വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo9

🎶 ചിന്ന ചിന്ന വണ്ണ കുയിൽ…🎶

“എന്താടാ പതിവില്ലാതെയിരുന്ന് തമിഴ് പാട്ടൊക്കെ കാണുന്നെ?”

ചേച്ചി പുറകിൽ വന്ന് നിന്നത് അവൻ അറിഞ്ഞിരുന്നില്ല. വരുന്നത് കണ്ടിരുന്നേൽ അവൻ ചാനൽ മാറ്റിയേനേ.

ഹാ ..എന്തായാലും പെട്ടു. എന്നാ പാട്ട് കുറച്ച് നേരം കൂടി കാണാം.

അന്നത്തെ ഹോംവർക്കെല്ലാം ചെയ്ത് കഴിഞ്ഞു, ടി വി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു പ്രണവ്. അത്താഴത്തിന് മുൻപുള്ള ആ ചെറിയൊരു സ്ലോട്ടിൽ ടി വി കാണാനുള്ള അനുവാദം പ്രണവിന് എന്നുമുള്ളതാണ്.

സമയം കടന്ന് പോയത് അവൻ അറിഞ്ഞില്ല. എട്ട് മണി മുതല് ചേച്ചിയുടെ സ്ലോട്ട് ആണേ.

“ചെക്കാ, ആ സ്റ്റാർ പ്ലസ് ഒന്ന് വച്ചേ.”

അവന്റെ ചേച്ചി എല്ലാ ദിവസവും കാണുന്ന ‘ക്യും കി സാസ് ഭി കഭി ബഹു ദി’ എന്ന ഹിന്ദി സീരിയൽ തുടങ്ങാൻ സമയം ആയിരിക്കുന്നു. അവന്റെ റിമൊട്ടിലുള്ള അധികാരം രാത്രി 8 മണി കഴിയുന്നതോടെ തീരും. പക്ഷെ, നമ്മുടെ പ്രണവാണെങ്കിൽ ആ പാട്ടിലെ ദൃശ്യങ്ങളിൽ ലയിച്ചിരിക്കുകയാണ്.

🎶…പുരിയാത ആനന്ദം

പുതിതാഗ ആരംഭം…🎶

ആഹാ..ആഹാ… പ്രണവിന്റെ വായിൽ അവൻ പോലും അറിയാതെ ഒരു ചോദ്യം വന്നു.

“ഈ നടിയെ കാണാൻ… ?” അവനത് മുഴുവിപ്പിച്ചില്ല.

പക്ഷെ, അവന്റെ ചേച്ചിയ്ക്ക് എന്തോ മനസ്സിലായി. ചേച്ചി ചോദിച്ചു.. കളിയാക്കി കൊണ്ട്….

“ആഹാ.. പറയടാ മര്യാദയ്ക്ക്, ആരെ പോലെയാണെന്നാ..?”

അവനൊന്ന് ചമ്മി. ചേച്ചിയോട് കള്ളം പറയുന്നതിനേക്കാൾ റിസ്ക് വേറെ ഒന്നിനുമില്ലെന്നു അവനറിയാവുന്നതാണ്. പക്ഷെ സത്യം പറഞ്ഞാൽ ചേച്ചി അവനെ കളിയാക്കി കൊല്ലും. അത് കൊണ്ട് അവൻ പറഞ്ഞു.

“അതോ..ഹ് ഹ്… അതല്ല ചേച്ചി…”

അവൻ എന്തോ പറഞ്ഞു ഒഴിവായി. പിന്നെ ചേച്ചിയ്ക്ക് സ്റ്റാർ പ്ലസ് വച്ച് കൊടുത്തത് കൊണ്ട്, കൂടുതൽ ചോദ്യങ്ങൾ ഒന്നും അതിനെപ്പറ്റി വന്നതുമില്ല. ഹോ.. രക്ഷപ്പെട്ടു.

വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും പിന്നെ പുട്ടിയുമടിച്ച് കുറെ അമ്മച്ചിമാർ, ഏതോ ഒരു വലിയ വീട്ടിലെ അടുക്കളയിൽ നിന്ന് വഴക്ക് ഉണ്ടാക്കുന്നു. ഓഹ്.. അവന് ഈ സീരിയലുകളൊന്നും കാണാൻ ഒട്ടും താൽപര്യമില്ല.

