ടാഗോറിന്റെ ചിന്തകൾ

“ജനാല തുറന്നിട്ടു ഞാനിരിക്കുന്നു, ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു, എന്നെ നോക്കി തലയാട്ടുന്നു, പിന്നെ കടന്നുപോകുന്നു.”

“എന്റെ ഹൃദയത്തിൽ ശാന്തവും നിശ്ശബ്ദവുമായ ദു:ഖം, മരങ്ങൾക്കിടയിലെ സന്ധ്യ പോലെ.”

“ഒരു നഗ്‌ന ബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല മനുഷ്യന് നുണ പറയാനറിയാമെന്ന്.”

“സൂര്യൻ അസ്തമിച്ചു പോയതിന് കരയുകയാണെങ്കിൽ, നക്ഷത്രങ്ങളെ കാണുന്നത് ആ കണ്ണുനീർ തടയും.”

“പൂർണതയുടെ ദർപ്പണത്തിൽ സ്വന്തം മുഖം കണ്ടു, പുഞ്ചിരിക്കുന്നസത്യമാണ് സൗന്ദര്യം.”

ഹിജാബ്

“ഉമ്മച്ചികുട്ടിയൾടെ മൊഞ്ചു ഒന്നും അങ്ങനെ പോയ്‌ പോവില്ല”.

ഈ സിനിമ ഡയലോഗ് കേട്ട് ചിന്തിച്ചവരാണ് നമ്മൾ ഓരോ മലയാളികളും. അല്ലയോ? ഹാ… ആ മൊഞ്ചിന് ഒരു കാരണം അവർ ധരിക്കുന്ന ഹിജാബ് തന്നെയാണെന്ന് തോന്നിയിട്ടില്ലേ?

ആ ഹിജാബാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

ഒരു സുഹൃത്ത് ഇന്നലെ പറഞ്ഞു. “ഈ മതങ്ങളൊക്കെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് എല്ലാം കാരണം. അതൊക്കെ ഇല്ലാതാകണം, അറ്റ്ലീസ്റ്റ് അതിന്റെ സ്വാധീനമെങ്കിലും കുറയ്ക്കണം.”

ഈയിടെ വായിച്ച ‘സാപ്പിയൻസ്’ എന്ന പുസ്തകത്തെപ്പറ്റി അപ്പോൾ ഓർമ്മ വന്നു. മതങ്ങൾ എങ്ങനെ ആവിർഭവിച്ചു എന്നും പ്രകൃതിയെയും മൃഗങ്ങളെയും ആരാധിച്ചിരുന്ന മനുഷ്യൻ എങ്ങനെ ബഹുദൈവ വിശ്വാസത്തിലേക്ക് എത്തിയെന്നതും, പിന്നീട്‌ അവിടുന്ന് അവൻ ഏകദൈവ വിശ്വസത്തിലേയ്ക്ക് കൂടുതൽ അടുത്തതെന്നും അതിൽ പറയുന്നുണ്ട്.

ങേ!…ഒന്ന് നിർത്തിക്കേ.. ഞാൻ എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നെ.🤔 . ഞാൻ ഹിജാബിനെ പറ്റിയല്ലേ പറയാൻ വന്നേ.

അതാണല്ലോ അവർക്ക്‌ വേണ്ടത്. കർണാടകയിലെ ഇപ്പോൾ നടക്കുന്ന പ്രശ്‌നത്തിൽ മതം കൊണ്ടുവരുകയെന്നത് ആരുടെയൊക്കെയോ താല്പര്യമാണ്. അത് അവിടെ നിൽക്കട്ടെ..

ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് ഉടുപ്പിയിലെ ഒരു സ്കൂളിൽ പഠിക്കുന്ന ലുബ്ന ഷെരീഫ് എന്ന കുട്ടിയെപ്പറ്റിയാണ്. അവൾ നന്നായി പഠിക്കുന്ന ഒരു കുട്ടിയാണ്. രണ്ട്‌ മാസം കൂടിയേയുള്ളൂ പരീക്ഷയ്ക്ക് എന്ന് ചിന്തിച്ച് തലേൽ തീ പിടിച്ചു നിൽക്കുന്ന ഒരു കുട്ടിയാണ്.

ലുബ്നയുടെ വീട്ടിൽ ഇന്നലെ ഇതിനെപ്പറ്റി ഒരു ചർച്ച വന്നു. അവളുടെ ഉപ്പൂപ്പ ഒരു കാര്യം അവിടെ ഉറപ്പിച്ചു പറഞ്ഞു.

“ഹാ.. ഇനി കോടതി വിധി വരട്ടെ. ഹിജാബ് ഇടാൻ അവർ സമ്മതിക്കുവാണെൽ അവളെ ഉസ്കൂളിൽ വിടാം. അല്ലേൽ പഠിച്ചത് മതിന്ന് കൂട്ടിക്കൊള്ളാൻ പറയ് ..അവളോട്..”

ഒന്നും പറയാൻ ആവാതെ അവളത് കേട്ട് നിന്നു.

അവളുടെ ആ മൗനത്തിനാണ് നമ്മൾ ഓരോരുത്തരും ഉത്തരം പറയേണ്ടത്.

ഈ കഥ കേട്ടപ്പോൾ ആരോ ചോദിച്ചു.

“മത വിഭാഗങ്ങളുടെ ഈ ഇടുങ്ങിയ ചിന്താഗതിയല്ലേ മാറ്റേണ്ടത്?”

ശരിയാണ്. ഒരു അഭിപ്രായം പറയാം. മതം എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണ്. ആർക്കും ശല്യമുണ്ടാക്കാത്ത രീതിയിൽ അതിൽ വിശ്വസിക്കാനും അതിന് അനുസരിച്ച് ജീവിക്കാനും ഭരണഘടന നമ്മളെ അനുവദിക്കുന്നുണ്ട്. ഒരു വ്യക്തി എന്നു പറയുമ്പോൾ ജീവിത പരിസരത്തിന്റെയും ലഭിക്കുന്ന വിദ്യാഭാസത്തിന്റെയും നിർമിതിയാണ്. ആ വിദ്യാഭാസം പോലും ഇവിടെ തടഞ്ഞുകൊണ്ട് എന്ത് പുരോഗനമാണ് നടപ്പാക്കാൻ പോകുന്നത്?

തിരഞ്ഞെടുപ്പുകൾ വരുമ്പോൾ ഇതുപോലെ ഓരോന്ന് പൊങ്ങി വരും. അല്ല..മനപ്പൂർവം ആരൊക്കെയോ പൊക്കുന്നതാണ്. അത് കഴിയുമ്പോൾ എല്ലാവരും അത് മറക്കും. നാട് പഴയ പടിയാകും. പക്ഷെ, ഇവിടെ നഷ്ടം സംഭവിക്കുന്നത് ലുബ്നമാർക്ക് മാത്രമാണ്.

NB: എനിക്ക് ഹിജാബ് ധരിക്കുന്ന ധാരാളം സുഹൃത്തുക്കളുണ്ട്. ഹിജാബ് ധരിക്കാത്ത സുഹൃത്തുക്കളും ഉണ്ട്. അവർക്ക് നല്ല വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയും ലഭിച്ചത് കൊണ്ട് അവർ ധരിക്കുന്ന വേഷം, അവർ തീരുമാനിക്കുന്നത് എന്തോ അതാണ്. ( ഇതിൽ യൂണിഫോറത്തിന്റെ കാര്യമൊക്കെ പറഞ്ഞ് ഇളക്കാൻ വരുന്നവരോട് – നീ ഒക്കെ എന്നാ ഉണ്ടാക്കാൻ പോവാ..😡)

രണ്ടാമത്തെ പ്രണയം

എഴുതാൻ തുനിഞ്ഞപ്പോൾ രക്തം പൊടിഞ്ഞു,

എഴുതിയതൊക്കെയും അപൂർണ്ണമായ് തീർന്നു.

നിൻ സ്വരം മാത്രം മനസ്സിൽ നിറക്കാൻ ശ്രമിച്ചു

നിൻ മുഖം മാത്രം കണ്ണിലായ് നിറയാൻ കൊതിച്ചു

പക്ഷെ, ഓർമ്മകൾ എല്ലാം മറച്ചു നിന്നു

ഓർമ്മകൾകൊണ്ട് മനം മരച്ചു നിന്നു.

——————————————————–

നിനക്കായ് പാടാൻ എന്നിൽ വരികളില്ല,

നിന്നെ ചിരിപ്പിക്കാൻ എനിക്കാവുകില്ല.

The Rain

She came as a surprise. Didn’t given a hint. Heard her footsteps as she came closer.

No one told me how long she has been waiting. As if in a dream, even the clocks illutioned by her.

She warmed the minds. Inside got wet as I looked at her.

She has excited every one of us. The trees and its greenery shed tears of joy.

She whispered softly in my ear; that she come looking for me. I went down to the yard. I hugged her. No.. It was she who hugged me.

At that moment, I felt like I was melting into the dust. I slowly closed my eyes.

മാംഗല്യം തന്തു താനേനാ 04

ബസ് ചെങ്ങന്നൂർ അടുത്തപ്പോൾ കഴുത്തിൽ തൂക്കിയിരുന്ന Jbl ന്റെ ഹെഡ്സെറ്റ് ഞാൻ ബാഗിലേക്ക് തിരുകി കയറ്റി വെച്ചു. എനിക്ക് വന്ന പരിഷ്‌കാരങ്ങൾ, എന്നെ കാണുമ്പോൾ തന്നെയങ് ‘അവർ’ മനസിലാക്കേണ്ടെന്ന് ഞാൻ കരുതി😉….

