എന്തെങ്കിലും കാമ്പുള്ളത് എഴുതണമെന്ന് കരുതിയിട്ട് കുറച്ചു നാളുകളായി. മാസത്തിൽ കുറഞ്ഞത് രണ്ട് പോസ്റ്റ് എന്ന പതിവ്, ഈ മാസവും എനിക്ക് അന്വർത്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും എന്തോ… എവിടെയോ…
മനസ്സിൽ എന്തോ തടഞ്ഞു കിടക്കുന്ന പോലെ. സംഭവബഹുലമായിരുന്നു ഈ മാസം. മൂകാംബിക യാത്രയുടെ ഹാങ് ഓവറുമായാണ് ഈ മാസം തുടങ്ങിയത് തന്നെ. പിന്നെ സുഹൃത്തിന്റെ കല്യാണ ആഘോഷത്തിൽ പങ്കെടുത്തു. അത് കഴിഞ്ഞാണ് ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നത്. കുറച്ച് കാലം കൂടിയെങ്കിലും കൂടെ ഉണ്ടാവുമെന്ന് കരുതിയ ഒരു സുഹൃത്ത് എന്റെതായ കാരണത്തിൽ പിണങ്ങി… ……
(എഴുത്ത് ബ്ലോക്ക് ആയി 😥).
തുടരുന്നു…. രാവിലെ പതിവ് നടത്തിന് ഇറങ്ങിയപ്പോൾ എഴുതാനുള്ളത് എവിടുന്നെങ്കിലും കിട്ടുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു. കണ്ണുകൾ വിടർത്തി നടന്നു. ( മൊബൈലിൽ ‘Run’ എന്ന ആപ്പും ഓപ്പൺ ആക്കിവെച്ചിട്ടുണ്ടെ.) ആദ്യം തന്നെ കണ്ണ് ചെന്ന് എത്തിയത് ഒരു ചുമരെഴുത്തിലായിരുന്നു. തലേന്ന് കുറെ പയ്യന്മാർ നിന്ന് എഴുതാൻ തുടങ്ങിയത് കണ്ടതാണ്. അതിന്റെ പൂർണതയാണ് എന്റെ മുൻപിൽ ഇപ്പോൾ.

ചിന്തിച്ചു. നമ്മുടെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി എഴുതണോ? എഴുതാം. അപ്പോൾ തന്നെ മൊബൈൽ എടുത്ത് ഒരു ബ്ലോഗ് ടൈറ്റിൽ ടൈപ്പ് ചെയ്തു. “സ്വാതന്ത്ര്യത്തിന്റെ നിർവചനം തേടി” . ഹാ… ബാക്കി പിന്നെ എഴുതാം.
മുന്നോട്ട് നടന്നു. കുറവങ്കോണം, കവടിയാർ അങ്ങനെ… അപ്പോൾ ഞാൻ ഉള്ളിലേക്ക് നോക്കുകയായിരുന്നു. ഒരു ബ്ലോഗ് എഴുതാൻ തുടങ്ങിയിട്ട് കുറെ നാളായി. ‘കർണൻ’ എന്നാണ് അതിന് പേര് ഇട്ടതെങ്കിലും അത് മാറ്റേണ്ടത് തന്നെയാണെന്ന് അന്നേ തോന്നിയിരുന്നു. ഒരു സാഹിത്യകാരിയെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. ആ കഥ മുഴുവിപ്പിച്ചിട്ട് ഒരാളോട് പറഞ്ഞു കേൾപ്പിക്കാം എന്ന് ഞാൻ വാക്കും കൊടുത്തിരുന്നു. ഹാ… ഇനിയത് നടക്കില്ലെന്ന് തോന്നുന്നു. അത് കൊണ്ടാവും ആ കഥ പൂർത്തീകരിക്കാൻ എനിക്കിപ്പോൾ സാധിക്കാത്തത്. എഴുതി തുടങ്ങിയിട്ട് പൂർത്തികരിക്കാതെ പോയ എന്റെ മറ്റൊരു കഥയായി അതും മാറുമായിരിക്കും.