പ്രണവ് ടി വി യുടെ മുന്നിൽ നിന്ന് എഴുന്നേറ്റു. ഫോൺ ഇരിക്കുന്ന ടേബിളിൽ, പതിവില്ലാതെ ഒരു ബുക്ക് ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.

അവൻ ചേച്ചിയോട് പറഞ്ഞു.

“ചേച്ചീടെ ഏതോ ഒരു ബുക്ക് ഈ ടേബിളിൽ ഇരിപ്പുണ്ടേ. ഇനിയിത് കണ്ടിലാന്ന് പറഞ്ഞു നാളെ രാവിലെ ഇറങ്ങാൻ താമസിപ്പിക്കരുത്. കേട്ടോ?”

ചേച്ചി ഒന്നും തിരിച്ചു പറഞ്ഞില്ല. അപ്പോൾ അടുക്കളയിൽ ചപ്പാത്തി കുഴക്കുകയായിരുന്ന അമ്മ വന്ന് പറഞ്ഞു.

“എടീ, ബുക്കുകളൊക്കെ കണ്ട സ്ഥലങ്ങളിൽ ഒക്കെ കൊണ്ടെവെച്ചിട്ട്, രാവിലെ പിന്നെ കിടന്ന് ബഹളം വെക്കരുത്.”

അമ്മയുടെ ശബ്ദം കേട്ടപ്പോളാണ് ചേച്ചി ടി വിയിൽ നിന്ന് ഒന്ന് ശ്രദ്ധ മാറ്റുന്നത്. ചേച്ചി വളരെ ദേഷ്യത്തോടെ അമ്മയോട് മറുപടി പറഞ്ഞു.

“അമ്മേ, എനിക്കത് ഓർമ്മയുണ്ട്. (പല്ലിറുമിക്കൊണ്ട്) എല്ലാരും കൂടി പറയണ്ടാ. മഞ്ജുഷയുടെ നമ്പർ അതിലാ.. അവളെ വിളിച്ചിട്ട് കിട്ടിയില്ല. ഒന്നൂടെ വിളിച്ചു നോക്കാൻ വേണ്ടി അവിടെ വച്ചതാ. ഹോ.. ഞാൻ എടുത്തൊള്ളാം. അവൾക്ക് വയ്യാത്തൊണ്ട് ഞാനല്ലെ ഇന്ന് വീട്ടിൽ കൊണ്ടേ വിട്ടെ.. അപ്പോൾ ഒന്ന് വിളിച്ച് അന്വേഷിക്കണ്ടേ?..”

അമ്മ ഒന്നും പറയാതെ അടുക്കളയിലേക്ക് തിരിച്ചു പോയി. സാധാരണ അങ്ങനെ അല്ലല്ലോ? ഒരു വഴക്കിനുള്ള ഒരു പെര്ഫെക്ട് പ്ലോട്ട് ആയിരുന്നത്.

ആ.. ആ.. മഞ്ജുഷ ചേച്ചിയോടുള്ള സിമ്പതി ചേച്ചിയ്ക്ക് കിട്ടി കാണും. അതാ…

പക്ഷെ, പ്രണവിന് ആ ബുക്ക് തന്റെ കാഴ്ചയിൽ നിന്നു മറയ്ക്കാൻ തോന്നുന്നില്ല. മാനസയുടെ വീട്ടിലെ നമ്പറല്ലേ അതിൽ. അവൻ റൂമിൽ തിരിച്ചു പോകാതെ ഫോൺ ഇരിക്കുന്ന ഹാളിൽ കറങ്ങി നടന്നു. അപ്പോൾ അമ്മ വിളിച്ചു പറഞ്ഞു.

“ടാ, ഉണ്ണിമോനെ ഞാൻ പരത്തുമ്പോൾ, ഈ ചപ്പാത്തിയൊക്കെ ഒന്ന് ചുട്.”

അവൻ അടുക്കളയിലേയ്ക്ക് ചെന്ന് അമ്മയെ സഹായിച്ചു. അപ്പോഴും അവന്റെ മനസ് ഹാളിലെ ബുക്കിൽ തന്നെ ആയിരുന്നു.

ഒരു ചപ്പാത്തി കരിച്ചപ്പോഴാണ് അമ്മയുടെ വക ഒരു കിഴുക്ക് കിട്ടുകയും അവന്റെ മനസ് ഒന്ന് തിരിച്ചു വരികയും ചെയ്തത്.