അതിന് മുമ്പ് നടന്ന കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ടേ. ആ കെ.എസ്.ആർ.ടി.സി ബസിൽ, എന്റെ സീറ്റിന് മുന്നിലായി ഇരുന്ന മൂന്ന് കുട്ടൂകാരെപ്പറ്റി.. മൂന്ന് മധ്യവയസ്‌കർ.. കളിയും ചിരിയും ഒക്കെയായി ആ മൂന്ന് കൂട്ടുകാരെ കാണുമ്പോൾ ആർക്കും ഒരു സന്തോഷം തോന്നും. ആ സൗഹൃദത്തോട് അസൂയ തോന്നും. ജീവിത പ്രാരാബ്ധങ്ങളൊക്കെ മാറ്റി വെച്ചു അവർക്ക് ഈ സൗഹൃദ യാത്രയ്ക്ക് വഴിയൊരുക്കിയത് എന്താവും?

അവരുടെ ഇടയിൽ ഒരുപാട് നാളത്തെ സൗഹൃദം ഞാൻ കണ്ടു. ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നപ്പോൾ, തമ്മിൽ അറിയാതെ പോയ ഒരുപാട് വർഷങ്ങൾ അവരുടെ ഇടയിൽ ഒഴിഞ്ഞ് കിടക്കുന്നതായി തോന്നി. ആ ആവേശം എന്നെ അങ്ങനെ ചിന്തിപ്പിച്ചു. പിന്നെയും ഞാൻ വെറുതെ ആലോചിച്ചു.

അതിൽ ഒരാൾ നല്ലൊരു കർഷകനാണ്. മറ്റൊരാൾ ഗവണ്മെന്റ് ഉദ്യോഗസ്ഥനും, മൂന്നാമത്തെയാൾ ഗൾഫിൽ നിന്ന് ലീവിന് വന്നതാണ്. അവർ എന്തായിരിക്കും ഇത്ര പറഞ്ഞു ചിരിക്കുന്നത്? അവർക്ക് ഷെയർ ചെയ്ത് ചിരിക്കാൻ ഇപ്പോഴും എന്ത് കാര്യങ്ങളാണ് ഉള്ളത്. അടൂരിൽ എത്തിയപ്പോൾ സീറ്റിൽ വലിയ ഒരു തോർത്ത് വിരിച്ച്, അവർ ആ ബസ് സ്റ്റാൻഡിൽ ഇറങ്ങി. അവിടെ ബസിന് 10 മിനുട്ട് സ്റ്റോപ് ഉണ്ട് പോലും. ബസ് അവിടുന്ന് എടുത്തപ്പോഴാണ് അവർ വണ്ടിയിൽ തിരികെ ഓടി കയറുന്നത്. അതും വലിയ ബഹളമൊക്കെ വെച്ച്, വലിയ ആരവത്തോടെ.. ആ യാത്ര പുനരാരംഭിച്ചു. എന്റെ തോന്നലുകളും. അവർക്ക് ഒരു കാർ പിടിച്ചു പോകാനുള്ള സാമ്പത്തികം ഇല്ലാഞ്ഞിട്ടല്ല. ഗൾഫ് കാരന് ഒരു ഐ 20 ഉം ഗവണ്മെന്റ് ഉദ്യോഗസ്ഥന് കഴിഞ്ഞ മാസം ലോൺ അടച്ചു തീർന്നൊരു ക്വിഡും കർഷകനായ സുഹൃത്തിന് ഒരു ജീപ്പും ഉള്ളതാണ്. പിന്നെ അവർ ബസിൽ പോകാനുള്ള സംഗതി എന്താണെന്നോ? അത് അവർക്ക് ഈ യാത്ര ഒരു ഓർമ്മ പുതുക്കലാണ്. ഇരുപത്തെട്ട് വർഷം മുൻപ് ഇതുപോലൊരു ഒരു ജനുവരി മാസമാണ് അവർ ഇതുപോലെ യാത്ര ചെയ്തത്. ഇതേപോലൊരു കെ.എസ്.ആർ ടി സി യിൽ.

എന്തായിരിക്കും അവർക്ക് കോമണായി സംസാരിക്കാൻ ഉണ്ടാവുക? ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു.. ഒരെത്തും പിടികിട്ടുന്നില്ല.

ചെങ്ങന്നൂർ എത്തിയപ്പോൾ നേരത്തെ തീരുമാനിച്ച പോലെ ഞാൻ ബസിൽ നിന്ന് ഇറങ്ങി. എന്നെ കാത്ത് ‘അവർ’ ഉണ്ടായിരുന്നു . എന്റെ രണ്ട് സുഹൃത്തുക്കൾ. ഞങ്ങൾ അവിടെ നിന്നാണ് ഒരുമിച്ച് യാത്ര തുടങ്ങിയത്. മുണ്ടക്കയത്ത് ഞങ്ങളുടെ മറ്റൊരു സുഹൃത്തിന്റെ കല്യാണം കൂടാനുള്ള ഒരു യാത്രയായിരുന്നു.

ബസിൽ കണ്ട ആ മൂന്ന് സുഹൃത്തുക്കളുടെ വിചാരങ്ങളിലേക്ക് എത്താൻ എനിക്ക് അധിക സമയം വേണ്ടിവന്നില്ല.

ജെറിനും മിന്റുവിനും എല്ലാവിധ നന്മകളും നേരുന്നു.🥰

ആ ഗാനം

സമയം 6.45 am.. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ..

മനസ്സ് ശൂന്യം… ആ ഗാനം കേൾക്കുമ്പോൾ, ഒരു ഓർമ്മ മാത്രം മനസ്സിൽ വന്ന് നിറയും… പിന്നെ ഒരു കോണ്ഫിഡൻസ് ആണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സുന്ദരിമണികളെയെല്ലാം അവഗണിച്ചു കൊണ്ട് താൻ വലിയ ആരോ ആണെന്ന് ഭാവിക്കുന്നതിൽ ഒരു സുഖം തോന്നും.

ആ ഗാനം അവസാനിക്കുമ്പോൾ വീണ്ടും മനസ്സ് ശൂന്യം.

ട്രെയിൻ യാത്രകൾ എന്നും മനസ്സ് കുളിർപ്പിച്ചിരുന്നു.. ട്രെയിനിന്റെ സ്പീഡ് ന് ഒപ്പം ചിന്തകളും പാഞ്ഞു. അതൊക്കെ നിലക്ക് നിർത്തി വേണ്ടേ,  ഒരു സാഹിത്യം മെനയാൻ? വേണ്ടാ. അതിന് ഞാനിപ്പോൾ മെനക്കെടുന്നില്ല.

ഇങ്ങനെ ഒഴുകാനാണ് എനിക്ക് ഇഷ്ടം.

ക്രി.ക

ഓർമ്മകൾ മഞ്ചാടിക്കുരുക്കൾ പോലെയാണെന്ന് തോന്നിയിട്ടുണ്ടോ?..
വളരെ ചെറുതും ഭംഗിയുള്ളതുമായ ആ ഓർമ്മകളുടെ മഞ്ചാടിക്കുരുക്കൾ… അവ പെറുക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കാൻ എനിക്ക് എന്നും ഇഷ്ടമായിരുന്നു.

ഇന്ന്, ഈ ക്രിസ്തുമസ് കാലത്ത്, ആ മഞ്ചാടിക്കുരുക്കൾക്ക് കൂടുതൽ തിളക്കം തോന്നുന്നു. ക്രിസ്തുമസ് പാപ്പയുടെയും കരോളിന്റെയും കേക്കിന്റെയും തിളക്കം. പക്ഷെ  കൂട്ടത്തിൽ ചിലതിന് അൽപ്പം ‘കൂടി’ തിളക്കം കൂടുതലുണ്ടെന്നും തോന്നുന്നു.😆
ഹാ.. അതൊക്കെ ക്രിസ്തുമസ് കരോളിന്റെ മഞ്ചാടിക്കുരുക്കളാണ്. അതൊക്കെ ഒന്ന്  എടുത്ത് നോക്കിയാലോ?

കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ… ഇന്നലെ ഇവിടെ പുത്തൻത്തോപ്പിൽ പാപ്പയെ തപ്പി വന്നപ്പോൾ കണ്ട കണ്ണഞ്ചിപ്പിക്കുന്ന കരോൾ സെലിബ്രേഷൻ വരെ….
—––—————————————————

പുത്തൻത്തോപ്പിലെ പാപ്പാ🥰

“ഡോ, നമ്മുക്ക് ഈ നേതാജി ബോസ് റോഡ് റെസിഡൻസ് അസോസിയേഷന്റെ കരോൾ ഏറ്റെടുത്ത് നടത്തിയാലോ?”
“പിന്നല്ലാഹ്..😎.. വെട്ടിയാറിന്റെ ‘ദർശന’ വരെ പാടാൻ ഇവിടെ റെഡിയാണ്.🤣”

🎶🎶ക്രിസ്തുമസ് നാൾ വന്നെന്നേ.. നാട്ടിൽ ആകെ സ്റ്റാറുകൾ തൂങ്ങുന്നേ… ഒരു നാട്ടിൽ പുൽകൂട്ടിൽ ഒരു പൈതൽ പിറന്നൊരു സുദിനമിതാ…യേശുവേ………….പശുത്തൊഴുത്തിലായ് നീ പിറന്നു,യേശുവേ……ഏറെ കഷ്ടത നീ സഹിച്ചു,യേശുവേ…..യൂദാസിനാൽ നീ മരിച്ചു,യേശുവേ….🎶🎶🥁📯📣
—––————————————————–
നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്ന ആ കരോൾ ഗാനം ഏതാണ്? ഒന്നൊർത്ത് നോക്കിക്കേ….🎶🎶🥁🎵🎵🎹🎶🎶🎺🎶📯🎶—––—————————————————

പൊറോട്ടയെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു…
“ങേ .. അതെന്തിനാടാ ഇപ്പോൾ ഞങ്ങളോട് പറയുന്നേ? ഈ ക്രിസ്മസ് കരോളും അതും തമ്മിൽ എന്ത് ബന്ധം?”
ഹാ.. അത് പറയാം. തുടക്കം മുതല് തന്നെ പറയാം.
പൊറോട്ടയെ കുറിച്ചു ആലോചിക്കുമ്പോൾ രണ്ട് തരം രുചികളാണ് എന്റെ നാവിൽ കടന്ന് വരുന്നത്.
ഒന്ന്… ആ ‘ഒരെറോട്ട’യുടെ രുചി. വേദന കലർന്ന ഒരു രുചി.
(കറുകച്ചാൽ എൻ.എസ്.എസ് ഹോസ്പിറ്റലിന് മുന്നിൽ ഒരു പൊറോട്ടയ്ക്ക് വേണ്ടി കൊഞ്ചുന്ന ഒരു രണ്ടര വയസ്സ്കാരൻ. അരികത്തായി മരുന്ന് വാങ്ങിയപ്പോൾ രൂപ അധികം ചിലവായതിനാൽ, മിച്ചം വന്ന വണ്ടികൂലി മാത്രം കൈയിൽ മുറുകെ പിടിച്ചു നിൽക്കുന്ന ഒരു അമ്മ)….
ആ ലവ് സ്റ്റോറി, പിന്നെ പറയാമേ…😍
രണ്ടാമത്തെ രുചിയാണ് ക്രിസ്തുമസുമായി ബന്ധപ്പെട്ടത്. ആഘോഷത്തിന്റെ രുചി.സ്ഥലം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപമുള്ള പോലീസ് ക്വാട്ടേഴ്സുകൾ…
ആ കെട്ടിടങ്ങളുടെ ഒത്ത നടുക്കുള്ള ഒരു ചിൽഡ്രൻസ് പാർക്ക്.
അത്ര വലിയ പാർക്ക് ഒന്നുമല്ല. കേട്ടോ. രണ്ട് ഊഞ്ഞാൽ, ഒരു സീസൗ, ഒരു സ്ലൈഡ്, പിന്നെ ഒരു ‘റ’.
അവിടെ ആ ദിവസം ഒരു ചർച്ച നടക്കുകയാണ്. എങ്ങനെ ക്രിസ്തുമസ് ആഘോഷിക്കണം? കൂട്ടത്തിലെ മുതിർന്ന കുട്ടികളിൽ ഒരാളായ, ആറാം ക്ലാസ്സിൽ പഠിക്കുന്ന (ഒരു മൂന്നാം ക്ലാസുകാരന്റെ) ചേച്ചിയാണ് ആ ചർച്ച നിയന്ത്രിക്കുന്നത്.
ഹാ.. എല്ലാത്തിനും തീരുമാനമായി… ഉത്തരവാദിത്വങ്ങൾ ഓരോരുത്തർക്കായി ഏല്പിക്കപ്പെട്ടു… ക്രിസ്തുമസ് കരോൾ, പാർക്ക് ഡെക്കെറേഷൻ, കലാപരിപാടികൾ, കേക്ക് കട്ടിങ്, അങ്ങനെ, അങ്ങനെ. ചിലവിനൊക്കെയായി കരോളിൽ നിന്ന് കിട്ടുന്ന രൂപയുടെ കൂടെ വീട്ടിൽ നിന്നും രൂപ മേടിക്കാൻ തീരുമാനമായി.
ആ ‘മീനുപ്പട്ടി’യുടെ കടി വാങ്ങാതെ, ആ കരോൾ പരിപാടി, ഒരു ദിവസം രാത്രി ഞങ്ങൾ ഗംഭീരമായി നടത്തി.
അന്ന് ആദ്യമായി ഞങ്ങൾ സമ്പാദിച്ച ലാഭത്തിൽ നിന്നൊരു പങ്ക്, പിറ്റേന്ന് തന്നെ ചിലവാക്കാനും തീരുമാനമായി.
പൊറാട്ടയും കടലക്കറിയും…
ഞങ്ങളുടെ ക്വാർട്ടേഴ്സിന്റെ തിണ്ണയിൽ നിരന്ന് ഇരുന്ന്, എല്ലാ ‘കാക്കിരി പീക്കിരി’കളും കഴിക്കുന്ന ആ രംഗം.
ആര് പറഞ്ഞു..? പണ്ട് കാലത്ത് ഇന്നത്തെപോലെ സ്മാർട് ഫോൺ ഒക്കെ ഉണ്ടായിരുന്നേൽ മാത്രമേ ഇത്തരം ഓർമ്മകൾ എന്നേക്കുമായി പകർന്ന് സൂക്ഷിച്ച് വയ്ക്കാൻ സാധിക്കുമായിരുന്നുള്ളൂ എന്ന്.
സുഹൃത്തെ, ഇത് പോലെയുള്ള രംഗങ്ങൾ അന്ന് തന്നെ മനസ്സിൽ ഒപ്പിയെടുക്കപ്പെട്ടതാണ്. ആ രംഗം ഓർമ്മിക്കാൻ ഭൗതികമായ ഒന്നിന്റെയും സഹായം വേണ്ടാ.
അങ്ങനെയാണ്… ആ ഓർമ്മയ്ക്ക് പൊറോട്ടയുടെയും കടലക്കറിയുടെയും രുചി കൂടി വന്ന് ചേർന്നത്.


പിന്നെ…നാട്ടിലെ കരോൾ.. വായനശാലയുടെ കൂട്ടായ്മയിൽ…
വായനശാലയുടെ ഭാരവാഹി കൂടിയായ എന്റെ അച്ചാച്ചി ആ കരോളിന്റെ കൂടെ ഉണ്ടായിരുന്നതിനാൽ, അന്ന് എന്റെ യഥാർത്ഥ പെർഫോമൻസ് പുറത്ത് എടുക്കാൻ സാധിച്ചില്ല…🤣
ഏയ്‌.. അച്ചാച്ചിയെ വെറുതെ നാണംകെടുത്തേണ്ടാ എന്ന് കരുതിയാണ്.. കേട്ടോ..ഹാ..


പിന്നെ …സെക്കന്റിയറിൽ കോളേജിൽ വച്ച് ..
ഞങ്ങളുടെ ആ കുറ്റിച്ചിറ ഹോസ്റ്റലീന്ന് ഗോൾഡൻ ജൂബിലി ഹോസ്റ്റലിലേക്ക് ഒരു കരോൾ ജാഥ.
ജാഥയുടെ മുന്നറ്റം ജൂബിലി ഹോസ്റ്റലിന്റെ ഗേറ്റിന് മുന്നിൽ എത്തിയത് മാത്രം കണ്ടു.
“അയ്യോ!”‘ഓടിക്കോ’ എന്നൊരു വിളി മുമ്പീന്ന്..
പിന്നെ ഒന്നും നോക്കിയില്ല.. അത് കേട്ടപ്പാടെ, കേൾക്കാത്തപാടെ… അവിടെ നിന്ന് ഓടി…ഓട്ടെടാ.. ഓട്ടം.
ആ കൂട്ടയോട്ടം കണ്ട ഒരു നാട്ടുകാരൻ തടഞ്ഞു നിർത്തി ചോദിച്ചു.”മക്കളെ, എന്താ… എന്താ കാര്യം?”
“ആ..ആ.. എല്ലാരും ഓടുന്നു.. ഞാനും ഓടുന്നു..”😢
പിന്നീട് കാര്യം എന്തെന്ന് മനസ്സിലാക്കിയത്, രണ്ട് കിലോമീറ്റര് മാറിയുള്ള ആ കുറ്റിച്ചിറ ഹോസ്റ്റലിൽ തിരിച്ച് എത്തിയിട്ടായിരുന്നു. 😓(ആ കാര്യ-കാരണം വിശദമാക്കാനായി പിന്നീട് എഴുതാൻ സാധ്യതയുള്ള ഒരു ബ്ലോഗിന് പേരിട്ടു..’ഒരു ചുവന്ന ബനിയൻ‘ )


പിന്നെ…ഓഫീസിലെ Odc തോറും…
“ഗബ്രിയേലിന്റെ ദർശന സായൂജ്യമായി…ഹോ..ഹോ…ഉണ്ണി പിറന്നല്ലോ…”
(ഗപ്പി എന്ന സിനിമ റിലീസായ വർഷം ആയിരുന്നത്. ഞങ്ങളുടെ പ്രോജക്ടിന്റെ സ്പേസ്(ODC) നന്നായി ഡെക്കരേട്ട് ഒക്കെ ചെയ്ത്, ഞങ്ങൾ മറ്റ് എല്ലാ odc കളിലും കയറി, ഈ പാട്ട് പാടി നടന്നു.)
“ശൂ… എന്ത് പരിപാടിയാ ഈ കാട്ടുന്നേ? ഇവിടെ ഒരു ക്ലയന്റ് കാൾ നടക്കുകയാണ്. ഇറങ്‌..പെട്ടെന്ന്..ഹും..”
ഒരു പ്രൊഫഷണൽ എൻവിറോൻമെന്റ് ഞങ്ങൾ അവിടെ തകിടം മറിക്കുകയായിരുന്നു. 😄


ഈ ഓർമ്മകളുടെ ട്രെയിനൊന്ന് നിർത്താനായി വലിക്കാൻ ഒരു ചങ്ങല തപ്പട്ടെ… ആ കിട്ടി… കിട്ടി.