മുന്നോട്ട്.. മുന്നോട്ട്.. അക്കാമ ചെറിയാന്റെ പ്രതിമയുടെ സ്ഥലം എത്തി.. വെള്ളയമ്പലം.. അവിടുന്ന് തിരിഞ്ഞു, ദേവസം ബോർഡ് ജംഗ്ഷൻ വഴി, ഞാൻ താമസിക്കുന്ന വൈ.എം .ആർ എത്താം. അക്കാമ ചേടത്തിയേയും അവിടെയുള്ള ‘ചാപ്പി’ എന്ന ചായക്കടെയെപ്പറ്റിയും കുറച്ച് പറയാൻ ഉണ്ട്.. (എഴുത്ത് വീണ്ടും ബ്ലോക്കായി😥).
മുന്നോട്ട്.. മുന്നോട്ട്.. ഒരിടത്തും ബ്ലോക്കായി നിൽക്കുകയല്ല വേണ്ടത്.. മുന്നോട്ട്.. മുന്നോട്ട്…
എന്നും കാണാറുള്ള ഒരു അച്ഛനും മകനും. അവരും നടക്കാൻ ഇറങ്ങിയതാണ്. എന്റെ അച്ഛനെപ്പറ്റി ഓർത്തു. കോട്ടയത്തെ പോലീസ് പരേഡ് ഗ്രൗണ്ടിൽ പണ്ട് ഞങ്ങൾ ഒരുമിച്ച് ഓടാൻ പോയിരുന്നു. ഹാ.. അച്ഛൻ ഈ ആഴ്ച ഇങ്ങോട്ട് വരുന്നുണ്ട്. ഇന്നലെ ഞാനാണ് ട്രെയിൻ ടിക്കറ്റ് എടുത്ത് കൊടുത്തത്. അത് പോട്ടെ.. തിരിച്ചു വാ.. ( ഒരു ടോപികിൽ നിന്ന് ഇങ്ങനെ പറഞ്ഞു പിന്മാറുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ എന്റെ സുഹൃത്തിനോട്. എല്ലാം ഞാൻ ഓർക്കുന്നുണ്ടെന്ന് കാണിക്കാനാണ് ഇത് ചേർത്തത്.😢)
ഹാ.. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഞാൻ കണ്ട ഈ അച്ഛനും മകനും സ്‌പെഷ്യൽ ആയിരുന്നു. അച്ഛന് നല്ല പ്രായം ഉണ്ട്. റിറ്റേർമെന്റ് ആയ ഒരു ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു. മകൻ ഒരു ചെറുപ്പക്കാരനാണ്. ‘ഓട്ടിസം’ എന്ന രോഗം ഉള്ളതായി തോന്നി. എല്ലാത്തിനോടും ചിരിച്ചുകൊണ്ട് നടക്കുന്ന ഒരു പ്രകൃതമാണ് മകനിൽ ഞാൻ കണ്ടത്. അവരെപ്പറ്റി ഒരുപാട് കഥകൾ എന്റെ മനസിലൂടെ അപ്പോൾ വന്നു പോയി. മനുഷ്യ ജീവിതത്തിന്റെ അവസ്ഥയെപ്പറ്റിയും ചിന്തിച്ചു. ഒന്നിനും ഒരു ഉറപ്പില്ല. എന്താണ് വിധി നമ്മുക്കായി കാത്ത് വെച്ചിരിക്കുന്നത് എന്നും പറയാനാവില്ല.
എന്നാലും.. മുന്നോട്ട്…മുന്നോട്ട്… അവരെയെല്ലാം കടന്ന് ഞാൻ മുന്നോട്ട്… എനിക്ക് വേണ്ടി കാത്തിരിക്കുന്ന വിധിയെ തേടി.. മുന്നോട്ട്..
NB: ഇതിൽ കാമ്പ് കണ്ടെത്താൻ കഴിയാത്തവരോട്. കാമ്പുള്ളത് ഉടനെ ഉണ്ടാകും. പ്രതീക്ഷയല്ലേ മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്? ഞാനും അത് പ്രതീക്ഷിക്കുന്നു. എന്നെ ഞാൻ വല്ലാതങ് വിശ്വസിക്കുന്നുണ്ട്. 😄
2 replies on “എഴുതുവാൻ… തോന്നൽ മാത്രം”
Super kollaam.. “Pratheeksha” Ithine kurichu oru full cinema und.. Changeling. Onnu try cheythu noku.
LikeLiked by 1 person
‘CHANGELING’ by Clint Eastwood lle..😊 Thanku AGC for the recommendation 👍
LikeLike