വിഭാഗങ്ങള്‍
കഥകൾ

Another Story 02

ഒരാഴ്ച്ച പതിവിലും നേരത്തെ കഴിഞ്ഞുപോയതുപോലെ സുധീഷിന് തോന്നി. പത്രമൊഫീസിലെ തിരക്കാവാം അതിന് കാരണം. നാളെ നീ ലീവല്ലേയെന്ന അനീഷ് സാറിന്റെ ചോദ്യമാണ് അന്നത്തെ ദിവസത്തെപ്പറ്റി അവനിൽ ഒരു ബോധ്യം ഉണ്ടാക്കിയത്.

കവിതയുമായി ഒരു കോമ്പറ്റിഷൻ താൻ നടത്തുകയാണെന്ന തോന്നൽ അവളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം തോന്നിപ്പിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തെ ടീ ടൈമിൽ എഴുതുന്നതിനെപ്പറ്റി എന്നും വാചാലയാകുമായിരുന്ന അവൾ, കുറച്ച് ദിവസമായി ഒരുപാട് ഒതുക്കി പറയുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. സുധീഷാണേൽ ആ ലേഖനം എഴുതാൻ പറ്റില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പിച്ചിരുന്നു.

അന്ന് സുധീഷ് ഓഫീസിൽ നിന്നിറങ്ങി നേരെ പോയത് റിലൈയൻസ് ഫ്രഷ്ലേയ്ക്കാണ്. സുധീഷ് അവിടെയുള്ള റെഡി മിക്സ്‌ സാധനങ്ങളുടെ ഒരു പ്രധാന കസ്റ്റമർ ആണ്. ചോറ് റെഡി മിക്സ്‌ കിട്ടിയിരുന്നെങ്കിൽ അവൻ അരി പോലും വാങ്ങില്ലല്ലോ എന്ന് പറഞ്ഞു സുധീഷിന്റെ അമ്മ അവനെ കളിയാക്കുമായിരുന്നു. ഇത്തവണ ഉപ്പുമാവ് റെഡി മിക്സ്‌ ആണ് അവന്റെ കണ്ണിൽ പെട്ടത്. അത് എടുത്ത് കൗണ്ടറിൽ എത്തിയപ്പോൾ എന്നത്തേയും പോലെ നല്ല തിരക്കാണ്. ഒരു ഐറ്റം അല്ലേ ഉള്ളൂ. അതുകൊണ്ട് പരിഗണന കിട്ടുമെന്ന് വിചാരിച്ചു അവൻ കുറച്ചു മാറി നിന്നു. അവനോട് സഹതാപം തോന്നി ഒരാൾ അവനെ ബിൽ ചെയ്യാൻ സഹായിച്ചു. ആ ഒരാൾ അന്ന് ചായക്കടയിൽ കണ്ട് പരിചയം തോന്നിയ ആ അപരിചിതനായിരുന്നു.

സുധീഷ് ആ മുഖം, പക്ഷേ തിരിച്ചറിഞ്ഞിരുന്നു. അന്ന് രാത്രി അവന്റെ ഉറക്കത്തെ വൈകിപ്പിച്ച ചിന്ത അതായിരുന്നു. അത് കണ്ടുപിടിച്ചിട്ടാണ് അവന് ഉറങ്ങാൻ പറ്റിയത്. അന്ന് അവന്റെ മനസ്സിൽ അയാളുടെ പേര് തെളിഞ്ഞിരുന്നില്ല. പിന്നീട് അവന് തോന്നിയ ബുദ്ധിയിൽ, എഫ്. ബി അക്കൗണ്ട് തിരഞ്ഞു ചെന്നാണ് അത് കണ്ടുപിടിച്ചത്. അയാൾ അവന്റെ ഫേസ്ബുക്ക് ഫ്രണ്ട് ആണെന്ന സത്യം അപ്പോഴാണ് അവൻ മനസിലാക്കിയത്. ഈ ഡിജിറ്റൽ ലോകത്ത് ഫ്രണ്ട് എന്ന പദം എത്ര ലോപിച്ചു പോയ്‌ എന്നവൻ അപ്പോൾ ചിന്തിച്ചിരുന്നു.

