിവില്ലാത്ത പ്രായത്തിൽ, തമ്മിലുള്ള ബയളൊജിക്കലായ വ്യത്യാസം പോലും മനസ്സിലാക്കാതെ നിഷ്കളങ്കമായി അവർ തമ്മിൽ പെരുമാറുന്നു. അതാണ് ഒന്നാം ഘട്ടം. പിന്നീടെപ്പോഴോ രണ്ട്‌ ജാതിയാണെന്ന തിരിച്ചറിവ് അവരിൽ ഉണ്ടാകുന്നു. അപ്പോൾ ഉള്ളിലൊരു ജിഞ്ജാസ ഉടലെടുക്കുന്നു. മറ്റേ ജാതിയോടുള്ള ഒരു മത്സരബുദ്ധിയും ശത്രുതയുമൊക്കെയായി അത് തുടർന്ന് പരിണമിക്കുന്നു. അതാണ് രണ്ടാം ഘട്ടം. ഈ നിരീക്ഷണത്തിന് അപവാദങ്ങൾ പലതും ഉണ്ടായേക്കാം.

മൂന്നാം ഘട്ടമാകട്ടെ സ്കൂൾ ജീവിതത്തിന്റെ അവസാന ഭാഗത്തിലും, കോളേജ് ലൈഫിലും മറ്റുമായാണ് വരുന്നത്‌. ഈ ഘട്ടത്തിൽ തങ്ങളുടേതായ പ്രത്യേകതകൾ സ്വയം അംഗീകരിച്ച്, മനസ്സിലാക്കി അവർ തമ്മിൽ പൊരുത്തപ്പെടാൻ തുടങ്ങുന്നു. ഇതിലെ രണ്ടാം ഘട്ടമാണ് നമ്മുടെ ഉണ്ണിക്കുട്ടനെ, അയ്യോ! സോറി.. നമ്മുടെ പ്രണവിനെകൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്.


💐💐 💐💐 💐💐 💐💐


ആറ് സിയുടെ ക്ലാസ്സ് ടീച്ചരായ ഗീത ടീച്ചർ ഒരു ദിവസം ക്ലാസ്സിൽ ഇങ്ങനെ പറഞ്ഞു..

“നമ്മുടെ ക്ലാസിന് ഒരു മോണിറ്റർ വേണമല്ലോ. വോട്ടെടുപ്പിലൂടെ തന്നെ തിരഞ്ഞെടുക്കാം.”

കുട്ടികൾ എല്ലാം തലയാട്ടി.

ടീച്ചർ തുടർന്നു.

“അങ്ങനെയാച്ചാ, എന്റെ പീരിയഡ് ആദ്യം വരുന്ന ദിവസം ഏതാ, അടുത്ത ആഴ്ച്ച?.. നോക്കിക്കേ പിള്ളേരെ”

ടൈം ടേബിൾ ഒക്കെ കാണാപ്പാടം അറിയാമായിരുന്ന പഠിപ്പിസ്റ്റ് രേവതിയുടെ മുഖത്തേയ്ക്ക് എല്ലാ കണ്ണുകളും എത്തിനിന്നു. അവൾ പറഞ്ഞു.

“അടുത്ത…. ബുധൻ..”

“…വോ..എന്നാലെ, നമ്മുക്കന്ന് ഒരു ഇലക്ഷൻ നടത്താം. നോമിനേഷൻസ്.. പത്രിക തലേദിവസം വരെ ആർക്കും സമർപ്പിക്കാം. എല്ലാരും കേട്ടാ?” ടീച്ചർ പറഞ്ഞു.

അന്ന് 11.10 ന്റെ ഇന്റർവെലിന്, ഈ സംഭവം വലിയ ഒരു ചർച്ചയിലേക്ക് വഴിവെച്ചു.