‘ഓണം സ്‌പെഷ്യൽ’ ബ്ലോഗിലെ ഒരു വാചകം എന്റെ കൂട്ടുകാരൻ ജിജോയ്ക്ക് വല്ലാതങ് ഇഷ്ടപ്പെട്ടെന്ന് പറയുകയുണ്ടായി. ദോ ലിത്..
“ഓണം എന്ന് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ വിരിയുന്ന പൂക്കൾക്ക് എന്ത് മണമാണ്.”
അതു പോലെ ഒരെണം ഇതിലുമൊന്ന് എഴുതട്ടെ… എഴുതാം…ദേ എഴുതി.
ക്രിസ്മസ് എന്ന് ഓർക്കുമ്പോൾ നമ്മുടെ നാവിൽ അനുഭവപ്പെടുന്നത്… അയ്യേ!.. ഇതെന്താ ഒരു പ്ലാസ്റ്റിക്കിന്റെ രുചി?

“ടോ കാന്താ, താൻ ആ തിന്നത് കേക്കിന്റെ മുകളിലെ പ്ലാസ്റ്റിക് പൂവാ.”
😲 😲 🙄 ശെടാ…


എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്ന് നിങ്ങളുടെ ഹൃദയത്തിലേക്ക്, അത് നിറയത്തക്കവണ്ണം..
‘ഉവ്വാട്’ ക്രിസ്തുമസ് ആശംസകൾ.. 😍😍😘😘ഹാപ്പിയേ… ഹാപ്പിയേ…😍😍
പുതുവത്സരാശംസകൾ പിന്നീട് നേരാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെ നിർത്തട്ടെ.
നന്ദി, നമോവാകം.—–

–—————————————————
N B : ഈ ക്രിസ്തുമസിന് പണപ്പെട്ടിയും കൊണ്ട്   ആൻഡ്രൂസായി  എൽദോ ബ്രോ വരില്ലെന്ന് കേട്ടപ്പോൾ വിഷമം തോന്നി. ഹാ.. പിന്നെ ക്രിസ്തുമസിന്റെ നാട്ടിന്ന് (നാഗാലാൻഡ്) രമേശൻ വന്നപ്പോഴാണ് സന്തോഷായത്… ഇവിടെ എല്ലാർക്കും.🤩
—––—————————————————

സമർപ്പണം :

എന്നെ കരുതുന്നവർക്ക്…പിന്നെ എന്നെ അറിയാമെന്ന് കരുതുന്നവർക്ക്. 😆

മാംഗല്യം തന്തു താനേനാ 03

“എന്തായാലും നീ കല്യാണത്തിന് പോണം. ഇല്ലേൽ അവൻ വിഷമിക്കും. പണ്ട് ക്ലാസ്സിൽ അവന്റെ അടുത്തൂന്ന് നിന്നെ സീറ്റ് മാറ്റി ഇരുത്തിയപ്പോൾ അവൻ കരഞ്ഞതാണ്.”

ഏയ്.. അവൻ അന്ന് കരഞ്ഞാരുന്നോ?ആഹ്… പക്ഷെ, അമ്മയുടെ വാക്കുകൾ എന്നെ പഴയ ആ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയിരുന്നു.

അവിടെ രണ്ട് ആണ് കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കുന്നു. ക്ലാസ്സിലെ നിയമം അനുസരിച്ച് ഒരിക്കലും അടുത്ത് ഇരിക്കാൻ പാടിലാത്ത രണ്ട് കുട്ടികൾ. പൊക്കത്തിലെ വ്യത്യാസമാണെ കാരണം. ഒരാൾക്ക് ശരാശരി പൊക്കം ഉണ്ടായിരുന്നതാണ്. എന്നാൽ മറ്റേ ആൾക്ക് ശ്ശി പൊക്കം കൂടുതലാണെ.

എങ്കിലും അവർ അന്ന് ഒരുമിച്ചിരുന്ന് പഠിച്ചു. ഒരുമിച്ചിരുന്നു ചിരിച്ചു. ഒരുമിച്ചു കളിച്ചു. ഒരുമിച്ചവർ റിജോ മോനെ കളിയാക്കി.(ആ റിജോ മോൻ ഇപ്പോൾ ഫാദർ റിജോ ആണേ.😍). അന്ന് ക്ലാസ്സിൽ ടീച്ചർ ചോദ്യം ചോദിക്കാൻ തുടങ്ങുമ്പോൾ, അതിൽ ഒരുവന്റെ പരിഭ്രമം മറ്റവൻ കണ്ടു. നനഞ്ഞ ഉള്ളം കൈയിൽ പിടിച്ച് മറ്റവൻ അവന് ധൈര്യം കൊടുത്തു.

അതൊക്കെ പണ്ടത്തെ കാര്യം. ഇപ്പോൾ അവൻ, ഒരു സുമുഖനായ ചെറുപ്പക്കാരനായി വളർന്നിരിക്കുന്നു. കാലം കടന്നു പോയി. ആ കൂട്ടുകാർ രണ്ട് വഴിയിലേക്ക് തിരിഞ്ഞു. അവർ പല വേഷം കെട്ടി. എങ്കിലും അവർ ആ സൗഹൃദം എന്നും(ഇന്നും) കാത്തു വെച്ചു.

അവന്റെ കല്യാണമാണ് വരുന്നത്. പണ്ട് ധൈര്യം കൊടുത്ത ഈ കൂട്ടുകാരന് ആ കല്യാണത്തിന് എങ്ങനെ പോകാതിരിക്കാൻ കഴിയും?

എല്ലാവിധ നന്മകളും നേരുന്നു, മാത്യൂസ് 😍 ജൂബി 😍

ചുരുളി – my thought

ചുരുളി കണ്ടു. Spoiler Alert…

ഒരു കാര്യം ആദ്യമേ പറയാം. കേവലം തെറിവിളികൾ ഉണ്ടെന്ന കാരണം കൊണ്ട് ഒഴിവാക്കേണ്ട ഒരു സിനിമയല്ലിത്.

സിനിമ കാണാത്തവർ തുടർന്ന് വായിച്ചാൽ..

പിന്നീട് സിനിമ കണ്ടാൽ രസം പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. കണ്ടവർക്ക് മാത്രം കാരണം അറിയാം.

സിനിമ കണ്ടതിന് ശേഷവും ഞാൻ ആ ചുരുളിൽ തന്നെ ചുരുണ്ട് കിടക്കുകയായിരുന്നു. 🙄😱

വീണ്ടും വീണ്ടും കണ്ടു. ഓരോ സീനും എടുത്ത് വെവേറെ കണ്ടു. ഓരോ കഥാപാത്രങ്ങളെയും എടുത്ത് വെവേറെ കണ്ട് പഠിച്ചു. പക്ഷെ, ഇപ്പോഴും എന്തൊക്കെയോ കാണാനും കേൾക്കാനും വിട്ടുപോയത് പോലെ തോന്നുന്നു. അതെ, നിഗൂഢതയാണ് ചുരുളി. ഈ സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്നത്, ഓരോ പ്രേക്ഷകർക്കും വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും പ്രദാനം ചെയ്യുന്ന ഒരു മായികാ ഭൂമികയാണ്.

നമ്പൂതിരിയുടെയും മാടന്റെയും കഥയിലൂടെ ആദ്യം തന്നെ സിനിമയെ സംവിധായകൻ തുറന്ന് കാട്ടുന്നു. ജീപ്പ് എന്ന പ്രതീകമാണ് രണ്ട് ലോകവും തമ്മിൽ ബന്ധിപ്പിക്കുന്നത്. ജീപ്പിൽ പാലം കടക്കുമ്പോൾ എല്ലാം മാറിമാറിയുന്നു. അവസാനം ജീപ്പിലൂടെ തന്നെ ഈ ലൂപ്പ് ആവർത്തിക്കുന്നതായി തോന്നും.

ഈ സിനിമയുടെ രഹസ്യവും, സമയത്തിന്റെ ചുറ്റി കറങ്ങലും മനസ്സിലാക്കാൻ ഒറ്റ തവണത്തെ കാഴ്ച്ചകൊണ്ട് ഒരു സാധാരണ പ്രേക്ഷകന് കഴിയുമെന്ന് തോന്നുന്നില്ല.

തുടക്കത്തിലെ ചായക്കടയിലെ ഏലിയൻസിനെപ്പറ്റിയുള്ള പത്രവാർത്ത ക്ലൈമാക്സുമായി കണക്ട് ചെയ്യുന്നത് എന്റെ രണ്ടാം കാഴ്ചയിലാണ്. ഷാപ്പുകാരന്റെ ജോർജ് എന്ന വിളിയ്ക്ക് ഷാജിവൻ വിളി കേൾക്കുന്നത് ശ്രദ്ധിക്കുന്നത് ഒരു സുഹൃത്ത് അതിനെപ്പറ്റി പറഞ്ഞപ്പോളാണ്.