ഹാ.. പരിചിതമായ ആ അപരിചിതനെപ്പറ്റി പറയാം. കോളേജിൽ ഫൈനൽ ഇയർ. യൂണിവേഴ്സിറ്റി കലോത്സവത്തിൽ പ്രൈസ് അടിച്ചാൽ ഗ്രേസ് മാർക് കിട്ടും എന്ന് അറിഞ്ഞ്, ഫൈനലിയറിൽ നന്നായി ഉഴപ്പിയ സുധീഷിനും സുഹൃത്തിനും ഗ്രേസ് മാർക്ക്‌ കിട്ടിയാൽ നന്നായിരിക്കും എന്ന തോന്നലിൽ ആണ് യൂണിയൻ ന്റെ നേതൃത്വത്തിൽ തയാറെടുക്കുന്ന ഒരു സ്കിറ്റ് ന്റെ ടീമിൽ കയറുന്നത്. അന്ന് ആ സ്കിറ്റ്, കലോത്സവത്തിന് അവതരിപ്പിക്കാൻ സഹായിക്കാനായി പുറത്ത് നിന്നെത്തിയ ആളായിരുന്നു ആ മുഖത്തിന്റെ ഉടമ.

സാധനം വാങ്ങി പുറത്തിറങ്ങിയ സുധീഷിന് അന്ന് ആ ചേട്ടനോട് സംസാരിക്കാൻ സാധിച്ചില്ല. ആ ചേട്ടൻ താമസിക്കുന്നത്, അവൻ താമസിക്കുന്നതിന് അടുത്താണ് എന്ന് മാത്രം മനസിലാക്കി.പിന്നീട് അവന്റെ ഹൗസ് ഓണറിൽ നിന്നാണ് കൂടുതൽ കാര്യങ്ങൾ ആ ചേട്ടനെ പറ്റി അറിഞ്ഞത്. വീട്ടുകാരുടെ സമ്മതം ഇല്ലാതെ കല്യാണം കഴിച്ചു ഒരുമിച്ചു താമസിച്ചു വരുകയാണ്. രണ്ടു മതത്തിൽ വിശ്വസിക്കുന്നവർ ഒരുമിക്കുന്നതിന് വീട്ടുകാരുടെ സമ്മതം ഉണ്ടാകാൻ വലിയ പാടാണല്ലോയെന്ന്.

അടുത്ത തവണ കണ്ടപ്പോൾ അവൻ അങ്ങോട്ട് ചെന്ന് മിണ്ടി. ഓർമ്മ പുതുക്കി. അപരിചിതമായ ഒരു പ്രദേശത്ത് ആ ഒരു പരിചയക്കാരനെ കണ്ടെത്തിയതിൽ സുധീഷ് സന്തോഷിച്ചു. കുറച്ചു സംസാരിച്ചു. സംവിധാന സഹായിയായ ആ ചേട്ടൻ വർക്ക്‌ ചെയ്യുന്ന പുതിയ പ്രൊജക്റ്റസിനെ പറ്റി പറഞ്ഞു. പക്ഷേ വ്യക്തി ജീവിതത്തിനെ പറ്റിയൊന്നും പറയാതിരിക്കാൻ ആ ചേട്ടൻ ശ്രദ്ധിക്കുന്നതായി തോന്നി. എല്ലാം തുറന്നു സംസാരിക്കണം എന്ന് കരുതാൻ മാത്രം അത്ര അടുപ്പക്കാർ അല്ലല്ലോ എന്ന് അവനും ചിന്തിച്ചു.

പിന്നെയും കണ്ടുമുട്ടലുകളും ചെറിയ സംസാരങ്ങളും പതിവായി. അങ്ങനെ ഇരിക്കെ ഒരു ദിവസം അവർ തമ്മിൽ കണ്ടു. അന്ന് പതിവിലും കൂടുതൽ സന്തോഷം ആ ചേട്ടനുണ്ടായിരുന്നു. ചേട്ടന്റെ കുഞ്ഞിന്റെ മുടി മുറിക്കുന്ന ഒരു ചടങ്ങിലേക്ക് അവനെ ക്ഷണിച്ചു. അങ്ങനെയൊരു ചടങ്ങിനെ പറ്റി അവൻ കേട്ടിട്ടില്ലെങ്കിലും ചെല്ലാം എന്ന് അവൻ വാക്ക് കൊടുത്തു.