‘ട്രിങ് ട്രിങ്…’

ഓടി ചെന്നവൻ ഫോണ് എടുത്തു. അടുപ്പേൽ ഇരുന്ന ചാപ്പത്തിയെ മറന്ന് കൊണ്ട്.

അവന്റെ അച്ചാച്ചിയിരുന്നു ഫോണിൽ. വരുമ്പോൾ കടയിൽ നിന്ന് എന്തേലും വാങ്ങണോന്ന്…. അമ്മയോട് ചോദിക്കാൻ. അമ്മ ഫോൺ എടുത്തു എന്തൊക്കെയോ പറഞ്ഞു.

പ്രണവ് അപ്പോഴും വേറെന്തോ ചിന്തിച്ചു കൊണ്ട്, ചട്ടുകം കൈയിൽ പിടിച്ചു നിന്നു.

അടുത്ത ഒരു ചപ്പാത്തിയും അടുപ്പേൽ ഇരുന്ന് കരിഞ്ഞു. ശു…ശു..

ആ ചപ്പാത്തിയുടെയും ദുരവസ്ഥ കണ്ടിട്ട്, പ്രണവിനെ അമ്മ അടുക്കളയിൽ നിന്ന് ഓടിച്ചു.

“ഈ ചെക്കന്റെ ഒരു കാര്യം. സഹായത്തിനാ വിളിച്ചത്. ഇത് വല്യ ഉപദ്രവമാണെല്ലോ. ഓ… ഇവനെന്തുവാണോ ഇന്ന് പറ്റിയേ?… ”

അവൻ റൂമിൽ പോയി വായിക്കാനിരുന്നു. സാധാരണ അങ്ങനെ ഒരു സ്വഭാവം അവനില്ലാത്തതാണ്. ഹോംവർക് ചെയ്യാനുണ്ടെങ്കിൽ ചെയ്യും, പിന്നെ പരീക്ഷ ഉണ്ടെങ്കിൽ അതിന് പഠിക്കും. എന്നാൽ ഇനി അത് പറ്റില്ല.

ആരേലും സംശയം ചോദിച്ചാല്ലോ? നല്ല രീതിയിൽ തന്നെ അവർക്ക് പറഞ്ഞു കൊടുക്കണ്ടേ. ഇന്ന് ചോദിച്ചത് ഭാഗ്യത്തിന് അറിയാവുന്ന ഒരു കാര്യത്തെപ്പറ്റിയായിരുന്നു.

അവൾക്ക് അത് ശരിക്കും അറിയില്ലാരുന്നോ?

അത് എന്താണെന്ന് മനസ്സിലാക്കാതെ പഠിക്കാമായിരുന്നല്ലോ?

ക്ലാസ്സിലെ പഠിപ്പിസ്റ്റ് അവളുടെ ബെഞ്ചിൽ തന്നെ അല്ലേ ഇരിക്കുന്നത്. പിന്നെന്താ ?

ആ..ആ

എന്തായാലും അവൾ സംശയം ചോദിച്ചത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ നടന്നത്?..

പക്ഷെ, എപ്പോഴും ഇങ്ങനെ ചെപ്പടി വിദ്യകൾ ഫലിച്ചെന്നിരിക്കില്ല. നന്നായി തന്നെ എന്നും ഇനി പഠിപ്പിക്കുന്ന പാഠങ്ങൾ അന്നന്ന് പഠിക്കണം.

പ്രണവ് തീരുമാനമെടുത്തു.

(ആരാണോ നമ്മുടെ ജീവിതത്തിൽ കുറെ നല്ല തീരുമാനങ്ങൾക്ക് കാരണമാകുന്നത്, അവരെ വളരെ സ്പെഷ്യലായിട്ട് നമ്മൾ ജീവിതത്തിൽ പരിഗണിക്കണം. മറിച്ച്, ആരോട് ഇടപെടുമ്പോഴാണോ നമ്മളുടെ വില ഇടിയുന്നത്, അവരെ മനസ്സിൽ നിന്ന് തന്നെ കഴിവതും അകറ്റി നിർത്തുക.

