“കുട്ടിയോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട്.”
“എന്താരാണ്”
അന്നേ ദിവസം ക്ലാസ് വിട്ടത്തിന് ശേഷം, മാനസയും പ്രണവും സ്കൂളിലെ മെയിൻ ബിൽഡിങിന്റെ ഗേറ്റിങ്കൽ അവരുടെ ചേച്ചിമാരെ കാത്തു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമൊക്കെ ചേച്ചിമാരായിരുന്നു ഇവിടെ അവരെ കാത്തുനിന്നിരുന്നത്. എന്തായിരിക്കും അവർ ഇന്ന് വൈകുന്നേ? സമയം നാലേ കാല് കഴിഞ്ഞു. പ്രണവും മാനസയും ആ തിരക്കിൽ നിന്നൊക്കെ മാറി അവിടെ ഉള്ളൊരു അരമതിലിന്റെ അരികെ നിൽക്കുകയായിരുന്നു. സ്കൂള് വിട്ടത്തിന്റെ തിരക്ക് പതുക്കെ കുറയുന്നു.
അവർക്ക് ഇനിവല്ല സ്‌പെഷ്യൽ ക്ലാസ് ഉണ്ടാരിക്കുമോ? എന്നാലും അവര് വൈകൂന്നൊന്ന് അറിയിച്ചില്ലല്ലോ?
എന്തായാലും മാനസയോട് കുറച്ച് നേരം ഒറ്റയ്ക്ക് സംസാരിക്കാനുള്ള മറ്റൊരു അവസരമാണല്ലോ പ്രണവിന് കിട്ടിയത്. രാവിലെ ബസ്സ് പഞ്ചറായതും ഇപ്പോൾ ചേച്ചിമാർ വരാൻ താമസിക്കുന്നതുമെല്ലാം പ്രപഞ്ചം അവന് വേണ്ടി നടത്തുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവന് തോന്നി.
“രാവിലെ ഞാൻ ഒരു കാര്യം പറഞ്ഞില്ലാരുന്നോ?”
അതും മാനസയോട് ചോദിച്ചും കൊണ്ട് ആ അരമതിലിന്റെ മുകളിലേയ്ക്ക് വലിഞ്ഞ് കയറാൻ പ്രണവൊരു ശ്രമം തുടങ്ങി… കയറി ഇരിക്കാനായിട്ട്..
പെട്ടെന്ന് മാനസ തടഞ്ഞ് കൊണ്ട് പറഞ്ഞു .
“പ്രണവേ, അടെ ഇരിക്കല്ലേ. ദേ അങ്ങോട്ട് ഒന്ന് നോക്കിക്കേ. അടെ മുഴൊൻ അയ്യയാണ്.”
പ്രണവ് ഒന്നുകൂടെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് ആ മതിലിൽ പറ്റിയിരിക്കുന്ന അഴുക്കുകൾ കണ്ടത്. ഇരിക്കാനുള്ള ആ ശ്രമം അവൻ അവിടെ അവസാനിപ്പിച്ചു.
അവളിൽ നിന്ന് ആ ചോദ്യം പ്രതീക്ഷിച്ചു പ്രണവ് നിന്നു.
“എന്തെര് കാര്യമാ രാവിലെ പറഞ്ഞെ?”
അവൾ സംശയം അഭിനയിച്ചു. സത്യത്തിൽ, രാവിലെ സംസാരിച്ച എല്ലാ കാര്യവും അവൾക്ക് ഓർമ്മയുണ്ടായിരുന്നു. അതിൽ ഏതാണ് എന്നൊരു സംശയമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ.
“അതോ… ആ നീന്തലിന്റെ കാര്യം..”
അവൻ സംസാരം ഒന്ന് നിർത്തിയിട്ട്, പിന്നെയും തുടർന്നു.
“സത്യം പറഞ്ഞാൽ എനിക്ക് നീന്തല് അറീല്ല. ഞാൻ കുട്ടിയോട് അപ്പോളൊരു കള്ളം പറഞ്ഞതാ. സോറി.”
“ഹാ…അതെനിക്ക് അപ്പൊ തന്നെ തോന്നിയാരുന്നു. പിന്നെ ഞാൻ ചോദിക്കാതിരുന്നതാ…” അവളുടെ ആ മറുപടി വളരെ പെട്ടെന്നായിരുന്നു.