ആറ് സി ക്ലാസിലെ സ്ട്രെങ്ത് – 16 ബോയ്സും 29 ഗേൾസും… അപ്പോഴുള്ള ഒരു അവസ്ഥ വച്ച്, ഒരു ബോയ് വിജയിക്കാൻ സാധ്യത വളരെ കുറവ്. ആ അദ്ധ്യയനവർഷം സ്കൂളിലേക്ക് ജോയിൻ ചെയ്ത പ്രണവ് അധികം വൈകാതെ തന്നെ ആ ക്ലാസ്സിലെ ആണ്കുട്ടികളുടെ സാരഥ്യം ഏറ്റെടുത്ത്, ഒരു നിർദ്ദേശം ആ ചർച്ചയിൽ ആണ്കുട്ടികളുടെ മുന്നിലേയ്ക്ക് വച്ചു.

‘നമ്മൾ ആണ്കുട്ടികള് ഒരുമിച്ചു നിൽക്കണം. നമ്മക്ക് ഒരു സ്ഥാനാർത്ഥിയെ പാടുള്ളൂ. നമ്മടെ എല്ലാ വോട്ടും ഒരാൾക്ക്. പെണ്കുട്ടികൾക്ക് കിട്ടുന്ന വോട്ടുകൾ സ്പ്ലിറ്റ് ചെയ്തു പോകുമ്പോൾ നമ്മടെ സ്ഥാനാർത്ഥിക്ക് ബോയ്‌സിന്റെ മുഴുവൻ വോട്ടും കിട്ടണം. അങ്ങനെ ചെയ്താലേ നമ്മക്ക് എന്തെലും വിജയ സാധ്യതയുള്ളൂ’.

ആ നിർദേശം ഒരു തീരുമാനമായി മാറി, വലിയ ഒരു കയ്യടിയോടെ തുടർന്ന് പാസ്സായി.

അങ്ങനെ തിരഞ്ഞെടുപ്പ് ദിവസം വന്നെത്തി. രാവിലെ തന്നെ അസ്സൽ ഒരു മഴ പെയ്തു. എല്ലാവർക്കും കട്ടില്ലേൽ തന്നെ പുതച്ചു കിടക്കാൻ പറ്റിയ കാലാവസ്ഥ. പക്ഷെ അന്നത്തെ ക്ലാസ് ആരും മിസ് ആക്കാൻ ആഗ്രഹിച്ചിരുന്നില്ല. പ്രത്യേകിച്ചും ആണ്കുട്ടികൾ. അവർ ശത്രുക്കൾക്ക് മേലുള്ള ഒരു വിജയം ആഘോഷിക്കാൻ തയ്യാറായി തന്നെയായിരുന്നു അന്ന് ക്ലാസ്സിലേയ്ക്ക് വന്നത്.

വിജയിക്കുമ്പോൾ പൈസാ പിരിവ് നടത്തി, ചന്ദ്രൻ ചേട്ടന്റെ പെട്ടികടെന്ന് ഇഞ്ചി മുട്ടായി വാങ്ങണം. അത് വായിലിട്ട് ഉറുഞ്ചുന്നത് ആലോചിച്ചുകൊണ്ട് അജീഷ് വായിൽ വെള്ളമിറക്കി ഫ്രണ്ട് ബെഞ്ചിൽ ഇരുന്നു.

ഗീത ടീച്ചർ ക്ലാസ്സിൽ വന്നു. എല്ലാവരിലെയും ആ വലിയ ഉത്സാഹം ടീച്ചറിലേയ്ക്കും പകർന്നതായി തോന്നി. എന്നത്തേയും പോലെ തന്നെ, ആദ്യം ഗീത ടീച്ചർ അറ്റെന്റൻസ് എടുത്തു. ഒരു പെണ്കുട്ടി മാത്രം ആബ്‌സെന്റ്. ആഹാ.. ആണ്കുട്ടികളുടെ വിജയ പ്രതീക്ഷ കൂടി.