ജീവിതം ഒരുപാട് ബാക്കി ഉണ്ട്, സുഹൃത്തേ…)

ഹാ.. പറഞ്ഞു വന്നത് മാനസയുടെ വരവോടെ പ്രണവിന്റെ പഠനത്തിനൊടുള്ള സമീപത്തിൽ വന്ന മാറ്റത്തെപ്പറ്റിയാണ്… നല്ലൊരു മാറ്റം അല്ലെ?😊

കുറച്ച് സമയത്തിന് ശേഷം, ചേച്ചി ഫോണിൽ ആരോടോ സംസാരിക്കുന്നത് കേട്ടാണ്, അവൻ റൂമിൽ നിന്ന് ഹാളിലേക്ക് വരുന്നത്.

മഞ്ജുഷ ചേച്ചിയായിരിക്കും ഫോണിൽ അപ്പുറത്ത്. അവൻ ഉറപ്പിച്ചു. സംസാരം തുടങ്ങിയിട്ട് കുറച്ച് സമയമായെന്ന് തോന്നുന്നു. അവൻ അങ്ങോട്ട് ചെന്നപ്പോൾ ചേച്ചി അവനെ നോക്കി ഒരു വല്ലാത്ത ചിരി. അവനെ കളിയാക്കുന്നത് പോലെ…

ശെടാ..😢. ഇന്ന് നടന്ന കാര്യങ്ങളെല്ലാം മാനസ വീട്ടിൽ ചെന്ന് പറഞ്ഞു കാണുമോ?

🙄


💐💐 💐💐 💐💐 💐💐


ഇനി ആ രണ്ട് രൂപ എങ്ങനെ ഒപ്പിക്കും.

മാനസയോട് പറഞ്ഞാൽ അവൾ വിഷമിക്കും. കൈയിൽ വണ്ടികൂലി ഉണ്ടെന്നും പറഞ്ഞും പോയി. ഇനിയിപ്പോ അത് ഒപ്പിച്ചില്ലേൽ പ്രണവിന് വല്യ ക്ഷീണം തന്നെയാണ്.

ബസ്റ്റാന്റിലേയ്ക്ക് നടക്കുകയായിരുന്ന മാനസയും പ്രണവും ആ ഇടവഴിയിലൂടെ വന്ന് മെയിൻ റോഡിലേയ്ക്ക് കയറി.

പ്രണവിന് ഒട്ടും ആലോചിക്കാനുള്ള സമയമില്ല. പൈസ എങ്ങനെയെങ്കില്ലും ഒപ്പിക്കണം. മനസ്സിൽ ആദ്യം വന്ന ഓപ്ഷൻ തന്നെ അവൻ തിരഞ്ഞെടുത്തു. പ്രണവ് മാനസയോട് പറഞ്ഞു.

“മാനസേ, ഞാൻ ദേ രണ്ട് മിനുട്ടിനുള്ളിൽ വരാമേ. ഒന്നിവിടെ വെയിറ്റ് ചെയ്യണേ.”

ഒരു മറുപടി പറയാനുള്ള അവസരം പോലും അവൾക്ക് കൊടുക്കാതെ, അവൻ വന്ന വഴിയെ തന്നെ ഓടി.

————–

“സാർ, ആനന്ദിനെ ഒന്ന് കാണാൻ പറ്റുമോ?”

ആ നളന്ദ ട്യൂട്ടോറിയൽ കോളേജിന്റെ ക്ലാസ്സിൽ കണക്ക് പഠിപ്പിക്കുകയായിരുന്ന കൃതാവ് നീട്ടി വളർത്തിയ ഒരു സാറിനോടാണ് പ്രണവ് ഇങ്ങനെ ചോദിച്ചത്.

എന്തായാലും സാർ നല്ല ഒരു മൂടിലായിരുന്നു എന്ന് വേണം കരുതാൻ. സാറിന്റെ എന്തോ ഒരു കോമഡി കേട്ട് കുട്ടികളൊക്കെ ചിരിക്കുമ്പോഴായിരുന്നു പ്രണവ് ആ ക്ലാസ്സിന്റെ വാതിക്കൽ വന്ന് എത്തി നോക്കിയത്.

സാർ പ്രണവിനോട് ചോദിച്ചു.

“ഏത് ആനന്ദിനെയാ കാണേണ്ടേ? വിശ്വനാഥൻ ആനന്ദിനെയാണോ?”