ജോയ് ചെയ്ത അതേ കുറ്റം ഷാജിവനും ചെയ്യുന്നുണ്ടെന്ന് ഏതോ ഒരു കാഴ്ചയിൽ തോന്നി. നിയമപാലകരും കുറ്റവാളികളും ചുരുളിയിൽ ഒരേ തരത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നതായി നമ്മുക്ക് കാണാം. മനുഷ്യ മനസ്സിന്റെ പ്രഹേളികയിലേക്കുള്ള ഒരു എത്തിനോട്ടമാണോ ഇതിൽ? ലിജോ ജോസ് ജെല്ലിക്കെട്ടിൽ അവതരിപ്പിച്ച മനുഷ്യന്റെ മൃഗീയ തൃഷ്ണ ചുരുളിയിൽ എത്തുമ്പോൾ ഓരോ കണ്ണിലും വാക്കിലും കത്തിനിൽക്കുന്നതായി തോന്നും.

പുളിച്ച തെറിപറയുന്ന സിനിമ എന്ന ടാഗുമായി കാണാൻ തുടങ്ങിയ ഈ സിനിമയ്ക്ക്, കണ്ട് കഴിയുമ്പോൾ അതൊഴിച്ച് മറ്റ്‌ കുറെ ടാഗുകളാണ് നന്നായി ചേരുന്നതെന്ന് തോന്നി.

ചില സമയത്ത് ഒരു സയൻസ് ഫിക്ഷൻ മൂവി പോലെ…. മാടനും തീച്ചാമുണ്ടിയും വരുമ്പോൾ ഒരു ഹോറർ മൂവി പോലെ… ജീവിതം ഒരു ടൈം ലൂപിൽ ആണെന്ന് സ്ഥാപിക്കുന്നത് പോലെ…

മൂന്നാം തവണ ഷാജിവൻ എന്ന കഥാപാത്രത്തെ മാത്രം കോണ്സെന്റര്ട്ട് ചെയ്ത് കണ്ടു.

ഷാജിവനിൽ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിച്ചു. കപ്പ എടുക്കാൻ പോകുന്ന വീട്ടിൽ കണ്ട യന്ത്രമാണ് ഷാജിവനിൽ മാറ്റം വരുത്തിയതെന്ന് വിശ്വസിക്കണോ? വാസുവിനെ ഒറ്റി കൊടുത്ത കപ്പക്കാരൻ തന്നെ ആണോ ജോയിയെം ഒറ്റി കൊടുത്തത്? അപ്പോൾ ലൂപ്പ് തുടങ്ങുന്നത് ഇവിടെ നിന്നാവും എന്നാണോ നമ്മൾ ഈ യന്ത്രത്തിന്റെ സ്ഥാനം കൊണ്ട് മനസിലാക്കേണ്ടത്?

ഷാജിവൻ ഇടയ്ക്ക് ഇടയ്ക്ക് മുകളിലേക്ക് നോക്കുന്നത് ശ്രദ്ധിച്ചോ? എന്തിനാണത്‌? ഷാജിവൻ കണ്ണാടിയിൽ നോക്കുന്ന ആ രംഗം. ഷാജിവൻ ഇടയ്ക്ക് കേൾക്കുന്ന അന്യഭാഷയിലുള്ള ശബ്ദം എവിടെ നിന്നാണ്?

ഇതൊരു ടൈം ലൂപ്പ് ആണെന്ന് കാണിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്. ഷാജിവനെ എവിടെയോ കണ്ട് മറന്നു എന്നു പറയുന്നവർ. റബര് കുഴി എടുക്കാൻ വന്ന എത്രാമത്തെ ആൾ ആണെന്ന പരാമർശം. ഇവിടെ വന്നിട്ട് കുറെ നാളായി എന്ന് ഷാജിവനെ കൊണ്ട് തോന്നിപ്പിച്ചതും അങ്ങനെ ഒന്നാണ്.

പെങ്ങളുടെ വീട്. അത്ഭുതം തോന്നിപ്പിക്കുന്ന മറ്റൊരു സംഗതി. ചുരുണ്ട്, ചുവന്ന് കിടക്കുന്ന ഇടനാഴികളുള്ള.. ഒരു അത്ഭുത ലോകം പോലെ.. ആരോ പറഞ്ഞു, അതൊരു സ്പേസ്ഷിപ്പിന്റെ മാതൃകയിലാണെന്ന്. ആണോ? എന്തായാലും, മന്ത്രവാദവും ലൈംഗീകതയും ഇടകലർന്ന ആ പശ്ചാത്തലം ഷാജിവനെ കൊണ്ട് വീണ്ടും തെറ്റ് ചെയ്യിക്കുന്നു.

അതെ, ഈ ചുരുളിയിൽ ചെന്ന് കഴിഞ്ഞാൽ അവരെ നിയന്ത്രിക്കുന്നത് വേറെ ഏതോ ഒരു ശക്തിയാണ്. അതാണ് ഈ ജനങ്ങളെ ലൂപിൽ തുടരാൻ വർത്തിക്കുന്നത്. ജോയിയുടെ വീട്ടിൽ എല്ലാവരും ഒരുമിച്ചു കണ്ണുകൾ അടക്കുന്നത് ശ്രദ്ധിച്ചോ? എല്ലാവരുടെയും ഉള്ളിലുള്ള മാടനാണ് ആ ശക്തി എന്ന് വിചാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. വേഷം കെട്ടി വന്ന പൊലീസികാരാണ് എന്നറിഞ്ഞിട്ടും അവർ ഈ കളി കളിക്കുന്നത് ആ ശക്തിയുടെ പ്രചോദനത്തിലാണെന്നും കരുതാം. പിന്നെ ഒറ്റുകാരനായ കപ്പ കൃഷിക്കാരനെ ആരും എതിർക്കുന്നില്ലല്ലോ. അത് ഒരുപക്ഷേ, അയാൾ ഇല്ലെങ്കിൽ ഈ ലൂപ്പ് തുടരില്ലെന്നൊരു ബോധ്യം കൊണ്ടായിരിക്കുമോ?

ഈ സിനിമയുടെ കലാസംവിധാനത്തിന്റെ ചാതുര്യം വിളിച്ചറിയിക്കുന്ന മറ്റൊരു ഭൂമികയാണ് ഷാപ്പ്. ചുരുളി എന്ന സ്ഥലത്തിന്റെ ഹൃദയമാണ് ആ ഷാപ്പ്. തെറിപ്പാട്ടുകൾ കൊണ്ട് ആ നിറയുന്ന ആ അന്തരീക്ഷം ഒരു പള്ളിമേടയാകുന്നതും, തിരിച്ചാകുന്നതും കാലത്തിന്റെ വിരോധാഭാസത്തെ സൂചിപ്പിക്കുന്ന പോലെ തോന്നുന്നു.

പുരുഷകേന്ദ്രീകൃതമാണ് ഈ സിനിമ. എങ്കിലും ഉള്ള സ്ത്രീ കാഥാപാത്രങ്ങൾക്ക് ലിജോ ജോസ് പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഈ സിനിമയിൽ വിമർശിക്കാൻ ഒന്നുമില്ലെന്ന് കരുതുന്നില്ല. ആദ്യം നല്ല കാര്യങ്ങളുള്ളത് മനസിലാക്കി എടുക്കട്ടേ… അത് കഴിഞ്ഞ് വിമർശിക്കാം.😬

സൂചിപ്പിക്കാൻ വിട്ട് പോയ കാര്യങ്ങൾ കുറെ ഉണ്ടെന്ന് അറിയാം. ഒന്നൂടെ ഒന്ന് കാണട്ടെ. എന്നിട്ട് ചേർക്കാം. 😝

എസ്. ഹരീഷിന്റെ തിരക്കഥ. 👌 പിന്നെ ആ നമ്പൂതിരിക്കഥയുടെ ആനിമേഷൻ.👌

ഇപ്പോൾ വരെ കണ്ട് മനസിലാക്കിയതിന്റെ വെളിച്ചത്തിൽ ചുരുക്കി പറഞ്ഞാൽ, വളരെയധികം ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ് ചുരുളി. പിന്നെയും പിന്നെയും നമ്മളെ ചിന്തിപ്പിക്കുന്നത്.

ഒരു ചുരുൾ ഒന്ന് അഴിഞ്ഞു തുടങ്ങുമ്പോൾ മറ്റൊരു വലിയ ചുരുളിലേക്ക് നമ്മൾ ചെന്നേത്തുന്നു.

ഹിപ്നോട്ടിക് സർക്കിൾ പോലെ…

ഹാപ്പി ബർത്ത്ഡേ നീതുചേച്ചി 💐🎂💐

അനുജത്തിയില്ലാത്തത് എന്റൊരു ദുഃഖമാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ?

കോളേജിൽ പഠിക്കുന്ന സമയത്ത്‌ എന്റെ ഹോസ്റ്റൽ ‘റൂമിയെ’, അവന്റെ അനുജത്തി ഇടയ്ക്കിടെ ഫോൺ വിളിച്ച്  ശല്യപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിലെനിക്ക് അവനോട് അന്ന് ഒരുപാട് അസൂയ തോന്നിയിരുന്നു. മറ്റൊരു സുഹൃത്ത് അനുജത്തിയെ പഠിപ്പിക്കുന്നതും, ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്നതുമൊക്കെ കാണുമ്പോൾ, എനിക്കും അതുപോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചിട്ടുമുണ്ട്. 

