(മഴത്തുള്ളികൾ എന്ന തുടർക്കഥയ്ക്ക് ഒരു ബ്രേക്ക് വന്നത് കൊണ്ട്, തുടർന്നുള്ള ഭാഗങ്ങൾ വരുമ്പോൾ, ആ മൂഡ് മനസിലാകാൻ ഇത് ആവശ്യമാണെന്ന് കരുതുന്നു. കൂടാതെ കഥയിലെ ഒരു രംഗവും കൂടി ഉൾപ്പെടുത്തുന്നുണ്ടേ. 😊)
മഴത്തുള്ളികൾ ആദ്യം മുതൽ വായിക്കാൻ…
മഴത്തുള്ളികൾ ooo1 (ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.😊).
മഴത്തുള്ളികൾ ooo5 ലെ ഒരു രംഗം…
അവൾ ധൃതിയിൽ നടക്കുന്നതിനിടയിൽ സമയം എത്രയായെന്നു പ്രണവിനോട് ചോദിച്ചു.
രാവിലെ അവർ സ്കൂളിലേക്ക് വന്ന ആ ബസ് പഞ്ചറായത് നമ്മൾ കണ്ടതായിരുന്നല്ലോ. അങ്ങനെ അവർ താമസിച്ചാണ് വെള്ളനാട് ബസ് സ്റ്റാൻഡിൽ അന്ന് എത്തിയതെന്നും പറഞ്ഞിരുന്നു.
പ്രണവിനൊപ്പം സ്കൂളിലേക്ക് നടക്കുകയായിരുന്ന മാനസയ്ക്ക് സമയത്തു ക്ലാസ്സിൽ എത്താൻ പറ്റുമോ എന്ന് പേടിയുണ്ടായിരുന്നു. അത് അവളുടെ ആ നടപ്പിൽ നിന്ന് വ്യക്തവുമായിരുന്നു. പക്ഷെ പ്രണവിന്റെ വേഗതയിൽ ഉള്ള ലക്ഷ്യം, അവളുടെ ഒപ്പം എങ്ങനെയെങ്കില്ലും എത്തണമെന്ന് മാത്രമായിരുന്നു.
തന്റെ മിക്കി മൗസിനെ അവളെ കാണിക്കാതെ അവൻ ഒരു ഒതുക്കത്തിൽ വാച്ച് നോക്കി സമയം പറഞ്ഞു.
“ഒമ്പത് നാൽപ്പതാകുന്നു”
മാനസ പറഞ്ഞു.
“ഹോ.. എന്തെര് ആയാലും സമയം ഉണ്ട്. നമ്മൾ തമസ്സിച്ചിട്ടില്ല..”
അവളുടെ ആ സ്ലാങ് കേട്ട് അവന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവൻ ചിരിക്കുന്നത് എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല. അവൾ നടപ്പിന്റെ വേഗം കുറച്ച് അവന്റെ ഒപ്പം എത്തി.
“എന്തെര് ചിരിക്കണത്”
“ഞാൻ തിരുവനന്തപുരം വന്നിട്ട് കുറച്ച് നാളായതല്ലെ ഉള്ളൂ. ഈ സ്ലാങ് കേൾക്കുമ്പോൾ ചിരി വരും അതാ..സോറി..”
“വോ.. അതെക്കോ ഇപ്പൊ ശരിയാകൂന്ന്.. ഈ തിരോന്തരത്തു കൊറച്ചു നാളൂടെ നിന്നാ മതി.”
അവർ ഒരു കുളത്തിന്റെ സമീപം എത്തി. നീന്തല് പഠിപ്പിക്കുന്നുണ്ടെന്ന കാര്യം അവിടെ എഴുതി വച്ചിട്ടുണ്ട്. അത് കണ്ട് പ്രണവ് പറഞ്ഞു.
“ഓ.. ഇവിടെ നമ്മൾ കുട്ടികൾക്കും ചേരാൻ പറ്റുമോ?”
“വോ.. പിള്ളേർക്ക് വേണ്ടിയുള്ളതാണ്. ഇയാക്ക് നീന്തല് അറിയാമോ?”
മാനസ അവനോട് ചോദിച്ചു.
സത്യത്തിൽ അവന് നീന്താൻ അറിയില്ലായിരുന്നു. അവന്റെ സ്വന്തം വീട് മണിമലയാറിന്റെ തീരത്ത് ആയിരുന്നു. എന്നിട്ടും അവന് നീന്തൽ അറിയില്ല എന്ന് പറയുന്നത് മോശമല്ലേ?
“ഹാ.. പഠിച്ചിട്ടുണ്ട്.”