ചിരിച്ചു കൊണ്ടാണ് സാർ അത് ചോദിച്ചത്. അത് കേട്ട് കുറച്ച് കുട്ടികൾ ചിരിക്കുകയും ചെയ്തു.

പ്രണവിന് അതിലെ തമാശ മനസ്സിലായില്ല. പ്രണവിന് ആനന്ദിന്റെ മുഴുവൻ പേര് ശരിയ്ക്ക് ഓർമ്മയില്ല. ആനന്ദ് പി എന്നോ വി എന്നോ മറ്റോ ആണ്. അതാണോ ഈ വിശ്വനാഥൻ ???? 😢

പ്രണവ് എന്തായാലും സെക്കന്റ് ബെഞ്ചിൽ ഇരിക്കുന്ന ആനന്ദിനെ ചൂണ്ടി കാണിച്ചു.

അപ്പോൾ ആനന്ദിനോടായി സാർ പറഞ്ഞു.

“ടാ.. ഒന്ന് എഴുന്നേറ്റ് നിക്കടാ..”

എന്നിട്ട് പ്രണവിനെ നോക്കി സാർ പറഞ്ഞു.

“അവനെ കണ്ടില്ലേ. മതില്ലൊ? അപ്പോ ശരി.”

ക്ലാസ്സിൽ ഒരു വലിയ പൊട്ടിത്തെറിയാണ് അത് ഉണ്ടാക്കിയത്. പക്ഷെ, പ്രണവിന് അത് വലിയൊരു അപമാനമായി തോന്നി. പ്രണവ് വളരെ ദയനീയതയോടെ സാറിനെ നോക്കി. സാർ ചിരിയൊക്കെ മാറ്റി, ആനന്ദിനോട് ഗൗരവത്തിൽ പറഞ്ഞു.

“പെട്ടെന്ന് ചെന്ന് എന്താണെന്ന് ചോദിച്ചിട്ട് വാടാ.. ”

ആനന്ദ് ക്ലാസ്സിൽ നിന്ന് ഇറങ്ങി. പ്രണവിനോട് എന്താണ് കാര്യം എന്ന് ചോദിച്ചത് ഒരു തെറിയോടെ ആയിരുന്നു… ഹോ… ഒരു ലോ പ്രൊഫേൽ തെറി…

എന്നിട്ട് ആനന്ദ് തുടർന്നു.

“ഓഹ്, അങ്ങേർക്ക് അല്ലേലും എന്നെ കണ്ടൂടാ.. അതിനിടയിലാ നീ.. ഹോ എന്തരെടാ കാര്യം?..”

“ടാ, എന്റെ കൈയിൽ വണ്ടി കൂലി ഇല്ല. നീ നമ്മുടെ ഫണ്ടിൽ നിന്ന് ഒരു 2 രൂപ താ. ബാക്കി എന്റെ കയ്യിൽ ഉണ്ട്.”

“അതിനായിരുന്നോ? ക്ലാസ്സിൽ വെച്ച് ചോദിക്കാരുന്നല്ലോ?(അവൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് പഴ്സ് എടുത്ത് നോക്കുന്നു.).. 10 രൂപ ആയിട്ടാ. ചില്ലറയില്ലല്ലോടാ. ”

“നീ അതിങ് താ.. 4 രൂപ എന്റെ കൈയ്യിലുണ്ട്. ഇതിപ്പോ പിടി. ബാക്കി നാളെ തരാം.”

പ്രണവ് 10 രൂപ വാങ്ങി പോക്കറ്റിൽ ഇട്ട്, ആ 4 രൂപ ആനന്ദിന് കൊടുത്തു. എന്നിട്ടവൻ പോകാൻ തുടങ്ങി.

പ്രണവിനെ തടഞ്ഞ് കൊണ്ട് ആനന്ദ് പറഞ്ഞു.

“എന്തായാലും ക്ലാസ്സിന്ന് ഇറങ്ങീതല്ലേ? അഞ്ച് മിനിട്ട് കഴിഞ്ഞ് കേറാം. നീ നിക്ക്. അല്ലെ.. നിന്റെ കയ്യിൽ കാർഡ് ഇല്ലേ, പിന്നെന്തിനാ പൈസാ?”