“ഓ ..പിന്നെ വെറുതെ.. എങ്ങനെ തോന്നി?..” വിശ്വാസം വരാത്ത പോലെ അവൻ ചോദിച്ചു.
“ഇയാളുടെ ഈ ഉണ്ടക്കണ്ണും മുഖൊക്കെയുണ്ടല്ലോ, മനസ്സിലെ മുഴൊൻ വെളീ കാണിക്കും. കള്ളം പറയുമ്പോ പെട്ടെന്ന് മനസ്സിലാകും. അടി കൂടി നടന്നപ്പോഴേ ഞാൻ ശ്രദ്ധിച്ചതാ.”
“പിന്നെ… ചുമ്മാ പറയല്ലേ.. വേറാരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ?” അവൾ തന്നെ പറ്റിക്കാൻ വേണ്ടി പറയുന്നതാണെന്ന് തന്നെ ഉറപ്പിച്ച് പ്രണവ് പറഞ്ഞു.
“എന്തരോ.. എനിക്ക് ചെലറ്ടെ മനസ്സ് പെട്ടെന്ന് വായിക്കാൻ പറ്റും. അമ്മയാണ് എന്റെ സ്ഥിരം ഇര..ഹി ഹി.” . അവൾ ആ കോന്ത്രപല്ല് കാണിച്ച് ചിരിച്ചു.
“അങ്ങനെയെങ്കിൽ ഞാൻ ഇപ്പോൾ വിചാരിക്കുന്നത് എന്താണെന്ന് ഒന്നു പറഞ്ഞെ..” മാനസയെ അവൻ വെല്ലുവിളിച്ചു.
ആ കണ്ണുകളിൽ സൂക്ഷിച്ച് നോക്കി, പിന്നെ അവൻ മനസ്സിൽ പറഞ്ഞു:
കുട്ടീ, എനാന്ന് അറീല്ല. കുട്ടിയോട് സംസാരിക്കുമ്പോൾ… ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നു.
അവൾക്ക് അവനെന്താണ് ചിന്തിച്ചതെന്ന് മനസ്സിലായോ? എന്തോ? എന്തായാലും അവളുടെ മുഖത്ത് അപ്പോൾ ഒരു നാണം തെളിഞ്ഞു.
പ്രണവ് തുടർന്നു.
“ഇയാള് പറ.. ഞാൻ എന്നാ ചിന്തിച്ചെന്ന്?..”
മാനസ ഒന്ന് ആലോചിച്ചു. എന്നിട്ട് ആ നാണമൊക്കെ മാറ്റി നിർത്തികൊണ്ട്, ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്റെ ഈ ഉന്തി നിൽക്കുന്ന പല്ല് കെട്ടിക്കുന്നതിനെ പറ്റിയല്ലേ?”
അതുകേട്ട് പ്രണവും ചിരിച്ചു.
അവന് ഉറക്കെ വിളിച്ചു പറയാൻ തോന്നി.
കോന്ത്രപല്ലു കെട്ടുന്നതിനെ പറ്റിയില്ല. ഈ കോന്ത്രപല്ലിയെ തന്നെ അങ് കെട്ടുന്നതിനെ പറ്റിയാണെന്ന്. പക്ഷെ അവന്റെ അപ്പോഴുള്ള മറുപടി മറ്റൊന്നായിരുന്നു.
“അങ്ങനെ ചിന്തക്കൂന്ന് കുട്ടിയ്ക്ക് തോന്നുന്നുണ്ടോ? ഇയാളുടെ മുഖത്ത് നോക്കുമ്പോ കുറച്ച് വർക്കത്ത് ആ പല്ലിന് മാത്രമേ ഉള്ളൂ. അതാ.. അത് മാറി നിൽക്കുന്നേ.” അവൻ കളിയാക്കി ചിരിച്ചു.
അവൾ അത് കേട്ട് മുഖം വീർപ്പിച്ചു.
“ഓഹോ…ഈ… ഈയി …”
ആദ്യമായാണ് അവൾ അവനെ കൊഞ്ഞനം കാട്ടിയത്.
ഒരു കിളി ‘എവടെന്നോ എവടെയ്ക്കോ’ പറന്ന് പോയോ.😉
🐤…ഫ്…ഫ്…ഫ്..