 
ഹാ… മനുഷ്യ ജീവിതത്തിലെ ഒരു പ്രശ്നമതാണ്. എല്ലാ റോളുകളും കിട്ടണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ല. തീരെ ശരിയല്ല.

കിട്ടുന്ന റോളുകൾ ഭംഗിയായി ചെയ്യുക എന്നതിലാണത്രേ കാര്യം. കിട്ടിയ റോളൊക്കെ ആദ്യം മര്യാദക്ക് ചെയ്തിട്ട് പോരെ, ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു റോളിന്റെ പുറകെ പോകാൻ..ല്ലേ?

നിങ്ങളിൽ നിന്ന് ഞാനൊരു ചോദ്യം പ്രതീക്ഷിക്കുന്നു.

“ഡോ, തനിക്ക് ഒരു ചേച്ചിയില്ലേ? ആ ചേച്ചിയ്ക്ക്, ഒരു നല്ല അനിയനായിരിക്കാൻ തനിക്ക് സാധിക്കുന്നുണ്ടോ?”

ഹാ…. ഒരു കാര്യം ഇപ്പോൾ പറയാം. കഴിഞ്ഞ ദിവസം, ഈ ചോദ്യം  എന്നോട് തന്നെ ചോദിച്ചതായിരുന്നു. അതിന് ഒരു കാരണം ഉണ്ടേ. ആ ദിവസം രാവിലെയാണ്, എന്റെ ചേച്ചി വാട്സാപ്പിൽ ഒരു വീഡിയോ ഷെയർ ചെയ്തത്. എന്നോട് അത് ഓർമ്മയുണ്ടോന്ന് ചോദിച്ചുകൊണ്ട്. നൈന്റീസിലെ ഹിന്ദി ഗായകൻ  ലക്കി അലിയുടെ ഒരു സോങ് വീഡിയോ.. 🎸ഓ സനം🎸…. ഞങ്ങൾ കുട്ടിക്കാലത്ത് എം.ടിവിയിൽ സ്ഥിരമായി കേൾക്കാറുണ്ടായിരുന്ന അക്കാലത്തെ ഒരു ഹിറ്റ് ഗാനം.

ഞാൻ ആലോചിച്ചു. ഞങ്ങളങ്ങനെ സോഷ്യൽ മീഡിയയിൽ അധികം ചാറ്റ് ചെയ്യാറില്ല. തമ്മിലുള്ള ഫോൺ വിളികൾ പോലും വളരെ കുറവാണ്. അമ്മയാണ് ഞങ്ങളെ ഇപ്പോൾ കൂടുതലും കണക്ട് ചെയ്യുന്നത്. അമ്മയോട് എന്നും ചോദിക്കുന്ന ഒരു ചോദ്യം ‘ചേച്ചി വിളിച്ചാരുന്നോ?’ എന്നത് മാറ്റി  ‘ശബരി വിളിച്ചാരുന്നോ?’ എന്നാക്കി എന്നതൊഴിച്ചാൽ വേറെ വ്യത്യാസം ഞാൻ വരുത്തിയിട്ടില്ല. (എന്റെ ‘എന്തരവനാണേ‘  ശബരി😍.)

ഞാൻ വീണ്ടും ആലോചിച്ചു.  തമ്മിൽ ഷെയർ ചെയ്യാനായി പഴയ കാര്യങ്ങൾ ഒന്നുമില്ല. കാരണം, ഞങ്ങളുടെ ഓർമ്മകൾ എല്ലാം ഒന്നായിരുന്നു. കണ്ടില്ലേ? പണ്ട് ടി വി യിൽ കാണുമായിരുന്ന ചാനൽ പോലും ഒന്നായിരുന്നു… ഹാ… അന്ന് ഞാൻ എഴുതി.

എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല. എന്നും സംസാരിച്ച് ദൃഢപ്പെടുത്താൻ ഒന്നുമില്ല.

We both come from the same place. We grew up together. We received the same sunlight (Lekhamma) and the same shade (Achachi) . We are almost the same. She knows I am here for her and I know she is there for me… ALWAYS…

ലക്കി അലി ആ പാടുന്നത് ഞാനിന്ന് ഒന്നുകൂടെ ശ്രദ്ധിച്ചു കേട്ടു …

aankhon mein basee ho par door ho kaheen,dil ke kareeb ho ye mujhko hai yakeen.

ആ വരികളുടെ അർത്ഥം ഇന്നെനിക്ക് ശരിക്കും മനസ്സിലാകുന്നു.

You live in my eyes but you are far away somewhere,and still I believe that you are somewhere near me..

എന്റെ നീതുചേച്ചിക്ക് പിറന്നാൾ ആശംസകൾ.

‘ഓ സനം’ എന്ന ഗാനം കേൾക്കാൻ…

കരുതൽ

മഴതോർന്ന് നിന്ന, ജൂലൈ മാസത്തിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ, അവന്റെ മുന്നിൽ ഞാൻ അത്ഭുതപ്പെട്ടു നിന്നു.


ഒരു മാസത്തെ ട്രെയിനിങിനായി എറണാകുളത്ത് എത്തിയതായിരുന്നു ഞാൻ. അവിടെ എനിക്ക് കിട്ടിയ ഒരുപാട് നല്ല സുഹൃത്തുക്കളിൽ ഒരാൾ മാത്രമായിരുന്നു ഷിനോയ്‌. ട്രെയിനിങ് തീർന്നതിന്റെ പിറ്റേന്ന് രാവിലെ, തിരിച്ചു നാട്ടിലേക്ക് പോകാൻ വന്ന എന്റെ മുന്നിലേക്ക് ഷിനോയ്‌ അന്ന് വന്ന് നിന്നത് അപ്രതീക്ഷിതമായിയായിരുന്നു. അവന്റെ വീട് സ്റ്റേഷനടുത്താകും. അപ്പോൾ അവൻ ബൈക്കു എടുത്ത് വന്ന് എന്നെ യാത്രയാക്കാൻ വന്നതാവും എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷെ, അങ്ങനെയായിരുന്നില്ല.


അവൻ എന്നോട് അന്ന് പറഞ്ഞു.


“ഹോ.. ബൈക്ക് വർക്ഷോപ്പിലാണ്. രാവിലെ ഓടിപിടിച്ച് ഒരു ബസിലാ വന്നേ. ട്രെയിൻ പോയി കാണുമെന്ന് ഞാൻ പേടിച്ചു. “


അവന്റെ ആ മറുപടി എന്നെ ചിന്തിപ്പിച്ചു.
തലേന്ന് ഫോൺ വിളിച്ചപ്പോൾ നാട്ടിൽ രാവിലെ പോകുന്ന കാര്യം അവനോട് ഞാൻ പറഞ്ഞിരുന്നു. എന്നെ യാത്രയാക്കാൻ വരുമെന്ന് അപ്പോൾ അവൻ പറഞ്ഞപ്പോൾ, അതൊരു തമാശയായി പറഞ്ഞതാവും എന്നാണ് ഞാൻ കരുതിയത്.


അവന്റെ മനസ്സിൽ ഞാൻ എന്ന ഫ്രണ്ടിന്റെ സ്ഥാനം, അവന് ഞാൻ കൊടുക്കുന്ന സ്ഥാനത്തിനെക്കാൾ മുകളിലാണെന്ന കാര്യം അപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു.


————————————


ഇന്ന്, തുലാമാസത്തിലെ ഒരു വൈകുന്നേരം, ഒരു സുഹൃത്തിന് വിവാഹ സമ്മാനം വാങ്ങിക്കാൻ പുറത്തു ഇറങ്ങിയപ്പോൾ, പണ്ട് നടന്ന ഈ സംഭവം ഓർമ്മയിൽ വന്നത് യാദൃച്ഛികമായാണോ?


നമ്മൾ മനസ്സിൽ ഒരാൾക്ക് കൊടുക്കുന്ന സ്ഥാനം, നമുക്ക് അയാൾ തരുന്ന സ്ഥാനത്തേക്കാൾ കൂടുതലാണോ, കുറവാണോയെന്ന് എങ്ങനെ കണ്ടുപിടിക്കും? ഒരാളോടുള്ള സ്നേഹവും കരുതലും മനസ്സിൽ മാത്രം വെച്ച് കൊണ്ട് നടന്നാൽ ശരിയാകുമോ? പ്രകടിപ്പിക്കുമ്പോൾ മാത്രമേ ബന്ധങ്ങൾക്ക് അർത്ഥം ഉണ്ടാവൂയെന്ന് എനിക്ക് തോന്നുന്നു. ശരിയല്ലേ?

അതെ.. സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഉള്ളത് തന്നെയാണ്.

–💐———————————————–💐——-

Dedicated to Ali Fathima Shanavaz 💐🥰 —

–💐———————————————💐——–

തലക്കെട്ട്

ലക്ഷ്യബോധമില്ലാതെ നടക്കാൻ ഇറങ്ങി. പക്ഷെ, എവിടെയോ എത്തിയപ്പോൾ ഒരു ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുന്നതായി തോന്നി.

മുഖവുരയൊന്നുമില്ലാതെ തുറന്ന് പറയുവാൻ മുതിർന്നു. പക്ഷെ, പറഞ്ഞപ്പോൾ അതൊരു മുഖവുര മാത്രമായ് പോയെന്ന് തോന്നി.

വേദനകൾ ഒരു കഥയായി എഴുതുവാൻ തുടങ്ങി. പക്ഷെ, എഴുതി തീർന്നപ്പോൾ അതൊരു കവിതയായ് തോന്നി.