ഒരു സമ്മാന പൊതിയുമായി അവൻ അവിടെ ചെന്നു. ആതിഥേയനായ ആ ചേട്ടൻ അവിടെ ഇല്ലായിരുന്നു. അപരിചതരായ കുറെ ആൾക്കാർ. സുധീഷ് അവിടെ നിന്ന് പരുങ്ങി. പെട്ടെന്ന് ചേട്ടന്റെ ഭാര്യയെ പോലെ തോന്നിക്കുന്ന ഒരു ചേച്ചി സുധീഷിനെ കണ്ട്, മുറിയിൽ നിന്ന് ഇറങ്ങി വന്നു. അവനെ നേരത്തെ പരിചയം ഉള്ളപോലെ പെരുമാറി. അകത്തേക്ക് ഇരിക്കാൻ പറഞ്ഞു. അവൻ കൊണ്ട് വന്ന സമ്മാനപൊതി ആ ചേച്ചിയുടെ നേർക്ക് നീട്ടി. ചേച്ചി അത് വാങ്ങി. മോളേ കാണിക്കാം എന്ന് പറഞ്ഞ് കുട്ടിയെ എടുത്തു കൊണ്ടുവന്നു. ആ തിളങ്ങുന്ന തലയിൽ അവൻ ഒന്ന് തടവി. മോൾക്ക് ഇട്ട പേരെന്താണ് എന്ന് അവൻ തിരക്കി. മോളുടെ അമ്മ പറയുന്നതിന് മുൻപേ ചേട്ടന്റെ ബന്ധു എന്ന് തോന്നുന്ന സ്ത്രീ ചാടി കേറി പറഞ്ഞു. ആമിന. ആ ചേച്ചിയുടെ മുഖം എന്തോ പോലെയായി. ആ ഭാവം മാറ്റിക്കൊണ്ട് ചേച്ചി, സുധീഷിന് ആ സ്ത്രീയെ പരിചയപ്പെടുത്തി കൊടുത്തു. ഇക്കയുടെ ഉമ്മയാണെന്ന്.

അപ്പോഴേക്കും ചേട്ടൻ വന്നു. സുധീഷിനെ കണ്ടതും വളരെ സന്തോഷമായി. എല്ലാവരേയും അവന് പരിചയപ്പെടുത്തി കൊടുത്തു. ആ കൂട്ടത്തിൽ ചേച്ചിയുടെ ബന്ധുക്കൾ ഇല്ലെന്ന് അവൻ തിരിച്ചറിയുകയായിരുന്നു.

മട്ടൺ ബിരിയാണിയും കഴിച്ച് സുധീഷ് അവിടെ നിന്ന് ഇറങ്ങുമ്പോൾ ചേട്ടനും ഗേറ്റ് വരെ അവനെ അനുഗമിച്ചു. സുധീഷ് വന്നതിൽ ഉള്ള സന്തോഷം ആ മുഖത്തും ആ വാക്കുകളിലും ഉണ്ടായിരുന്നു.

ചേട്ടൻ അവനോട് അവസാനമായി ചോദിച്ചു. നീ പത്രത്തിൽ എഴുതുന്നതല്ലേ. നല്ലൊരു പേര് എന്റെ മോൾക്ക് സജസ്റ്റ് ചെയ്യാമോ?

അപ്പോൾ ഉമ്മ ആമിന എന്ന് പറഞ്ഞതോ. സുധീഷ് അത്ഭുതത്തോടെ ചോദിച്ചു.

ഹാ.. ഇവിടുത്തെ സാഹചര്യം നിനക്ക് മനസിലായല്ലോ. അവരൊക്കെ വളരെ യാഥാസ്ഥികരാണ്. മാറാൻ സമയം എടുക്കും. എന്ത് വിശ്വാസത്തിന്റെ പുറത്താണേലും നമ്മളെ കരുതി അല്ലേ അവർ ജീവിക്കുന്നേ. അവരെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്നെ വിചാരിച്ചിട്ടുള്ളു. അത് കൊണ്ടാണ് ഇങ്ങനെ ഒരു ചടങ്ങ് നടത്തിയത് പോലും. ശരിക്കും ഞങ്ങൾ ഒരു സെക്കുലർ പേരാണ് അവൾക്ക് നോക്കുന്നത്. അവൾക്ക് വലുതാകുമ്പോൾ തീരുമാനിക്കാമല്ലോ ഏത് മതത്തിൽ വിശ്വസിക്കണമെന്ന്.

ഒരു കാരണവും ഇല്ലാതെ സുധീഷിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ  അടുത്ത തവണ കാണുമ്പോൾ ഒരു പേര് കണ്ട്‌ പിടിച്ചിട്ടുണ്ടാവും എന്ന് ചേട്ടന് വാക്ക് കൊടുത്തിട്ടാണ് അന്ന് പിരിഞ്ഞത്.

അന്ന് രാത്രി അവൻ ലവ് ജിഹാദ് എഴുതി തുടങ്ങി. പക്ഷേ, ആ ലേഖനം അവൻ പോലും അറിയാതെ മറ്റൊരു കഥയായി മാറുകയാണ് ഉണ്ടായത്.

🌹🌹🌹———————🌹🌹🌹

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.