സമയം നാലരയായി..
ദേ ആലീസ് ടീച്ചർ വരുന്നു. ചേച്ചിയുടെ ക്ലാസ് ടീച്ചറാണ്. പ്രണവ് ടീച്ചറോട് സംസാരിക്കാനായി അടുത്തു ചെന്നു.
“ടീച്ചറെ, ഞാൻ പ്രവീണയുടെ അനിയനാണ്. ചേച്ചിയുടെ ക്ലാസ് ഇതുവരെ കഴിഞ്ഞില്ലേ?”
ടീച്ചർ പെട്ടെന്ന് അവനെ തിരിച്ചറിഞ്ഞു മറുപടി പറഞ്ഞു.
“മോനെ.. പ്രവീണ നേരത്തെ പോയല്ലോ. വേറൊരു കുട്ടിക്ക് പനി കൂടിയപ്പോൾ, പ്രവീണയെ ആ കുട്ടിയ്ക്ക് കൂട്ടായി വീട്ടിലേയ്ക്ക് വിട്ടു.”
അപ്പോഴാണ് ടീച്ചർ അൽപ്പം മാറി നിൽക്കുന്ന മാനസയെ ശ്രദ്ധിച്ചത്.
“മോള്, മഞ്ജുഷടെ അനിയത്തിയല്ലേ?”
ടീച്ചറിന്റെ അടുത്തേയ്ക്ക് വന്നു മാനസ പറഞ്ഞു.
“അതെ ടീച്ചർ..”
“മഞ്ജുഷയ്ക്കാരുന്നു പനി.. കുഴപ്പം ഒന്നുമുണ്ടായിട്ടല്ല. ഒറ്റയ്ക്ക് വീട്ടിൽ വിടേണ്ടെന്ന് കരുതി പ്രവീണയെ കൂട്ട് വിട്ടന്നെയുള്ളൂ.”
ടീച്ചർ നടന്നകന്നു.
പ്രണവ് മാനസയോട് പറഞ്ഞു.
“അവര് പെട്ടെന്ന് പോകാൻ തീരുമാനിച്ചതാവും. നമ്മൾ തന്നെ അങ് ചെല്ലുമെന്ന് അവർക്ക് അറിയാല്ലോ ?”
അപ്പോൾ മാനസയുടെ മുഖത്തെ വിഷമം കണ്ട് പ്രണവ് ഞെട്ടി.
“കുട്ടി, വിഷമിക്കേണ്ടാ. ചേച്ചിയ്ക്ക് കുഴപ്പമൊന്നും ണ്ടാവില്ല. സാദാ ഒരു പനിയായിരിക്കും”
“അതല്ല. എന്റെ ചേച്ചിയ്ക്ക് പനി വന്നാൽ, കൂടെ ശ്വാസംമുട്ടലും വരും. അന്നേരം ചേച്ചി വിഷമിക്കുന്നത് കണ്ടാല് ആരും സഹിക്കുകേലാ.”
മാനസ തന്റെ വീട്ടിൽ കാണാറുള്ള ആ രംഗം അവനോട് വികരനിർഭരതയോടെ പറഞ്ഞു.
അവന് ആദ്യമൊരു ദുഃഖം തോന്നിയെങ്കിലും, പിന്നെ അവനതിൽ സന്തോഷിച്ചു.
എന്തുവാ സന്തോഷിക്കാൻ എന്നല്ലേ?
അതോ… അവനോട് സ്വന്തം ദുഃഖം അവൾ തുറന്ന് പറഞ്ഞത് അവനെ നല്ലൊരു സുഹൃത്തായി കണ്ടത് കൊണ്ടല്ലേ? അതുകൊണ്ടാണെ.
പ്രണവിന് മാനസയെ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ ഒന്നും അപ്പോൾ കിട്ടിയില്ല.
അവസാനം, അവളുടെ വിഷമം മാറി, അവളെയൊന്ന് ചിരിപ്പിക്കാനായി അവൻ പറഞ്ഞു.
“ശ്വാസം മുട്ടല് വന്നാൽ ചേച്ചിയ്ക്ക് വിഷമാകും. നമ്മക്കൊന്നും ചെയ്യാൻ പറ്റില്ല. എന്നാ, അനിയത്തിയെ സമയത്തു കാണാഞ്ഞാൽ വരുന്ന തിക്ക് മുട്ടല് കൂടി വന്നാല്ലോ?”