തുടർന്ന് ക്ലാസ്സിൽ നോമിനേഷൻ കൊടുത്തവരുടെ പേര് ഗീത ടീച്ചർ ഉറക്കെ വായിച്ചു.

മൂന്ന് പെണ്കുട്ടികള്… ഷെറീനയും രേവതിയും മാനസയും. ആണ്കുട്ടികളിൽ നിന്ന് ഒരേയൊരാൾ.. ആമോസ്.

സ്ഥാനാർത്ഥികളുടെ പേര് എഴുതി ടീച്ചറിന്റെ മേശയിലെ കാർഡ്ബോർഡ് കൊണ്ട് ഉണ്ടാക്കിയ ഒരു ബോക്സിൽ നിക്ഷേപിക്കണം. വായനാമൂലയ്ക്ക് വേണ്ടി ക്ലാസ്സിൽ വച്ചിരുന്ന ആ ബോക്സ് കൊണ്ട് ആദ്യമായി ഉണ്ടായ പ്രയോജനം ഇതാണ്. ആ ബോക്സ് ഉണ്ടാക്കി കൊണ്ടുവന്ന വിഷ്ണു അങ്ങനെ അംഗീകരിക്കപ്പെട്ടു.

വോട്ടെടുപ്പ് നടന്നു. എല്ലാവരും ഒരു തുണ്ട് പേപ്പറിൽ വളരെ വൃത്തിയായി, ഉരുണ്ട അക്ഷരങ്ങളിൽ പേര് എഴുതി ബോക്സിൽ കൊണ്ടിട്ടു. പലരുടെയും മുഖം നോക്കിയാൽ മനസ്സിലാകുമായിരുന്നു, എന്താണ് എഴുതിയതെന്ന്.

ഗീത ടീച്ചർ തന്നെയാണ് വോട്ടുകൾ എണ്ണിയത്. ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന വിരുതന്മാരുടെ നിരീക്ഷണങ്ങളിൽ നിന്നും, ഒന്നും ആർക്കും അനുമാനിക്കാൻ സാധിച്ചില്ല.

എണ്ണി തീർന്നപ്പോൾ റിസൾട്ട് ബോർഡിൽ കുറിക്കാനായി ടീച്ചർ കസേരയിൽ നിന്ന് എഴുന്നേറ്റു. ചോക്ക് എടുത്തു. ബോര്ഡിന്റെ അടുത്തേയ്ക്ക് ചെന്നു. എല്ലാവരും ആകാംക്ഷയോടെ ബോര്ഡിലേയ്ക്ക് നോക്കിയിരുന്നു. ആ നിശബ്ദത ക്ലാസിന് ഒരു പുതിയ അനുഭവമായിരുന്നു.

ടീച്ചർ ഓരോ പേരുകളായി ബോര്ഡില് എഴുതാൻ തുടങ്ങി….

രേവതി – __ ഷെറീന – __

മാനസ – __ ആമോസ് – __


💐💐 💐💐 💐💐 💐💐


……(മഴത്തുള്ളികൾ 2 വായിക്കൂ.)

http://sreekanthan.in/2020/08/01/mazhathullikal_02/


എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

12 replies on “മഴത്തുള്ളികൾ ooo1”

Ksrtc ബസ്‌ യാത്ര എന്റെ കോളേജ് ജീവിതത്തിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായിരുന്നു. കാരണം എന്റെ അമ്മവീഡിന്റെ അടുത്ത് കൂടെ പ്രൈവറ്റ് ബസ് പെർമിറ്റ് ഇല്ലാത്ത സ്ഥലമാണ്. ബസ് ഇല് seat കിട്ടാൻ ഉള്ള ത്തത്രപാടും ബുദ്ധിമുട്ടും വല്ലാതെ അനുംഭവിച്ചിട്ടുണ്ട്. നിന്റെ കഥയിലൂടെ അതൊക്കെ ഞാൻ ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു.

Liked by 2 people

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.