വിഷമങ്ങളോർത്ത് കരയുവാൻ തുടങ്ങി. പക്ഷെ, മൊത്തത്തിൽ ഓർത്തുവന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി തീർന്നു.

തലക്കെട്ടില്ലാതെ എന്തെങ്കിലും എഴുതണമെന്ന് തോന്നി…വെറുതെ. ഹാ.. എഴുതി കഴിഞ്ഞപ്പോൾ, അതിന് തലക്കെട്ടായി  ‘തലക്കെട്ട്’ എന്ന് കൊടുക്കാനും തോന്നി.

എം.കെ.ഗാന്ധി

ഗാന്ധിജി ക്രമാനുഗതമായി വളർന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ ഏഷ്യാക്കാരെയും നീഗ്രോസിനെയും വേറിട്ടു കണ്ട ഒരു ഗാന്ധിജിയെയല്ല പിന്നീട് അദ്ദേഹത്തിന്റെ അവസാന കാലം   നമ്മുക്ക് കാണുവാൻ സാധിക്കുന്നത്. ഒരിക്കൽ വളരെ യാഥാസ്ഥികനായിരുന്ന ഗാന്ധിജി, പിന്നീട് കുറേക്കൂടി ലിബറൽ ആയിരുന്ന നെഹ്രുവിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നത്  പോലും നമ്മുക്ക് കാണാം. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വിദേശശക്തികൾക്കെതിരെ പോരാടുന്നതിലും, രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിനും വേണ്ടി ഉപയോഗിച്ച ഗാന്ധിജി, സമൂഹത്തിലെ ചില യാഥാർഥ്യങ്ങളോട് തെറ്റായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന വ്യക്തിയ്ക്ക് സാധാരണ ഒരു മനുഷ്യനെക്കാൾ ആയുസ്സ് ഉണ്ടായിരുന്നെങ്കിൽ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കുറേക്കാലം കൂടി അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും അംബേദ്‌കറിന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം മനസ്സിലാക്കിയേനെ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെയെങ്കിൽ ദളിത് ആദിവാസി സമൂഹത്തിന് വേണ്ടിയുള്ള മറ്റൊരു സ്വാതന്ത്യസമരം ഗാന്ധിജി തന്നെ മുന്നിൽ നിന്ന് നയിച്ചേനെ.

അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഒരു മനുഷ്യൻ ക്രമാനുഗതമായി വളരുന്ന കാഴ്ചയാണ് ആ ജീവിതത്തിൽ നാം കണ്ടത്. നമ്മൾ ആഗ്രഹിക്കുന്ന ലോകത്തിലേക്ക്‌ വേണ്ടി, നമ്മൾ ആദ്യം മാറുക എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാൻ അദ്ദേഹത്തിന് ധൈര്യമുണ്ടായത് വെറുതെയല്ല എന്ന് മനസ്സിലാക്കുക.

നീ മാറുക… നീ നല്ലതിനായി മാറുക.. നീ നല്ലതിനായി ചിന്തിക്കുക..നീ നല്ലതിനായി പ്രവർത്തിക്കുക… നീ നല്ലതിനായി മാറികൊണ്ടിരിക്കുക.

ചെങ്ങറ ഭൂസമരം

ചെങ്ങറ ഭൂസമരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?


എന്റെ നാട്ടിന്ന് ഒരു നാൽപ്പത് കിലോമീറ്റർ ദൂരം പോലുമില്ല  ഈ ചെങ്ങറയിലേക്ക്…

ചെങ്ങറ സമരഭൂമിയിലെ ആ  മണ്ഡപത്തിൽ ബുദ്ധന്റെ  ഇരുവശങ്ങളിലായി  അംബേദ്കറിന്റെയും അയ്യൻകാളിയുടെയും ചിത്രങ്ങൾ  നമ്മുക്ക് കാണാം. വോട്ടവകാശമോ റേഷൻകാർഡോ , അങ്ങനെ ഒരു അടയാളവുമില്ലാത്ത ഒരു വിഭാഗം  ജനങ്ങൾ ഇന്നും ഇവിടെ,  എന്റെ ഇത്രയും അടുത്ത്,  ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആദ്യം   പ്രയാസപ്പെട്ടു.   ഇവിടെ ഈ ജനങ്ങൾക്ക്, ഈ സമരഭൂമി  തന്നെയാണ് ജീവിതം. അന്ന് സർക്കാർ ഇവരെ ഈ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ  ഒരുമ്പെട്ട് വന്നപ്പോൾ, കഴുത്തിൽ  കുരുക്കിട്ട് നിന്ന ആ മനസ്സാണ്   ഇന്നും അവർക്ക് കൈമുതലായി ഉള്ളത്. നാളെയെപ്പറ്റി പ്രതീക്ഷയുള്ള   കുഞ്ഞുങ്ങളെ ഇവിടെ കാണാം. അവരുടെ  കണ്ണുകളിലെ  തിളക്കം ആരും കാണാതെ പോകരുത്.

നമ്മുടെ പൊതുസമൂഹത്തിന്  ഇവരെ പരിഗണിക്കാതെ എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും.
————————————

ഏഷ്യാനെറ്റ് ന്യൂസിലെ ഈ ‘വല്ലാത്തൊരു കഥ‘ ഹോ… വല്ലാത്തൊരു പരിപാടി തന്നെയാണെ!
കഴിഞ്ഞു പോയതും, നമ്മൾ അറിയതെപോയതും മറന്നുപോയതുമായ  വല്ലാത്ത പല ചിത്രങ്ങളുടെയും നേർക്കാഴ്ചയാണ് അതിൽ ബാലു രാമചന്ദ്രൻ എന്ന അവതാരകൻ നമ്മുക്ക് മുന്നിൽ വരച്ചുകാട്ടുന്നത്. ആ ‘ഭോപ്പാൽ വിഷപ്പാതിരയും’ , ‘മലബാർ കലാപവും’ കണ്ടപ്പോൾ എല്ലാത്തിനെപ്പറ്റിയും സ്വതന്ത്രമായ ഒരു നിലപാട്  ഉണ്ടാക്കിയെടുക്കാൻ ഈ പ്രോഗ്രാം നല്ല രീതിയിൽ  സഹായിക്കുമെന്ന് എനിക്ക് തോന്നി. നവാബ് രാജേന്ദ്രനെപ്പറ്റിയുള്ള എപ്പിസോഡും, പിന്നെ ‘നക്സൽ ഡയറി’യുമൊക്കെ കണ്ട് പാഠപുസ്തകങ്ങളിൽ നിന്നും, സാധാ  വായനയിൽ നിന്നും  ആർജ്ജിച്ചെടുക്കാൻ  പറ്റാത്ത കുറെ കാര്യങ്ങൾ ഞാൻ മനസിലാക്കി.


ഭൂമിയുടെ അവകാശികൾ‘ എന്ന എപ്പിസോഡാണ് കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കാരണം, അത്  എല്ലാ  മലയാളികളും കണ്ടിരിക്കേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയത് കൊണ്ട് തന്നെയാവും.

നെയ്യാറ്റിൻകരയിലെ ദാരുണമായ ഒരു   സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് തുടങ്ങുന്ന ആ എപ്പിസോഡ്, കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണത്തിന്റെ പൊള്ളത്തരം വളരെ വ്യക്തതയോടെ തുറന്ന്  കാട്ടുന്നുണ്ട്.
അതിൽ പക്ഷെ, കേരളത്തിൽ നടന്ന  ഭൂസമരങ്ങളെ പറ്റിയെല്ലാം ചെറുതായൊന്ന്  പറഞ്ഞു പോകുന്നതേയുള്ളൂ. പനവല്ലി മുതൽ മുത്തങ്ങ ഉൾപ്പടെ.. .. തൊവരിമല വരെയിലെ സമരം വരെ. രണ്ടായിരത്തി ഏഴിൽ നടന്ന ചെങ്ങറ ഭൂസമരത്തെപ്പറ്റിയും ചെറിയൊരു പരാമർശമേയുള്ളൂ.

അതേ…. ചെങ്ങറയിലെ ആ സമരത്തെക്കുറിച്ച് പറയാനാണ് ഞാൻ ഇത് എഴുതുന്നത്. ഇതിനെപ്പറ്റി ഞാൻ ചിന്തിച്ചത്  വെറും യാദൃശ്ചികമായല്ല.  കഴിഞ്ഞ ആഴ്ച്ചയാണ് ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചത്. അദ്ദേഹത്തെപ്പറ്റി കൂടൂതൽ അറിയാൻ  അന്വേഷിച്ചു പോയപ്പോഴാണ്, എന്റെ നാട്ടിൽ നിന്ന് ഒരു നാൽപ്പത് കിലോമീറ്റർ പോലും ദൂരമില്ലാത്ത ചെങ്ങറയിലെ പ്രശ്‌നത്തെപ്പറ്റി ഞാൻ മനസിലാക്കുന്നത്.