അവൾ ആ സങ്കടത്തിലും അവന്റെ പറച്ചിൽ കേട്ട് ഒന്ന് പുഞ്ചിരിച്ചു. അവൻ പറഞ്ഞത് കേട്ടിട്ടാണോ? അതോ അവന്റെ അസ്ഥാനത്തുള്ള ആ ശ്രമം കണ്ടിട്ടാണോ? ആ…ആ..
അവൾ പറഞ്ഞു.
“നമ്മക്ക് ബസ് സ്റ്റാന്റ്ലേയ്ക്ക് നടക്കാം. നാലെ മുക്കാലിന് ഒരു ഓർഡിനറി ഉണ്ട്.”
അവിടെ നിന്ന് നടന്ന് തുടങ്ങിയപ്പോൾ പ്രണവിന്റെ കാല് ഒരു കല്ലിൽ തട്ടി. അവൻ ആ വേദന കടിച്ചമർത്തി, അവളുടെ ഒപ്പം എത്താൻ നടപ്പിന്റെ വേഗത കൂട്ടി.
പ്രണവ് മനസ്സിൽ വന്ന കുറെ ചോദ്യങ്ങളെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന ആ സമയം, മാനസ പെട്ടെന്ന് എന്തോ ആലോചിച്ച് വഴിയിൽ നിന്നു. തലയിൽ കൈവച്ച് കൊണ്ട്. എന്തോ എടുക്കാൻ മറന്ന പോലെ.
ആഹാ.. അത് എന്താണെങ്കിലും, തിരിച്ചു ക്ലാസ്സിൽ പോയി അതെടുക്കാൻ അവൻ തയ്യാറായിരുന്നു. പക്ഷെ മാനസ പറഞ്ഞത് അവൻ പ്രതീക്ഷിച്ച കാര്യം ആയിരുന്നില്ല.
വളരെ പരിഭ്രമത്തോടെ അവൾ പറഞ്ഞു.
“എന്റെ ദേവിയേ…കൻസെഷൻ കാർഡ് ചേച്ചീടെ കൈയിലാ.. എന്റെ കയ്യിൽ വേറെ പൈസയുമില്ല.. ങി ..ങി…”
മാനസ വഴിയിൽ നിന്ന് കരയാൻ തുടങ്ങി. പ്രണവ് എന്ത് ചെയ്യണമെന്ന് അറിയാതെ തരിച്ച് നിന്നു. പെട്ടെന്ന് അവൻ ബോധം വീണ്ടെടുത്ത് പറഞ്ഞു.
“അയ്യോ കരയല്ലേ.. ആറ് രൂപയല്ലേ? എന്റെ കൈയിലുണ്ട്. കുട്ടി കരയണ്ടാന്ന്.”
“ആണോ?” അവൾ ഒന്ന് ആശ്വസിച്ചു. തുടർന്ന് പറഞ്ഞു.
“നാളെ രാവിലെ തന്നെ തിരിച്ചു തരാമേ. പ്രണവേ…താങ്കു.. ഇയാള് കൂടെ ഇല്ലാഞ്ഞേൽ ഞാൻ എന്ത് ചെയ്തേനെ..ഹോ..”
അവന്റെ സാന്നിധ്യം അവൾക്ക് അനുഗ്രഹമായന്ന് അറിഞ്ഞതിൽ പ്രണവ് വല്ലാതെ സന്തോഷിച്ചു.
പ്രണവ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“പലിശ കൂടി ചേർത്ത് ഒരു എട്ട് രൂപ തന്നേക്കണം നാളെ.”
അവിടെയും അസ്ഥാനത്ത് ഒരു കോമഡി. ഹോ…🙄.
അവൻ പക്ഷെ, അതിൽ വിജയിച്ചു കേട്ടോ. അവൾ ഒന്ന് ചിരിച്ചു.
നളന്ദ ട്യൂട്ടോറിയൽ കോളേജിന്റെ സൈഡിലൂടെയുള്ള വഴിയിലൂടെ അവർ ബസ് സ്റ്റാൻഡിലേയ്ക്ക് നടന്നു. ആ ക്ലാസ്സുകളിൽ കുട്ടികൾ ഇരിക്കുന്നത് കാണാം. അവർക്ക് റോഡിലൂടെ നടക്കുന്നവരെയും കാണാം.