“അതൊക്കെ നാളെ പറയാടാ… (പ്രണവ് വാച്ചിൽ സമയം നോക്കുന്നു.) എടാ, എനിക്കിപ്പോ ഒരു ബസ് ഉണ്ട്. ഞാൻ ദേ, പോവാ. നീ വേണേൽ കുറച്ചു നേരംകൂടെ ഇവിടെ നിന്നോട്ടോ?”

ആനന്ദ് തിരിച്ചു ക്ലാസ്സിൽ കയറിയോ, അതോ അവിടെ തന്നെ ആ നിൽപ്പ് തുടരുകയാണോ എന്നുപോലും തിരിഞ്ഞു നോക്കാതെ അവൻ ഓടി.

മാനസയോട് രണ്ട്‌ മിനുട്ടെന്ന് പറഞ്ഞു വന്നിട്ട് ഇപ്പൊ പത്ത് മിനുട്ടോളം ആകാറായി. ബസിനുള്ള സമയവുമായി.

മുതുകിൽ കിടക്കുന്ന ബാഗ് ഒന്ന് ടൈറ്റാക്കി ഓട്ടത്തിന്റെ സ്പീഡ് അവൻ കൂട്ടി.

മാനസയോട് കാത്തു നിൽക്കാൻ പറഞ്ഞ ആ സ്ഥലത്തു അവൻ പറന്നെത്തി.

പക്ഷെ അവിടെ, ആരും ആരെയും കാത്തുനിൽക്കുന്നില്ലായിരുന്നു. 😢

അവിടെയെല്ലാം അവൻ തിരഞ്ഞു. എന്നിട്ട് ബസ് സ്റ്റാന്റിലും കയറി നോക്കി. അവിടെ ഒന്നും മാനസയെ കണ്ടില്ല.

അവർ കയാറാനിരുന്ന ആ ബസ്സ് ഇപ്പോൾ സ്റ്റാന്റിലേക്ക് ദേ വരുന്നതെയുള്ളൂ.

ബസ്സ് വരുമ്പോൾ മാനസ എവിടുന്നേലും പ്രത്യക്ഷപ്പെടുമെന്ന് കരുതി അവൻ ഡോറിന്റെ വാതിക്കൽ തന്നെ നിന്നു. പത്തു രൂപ പോക്കറ്റിൽ നിന്നെടുത്ത് കൈയിൽ പിടിച്ച് കൊണ്ട്.

കണ്ടക്ടർ തിരിച്ചു ബസ്സിൽ കയറിയപ്പോൾ അവനോട് കയറാനാണോ എന്ന് ചോദിച്ചു. അവൻ ഒന്നും പ്രതികരിക്കാതെ അങ്ങനെ തന്നെ നിന്നു. കണ്ടക്ടർ ബെല്ല് അടിച്ചു.

പ്രണവ് അപ്പോൾ ചിന്തിക്കുന്നു.

ദിൽ വാലെ ദുൽഹനിയാ ലെ ജായിഗേ യിലെ ക്ലൈമാക്സ് രംഗം…അവൾ ഓടി വരുന്നത് അവൻ മനസ്സിൽ കാണുന്നു. അവൻ ബസിന്റെ ഡോറിൽ നിന്ന് അവളെ കൈപിടിച്ചു കയറ്റുന്നതും. ഹോ…

പക്ഷെ അവന്റെ മുന്നിൽ ബസ്സ് മുന്നോട്ട് നീങ്ങി. ആരും ഓടി വന്നില്ല. ആരും കൈപിടിച്ച് കയറ്റാൻ ബസിലും കയറിയില്ല. ബസ്സ് അവന്റെ കാഴ്ചയിൽ നിന്ന് മറഞ്ഞു. ആ ബസ് സ്റ്റാൻഡിൽ അവൻ ഒറ്റയ്ക്ക് നിൽക്കുന്നതായി അവന് തോന്നി.

അവൾ എവിടെ?

അവൾക്ക് വേണ്ടി കാത്തുനിൽക്കണമെന്നോ?

എത്ര നേരം?

എന്തിഹ മൻ മാനസേ…??”😢”

(തുടരും..)


മഴത്തുള്ളികൾ oo10 വായിക്കൂ.. @

http://sreekanthan.in/2020/10/31/mazhathullikal_10/

💐💐 💐💐 💐💐 💐💐


എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

3 replies on “മഴത്തുള്ളികൾ ooo9”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.