ഒരു കള്ളം പറയുമ്പോൾ, അതിന് കൂടുതൽ അലങ്കാരം പാടില്ലെന്ന് അവന് അറിയാമായിരുന്നത് കൊണ്ടാണോ അവൻ അതിനോട് കൂടെ ഒന്നും ചേർക്കാതിരുന്നത്?
“ചേരാനാണേൽ ഞാൻ ഇടുത്തെ തോമസ് മാഷിനെ പരിചയപ്പെടുത്തി തരാം. ഞാൻ ഇവിടെയാണ് പ്രാക്ട്ടീസ് ചെയ്യുന്നേ. അവധിയുള്ളപ്പോ വന്ന്”
അവളിൽ നിന്ന് പ്രണവ് ഇത് പ്രതീക്ഷിച്ചില്ല. അവള് ഒരു പഠിപ്പിസ്റ്റ്, ‘പൊട്ടിക്കാളി’ ആയിരിക്കുമെന്നാ അവൻ വിചാരിച്ചത്.
ശെടാ .. അവൻ പറഞ്ഞത് കള്ളമാണെന്ന് ഇങ്ങനെയാണേൽ ഇവൾ മനസ്സിലാക്കുമല്ലോ!😢
നൈസായി ടോപിക് അങ് മാറ്റാനായി അവൻ അവളോട് ചോദിച്ചു.
“ഓഹോ.. കുട്ടി പാട്ടൊക്കെ പാടുന്ന ആളാണെന്ന് കേട്ടപ്പോൾ, ആർട്സിന്റെ ആളാണെന്നാ ഞാൻ വിചാരിച്ചെ..”
“പാട്ട് ചെറുതായിട്ടെള്ളൂ. ഇതാണ് മെയിൻ. ജില്ലാ മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്…സ്വിമ്മിങ്ങില്”
“ആഹാ.. അതുശരി. ഞാൻ പക്ഷെ സ്പോർട്സിൽ ഒന്നിനുമില്ല. ആർട്സിന്റെ ആളാ..”
അവളോട് പൊരുതി നിൽക്കാനായി അവന് ഇതേലും പറഞ്ഞില്ലേൽ മോശമല്ലേ?
“എന്തെരൊക്കെ ഐറ്റമാരുന്നു?”
അവൻ പറയുന്നത് കള്ളമാണോ എന്ന് ഉറപ്പിക്കാൻ ചോദിച്ച പോലെ അവനത് തോന്നി.
“മോണോആക്ട്, കതാപ്രസംഗം, പദ്യോച്ചാരണം… അങ്ങനെയൊക്കെ..”
“എനിക്ക് കതാപ്രസംഗം ഭയങ്കര ഇഷ്ടാണ്. ഇയാള് എന്തെര് കതയാ പറയുന്നേ.?”
ആ കഥാപ്രസംഗം അവൻ ഓർത്തു. നമ്പൂരിയച്ഛനും കടുവയും.. രണ്ട് വർഷം മുൻപ് നാലാം ക്ലാസിലായിരുന്നപ്പോൾ അവനെ അവന്റെ സൂസമ്മ ടീച്ചർ പഠിപ്പിച്ചത്. അവൻ മനസ്സിൽ അതിലെ വരികൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
അവൻ അവളോട് ആ കഥയുടെ പേര് പറഞ്ഞു.
“നമ്പൂരിയച്ഛനും കടുവയും…ഡിഷ്”
ഒരു സിംബലിന്റെ ശബ്ദം ഉണ്ടാക്കിക്കൊണ്ടാണ് അവൻ അത് പറഞ്ഞത്. ആ കഥയുടെ പേര് കേട്ടിട്ടാണോ അതോ, അവന്റെ ആ പെർഫോമൻസ് കണ്ടിട്ടാണോ എന്തോ?.. അയ്യോ.. ആ കുട്ടി ചിരി നിർത്തുന്നില്ല..
അപ്പോഴാണ് അവൻ അവളുടെ ആ കൊന്ത്രപ്പല്ല് ശ്രദ്ധിക്കുന്നത്.
ഹോ..എന്റെ സാറേ… (അവന്റെ മനസ്സിൽ എന്തോ ഒന്ന് പിടഞ്ഞു.)
അവൻ അവളിൽ നിന്ന് കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചു കൊണ്ട് ചോദിച്ചു.
“അപ്പൊ കുട്ടി പാട്ട് പഠിക്കുന്നില്ലേ?”
ചിരി ചെറുതായൊന്ന് മാറ്റി നിർത്തി അവൾ മറുപടി പറഞ്ഞു.
“കർണാടിക് പഠിച്ചു തൊടങ്ങിയാരുന്നു. നിർത്തി.. ഇപ്പൊ കഥകളി സംഗീതം പഠിക്കുന്നുണ്ട്.”
