ഈ ചോദ്യം പ്രതീക്ഷിച്ച് ഇരിക്കുന്നത് കൊണ്ടാണ് തലക്കെട്ട് ഇങ്ങനെ കൊടുത്തത്, കേട്ടോ?☺️.. ഇനിയിപ്പോൾ മുഴുവൻ വായിച്ചിട്ട് ചോദിച്ചാൽ മതി.😁
പണ്ടത്തെപ്പോലെയല്ല. ഇപ്പോൾ ഒരാൾക്ക് പനിയാണെന്ന് കേൾക്കുമ്പോൾ തന്നെ, അവന്റെ പ്രവർത്തികളെപ്പറ്റി സംശയം ഉയരും. ഓഹ്.. അവൻ മാസ്‌ക് ഒന്നും വെക്കാതെ വെറുതെ തെണ്ടി തിരിഞ്ഞോണ്ടല്ലേ. അവനോട് അപ്പോഴേ പറഞ്ഞതാ, ആ പരിപാടിയ്ക്ക് പോവെണ്ടെന്ന്. ഇപ്പോൾ എന്തായി?
ശെടാ… അല്ലേ! ഇപ്പോൾ എന്താ ശരിക്കും സംഭവിച്ചേ? ഇതൊരു സാദാ പനിയല്ലേ? പനിയ്ക്ക് ഈ കാലത്ത് കിട്ടിയ മൈലേജാണ് ആൾക്കാരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഇനിയിപ്പോൾ ടെസ്റ്റ് ചെയ്യാൻ കൊടുത്താലും ഇല്ലേലും, വീട്ടിൽ അടങ്ങി ഒതുങ്ങി കിടക്കാൻ ഒരു സ്ഥലം ഉണ്ടെങ്കിൽ അടിപൊളിയാണ്. അതെ.. അങ്ങനെയുള്ളപ്പോൾ ഈ പനി ഒരു സുഖാവസ്ഥയാണ്.
നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്പേസ് കാണില്ലേ? ഒന്ന് ആലോചിച്ചുനോക്കിക്കെ. ഒരു പനി വന്നാൽ മൂടി പുതച്ച് കിടക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്ന ആ ഒരു സ്ഥലം.
എന്റെ ആ സ്പേസിൽ നിന്ന് ഇത് എഴുതുമ്പോൾ, വേറൊന്നും എനിക്ക് ചെയ്യാൻ ഇല്ലാത്തതുകൊണ്ടാണെന്ന് നിങ്ങള് കരുതണ്ടാ. ഒരുപാട് കാര്യങ്ങൾ ഉണ്ടേ. പക്ഷെ, ഇന്ന് അത് വേണ്ട. പനിയുടെ കൂടെപ്പിറപ്പാണ് ഈ മടി.
പുളിമരത്തിന്റെ തണൽ വീശുന്ന ഈ കരുതലിൽ എത്ര വേണേലും കണ്ണടച്ചു അനങ്ങാതെ കിടക്കാം. യാത്രയിൽ കൂട്ടിനായി എടുത്ത, ഒരു ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ‘ആയുസ്സിന്റെ പുസ്തക’ത്തെപ്പറ്റി ചിന്തിക്കാം. അതിലെ ആനിയും മാത്യുവും കടന്ന് പോയ ആ വഴികളെപ്പറ്റി ഓർക്കാം. യോഹന്നാൻ മഴ നനഞ്ഞ് നടന്ന ആ മലഞ്ചെരുവുകളെപ്പറ്റി ഓർക്കാം. അവന്റെ ആ ഒറ്റപെടൽ ശരിക്കും അനുഭവിക്കാം. ആ നാട്ടിൽ ഓരോരുത്തരുടെയും മനസ്സിൽ വിതയ്ക്കുന്ന പാപബോധത്തിന്റെ ഉറവിടം പോലും വിമർശനാത്മകമായി പരിശോധിക്കാം. വായിക്കാൻ എടുക്കാതിരുന്ന പുസ്തകത്തിലെ ആ വികൃതികൾ എന്തായിരിക്കുമെന്ന് വെറുതെ ഒന്ന് ചിന്തിക്കാം. അങ്ങനെ കിടന്ന് മടുക്കുമ്പോൾ അടുക്കളയിൽ ചെന്ന് എത്തിനോക്കാം.
പനിയുടെ കയ്പ്പ് പോലും ഇല്ലാതാക്കുന്ന അമ്മച്ചിയുടെ ചക്കപ്പുഴുക്കും മുളകു ചമ്മന്തിയും ആവോളം കഴിക്കാം. തൊണ്ടയിൽ അൽപ്പം കരകരപ്പ് തോന്നിയാൽ ‘അമ്മേ, കട്ടൻ’ എന്നൊരു വിളിമാത്രം മതി. പറമ്പിലെ പണിക്കാർക്ക് കൊടുക്കുന്നതിനൊപ്പം ഒരു പങ്ക് എന്റെ മുറിയിലെ മേശയിലെത്താൻ.
പനി ഒന്ന് ആറി തുടങ്ങിയപ്പോൾ വെളിയിൽ ഇറങ്ങി. കുരുമുളകിന് വളം ഇടുന്നു. വേപ്പിൻ പിണാക്കാണെന്ന്. അമ്പോറ്റിയച്ഛന് ഒരുപാട് ഇഷ്ടമായിരുന്നു ഈ കുരുമുളക് കൃഷി.
“തൊട്ടടുത്ത് തന്നെയിങ്ങനെ വളർന്ന് നിക്കുന്നെ കാണുമ്പോൾ അച്ഛന് സന്തോഷമാകും.”
അമ്പോറ്റിയെ ദഹിപ്പിച്ചതിന് അടുത്ത് നിന്ന് അച്ചാച്ചി ഇത് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഞാനും ആലോചിച്ചു. ഈ പറമ്പിലൂടെ ഒരുപാട് അലഞ്ഞതിനെപ്പറ്റി; അമ്പോറ്റിയ്ക്കൊപ്പം. കുരുമുളക്, കാപ്പിക്കുരു, കശുവണ്ടി, പാക്ക്… (ആ കൃഷിയൊക്കെ ഒരുപാട് ഉണ്ടെന്ന് തെറ്റിദ്ധരിക്കേണ്ടാ. അപ്പൂപ്പനും കൊച്ചു മക്കൾക്കും കൂടി നടന്ന് പറിക്കാനും, എടുക്കാനും ഒക്കെ ഉണ്ടായിരുന്നുള്ളു😊.) അതൊക്കെ ഓർത്തപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. ഉടനെ ഞാൻ എന്റെ സ്പേസിലേയ്ക്ക് തിരികെ കയറി. സ്വയം ഒതുങ്ങി ഇരുന്നു.
NB: സ്വയം ഒതുങ്ങാൻ ഏറ്റവും നന്നായി സഹായിക്കുന്ന ഒന്നാണ് പനി. ഒതുക്കത്തിൽ ഇരുന്ന് എഴുതാനും.😁