ഒബിഡോസ് എന്ന കഥ എന്റെ ശബ്ദത്തിൽ കേൾക്കൂ…@
%% https://anchor.fm/sreekanth-r3/episodes/ep-e142agv %%
————————————–
ഒബിഡോസ് എന്ന നഗരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
കഴിഞ്ഞ തവണത്തെ എന്റെ ഞങ്ങളുടെ യാത്ര അങ്ങോട്ടേയ്ക്കായിരുന്നു. മാഡ്രിഡിൽ ഒരു ബിസിനസ്സ് മീറ്റിംഗിന് വന്ന വൈഫിന്റെ എന്റെ പ്രിയതമയുടെ കൂടെ പോയതായിരുന്നു ഞാൻ. ഞങ്ങൾക്ക് ഒരു വെക്കേഷൻ ആവശ്യമായിരുന്നു. അവളുടെ തിരക്കുകൾക്ക് ശേഷം, ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ഒരു വെക്കേഷൻ പ്ലാൻ ചെയ്താണ് അന്ന് ഞങ്ങൾ മാഡ്രിഡിൽ എത്തിയത്.
———————————————–
മാഡ്രിഡിൽ നിന്ന് ലിസ്ബണിലേയ്ക്ക് അധികം ദൂരമില്ല. അവിടെ നിന്ന് ഒബിഡോസിലേയ്ക്ക് ഏകദേശം നൂറ് കിലോമീറ്റർ ദൂരമേ കാണൂ.
ലിസ്ബൻ … കവികൾക്ക് ഇത്രയും ആദരം കിട്ടുന്ന നഗരം വേറെ ഉണ്ടോന്ന് സംശയമാണ്. അവൾ എവിടെയോ വായിച്ചിട്ടുണ്ടെന്ന്.
ലൂയിസ് ഡി കാമോസ്, ഫെർണാണ്ടോ പെസ്സോ തുടങ്ങിയ കവികളുടെ പ്രതിമകൾ അവിടെ ഉണ്ടെന്ന് എന്നോട് പറഞ്ഞപ്പോൾ അവളുടെ കണ്ണികളിലെ ആ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു. അവൾ ഒരുപാട് വായിക്കുന്ന കൂട്ടത്തിലായിരുന്നു. അവളുടെ അറിവ് മറ്റുള്ളവരെ കാണിക്കാനുള്ള സ്വതസിദ്ധമായ ആവേശമായിരുന്നോ ആ തിളക്കം? അത്തരം excitement കളോട് എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. അതാണ് പലപ്പോഴും അവളെ ആ പേരിൽ ഞാൻ വഴക്ക് പറയാറുള്ളത്. അപ്പോൾ അവൾ പറയും.
“ശ്രീ, എനിക്ക് തന്നെ ഒന്നും ബോധിപ്പിക്കാനില്ല. താൻ ഒരു നല്ല എഴുത്തുകാരനാണെന്നാ എന്റെ വിചാരം. അത് കൊണ്ട് പറഞ്ഞതാ..”
ശരിയാണ്. എനിക്കറിയാവുന്ന സാഹിത്യം എഴുത്ത് ആയിരുന്നു. പിന്നെ കുറച്ച് സൈക്കോളോജിയും പഠിച്ചിട്ടുണ്ട്. അത് കൊണ്ടാണ് ഞാൻ അവളുടെ സ്വഭാവം ഇങ്ങനെ പഠനത്തിനായി എടുക്കുന്നത്.
വേണ്ടാ .. ഇനി അവളെ കൂടുതൽ പിണക്കേണ്ടാ. ഒരുപോലെ ഷെയർ ചെയ്യാറുള്ള ചെലവുകൾ ഒക്കെ ഇപ്പോൾ അവളാണ് കൊടുക്കുന്നത്. മുംബൈയിൽ പുതിയതായി വാങ്ങിയ ഫ്ലാറ്റിന്റെ ലോൺ കഴിഞ്ഞ രണ്ട് മാസവും അവളാണ് അടച്ചത്. പിന്നെ ഈ വെക്കേഷൻ.. അത് മുഴുവൻ അവളുടെ ചെലവാണ്. പുതിയ പുസ്തകത്തിന് ഒരു പബ്ലിഷറെ കിട്ടുന്ന വരെ എന്റെ കയ്യിൽ ഒന്നും വരില്ല എന്നവൾക്ക് അറിയാം. അതിൽ അവൾ വിഷമം ഒന്നും കാട്ടാറില്ല. കേട്ടോ…
പക്ഷെ….