കഥകളി സംഗീതം അവനും വലിയ ഇഷ്ടമായിരുന്നു. അവന്റെ മണിമലയിലെ വീട്ടിൽ അതിന്റെ വലിയൊരു ശേഖരം തന്നെ ഉണ്ടായിരുന്നു. അവന്റെ മുത്തച്ഛൻ ഒരു കഥകളി ആസ്വാദകൻ ആണ്. അവന് കഥകളി സംഗീതം എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് അവന്റെ മുത്തച്ഛൻ വീട്ടിലെ ചാരുകസേരയിലിരുന്നുംകൊണ്ട് കലാമണ്ഡലം ഗംഗാധരനാശാൻ കർണശപഥം പാടുന്നത് ടേപ്പിൽ കേൾക്കുന്നതാണ്… അങ്ങനെയങ്ങനെ പാട്ട് കേട്ട്, മുറിക്കിക്കൊണ്ട്… ആ ചുണാമ്പിന്റെ മണവും ആ ശബ്ദവും. ആ..ആ
കർണശപഥത്തിലെ ഒരു വരി പെട്ടെന്ന് പ്രണവിന്റെ ഓർമ്മയിൽ വന്നു. അത് പാടാൻ ഇതിലും പറ്റിയ ഒരു സമയമില്ലെന്ന് അവന് തോന്നി. മഴയ്ക്ക് പിന്നാലെ വീശുന്ന ഒരു തണുത്ത കാറ്റ് അവന്റെ ശരീരവും മനസ്സും തൊട്ട് തലോടി പോയി. അവൻ ഒരു തണുത്ത ശ്വാസം മനസ്സിലേക്ക് എടുത്തു.
അവൻ മാനസയെ നോക്കി പാടി….
“എന്തിഹ മൻ മാനസേ.. സന്ദേഹം വളരുന്നു..”
അവൾ ഒരു നിമിഷം നിന്നു.
മഴത്തുള്ളികൾ ആദ്യം മുതൽ വായിക്കാൻ…
മഴത്തുള്ളികൾ ooo1 @
http://sreekanthan.in/2020/07/31/mazhathullikal/
മഴത്തുള്ളികൾ oo10 (ഒരു ചെറിയ കഷ്ണം)
5.30 യുടെ ബസിൽ ഇരിക്കുമ്പോൾ പ്രണവിന്റെ മനസ്സ്, ആ ദിവസത്തിന്റെ തുടക്കം മുതൽ സംഭവിച്ച കാര്യങ്ങളിലൂടെ ഒഴുകി നടക്കുകയായിരുന്നു. രാവിലെ അവര് കയറിയ കടുക്കറ ബസ് പഞ്ചറായത് മുതൽ ഇങ്ങോട്ട്… മാനസ അപ്രത്യക്ഷമായത് വരെ….
മാനസയുടെ തിരോധാനം എന്നിനി പറയട്ടെ? അങ്ങനെ പറയുമ്പോൾ അല്ലെ ഒരു ഗുമ്മ്.
കണ്ണടയ്ക്കുമ്പോൾ ചെവിയിൽ അവളുടെ ശബ്ദം മുഴങ്ങുന്നു. അവസാനമായി എന്തായിരുന്നു അവൾ പറഞ്ഞത്? അവൻ ഓർക്കാൻ ശ്രമിച്ചു.
അതെ.. ഗുലാബ് ജാമുന്റെ കാര്യം.. ആ ശബ്ദത്തിന് എന്ത് മധുരമാണ് തോന്നുന്നതെന്നും അവൻ തിരിച്ചറിഞ്ഞു.
പക്ഷെ……………..
എന്നാലും അവൾ എവിടെയ്ക്കായിരിക്കും പെട്ടെന്ന് പറയാതെ പോയത്?. ശോ..
????????????????????!!!
മനസ്സിൽ ശക്തമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈയിടെയായി അവന്റെ ജീവിതത്തിൽ സംഭവിക്കാറുണ്ടായിരുന്നു.
അതെ. അമ്മയുടെ കൈയീന്ന് വഴക്ക് കേട്ടാലും സാരമില്ല. അങ്ങനെ ചെയ്യാൻ അവൻ തീരുമാനിച്ചു.
???
……………..
(മഴത്തുള്ളികൾ oo10 തുടരും..)
മഴത്തുള്ളികൾ oo10 @
http://sreekanthan.in/2020/10/31/mazhathullikal_10/
മഴത്തുള്ളികൾ ooo1 @
One reply on “മഴത്തുള്ളികൾ വീണ്ടും പൊഴിയുന്നു”
തുടക്കം ഗംഭീരമായി … 👍👍👍👍
LikeLiked by 1 person