ആമോസും ആനന്ദുമൊക്കെ വളരെ ശ്രദ്ധയോടെ ഇരുന്ന് പഠിക്കുന്നു. ഇപ്പോഴെങ്ങാനും മാനസയെയും പ്രണവിനെയും ഒരുമിച്ച് അവർ കണ്ടിരുന്നെങ്കിൽ… ഹോ… നാളെ ക്ലാസ്സിൽ നല്ല പുകിലായാനെ.
അങ്ങനെ സംഭവിക്കണം എന്ന് പ്രണവ് സത്യത്തിൽ ആഗ്രഹിക്കുന്നുണ്ടാവുമോ? അതായത്, ഇപ്പോൾ അവരെ രണ്ട് പേരെയും ഒരുമിച്ച് അവർ കണ്ടിട്ട്, നാളെ ക്ലാസ്സിൽ ചെല്ലുമ്പോൾ ഇതിന്റെ പേരിൽ കളിയാക്കപ്പെടണം എന്നവൻ ആഗ്രഹിക്കുന്നുണ്ടാവുമോ? ആ..ആ. ചിലപ്പോൾ ഉള്ളിന്റെയുള്ളിൽ ഉണ്ടാകും.
ബസ് സ്റ്റാൻഡ് എത്താറായപ്പോഴാണ്
പ്രണവ് പോക്കറ്റിൽ പരതിയത്. രാവിലെ ഒരു പത്തു രൂപനോട്ട് അമ്മയുടെ കൈയിൽ നിന്ന് വാങ്ങിയതായിരുന്നു. കടയിൽ നിന്ന് നയിമ് സ്ലിപ്പും പെൻസിലുമൊക്കെ വാങ്ങാനായി.
പെൻസിലും കട്ടർ വെട്ടിയും രാവിലെ തന്നെ വാങ്ങി. തൂക്ക് റബര് പെൻസിലിൽ ഉണ്ടാരുന്നോണ്ട് അത് വേറെ വാങ്ങേണ്ടി വന്നില്ല.
ഭാഗ്യം… ക്രിക്കറ്റ് കളിക്കാരുടെ നയിമ് സ്ലിപ്പ് ആ കടെൽ ഇല്ലാരുന്നത്. അല്ലേൽ കടെൽ നാലു രൂപയിൽ കൂടുതൽ ചിലവായെനെ. ഹോ.. ഇതിപ്പോ മിച്ചം 6 രൂപ ഉണ്ടല്ലോ…
തപ്പി നോക്കിട്ട് 4 രൂപയേ കാണുന്നുള്ളൂ.. അയ്യോ.. ബാക്കി എവിടെ പോയി?
മാനസയോട് പറഞ്ഞാൽ.. അയ്യോ വേണ്ടാ… എന്നാലും ആ ബാക്കി പൈസ..
പ്രണവ് അങ്ങനെ ആലോചിച്ചുകൊണ്ട് നടന്നപ്പോൾ മാനസ അവനോട് പറഞ്ഞു. ചിരിച്ചുകൊണ്ട്…
“പലിശ ഒന്നും ഞാൻ തരില്ല. കേട്ടാ?……. ആറ് രൂപ തരും.. പിന്നെ ഒരു ഗുലാബ് ജാമുനും വാങ്ങിച്ചു തന്നേക്കാം..ഹി ഹി.. അത് പോരെ?”
അപ്പോഴാണ് അവൻ അത് ആലോചിച്ചത്.
“ശെടാ…ആ ഗുലാബ് ജാമുൻ വാങ്ങിയ രണ്ട് രൂപ!”
😢
(തുടരും..)
(അടുത്ത ഭാഗം വായിക്കൂ @ ..
http://sreekanthan.in/2020/08/28/mazhathullikal_09/ )
💐💐 💐💐 💐💐 💐💐
3 replies on “മഴത്തുള്ളികൾ ooo8”
Heavy man… Vayich mathiyayilla.. pidich iruthi kalayum… 😘😘😘
LikeLiked by 1 person
Thanku bro.. ee nalla vaakkukalkku. 😊
LikeLike
ഗുലാബ് ജാമുൻ കുഴപ്പിക്കുമോ 🥰
LikeLiked by 1 person