ഒരു കാര്യം ഇവിടെ പറയാം. ഇൻഫർമേഷൻ യുഗത്തിലാണ്  നമ്മൾ  ജീവിക്കുന്നത് എന്നതിൽ  ആർക്കുമൊരു സംശയം ഇല്ലല്ലോ. ഹാ… എല്ലാ കാര്യങ്ങളും നമ്മുടെ വിരൽ തുമ്പിൽ ഉണ്ടെന്നാണ് നമ്മുടെയൊക്കെ ധാരണ. ആ ധാരണ തെറ്റാണെന്ന് ഞാൻ പറഞ്ഞാല്ലോ! നമ്മൾ അറിയേണ്ട, നമ്മൾ പ്രതികരിക്കേണ്ട പല കാര്യങ്ങളും നമ്മളിൽ നിന്ന് മറച്ചു പിടിച്ചിരിക്കുകയാണ്….മനപ്പൂർവം. ആരുടെയൊക്കെയോ താൽപ്പര്യത്തിന് അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ നമ്മൾ അറിയുന്നുള്ളൂ എന്നതാണ് സത്യം. പുതുതലമുറ ചെയ്യേണ്ടത് ഇതാണ്.. ആരൊക്കെയോ വിളമ്പി തരുന്നത് കേട്ട് സമയം കളയാതെ, സ്വന്തമായി കാര്യങ്ങൾ കണ്ടെത്തി, അവയെപ്പറ്റി ചിന്തിച്ച് സ്വയമൊരു  ബോധ്യം ഉണ്ടാക്കാൻ ശ്രമിക്കണം.( രണ്ട് ദിവസമായി കുറെ മോനിന്റെയും സണിന്റെയും പുറകെ നടക്കുന്ന ചാനലുകളെ കണ്ട് പറഞ്ഞതല്ലാട്ടോ.😆) .


ഹാ… അറിയേണ്ട കാര്യങ്ങൾ നമ്മൾ തേടി കണ്ടുപിടിക്കണം. ആ വിചാരമാണ് ചെങ്ങറ സമരഭൂമിയിൽ എന്നെ എത്തിച്ചത്. അവിടെ  സമരമണ്ഡപത്തിൽ ഒരു ബുദ്ധരൂപത്തിന്റെ ഇരുവശങ്ങളിലായി അംബേദ്കറിന്റെയും അയ്യൻകാളിയുടെയും ചിത്രങ്ങളാണ് ഞാൻ കണ്ടത്. വോട്ടവകാശമോ റേഷൻകാർഡോ, അങ്ങനെ ഒരു അടയാളവുമില്ലാത്ത ഒരു കൂട്ടം ജനങ്ങൾ  ഇവിടെ ജീവിക്കുന്നത് കാണുമ്പോൾ, ഇത്‌ ഇന്ത്യയിൽ തന്നെയാണോ എന്ന് നാം അത്ഭുതപ്പെട്ട് പോകും. നാളത്തെക്കുള്ള പ്രതീക്ഷയിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ ഇവിടെ നമുക്ക് കാണാം . അവരുടെ കണ്ണിലെ  തിളക്കം ആരും കാണാതെ പോകരുത്. ഇവിടെ ഈ ജനങ്ങൾക്ക് ഈ സമരഭൂമിയാണ് ജീവിതം. അന്ന് സർക്കാർ ഈ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ വന്നപ്പോൾ, കഴുത്തിൽ കുരുക്കിട്ട് നിന്ന ആ മനസ്സാണ് ഇന്നും കൈമുതലായി അവർക്കുള്ളത്. നമ്മുടെ പൊതുസമൂഹം എത്ര നാൾ ഇവരെ കാണാതെ മുന്നോട്ട് പോകും.

കൂടുതൽ പറഞ്ഞ് എന്റെ ബോധ്യങ്ങൾ നിങ്ങളിൽ ഞാൻ കുത്തിവെയ്ക്കുന്നില്ല. ചെങ്ങറയിൽ എന്താണ് സംഭവിച്ചതെന്ന് സ്വയം കണ്ടെത്തി ബോധ്യം ഉണ്ടാക്കൂ. അതിലേക്ക് കുറച്ച് ചോദ്യങ്ങൾ ഞാൻ തരാം.

  1. കേരളത്തിൽ ദളിത് ആദിവാസി വിഭാഗങ്ങൾ എത്രത്തോളം പുരോഗമിച്ചിട്ടുണ്ട്? അവരുടെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്നത്  എന്താണ്?
  2. കേരള ഭൂപരിഷ്കരണം ഒരു ബൂർഷ്വാ ഭൂപരിഷ്കരണമാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി.എം. കപിക്കാട് പറഞ്ഞത് എന്ത് കൊണ്ടാണ്? (മുകുന്ദൻ പെരുവട്ടൂരിന്റെ കേരള ഭൂപരിഷ്കരണത്തെപ്പറ്റിയുള്ള ഒരു പുസ്തകം ഞാനും തപ്പി നടക്കുവാണെ. കിട്ടിയാൽ പറയണേ. ) 
  3. ചെങ്ങറയിൽ ഏഴായിരത്തോളം കുടുംബങ്ങൾ ഭൂമി കയ്യേറി പ്രതിഷേധിക്കാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു? (ഈ സ്ഥലം പത്തനംതിട്ടയിലെ കുമ്പഴ വില്ലേജിലാണ്. പക്ഷെ, ഈ പ്രദേശം ചെങ്ങറ എസ്റ്റേറ്റിന്റെ ഭാഗമായത് കൊണ്ടാണ് സമരത്തിന് ഈ പേര് വന്നത്, കേട്ടോ?)
  4. സർക്കാർ അനുവദിച്ച ചെങ്ങറ പാക്കേജിലൂടെ അവർ ലക്ഷ്യം സാധിച്ചെടുത്തോ? പലരും ഇപ്പോഴും അവിടെ സമരം തുടരുന്നത് എന്തിനാണ്?
  5. ചെങ്ങറയിൽ ഹാരിസണ് മലയാളം ലിമിറ്റഡിന്റെ കയ്യേറ്റങ്ങളെപ്പറ്റിയുള്ള അന്നത്തെ റവന്യു സെക്രട്ടറി നിവേദിത പി ഹരന്റെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു?
  6. ആരുടെ നിഷ്ക്രിയ സമീപനമാണ്   ഹാരിസണ് കേസിൽ കോടതിയിൽ സർക്കാരിന് വിനയായത്?
  7. ടാറ്റയും ഹാരിസണും അനധികൃതമായി കൈയേറിയിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിന്  എന്താണ് തടസ്സമായി നിൽക്കുന്നത് ?

ഇത് ഐഡിയൊളജി ലെസ്സ്  പൊളിറ്റിക്സിന്റെ കാലമാണ് എന്ന് മനസിലാക്കി തന്നെ പറയുകയാണ്.  പാർശവൽക്കരിക്കപ്പെടുന്ന ജനത്തിന്റെ ഒപ്പം  എക്കാലവും നിൽക്കാൻ ബാധ്യസ്ഥരായ ഒരു സർക്കാരാണ് ഇന്ന് ഈ  കേരളം ഭരിക്കുന്നത്.  അതുകൊണ്ടാണ് വേറെ ഏത് സർക്കാറിനെക്കാളും ഭൂപ്രശ്നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും ഈ സർക്കാരിനെ ഉറ്റുനോക്കുന്നത്. ശരിയാണ്, നല്ല തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ, ആ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ പലരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വിട്ടു വീഴ്ചകൾ ചെയ്യുന്നതിന്റെ ഫലമായി താഴെ തട്ടിലേക്ക് അതിന്റെ ഗുണങ്ങൾ  എത്തുന്നില്ല.  ദളിത് ആദിവാസി വിഭാഗങ്ങളെ  പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ആരുടെ താല്പര്യമാണ്?.. ചിന്തിക്കൂ..
ഐഡന്റിറ്റി പൊളിറ്റിക്സിന്റെ ഗുണഭോക്താക്കൾക്ക് വളമിടുന്ന പ്രവൃത്തികൾ ഇനിയെങ്കിലും മാറി മാറി വരുന്ന സർക്കാരുകൾ ചെയ്യരുത്.

കേരള മോഡൽ ഡെവലപ്മെന്റ് വലിയ രീതിയിൽ കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. പക്ഷെ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുന്ന കാഴ്ച്ചയാണ് ഇവിടെ നാം കാണുന്നത്. ലൈഫ് മിഷൻ പോലുള്ള പദ്ധതികൾ ദളിത് ആദിവാസി വിഭാഗങ്ങളെ എത്രത്തോളം ശാക്തീകരിക്കുന്നുണ്ട്? അതാണോ അവരുടെ പ്രശ്നങ്ങൾക്കുള്ള ശരിയായ പ്രതിവിധി? അവർക്കും അവരുടെ മക്കൾക്കും കൃഷി ചെയ്ത്, സ്വഭാവിമാനത്തോടെ ജീവിക്കാൻ ഒരു തുണ്ട് കൃഷിഭൂമിയല്ലേ വേണ്ടത്? അവർക്ക് വേണ്ടി പണിയുന്ന പുതിയ ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ലക്ഷം വീട് കോളനികൾ പോലെ ആ പാവങ്ങളെ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുകയേയുള്ളൂ എന്ന് ഓർക്കുക.

————————–

“നമ്മുടെ രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം ഞാൻ കണ്ടു. നമ്മളാരും അങ്ങനെ ഉണ്ടെന്ന് അംഗീകരിക്കാൻ പോലും വിസമ്മതിക്കുന്ന ഒന്ന്.”

ചെങ്ങറ സമരഭൂമി സന്ദർശിച്ച വേളയിൽ, പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞ വാക്കുകളാണിത്. അതേ… നമ്മൾ നമ്മുടെ ചുറ്റിലുമുള്ള യാഥാർഥ്യങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും സമയം ആയിരിക്കുന്നു.