എഴുത്തുകാരുടെ ചരിത്രം.. പ്രത്യേകിച്ചു യൂറോപ്പിലെ മീഡീവൽ കാലത്തെ അവരുടെ കാര്യങ്ങളെ പറ്റി അറിയുന്നത് എന്റെ പുതിയ നോവലിന് നല്ലതാണെന്ന് അവൾക്ക് തോന്നിയത് കൊണ്ട് ഇങ്ങനെ പറഞ്ഞതാവും.
എന്റെ ഏറ്റവും വലിയ വായനക്കാരിയ്ക്ക് അങ്ങനെ തോന്നിയാൽ, അത് ഉൾക്കൊള്ളാനുള്ള ഉത്തരവാദിത്വം എനിക്ക് ഉണ്ടല്ലോ.
എങ്കിലും ഞാൻ അവളോട് പറഞ്ഞു.
“മനു, എന്റെ പുതിയ നോവലിന് ഇത് പ്രയോജനം ചെയ്യും എന്ന് വിചാരിച്ചാണെങ്കിൽ എനിക്കങ്ങനെ തോന്നുന്നില്ല. ഐബെരിയൻ പെനിൻസുലയുമായി ബന്ധിപ്പിക്കുന്ന ഒന്നും എന്റെ മനസ്സിൽ ഇപ്പോൾ കാണാൻ സാധിക്കുന്നില്ല.”
“ശ്രീ.. ഒന്ന് ഓർത്ത് നോക്കിക്കേ. നമ്മള് അന്ന് ജൂഹു ബീച്ചിൽ കൂടെ കൈപിടിച്ചു നടന്നപ്പോൾ തോന്നിയ എന്തോ അല്ലെ, ശ്രീ പിന്നീട് ‘ഇരമ്പ്‘ൽ ചേർത്തത്. അതും നായകന്റെ ഒരു സ്വപ്നമായി. ആ കഥയുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവും തോന്നാത്ത ഒരു സംഭവം. പക്ഷെ അത് മനോഹരമായി ശ്രീ അവിടെ അത് ചേർത്തു. ശ്രീ അനുഭവിച്ച കാഴ്ചകൾ എഴുതുമ്പോൾ..ഹോ… ദേ എന്റെ മനസ്സ് പറയുന്നു ഈ വേക്കേഷൻ ശ്രീയ്ക്ക് ഒരുപാട് ഗുണം ചെയ്യും. നമ്മുക്ക് ഒന്ന് പോയി നോക്കാം.. പ്ളീസ്…”
അവളുടെ ആ അപേക്ഷ എന്നെ അത്ഭുതപ്പെടുത്തി. എന്റെ ഓർമ്മയിൽ ഒരിക്കൽ മാത്രമാണ് അവൾ എന്നോട് അപേക്ഷിച്ചിട്ടുള്ളത്. അന്ന് താജ് ഹോട്ടലിൽ വച്ച്. എന്റെ കൂടെ അനുപമ ഉണ്ടായിരുന്നു എന്ന് പോലും അവൾ അന്ന് ചിന്തിക്കാതെയാണ് പെരുമാറിയത്. അന്നൊരു ഓട്ടോഗ്രാഫിന് വേണ്ടി അവൾ കാട്ടിയ കോപ്രായങ്ങൾ കണ്ട് അനു ചോദിച്ചിരുന്നു.
“നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ?”
അന്ന് അനുവിന് തോന്നിത്തുടങ്ങിയ ആ സംശയമാണ്, കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്.
( അടുത്ത ഭാഗം വായിക്കൂ.. http://sreekanthan.in/2021/02/27/obidos_02/)